Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമലയാളം കീഴടക്കിയ...

മലയാളം കീഴടക്കിയ രാജപ്പന്‍െറ  പാരഡിക്കാലം

text_fields
bookmark_border
മലയാളം കീഴടക്കിയ രാജപ്പന്‍െറ  പാരഡിക്കാലം
cancel

‘അന്നുനിന്നെ കണ്ടതില്‍പിന്നെ അനുരാഗമെന്തന്നു ഞാനറിഞ്ഞു...
അതിനുള്ള വേദന ഞാനറിഞ്ഞു...’
എ.എം.രാജ പാടി മനോഹരമാക്കിയ ഭാസ്കരന്‍ മാഷിന്‍െറ ഈ ഗാനം എണ്‍പതുകളിലെ കുട്ടികളില്‍ ചിലരെങ്കിലും ഒരു പാരഡിഗാനമെന്ന് തെറ്റിദ്ധരിച്ചുപോയതില്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാരണ്യമില്ല. അത്രത്തോളം ജനകീയമായിരുന്നു അന്ന് വി.ഡി.രാജപ്പന്‍െറ ഹാസ്യകഥാപ്രസംഗം. അദ്ദേഹത്തിന്‍െറ ‘ചികയുന്ന സുന്ദരി’ എന്ന കഥാപ്രസംഗത്തില്‍ ഈ ഗാനം ഇതുപോലെതന്നെ ഉപയോഗിച്ചിട്ടുണ്ട്. അന്നത്തെ പുതുതലമുറക്കാരായ കുട്ടികളില്‍ പലരും ഇതും ഒരു പാരഡി ഗാനത്തിലെ വരികളാണെന്നാണ് തെറ്റിദ്ധരിച്ചത്. 


പാരഡിയിലൂടെയാണെങ്കിലും ഒരു കലാകാരനെന്ന നിലയില്‍ വി.ഡി.രാജപ്പന്‍ കൈവരിച്ച ജനപ്രീതി ആരെയും അല്‍ഭുതപ്പടുത്തുന്നതാണ്. ‘ചികയുന്ന സുന്ദരി’എന്ന കഥാപ്രസംഗത്തിലൂടെയാണ് വി.ഡി.രാജപ്പന്‍ ജനപ്രിയനാകുന്നത്. കോഴികളുടെതാണ് കഥ. കാമുകനായ പൂവന്‍കോഴി പിടക്കോഴിയോട് പ്രണയാഭ്യര്‍ഥനയുമായി പാടുന്ന പാട്ടാണ് ‘അന്നു നിന്നെ കണ്ടതില്‍പിന്നെ..’ പ്രത്യേകതരം ശബ്ദത്തിലാണെങ്കിലും ഈണത്തില്‍ പാടാനുള്ള കഴിവാണ് രാജപ്പനെ ജനപ്രിയനാക്കിയതും. ‘ഐആറെട്ടിന്‍ നെന്മണി കണ്ടാല്‍ എമ്മച്ചീ..എങ്ങനെഞാനിട്ടേച്ചുപോരും..’, മൈലാഞ്ചിക്കാട്ടില്‍ പാറിപ്പറന്നുവന്ന മണിവര്‍ണ പൂവന്‍ചേട്ടാ...(മൈലാഞ്ചിക്കാട്ടില്‍...) തുടങ്ങിയ ഗാനങ്ങള്‍ ആളുകളില്‍ പൊട്ടിച്ചിരിക്കൊപ്പം അല്‍ഭുതവുമുണ്ടാക്കി. 
വയലാറിന്‍െറ പ്രശസ്തമായ വടക്കന്‍പാട്ടായ ‘പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം..’എന്ന ഗാനം ‘പൊന്നിയം നാട്ടില്‍ പിറന്ന പൂവന്‍ പൊന്നുപോല്‍ മിന്നുന്നോനായിരുന്നു..ആണുങ്ങളായി വളര്‍ന്നോരെല്ലാം അങ്കവാലുള്ളവരായിരുന്നു’
എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടത് സാധാരണക്കാരെ വല്ലാതെ രസിപ്പിച്ചു. ‘കോഴിമുട്ടേന്നു വിരിഞ്ഞതാണോ.. ഓമനേ നിന്‍മുഖം കൂര്‍ത്തതാണോ’ എന്ന രീതിയിലും വടക്കന്‍ പാട്ടുകള്‍ പ്രത്യക്ഷപ്പെട്ടു.  


പാട്ടിന്‍െറ ഈണത്തിന് ഒരുകോട്ടവും സംഭവിക്കാതെ നര്‍മത്തില്‍ചാലിച്ച അനുയോജ്യമായ വാക്കുകള്‍ നിറച്ചുള്ള പാരഡിഗാനങ്ങള്‍ വലിയ ജനപ്രീതിതന്നെയുണ്ടാക്കി. ഭാസ്കരന്‍മാഷും ഒ.എന്‍.വിയും ബിച്ചുതിരുമലയുമൊക്കെ എഴുതിയ മനോഹരമങ്ങളായ ഗാനങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന താമശയില്‍ ചാലിച്ച പാരഡികള്‍ ഒന്നൊന്നായി രാജപ്പന്‍ പടച്ചുവിട്ടത് പലരിലും അല്‍ഭുതമുണ്ടാക്കി; ഒപ്പം അലോസരവും. യേശുദാസിന്‍െറ ജനപ്രിയ ഗാനങ്ങളെല്ലാം ഇങ്ങനെ ആളുകള്‍ പാടി നടന്നത് അദ്ദേഹം ഒരഭിമുഖത്തില്‍ പരാമര്‍ശിച്ചത് വലിയ വിവാദത്തിനും വഴിവെച്ചു. അക്കാലത്തിറങ്ങിയ ഒരു ഹിറ്റുപാട്ടിനെയും അദ്ദേഹം വെറുതെ വിട്ടില്ല.‘ശങ്കരാ നാദശരീരാപരാ..’ എന്ന ‘ശങ്കരാഭരണ’ത്തിലെ എസ്.പിയുടെ അതിപ്രശസ്തമായ ഗാനത്തിന് ‘ശങ്കരാ..പോത്തിനെ തല്ലാതെടാ.. ’ എന്ന പാരഡിയിറക്കിയത് കേരളക്കരയെ ചിരിപ്പിച്ചു. ‘അന്നക്കിളീ’ എന്ന ഇളയരാജയുടെആദ്യത്തെ ഹിറ്റിന് ‘പട്ടിക്കുഞ്ഞേ..എന്നെ മാന്തല്ളേ..’ എന്നും പാരഡിയിറക്കി. ഇങ്ങനെ പാരഡി ഗാനങ്ങള്‍ എന്നൊരുശാഖതന്നെ പിന്നീട് വളര്‍ന്നുവന്നതിന് കാരണക്കാരനായതും വി.ഡി.രാജപ്പനാണ്. 
മുപ്പത്തിരണ്ട് പാരഡി കഥാപ്രസംഗങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. നൈസര്‍ഗികമായ തമാശ പറയാനുള്ള കഴിവാണ് രാജപ്പനെ നാട്ടുകരുടെയിടയില്‍ ശ്രദ്ധേയനാക്കിയത്. നാട്ടുകാരെ നിരന്തരമായി ചിരിപ്പിച്ച രാജപ്പന്‍ പിന്നീട് കേരളം മാത്രമുള്ള അമേരിക്ക, ഗള്‍ഫ്, ജര്‍മ്മനി, ഇറ്റലി, ലണ്ടന്‍, ജപ്പാന്‍ ഉള്‍പ്പെടെ മലയാളികളുള്ള മിക്ക രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചു. 
ലോകക്ളാസിക്കുകള്‍ പോലും ഉല്‍സവപ്പറമ്പുകളില്‍ സാധാരണക്കാര്‍ കഥാപ്രസംഗമായി കേട്ടിരുന്ന കാലത്ത്  കഥാപ്രസംഗവേദിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു 1973-74 കാലഘട്ടത്തില്‍ രാജപ്പനെന്ന ചെറുപ്പക്കാരന്‍്റെ വരവ്. പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള ഹാസ്യ കഥാപ്രസംഗം അന്ന് എല്ലാവരിലും അല്‍ഭുതാവഹമായ പൊട്ടിച്ചിരിയാണുയര്‍ത്തിയത്. വളരെ വേഗം അത് ജനപ്രിയമായി അലയടിച്ചു.
‘സാംബനും കെടാമംഗലവും കൊല്ലം ബാബുവും കഥപറഞ്ഞ് കത്തിനില്‍ക്കുമ്പോള്‍ ചൊട്ടച്ചാണ്‍ നീളമുള്ള ഞാന്‍ എന്തോന്നു പറയാനാ. അവരുമായിട്ട് നേര്‍ക്കുനേര്‍നിന്ന് അങ്കം വെട്ടാനുള്ള കോപ്പ് വല്ലതും നമ്മുടെ കൈയിലുണ്ടോ?’ ഇങ്ങനെ നാടന്‍ ഭാഷയിലാണ് അദ്ദേഹം കാര്യം പറയുക. ‘പൊത്തുപുത്രി’ എന്ന തവളയുടെ കഥയാണ് ആദ്യം അവതരിപ്പിക്കുന്നത്.  തരക്കേടില്ലാത്ത ഓട്ടം കിട്ടി. ‘ചികയുന്ന സുന്ദരി’യാണ് കൈനിറയെ പണം നല്‍കിയത്. 15000 രൂപക്കുവരെ കഥ പറഞ്ഞിട്ടുണ്ട് അന്ന്. എണ്‍പതുകളില്‍ അതൊരു നല്ല തുകയാണ്. പകല്‍ ഒന്ന് രാത്രി രണ്ട് എന്നിങ്ങനെ മൂന്നു കഥവരെ ഒരു ദിവസം പറഞ്ഞിട്ടുണ്ട്.
കോഴി, എലി, പട്ടി, പാമ്പ് തുടങ്ങി ജനങ്ങള്‍ക്ക് ഏറെ പരിചയമുള്ള ജന്തുക്കളുടെ സ്റ്റോക്ക് തീര്‍ന്നപ്പോഴാണ് ‘അക്കിടി പാക്കരന്‍’ വന്നത്. ഒരു പച്ചമനുഷ്യന്‍്റെ കഥ. കഥയായി സ്റ്റജേില്‍ പറയാതെ ഓഡിയോ കാസറ്റായാണിറക്കിയത്. തനിക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിത്തന്ന കാസറ്റാണ് ‘പാക്കരന്‍’ എന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു; അന്നത്തെകാലത്ത് ഒരു ലക്ഷം രൂപ.
‘പ്രിയേ നിന്‍്റെ കുര’, ‘നമുക്കു പാര്‍ക്കാന്‍ ചന്ദനക്കാടുകള്‍’, ’കുമാരി എരുമ’, ‘എന്നെന്നും കുരങ്ങട്ടേന്‍്റെ’, ‘കിഡ്നി’, ‘അമിട്ട്’, ‘അവളുടെ പാര്‍ട്സുകള്‍’ തുടങ്ങിയവയാണ് രാജപ്പന്‍്റെ പ്രധാന കഥകള്‍. 
പ്രേം നസീറിനെയും അദ്ദേഹം പാട്ടുപാടി രസിപ്പിച്ചിട്ടുണ്ട്. മദ്രാസിലെ ഒരു ലൊക്കേഷനില്‍വച്ചാണ് പ്രേം നസീറിനെ കാണുന്നത്. ‘ഒരു പാട്ടുപാട്’ എന്നദ്ദേഹം പറഞ്ഞപ്പോള്‍ തീപ്പെട്ടിയില്‍ കൊട്ടി പാടി. പാട്ടുകള്‍ പിന്നെയും പിന്നെയും പാടി; ഒരുമണിക്കൂര്‍ നേരം. 
‘കുയിലിനെത്തേടി’യാണ് ആദ്യ സിനിമ. ഊട്ടിയിലായിരുന്നു ഷൂട്ടിംഗ്. ഒരു കൊമേഡിയന്‍ വരാതിരുന്നപ്പോള്‍ അടൂര്‍ ഭാസിയും സുകുമാരിയും കൂടി രാജപ്പന്‍െറ നിര്‍ദേശിക്കുകയായിരുന്നു. അത് ഹിറ്റായതോടെ ധാരാളം വേഷങ്ങള്‍.
‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘എങ്ങനെ നീ മറക്കും’,’പുതുക്കോട്ടയിലെ പുതുമണവാളന്‍’, ‘പഞ്ചവടിപ്പാലം’, ‘മുത്താരംകുന്ന് പി.ഒ’, ‘മുഹൂര്‍ത്തം 11.30’, ‘കുസൃതിക്കാറ്റ്’ തുടങ്ങി നൂറോളം ചിത്രങ്ങളിലം അദ്ദേഹം അഭിനയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vd rajappan
Next Story