ആത്മാവിനെ തൊട്ടറിഞ്ഞ സ്വര്‍ഗീയ സ്വരധാര
text_fieldsഇന്ത്യന്‍ സ്ത്രീത്വത്തിന്‍െറ ആത്മാവിനെ തൊട്ടറിഞ്ഞ സ്വരധാരയാണ് എസ്.ജാനകി എന്ന ഗായിക. 1960-80 കാലഘട്ടത്തിലെ ഒരു ശരാശരി മലയാളി വനിതയുടെ ഹൃദയവികാരങ്ങളുടെ സാമാന്യ പ്രതിഫലനമാണ് ജാനകിയുടെ ഗാനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഒരു കാമുകിയുടെയും കുടുംബിനിയുടെയും അമ്മയുടെയും കൊച്ചുകുട്ടിയുടെയും വൃദ്ധയുടെയുമെല്ലാം ആത്മനൊമ്പരവും പ്രണയവും ഭക്തിയും നിഷ്കളങ്കതയും വാല്‍സല്യവുമെല്ലാം അവര്‍ പാടിയ ഗാനങ്ങളിലൂടെ നാം അനുഭവിച്ചറിയുന്നു. വരേണ്യമായ ഒരു ഭാരതീയ സ്ത്രീ സങ്കല്‍പത്തിന്‍െറ അടിസ്ഥാന ദര്‍ശനങ്ങള്‍ ജാനകി തന്‍െറ കലയില്‍ എപ്പോഴും ഒളിപ്പിച്ചുവെച്ചിരുന്നു.
ഒരിക്കലും ഒരിടത്തും പ്രത്യക്ഷത വേണ്ടാത്ത ഇന്ത്യന്‍ സ്ത്രീത്വത്തിന്‍െറ സ്വഭാവസവിശേഷതയാണ് ജാനകീസംഗീതത്തിന്‍െറ പാരമ്പര്യത്തനിമ. 2016 സെപ്റ്റംബര്‍ 22ാം തീയതി താന്‍ പാട്ടു നിര്‍ത്തുന്നതായി ജാനകി പ്രഖ്യാപിച്ചപ്പോള്‍ ആറു പതിറ്റാണ്ടിന്‍െറ സ്വരമാധുരിയാണ് നമ്മുടെ സാംസ്കാരിക ചരിത്രത്തിന്‍െറ സുഭഗഭാഗമായി തീര്‍ന്നത്. പതിനേഴോളം ഭാഷകളിലായി അനേകായിരം ഗാനങ്ങള്‍ ഈ ഗായിക ആലപിച്ചിട്ടുണ്ടെങ്കിലും മലയാളഭാഷയാണ് അവരെ ഏറ്റവുമധികം ആദരിച്ചിട്ടുള്ളതെന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. ജാനകിക്ക് ലഭിച്ച നാല് ദേശീയ പുരസ്കാരങ്ങളില്‍ ഒരെണ്ണം ‘ഓപ്പോള്‍’ എന്ന സിനിമയിലെ ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്’ എന്ന ഗാനത്തിന് ലഭിച്ചെങ്കില്‍ അവര്‍ നേടിയ 32 സംസ്ഥാന പുരസ്കാരങ്ങളില്‍ പതിനാലെണ്ണവും മലയാള സിനിമയില്‍ നിന്നാണ്. ഒരു മലയാള സിനിമാ ഗാനത്തിലൂടെതന്നെ തന്‍െറ സംഗീതസപര്യക്ക് തിരശീലയിടുകയാണെന്ന് ആ ഗായിക പറയുമ്പോള്‍ അതില്‍ അസ്വാഭാവികത ഏതുമില്ല. ജാനകിയുടെ അവസാനത്തെ ലൈവ് ഷോയും കേരളത്തില്‍, കോഴിക്കോട്ടുവച്ചായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
അനൂപ് മേനോനും മീരാ ജാസ്മിനും അഭിനയിക്കുന്ന ‘10 കല്‍പനകള്‍’ എന്ന സിനിമക്കുവേണ്ടി ‘അമ്മപ്പൂവിന്..’ എന്ന് തുടങ്ങുന്ന ഗാനമാണ് ജാനകി അവസാനമായി ആലപിക്കുന്നത്. മിഥുന്‍ ഈശ്വര്‍ സംഗീതം പകര്‍ന്ന ഈ പാട്ടിന്‍െറ റെക്കോഡിംഗ് ഹൈദ്രാബാദില്‍ പൂര്‍ത്തിയായി. എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് താന്‍ ഈ പാട്ട് പാടിയതെന്നും അവര്‍ അവരുടെ കുട്ടികളെ ഇതെന്നും പാടിക്കേള്‍പ്പിക്കണം എന്നും ജാനകി അഭ്യര്‍ത്ഥിച്ചു. ഒരു കലാകാരി ആസ്വാദകവൃന്ദവുമായി ഏതുതരത്തിലാണ് സാംസ്കാരികബന്ധം ഊട്ടിയുറപ്പിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമായി ജാനകിയുടെ ഈ അപേക്ഷയെ നമുക്ക് വിലയലിരുത്താം. സമൂഹത്തില്‍ സാധാരണക്കാരന്‍െറ നിത്യജീവിതവുമായി ഇഴുകിച്ചേരുന്ന സര്‍ഗാത്മക സംവേദനത്തിലൂടെയാണ് കലാകാരന്‍െറയോ കലാകാരിയുടെയോ സാംസ്കാരിമായ കലാദൗത്യം പൂര്‍ത്തിയാകുന്നത്. ഇതിന് കലയുടെ സൗന്ദര്യദര്‍ശനം കൂടിയേ തീരൂ. മറ്റൊന്ന് ആത്മസമര്‍പ്പണമാണ്. ഇവ രണ്ടും എസ്.ജാനകി എന്ന ഗായികയില്‍ ഒത്തുചേരുന്നുണ്ട്. ഗാനത്തിന്‍െറ റെക്കോഡിംഗ് വേളയില്‍ ശാരീരികമായ നേരിയ ഒരു ചലനത്തിനുപോലും ഇടം നല്‍കാതെ ശ്രദ്ധിക്കുന്ന ഗായികയാണ് ജാനകിയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
ഇടസമയത്തെ ചെറിയ അംഗചലനം പോലും പാട്ടിന്‍െറ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ബോധ്യമാണ് ഇതിനു പിന്നില്‍. ആസ്വാദകരോടുള്ള സംഗീതസംവേദനത്തില്‍ ജാനകി ഹൃദയവും മനസ്സും അര്‍പ്പിക്കുന്നതിനുള്ള ഉദാഹരണമാണിത്. ഇന്ത്യക്ക് വാനമ്പാടിയായി ലതാ മങ്കേഷ്കറെ കൊണ്ടാടിയപ്പോള്‍ നാം തെന്നിന്ത്യയുടെ വാനമ്പാടിയായി ജാനകിയെ വിശേഷിപ്പിച്ചു. നൂലിഴപോലെ നേര്‍ത്ത ശബ്ദവും സാഹചര്യങ്ങളില്‍ ലയം കണ്ടത്തെി അവയെ തങ്ങളുടെ ആലാപന സിദ്ധിയിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവും സ്വരമാധുരിയും ഈ രണ്ട് ഗകയികമാരുടെയും പൊതു സാമ്യമാണ്. അങ്ങനെയൊരു സംഗീതസംവിധായകനും നമുക്കുണ്ടായിരുന്നു, എം.എസ്.ബാബുരാജ്. ബാബുരാജ്-ജാനകി കൂട്ടുകെട്ടിലെ ഗാനങ്ങള്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന അനുഭവമായിത്തീര്‍ന്നതും അതുകൊണ്ടാണ്. ജാനകി ആലപിച്ച ഗാനങ്ങളെ വിശകലനം ചെയ്യുവാന്‍ ഈ ചെറിയ കുറിപ്പുകൊണ്ടാവില്ളെങ്കിലും ഈ ലേഖകന്‍െറ ഇടനില കൂടാതെതന്നെ അവയെക്കുറിച്ച് വായനക്കാര്‍ക്ക് ബോധ്യമുണ്ടെന്നതാണ് ഈ കുറിപ്പിന്‍െറ പിന്‍ബലം.