മുംബൈ: ജസ്റ്റിൻ ബീബർ വന്നു, പാടി.. പക്ഷെ ആരാധകരുടെ മനം കീഴടക്കിയോ.. ഇല്ലെന്നാണ് പ്രതികരണങ്ങൾ. മണിക്കൂറുകളോളം കാത്തുനിന്ന് വലിയ തുക മുടക്കി ടിക്കറ്റെടുത്ത ആരാധകർ പരിപാടിക്കുശേഷം കടുത്ത നിരാശയിലാണ്. ബീബർ പാടിയ പാട്ടികളിലധികവും ലിപ് സിങ്കിങ്ങായിതിനാൽ കാത്തുകാത്തിരുന്ന ആരാധകർ രോഷാകുലരാണ്. ചിലർ തങ്ങളുടെ പ്രതിഷേധം മറയില്ലാതെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാനും മടിച്ചില്ല.
വെറും നാല് പാട്ടുകൾ മാത്രമാണ് ബീബർ ലൈവായി പാടിയത് എന്നാണ് ആരോപണം. ബാക്കിയുള്ള പാട്ടുകൾക്ക് പശ്ചാത്തലത്തിനൊത്ത് ബീബർ ചുണ്ടനക്കുക മാത്രമായിരുന്നു.
എല്ലാ ഗാനങ്ങളും ബീബർ ലൈവായി പാടിയിരുന്നെങ്കിൽ നന്നായേനെ. ബീബറിനെ പോലെ കഴിവുള്ള ഒരാൾ എല്ലാ പാട്ടുകളും ലൈവായാണ് പാടേണ്ടിയിരുന്നത്. അദ്ദേഹം തയാറെടുപ്പോടെയല്ല പരിപാടിക്കെത്തിയത്. മകളേയും കൊണ്ട് സംഗീത നിശക്കെത്തിയ ബോളിവുഡ് സിനിമാ പ്രവർത്തകൻ അനുരാഗ് ബസു മാധ്യമങ്ങളോട് പറഞ്ഞു.
ഷോ നടക്കുന്നതിനിടെ താൻ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ബിപാഷ ബസു ട്വിറ്ററിൽ തുറന്നടിച്ചു. സമയം പാഴാക്കി എന്നാണ് പ്രശസ്ത ബോളിവുഡ് നടി സൊനാലി ബാന്ദ്ര ബീബറിന്‍റെ ഷോയെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്. പരിപാടി അറുബോറായിരുന്നു എന്ന് പരസ്യമായി കുറിക്കാനും പലരും മടിച്ചില്ല.
ശ്രീദേവി, ആലിയ ഭട്ട്, മലൈക്ക അറോറ എന്നീ സെലിബ്രിറ്റികളെല്ലാം പരിപാടിക്കെത്തിയിരുന്നു. ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏകദേശം 45,000 ത്തോളം ആരാധകർക്ക് മുന്നിലാണ് ബീബർ പരിപാടി അവതരിപ്പിച്ചത്.
പരിപാടിയുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ നിരക്ക് 5,000രൂപയായിരുന്നു. രാത്രി എട്ടുമണിക്കുള്ള പരിപാടിക്ക് രാവിലെ 9 മുതൽ ക്യൂവിൽ നിൽക്കേണ്ടി വന്നു ആരാധകർക്ക്. 36,000 രൂപ നൽകി ടിക്കറ്റെടുത്ത പൂനെയിൽ നിന്നുള്ള ആരാധകൻ വലിയ രോഷത്തോടെയാണ് പ്രതികരിച്ചത്.
മെയ് 14ന് ജോഹന്നാസ്ബർഗിൽ പരിപാടി നടത്തേണ്ടതിനാൽ ന്യൂഡൽഹി, ജയ്പൂർ, ആഗ്ര എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നത് റദ്ദാക്കി ബീബർ യാത്ര തിരിച്ചു.