കേരളത്തിലെ സഹൃദയ സദസ്സുകള്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരു നാദമുണ്ടായിരുന്നു. നിലാവ് പരന്ന ആകാശത്തിന് താഴെ ഇതള്‍വിരിയുന്ന ഇശലില്‍ ചാലിച്ച കഥകള്‍ കേള്‍ക്കാന്‍ പെണ്ണുങ്ങളടക്കം കാത്തിരുന്നൊരു കാലമുണ്ടായിരുന്നു. ടേപ്റെക്കാര്ഡറുകള് പോലും അപൂര്‍വമായിരുന്ന അന്ന് അവരെ കിസ്സകള്‍ പറഞ്ഞ് പാടിയുണര്‍ത്തി ഒരു പെണ്‍കുട്ടി. ഒരിക്കല്‍ കേട്ടാല്‍ മനസിലെന്നും തങ്ങിനില്ക്കുന്ന ഒരു ഗാനം പോലെയായിരുന്നു കാഥിക ആയിഷ ബീഗം. അക്കാലത്തെ നാട്ടുനടപ്പുകള്‍ വകവെക്കാതെ ആദ്യമായൊരു മുസ്ലിം പെണ്‍കുട്ടി പൊതുവേദിയിലത്തെിയപ്പോള് അതിനെതിനെ സംഘടിച്ച സമുദായത്തിനും തളര്‍ത്താനായില്ല ആയിഷയുടെ ചങ്കുറപ്പിനെ. പാടിയും പറഞ്ഞും ആയിഷ വളരുകയായിരുന്നു. വി സാംബശിവനടക്കമുള്ളവര് കഥാപ്രസംഗവുമായി നിറഞ്ഞു നിന്ന കാലത്താണ് അരങ്ങത്തേക്കുള്ള ആയിഷയുടെ വരവ്. അതുവരെ പെണ്ണിനെ കഥാപ്രസംഗവേദിയില്‍ കാണാത്ത കണ്ണുകള്‍ക്ക് അത്ഭുതക്കാഴ്ചയായിരുന്നു അത്.
ആയിഷയുടെ കഥ
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ മുഹമ്മദ് കണ്ണിന്്റെയും ഫാത്തിമയുടെയും മകളായി 1943ലായിരുന്നു ആയിഷയുടെ ജനനം. ചെറുപ്പത്തിലേ ഉമ്മയെന്ന സംഗീതം നിലച്ചു. ഉമ്മയുടെ മരണ ശേഷം ആലപ്പുഴയിലെ ബന്ധുക്കളായ ഇബ്രാഹിം- ആമിന ദമ്പതിമാര്‍ ആയിഷയെ ദത്തെടുത്തു. ഖവാലിയെന്നാല് ഇബ്രാഹിമിന് ജീവനായിരുന്നു. സംഗീതത്തോടുള്ള സ്നേഹംകൊണ്ടാകണം മകള്‍ ഗായികയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആലപ്പുഴയിലെ കുഞ്ഞുപണിക്കര്‍ ഭാഗവതരുടെ കീഴില്‍ സംഗീതപഠനത്തിനയച്ചു. മുസ്ലിം പെണ്‍കുട്ടികള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന മതനേതാക്കളുടെ വിലക്ക് നാട്ടിലുള്ളൊരു കാലമായിരുന്നു അത്. ചിലര്‍ എതിര്‍പ്പുമായി രംഗത്തത്തെി. എന്നാല്‍ പാട്ടുപഠിക്കാനുള്ള അതിയായ മോഹത്തിനു മുമ്പില്‍ എതിര്‍പ്പുകളെ അവഗണിച്ചു ആയിഷയും ഇബ്രാഹിമും.
പഠിക്കാനും പാടാനും മിടുക്കിയായ ആയിഷ എല്ലാം പെട്ടെന്നു സ്വായത്തമാക്കി. എട്ടു വയസ്സുമുതല്‍ നൃത്തപരിപാടികള്‍ക്ക് പിന്നണി പാടി പൊതുരംഗത്തേക്ക് വന്നു. ചെറുപ്പമായതിനാല്‍ ഇബ്രാഹിമിന്്റെ തോളില്‍ കേറിയിരുന്നായിരുന്നു ആ പാട്ടുയാത്രകള്‍. പഠനം പത്താം ക്ളാസില്‍ അവസാനിപ്പിച്ച് സംഗീത രംഗത്ത് മുഴുവന്‍ സമയവും സജീവമായി. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും പിന്നീട് കേരളത്തിലാകമാനവും ആയിഷ ബീഗമെന്ന പെണ്‍കുട്ടി സംഗീതമായി നിറയുകയായിരുന്നു. പതിനഞ്ചാം വയസ്സിലായിരുന്നു ആയിഷയുടെ വിവാഹം. കാഥികന് വി സാംബശിവന്്റെ ട്രൂപ്പിലെ തബലിസ്റ്റ് എം എം ഷരീഫായിയിരുന്നു വരന്.
ആദ്യത്തെ കാഥിക1961ല്‍ “ധീരവനിത’ എന്ന കഥപറഞ്ഞാണ് ആയിഷ ബീഗം ചരിത്രത്തിലേക്ക് കടന്നത്. ആലപ്പുഴയിലെ വട്ടപ്പള്ളിയിലായിരുന്നു ആദ്യ പരിപാടി. വട്ടപ്പള്ളി ശരീഫിന്്റെതായിരുന്നു രചന. മുസ്ലിം പെണ്‍കുട്ടിയുടെ കഥപറച്ചില്‍ വിവരം നേരത്തെ അറിഞ്ഞതിനാല്‍ അതിനെ ഏതുവിധേനയും നേരിടാനായിരുന്നു സമുദായത്തിന്‍്റെ തീരുമാനം. പക്ഷേ ഭീഷണി വകവെക്കാതെ ആ പതിനേഴുകാരി വേദിയിലത്തെി. മധുരമൂറുന്ന ഈരടികളിലൂടെ അവള് ജീവിതത്തെയും വിധിയേയും പുരുഷമേധാവിത്തത്തെയും തന്്റേടത്തോടെ നേരിട്ട വനിതാരത്നമായ ബീവി അസൂറയുടെ കഥ പറഞ്ഞപ്പോള്‍ എതിര്പ്പുമായത്തെിയവര് അതില്‍ ലയിച്ചു ചേര്‍ന്നു. പിന്നീടെല്ലാം ചരിത്രം. മിക്ക ദിവസങ്ങളിലും പരിപാടികള്‍. ചില ദിവസങ്ങളില്‍ രണ്ടുപരിപാടികള്‍ വരെയുണ്ടാകും. മലബാറിലും ആയിഷയുടെ ശബ്ദമത്തെി. അയ്യായിരത്തിലേറെ വേദികളില്‍ ആയിഷ ബീഗം കഥ പറഞ്ഞു. ക്ഷേത്രോത്സവ വേദികളിലും മുസ്ലിം സദസ്സുകള്‍ക്കും ഒരുപോലെ പ്രിയങ്കരിയായി മാറി. വട്ടപ്പള്ളി ഗഫൂര്‍, ആലപ്പി ശറീഫ് എന്നിവരുടെതായിരുന്നു രചനകള്‍. ധീരവനിത, ജ്ഞാന സുന്ദരി, മുള്‍ക്കിരീടം, കര്‍ബലയും പ്രതികാരവും, ത്യാഗം, സൈന, പ്രേമകുടീരം, ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍, വൈരമോതിരം, ഖുറാസാനിലെ പൂനിനിലാവ്, വിലങ്ങും വീണയും തുടങ്ങി ഇരുപത്തി അഞ്ചിലേറെ കഥകള്‍.
അക്കാലത്തെ ഗ്രാമഫോണുകളിലും റെക്കോഡുകളിലും ആയിഷ ബീഗത്തിന്്റെ ശബ്ദസാന്നിധ്യമുണ്ടായി. ഗുണമേറും മാസമല്ളോ... റമദാനതെന്നതോര്ക്കൂ, മണ്ണിനാല്‍ പടച്ചുള്ള, മലക്കുല് മൗത്ത് അസ്റാഈല്‍ അണഞ്ഞിടും മുന്നേ, അഹദായവനേ സമദായവനേ, യാ ഇലാഹി നിന്നില്‍ സര്‍വമര്‍പ്പിക്കുന്നു.., ബിരിയാണി വെക്കലല്ല പെരുന്നാള്‍, മുത്ത് റസീലിന്്റെ ഉമ്മത്തിയാമെന്നില് സത്യ സ്വരൂപാ , മക്കാ റസൂലേ.. മദീനാ നിലാവേ.. തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ബീഗത്തിന്്റേതായി പിറന്നു. ആകാശവാണിയിലും തുടര്‍ച്ചയായി കഥാപ്രസംഗം അവതരിപ്പിച്ചു അവര്‍.
നാദമിടറുന്നു
നിരവധി വേദികളില്‍ വിശ്രമമില്ലാതെ നിറഞ്ഞു നിന്നതിനാവാം 1988ല്‍ ശാരിരികാസ്ഥ്യം മൂലം കഥാപ്രസംഗരംഗത്തോട് വിടപറഞ്ഞു. മൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടും വേദിയിലത്തെി.
പതിനഞ്ചു വര്‍ഷം മുമ്പാണ് ആയിഷ ബീഗം അവസാനമായി പാടിയത്. കടുത്ത രക്ത സമ്മര്‍ദം കാരണം സംസാരശേഷി പിന്നീട് ഭാഗികമായി നഷ്ടപ്പെടുകയായിരുന്നു ആദ്യം. ചികിത്സകള്‍ ധാരാളമായി നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആയിഷാ ബീഗത്തിന്‍െറ വിയോഗത്തോടെ ഒരു ചരിത്രം കൂടി അവസാനിക്കുകയാണ്.