ഹൈദരാബാദ്: ആന്ധ്രയിലെ വടിസലേരു ഗ്രാമത്തിലുള്ള ഒരു സാധാരണക്കാരി പാട്ടുപാടി ഇൻറർനെറ്റ് കീഴടക്കിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എ.ആർ റഹ്മാൻ സംഗീതം നൽകി പ്രഭുദേവയും നഗ്മയും തകർത്തഭിനയിച്ച കാതലൻ എന്ന ചിത്രത്തിലെ ‘എന്നവളേ അടി എന്നവളേ’ എന്ന ഗാനത്തിെൻറ തെലുങ്ക് പതിപ്പ് ‘ഒാ ചലിയാ’ എന്ന ഗാനമാണ് അതിമനോഹരമായി അവർ പാടിയത്.
സാക്ഷാൽ എ.ആർ. റഹ്മാനും ഫേസ്ബുക്കിലൂടെ അവരുടെ ആലാപനം പങ്കുവെച്ചു. ‘പേരറിയില്ല, മനോഹരമായ ശബ്ദം’ എന്ന അടിക്കുറിപ്പാണ് റഹ്മാൻ ഗാനത്തിന് നൽകിയത്. ഒരു ദിവസം കൊണ്ട് മാത്രം മില്യൺ കാഴ്ചക്കാരിലേക്ക് ഗാനമെത്തുകയും ചെയ്തു.
വൈകാതെ ഒരു ആന്ധ്രക്കാരൻ തന്നെ അവരുടെ േപരും ഉൗരും കണ്ടുപിടിച്ചു. കിഴക്കൻ ഗോദാവരിയിലെ വടിസലേരു ഗ്രാമത്തിൽ ജീവിക്കുന്ന ‘ബേബി’ എന്ന സ്ത്രീയാണ് മനോഹരമായ ശബ്ദത്തിന് പിന്നിൽ. റഹ്മാന് മുേമ്പ സലുരി കൊടേശര റാവു എന്ന സംഗീത സംവിധായകൻ ബേബിക്ക് സിനിമയിൽ പാടാനുള്ള അവസരവും നൽകി.
നേരത്തെ മലയാളിയായ രാകേഷ് ഉണ്ണിയുടെ ആലാപനവും ഇത്തരത്തിൽ ഇൻറർനെറ്റിൽ വമ്പിച്ച രീതിയിൽ പ്രചരിച്ചിരുന്നു. അന്ന് ശങ്കർ മഹാദേവായിരുന്നു ഉണ്ണിയെ പരിചയപ്പെടുത്തിയത്. കമൽഹാസെൻറ വിശ്വരൂപം എന്ന ചിത്രത്തിലെ ഉന്നൈ കാണാമൽ’ എന്ന ഗാനമായിരുന്നു ഉണ്ണി ആലപിച്ചത്.