തിരൂര്‍: പുതുതലമുറയുടെ രാഷ്ട്രീയത്തെയും കലഹിക്കുന്ന കലാലയങ്ങളെയും കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ക്കൊടുവില്‍ മനസ്സ് കുളിര്‍പ്പിച്ച് ഷഹബാസ് അമന്‍െറ ഗസല്‍മഴ. മീനച്ചൂടില്‍ ചുട്ടുപൊള്ളുന്ന ഹൃദയങ്ങളെ തണുപ്പിച്ച ഗസല്‍മഴയിലലിയാന്‍ തിരൂര്‍ ഒന്നായി ഒഴുകിയത്തെി. ‘മാധ്യമം’ ലിറ്റററി ഫെസ്റ്റിന്‍െറ ആദ്യദിനം നടന്ന സാഹിത്യസംവാദങ്ങളിലും രാത്രി അരങ്ങേറിയ സംഗീതവിരുന്നിലും നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടമാണ് പങ്കെടുത്തത്.
രാവിലെ തലയോലപ്പറമ്പില്‍ നടന്ന ഉദ്ഘാടന ചടങ്ങിലും ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന പേരില്‍ വൈകീട്ട് തസ്രാക്കില്‍ നടന്ന ചര്‍ച്ചയിലും തുടര്‍ന്ന്, പൊന്നാനിക്കളരിയില്‍ അരങ്ങേറിയ ഷഹബാസ് അമന്‍െറ സംഗീതസന്ധ്യയിലും ആയിരങ്ങള്‍ പങ്കെടുത്തു.
സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള പുതുതലമുറയില്‍നിന്നുള്ള കാഴ്ചക്കാരായിരുന്നു സദസ്സുകള്‍ കൈയടക്കിയത്. ഒപ്പം വായനയെ ഗൗരവമായി കാണുന്ന വയോജനങ്ങളും സാധാരണക്കാരുമത്തെിയതോടെ മിക്ക സെഷനുകളിലും ജനപ്രാതിനിധ്യം വര്‍ധിച്ചു. ഓരോ വേദികളിലും നടക്കുന്ന ഗൗരവമേറിയ ചര്‍ച്ചകള്‍ കേട്ടിരിക്കുക മാത്രമല്ല തങ്ങളുടെ ജോലിയെന്ന് ആസ്വാദകര്‍ തെളിയിച്ചു.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുന്നയിച്ച വാദങ്ങളെ മറുചോദ്യങ്ങളുമായി ഖണ്ഡിച്ചും പുതിയ അറിവുകള്‍ പകര്‍ന്നുനല്‍കിയും കാഴ്ചക്കാര്‍ ഇടപെടലിന്‍െറ പുതിയ രാഷ്ട്രീയം തീര്‍ക്കുന്നത് ഓരോ സദസ്സുകളിലും കാണാമായിരുന്നു.