മുംബൈ: ശ്രേയാ ഘോഷാലിന്‍റെ പുതിയ ആൽബം പുറത്തിറങ്ങുന്നു. 'ധട്കനെ ആസാദ് ഹെ' എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിലെ പാട്ടുകളെല്ലാം ശ്രേയയാണ് പാടിയിരിക്കുന്നത്. ആദ്യമായാണ് ശ്രേയ തന്നെ പാടുകയും അഭിനയിക്കുകയും നിർമിക്കുകയും ചെയ്ത ആൽബം പുറത്തിറങ്ങുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകത.
സിനിമാരംഗത്തെ ജോലികളും സ്വന്തം പരിപാടികൾക്കും പുറമെ സ്വന്തം നിലക്ക് ഇത്തരം ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ശ്രേയ പറഞ്ഞു. സിനിമ എനിക്ക് വല്ലാത്ത സന്തോഷമാണ് തരുന്നത്. കഴിവുള്ള സുഹൃത്തുക്കളെ ലഭിച്ചതുകൊണ്ടാണ് പ്രൊഡ്യൂസറായും മറ്റുമുള്ള ഇത്തരമൊരു വർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ശ്രേയ പറഞ്ഞു.
മനോജ് മുൻതാഷിർ എഴുതിയ ആൽബത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ദീപക് പണ്ഡിറ്റാണ്. സംവിധായകൻ പരാശർ ബറുവ താൻ സ്വപ്നം കണ്ട രീതിയിൽ തന്നെ ആൽബം സാക്ഷാത്ക്കരിച്ചുവെന്നും ശ്രേയ പറഞ്ഞു.
മണാലി. ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ആൽബം ഷൂട്ട് ചെയ്തിരിക്കുന്നത്. യൂട്യൂബിലൂടെ ജൂലൈ 10നാണ് ആൽബം റിലീസ് ചെയ്യുക.