കോഴിക്കോട്ടെ പുയ്യാപ്ലക്കെന്തിനാ വേറൊരു ഹണിമൂൺ ലൊക്കേഷൻ 

10:59 AM
11/10/2017
Honeymoon at kozhikode

രുചിപ്പെരുമയുടെ നഗരമാണ് കോഴിക്കോട്... അങ്ങനെയുള്ള നാട്ടിലെ ആഹാരപ്രിയനായ ഒരു ചെറുക്കൻ കല്ല്യാണം കഴിച്ചാൽ, ഔട്ട്ഡോർ വെഡ്‌ഡിങ് വീഡിയോ എവിടെ വെച്ച് ഷൂട്ട് ചെയ്യണമെന്ന് സംശയമുണ്ടോ? കോഴിക്കോട്ടെ രുചിയിടങ്ങളിൽ വെച്ച് തന്നെ ചെയ്യണം... 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ ഉദ്യോഗസ്ഥനായ കോഴിക്കോട്ടുകാരൻ സ്വരൂപിന്റെയും വടകരക്കാരി അനഘയുടെയും കല്ല്യാണ ഔട്ട്ഡോർ വീഡിയോയായ 'ഹണിമൂൺ അറ്റ് കോഴിക്കോട്' യൂട്യൂബിൽ തരംഗമായത്, അതിന്‍റെ സ്വാഭാവികത കൊണ്ട് തന്നെയാണ്. മേക്കപ്പിൽ മുങ്ങി നാണം കുണുങ്ങുന്ന പെണ്ണിനെയോ, നാടകീയമായി അഭിനയിച്ച് തിമിർക്കുന്ന ചെക്കനെയോ ഒന്നും ഈ വീഡിയോയിൽ നിങ്ങൾ കാണില്ല. തന്‍റെ നാടിന്‍റെ എണ്ണിയാൽ തീരാത്ത രുചിയിടങ്ങൾ പ്രിയതമക്ക് പരിചയപ്പെടുത്തി കൊണ്ട് ചെക്കൻ നടത്തുന്ന ബൈക്ക് യാത്ര, കോഴിക്കോടിനേയും അതിന്‍റെ രുചികളെയും നെഞ്ചോട് ചേർക്കുന്നവർക്കെല്ലാം ഹൃദ്യമായ ഒരനുഭവമാണ്.

'പാരഗൺ' ഹോട്ടലിന്റെ കുശിനിക്കാരോട് സംസാരിച്ചുകൊണ്ട് വെള്ളപ്പം ചുടുന്നത് നോക്കി നിന്നും 'അമ്മ മെസ്സിന്‍റെ' അടുക്കളയിൽ കയറിച്ചെന്ന് നല്ല മുളകിട്ട മീൻ വറുക്കാൻ ഒപ്പം കൂടിയും ബിവറേജസ് ഔട്ട് ലെറ്റിന്‍റെ മുന്നിലെക്കാളും തിരക്കുള്ള മിൽക്ക് സർബ്ബത്ത് കടയുടെ മുന്നിലെ ആൾകൂട്ടത്തിൽ കൊതിയോടെ കാത്തുനിന്നും കടപ്പുറത്തിരുന്ന് മൊഹബ്ബത്ത് കലർന്ന സുലൈമാനി കുടിച്ചുമൊക്കെയുള്ള തീർത്തും വ്യത്യസ്തമായ എന്നാൽ തികച്ചും സ്വാഭാവികമായ റൊമാൻസാണ് ഈ വീഡിയോയെ വേറിട്ട അനുഭവമാക്കുന്നത്.

മലമുകളിലും പുഴക്കരയിലും കടപ്പുറത്തുമൊക്കെയുള്ള ക്ളീഷേ കാഴ്ചകൾ കണ്ടുമടുത്തവർക്ക് ഇങ്ങനെയുള്ള പരീക്ഷണങ്ങൾ ഹരം പകരുന്നവയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് എടുക്കുന്ന ഔട്ട്ഡോർ വെഡ്‌ഡിങ് വീഡിയോകൾക്കിടയിൽ വളരെ ചെറിയ ബഡ്‌ജറ്റിൽ ചെയ്‌ത 'ഹണിമൂൺ അറ്റ് കോഴിക്കോട്', വ്യത്യസ്തമായ പരീക്ഷങ്ങണൾക്ക് മറ്റുള്ളവർക്ക് പ്രചോദനം നൽകിയേക്കാം. 

വീഡിയോയിലെ നായകനായ സ്വരൂപിന്‍റെ സഹോദരീ ഭർത്താവായ അനൂപ് ഗംഗാധരന്‍റെതാണ് ഈ വീഡിയോയുടെ ആശയവും സംവിധാനവും. കല്യാണത്തിന്‍റെ വീഡിയോ കവറേജ് ഏറ്റെടുത്തിരുന്ന വടകരക്കാരൻ പ്രത്യുഷാണ് ഔട്ട്ഡോർ വീഡിയോക്ക് വ്യത്യസ്‌തമായ ആശയം ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് അഭിപ്രായം മുന്നോട്ട് വെച്ചത്. ചെറുക്കൻ നല്ലൊരു ആഹാരപ്രിയനായത് കൊണ്ട്, അങ്ങനെയൊരു പ്രമേയം അനൂപ് തയ്യാറാക്കുകയായിരുന്നു. ലനീഷ് എടച്ചേരിയുടേതാണ് ഛായാഗ്രഹണം. സി.കെ ജിതേഷ്, ആർ.പി പ്രത്യുഷ് എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചു.

പേര് കൊണ്ടുപോലും കൊതിപ്പിക്കുന്ന സാഗറും സെയിൻസും റഹ്മത്തും ടോപ്ഫോമും ബോംബെ ഹോട്ടലും ആര്യഭവനും പോലുള്ള എത്രയോ രുചിയിടങ്ങളുള്ളപ്പോൾ, കോഴിക്കോട്ടെ പുയ്യാപ്ലയ്‌ക്കും പുതുപെണ്ണിനും മറ്റൊരു ഹണിമൂൺ ലൊക്കേഷൻ തേടേണ്ടതില്ലല്ലോ എന്ന ചിന്തയിൽ നിന്നാണ് 'ഹണിമൂൺ അറ്റ് കോഴിക്കോടിന്റെ' പിറവി എന്ന് അനൂപ് പറയുന്നു. 'ഈ ദുനിയാവിൽ ഒരു ജന്നത്ത് ഉണ്ടെങ്കിൽ, അത് ഇവിടെയാണ്...' എന്ന് കൊതിയൂറുന്ന നാടിന്റെ മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് വിനയത്തോടെ അതിഭാവുകത്വമില്ലാതെ പ്രഖ്യാപിക്കുന്ന ഈ വെഡ്‌ഡിങ്ങ് ഔട്ട്ഡോർ വീഡിയോ, ലക്ഷങ്ങൾ പൊടിക്കുന്ന ഈ രംഗത്തെ ഒരു മാറ്റത്തിന് തുടക്കമായേക്കാം.

COMMENTS