ഗിത്താറിസ്​റ്റ്​ ജോൺ ആൻറണിയുടെ വിയോഗം റിഹേഴ്സലിനിടെ ഹൃദയാഘാതം മൂലം

  • വിടവാങ്ങിയത് റോക്ക് ബാൻഡുകളുടെ ആചാര്യൻ

21:37 PM
21/01/2019
ജോണി ആൻറണി എ.ആർ റഹ്മാനൊപ്പം

തിരുവനന്തപുരം: ഗിത്താറി​​െൻറ മാന്ത്രിക സ്പർശത്താൽ പ്രശസ്തനായ ജോൺ ആൻറണിയുടെ വിയോഗത്തിലൂടെ നഷ്​ടമായത് റോക്ക് ബാൻഡുകളുടെ ആചാര്യനെ. ഗിത്താറിസ്​റ്റും ‘കർണാട്രിക്സ്’ഫ്യൂഷൻ ബാൻഡ് സ്ഥാപകനുമായ ജോൺ ആൻറണി (62) ഞായറാഴ്ചയാണ് പൂജപ്പുര റെയിൽവേ ക്വാർട്ടേഴ്സിന് പിറകു വശത്തെ സ്വവസതി ‘മാൻറർലി’യിൽ റിഹേഴ്സലിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചത്. 

ഇദ്ദേഹം 1980ൽ ചെന്നൈയിൽ ആരംഭിച്ച റൂട്സ് ബാൻഡിലൂടെയാണ് സംഗീത പ്രതിഭകളായ എ.ആർ. റഹ്​മാനും ശിവമണിയും ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങൾക്കു ലീഡ് ഗിത്താർ വായിച്ചു.


30 വർഷം സംഗീതലോകത്ത് ഗിത്താറിസിറ്റായും അധ്യാപകനായും പ്രവർത്തിച്ച ഇദ്ദേഹം തിരുവനന്തപുരം, കൊച്ചി, ചെന്നൈ നഗരങ്ങളിലായിട്ടായിരുന്നു താമസം. വിവിധ രാജ്യങ്ങളിലായി 2500ലേറെ സംഗീത പരിപാടികളുടെ ഭാഗമായി. ഏറെ നാൾ തരംഗിണി സ്​റ്റുഡിയോയിൽ ഗിത്താർ അധ്യാപകനായും ജോലി ചെയ്തു. പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. 

മുൻ പി.എസ്‌.സി അംഗം ഡോ. ഇ.പി. ആൻറണിയുടെയും ആലീസി​​െൻറയും മകനാണ്. ഭാര്യ: സുപ്രീത ജോൺ. ഏക മകൻ സിദ്ധാർഥ് ജോൺ ഹോളിവുഡിലെ അനിമേഷൻ സ്പെഷലിസ്​റ്റാണ്. സിദ്ധാർഥിന് നാട്ടിലെത്താനുള്ള സാങ്കേതിക തടസ്സം മൂലം മൃതദേഹം അനന്തപുരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

 

Loading...
COMMENTS