മാമ്പഴക്കാലം എന്ന ചിത്രത്തിൽ സുജാത പാടി ശോഭനയും സനുഷയും തകർത്തഭിനയിച്ച ഗാനമേറ്റുപാടി അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യർ. വെറുതെ പാടിയതല്ല. ലൈ സിൻഡ്രം എന്ന രോഗം ബാധിച്ച കുട്ടികൾക്ക് ധനസഹായം അഭ്യർഥിച്ചാണ് പ്രിയ ഗാനം പങ്കുവെച്ചത്. ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും ഇത്തരം രോഗം ബാധിച്ച കുട്ടികൾക്ക് പറ്റുന്നവർ സഹായം ചെയ്യണമെന്നും പ്രിയ പറഞ്ഞു.
അഡാറ് ലവ് എന്ന ഒമർ ലുലു ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ, നന്നായി പാട്ടുപാടുമെന്ന് അറിഞ്ഞതോടെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയത്. പൊതുവെ ട്രോളൻമാർ പ്രിയയുടെ നീക്കങ്ങളെല്ലാം തമാശയാക്കി ആഘോഷിക്കാറുണ്ടെങ്കിലും ഇത്തവണ പ്രിയക്ക് സപ്പോർട് നൽകാനാണ് എല്ലാവരും മത്സരിക്കുന്നത്.