നെഞ്ചിൽനിന്നടരാത്ത ശ്രുതിയായി തേജസ്വിനി
text_fieldsതിരുവനന്തപുരം: 16 വർഷത്തെ കാത്തിരിപ്പിനുശേഷം ബാലഭാസ്കറിെൻറയും ലക്ഷ്മിയുടെയും ജീ വിതത്തിലേക്ക് തേജസ്വിനി എത്തിയത്, ഒരപൂർവരാഗമായാണ്. അച്ഛെൻറ നെഞ്ചിെൻറ ചൂടിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ മരണത്തിെൻറ തണുപ്പിലേക്കൂർന്നുപോകുേമ്പാൾ ആ കൺമണിക്ക് രണ്ടുവയസ്സുമാത്രം. അനന്തപുരി ആശുപത്രിയിലെ വെൻറിലേറ്ററിൽ ജീവന് മല്ലടിക്കുകയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. കണ്ണുതുറന്ന് മകളെ അന്വേഷിച്ചാൽ സത്യം പറയാനുള്ള ധൈര്യം കുടുംബാംഗങ്ങൾക്ക് പോലുമില്ല.
22ാം വയസ്സിൽ യൂനിവേഴ്സിറ്റി കോളജിൽ എം.എ സംസ്കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെ ഒപ്പം കൂട്ടിയതാണ് ബാലഭാസ്കർ ലക്ഷ്മിയെ. അന്ന് ലക്ഷ്മിയും യൂനിവേഴ്സിറ്റി കോളജിൽ ഹിന്ദി എം.എ വിദ്യാർഥിനിയാണ്. കോളജിലെ പ്രണയ ജോഡിയെ വീട്ടുകാർ അംഗീകരിച്ചില്ല. ലക്ഷ്മിക്ക് മറ്റൊരു വിവാഹം ആലോചിച്ച് തുടങ്ങിയതോടെ പഠനം പൂർത്തിയാക്കുന്നതിന് മുേമ്പ ബാലഭാസ്കർ തെൻറ സംഗീതജീവിതത്തിലേക്ക് ലക്ഷ്മിയെയും കൂട്ടി.
മാന്ത്രികവിരലുകളാൽ വയലിനിൽ വിസ്മയംതീർത്ത സംഗീതജ്ഞൻ പിന്നീട് ലോകമെങ്ങും ഹൃദയങ്ങൾ കീഴടക്കിയപ്പോൾ വീട്ടമ്മയായി ഒതുങ്ങിക്കൂടാനാണ് ലക്ഷ്മി ആഗ്രഹിച്ചത്. അപ്പോഴും ആദ്യ കൺമണി എന്നത് ഇരുവരുടെയും സ്വകാര്യദുഃഖമായിരുന്നു. ആറ്റുകാലും ഗുരുവായൂരൂം ചോറ്റാനിക്കരയിലും വടക്കുംനാഥ ക്ഷേത്രത്തിലും മുടങ്ങാതെ പ്രാർഥനകളുമായി അവർ അലഞ്ഞു.
2016 മേയ് 14നാണ് ലക്ഷ്മി അമ്മയായത്. ഐശ്വര്യം ചൊരിയുന്നവൾ എന്ന അർഥം വരുന്ന തേജസ്വിനിയും ഭർത്താവിെൻറ പേരിെൻറ പകുതിയും ചേർത്ത് ‘തേജസ്വിനി ബാല’ എന്ന പേര് നൽകിയതും ലക്ഷ്മിയായിരുന്നു.
വിദേശത്തെ സ്റ്റേജ് ഷോകൾക്ക് മുമ്പ് മകളുടെ കൊഞ്ചലുകൾ കേൾക്കാൻ ആരുംകാണാതെ ഡ്രസിങ് റൂമിൽ മൊബൈൽ ഫോണുമായി ഒളിച്ചിരിക്കുന്ന ബാലഭാസ്കർ സുഹൃത്തുകൾക്കും കൗതുകമായിരുന്നു. ആ ചിരിയും പാതി നാവ് വഴക്കത്തോടെയുള്ള ‘അച്ഛാ’ വിളിയുമാണ് തന്നിലെ സംഗീതത്തിെൻറ ഇപ്പോഴത്തെ താളമെന്നായിരുന്നു സുഹൃത്തുകളോട് ബാലഭാസ്കർ പറയാറ്.
തേജസ്വിനിയുടെ രണ്ട് പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ആദ്യപിറന്നാളിന് സിനിമ സംഗീതലോകത്തെ പ്രമുഖരെല്ലാം ആശംസയുമായി എത്തി. എല്ലാമാസവും വടക്കുംനാഥ ക്ഷേത്രത്തിലും പാറമേക്കാവിലും ഗുരുവായൂരിലും മകളുമൊത്ത് ദർശനം നടത്തുമായിരുന്നു ഇരുവരും. അങ്ങനെ പോയി മടങ്ങുമ്പോഴായിരുന്നു ചൊവ്വാഴ്ച പുലർച്ചെ പള്ളിപ്പുറത്ത് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
