ന്യൂയോർക്ക്: ക്വീൻ ഒാഫ് സോൾ എന്നറിയപ്പെടുന്ന ഗായികയും ഗാനരചയിതാവുമായ അറീത ലൂയിസ് ഫ്രാങ്ക്ലിൻ അന്തരിച്ചു. 76 വയസ്സായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരുന്ന അവർ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. മൂന്ന് യു.എസ് പ്രസിഡൻറുമാരുടെ സ്ഥാനാരോഹണ ചടങ്ങിന് പകിട്ടാർന്ന അവരുടെ ശബ്ദം പ്രകൃതിവിഭവമാണെന്ന് മിഷിഗൺ സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. 18 ഗ്രാമി അവാർഡുകൾ നേടി.
അറീത ലൂയിസ് 14ാം വയസ്സിലാണ് സംഗീതരംഗത്തേക്ക് കടന്നത്. 2005ൽ യു.എസ് അവരെ പ്രസിഡൻഷ്യൽ മെഡൽ ഒാഫ് ഫ്രീഡം നൽകി ആദരിച്ചു. ബറാക് ഒബാമയടക്കം നിരവധി മുൻ പ്രസിഡൻറുമാരുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങുകൾക്ക് അവരുടെ ശബ്ദം പൊലിമ നൽകി. 2015ൽ അറീതയുടെ പാട്ടുകേട്ട് ഒബാമ കണ്ണീർപൊഴിച്ചത് വാർത്തയായിരുന്നു. ചെയിൻ ഒാഫ് ഫൂൾസ്, തിങ്ക്, സ്പാനിഷ് ഹാർലം തുടങ്ങിയ പാട്ടുകൾ ഹിറ്റായിരുന്നു.