ന്യൂയോർക്ക്: വിഖ്യാത പോപ് ഗായകൻ ബോബ് ഡിലൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചു. സ്റ്റോക്ഹോമിലെ സ്വകാര്യ ചടങ്ങിലാണ് ഡിലൻ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇവിടെ സംഗീത പരിപാാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഡിലൻ പുരസ്കാരം ഏറ്റുവാങ്ങിയത്. നൊബേൽ അക്കാദമിയുടെ പ്രതിനിധികളും ചുരക്കം ചില ആളുകളും മാത്രമാണ് പരിപാടിയിൽ സംബന്ധിച്ചത്. ഡിലെൻറ അഭ്യർഥന പരിഗണിച്ച് മാധ്യമങ്ങളെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.
പുരസ്കാരം സ്വീകരിച്ചതിന് ശേഷം ജേതാക്കൾ നടത്തുന്ന പ്രസംഗം ഡിലൻ റെക്കോഡ് ചെയ്ത് അക്കാദമിക്ക് കൈമാറും. ഡിലൻ നല്ല ഒരു മനുഷ്യനാണെന്നായിരുന്നു പുരസ്കാരം നൽകിയതിന് ശേഷം അക്കാദമി അംഗങ്ങളിലൊരാളുടെ പ്രതികരണം.
നേരത്തെ ഡിസംബറിൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ചയുടൻ ഡിലെൻറ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ഉത്തരവാദിത്വമില്ലാത്തയാൾ എന്ന് ഡിലനെ അക്കാദമി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞാഴ്ച സ്റ്റോക്ഹോമിൽ വെച്ച് ഡിലന് പുരസ്കാരം സമ്മാനിക്കുമെന്ന് നൊബേൽ അക്കാദമി അറിയിക്കുകയായിരുന്നു.