You are here
രജനിയെ പ്രകീർത്തിച്ച് ’ചുമ്മ കിഴി’; ഏറ്റെടുത്ത് ആരാധകർ
ചെന്നൈ: സിനിമയെ വെല്ലുന്ന സൂപ്പർ താരം രജനികാന്തിൻെറ ജീവിതത്തിലെ നേട്ടങ്ങൾ പ്രകീർത്തിച്ച് ഇറങ്ങിയ ‘ദർബാർ’ സിനിമയിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ. രജനിയെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാറി’െല ‘ചുമ്മ കിഴി’ ഗാനമാണ് വൈറലായത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിൻെറ മാസ്മരിക ശബ്ദത്തിലിറങ്ങിയ ഗാനത്തിൽ രജനിയുടെ പേര് മുതൽ കറുപ്പ് നിറം വരെ രചയിതാവ് വിവേക് വിഷയമാക്കിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
എസ്.പി. ബാലസുബ്രഹ്മണ്യം മുമ്പ് രജനി ചിത്രങ്ങൾക്കുവേണ്ടി പാടിയ അവതരണ ഗാനങ്ങളെല്ലാം സൂപർ ഹിറ്റുകളാണ്. ആ ശ്രേണിയിലാണ് ‘ചുമ്മ കിഴി’ ഇടംപിടിച്ചിരിക്കുന്നത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് അനിരുദ്ധ് രജനി ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഇവരുടെ ആദ്യ കൂട്ടുകെട്ടായ ‘പേട്ട’യിെല ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. നയൻതാര നായികയായ ‘ദർബാർ’ അടുത്ത വർഷം പൊങ്കലിനാണ് റിലീസ് ചെയ്യുക. കാൽ നൂറ്റാണ്ടിന് ശേഷം രജനി പൊലീസ് വേഷമണിയുന്നു എന്നതാണ് ചിത്രത്തിൻെറ പ്രത്യേകത. 1992ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ ആണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയ സിനിമ. സൂപർ താരത്തിൻെറ 167ാം സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.