തത്വശാസ്​ത്രങ്ങ​െള കാവ്യത്തിലെഴുതിയ ഒരാൾ

അന്നും ഇന്നും ഇന്ത്യൻ സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്​ ഗാനങ്ങളും ഗാനരംഗങ്ങളും. കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ധ്വനിപ്പിക്കുന്ന വികാരങ്ങളെ ഫലപ്രദമായി പ്രേക്ഷകരിലെത്തിക്കാൻ സംവിധായകർ ഗാനങ്ങളെ കൂട്ടുപിടിച്ചു​. ആദ്യകാല ചലച്ചിത്രങ്ങളിൽ പലതും അറിയപ്പെട്ടിരുന്നത്​ അവയിലെ ഗാനങ്ങളുടെ പേരിലായിരുന്നു.  

കറുപ്പിലും വെളുപ്പിലും മനുഷ്യരുടെ ജീവിതകഥകൾ വരച്ചിട്ട അറുപതുകളിലും ഇൗസ്​റ്റ്​മാൻ കളറിലേക്ക്​ മാറിയ എഴുപതുകളിലും സിനിമ സാ​േങ്കതികമായി മുന്നേറിയ എൺപതുകളിലും ഗാനങ്ങൾ സിനിമകളുടെ ആത്മാവായി തിരശ്ശീലയിൽ നിറഞ്ഞു. പ്രേക്ഷകരാവ​െട്ട നായികാനായകന്മാരുടെ കൂടെ ഏറ്റുചൊല്ലിയ വരികൾ മനഃപാഠമാക്കാൻ ടാക്കീസുകളിൽനിന്ന്​ പാട്ടുപുസ്​തകങ്ങൾ വാങ്ങി വീടുകളിലേക്ക്​ മടങ്ങി​. മലയാള സിനിമ ആസ്വാദകർ അത്രമേൽ ഒരുകാലത്ത്​ ചലച്ചിത്രഗാനങ്ങളെ നെഞ്ചേറ്റിയിരുന്നുവെന്ന്​ ചുരുക്കം. സിനിമയിലെ പ്രണയരംഗങ്ങൾക്ക്​ ‘മരംചുറ്റി ​േപ്രമം’ എന്ന ഒാമനപ്പേര്​ വന്നതുപോലും ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലൂടെയായിരുന്നു. കാവ്യഭംഗി തുളുമ്പുന്ന വരികളിൽ ലോലവികാരങ്ങൾക്കപ്പുറം തത്ത്വചിന്തയും ശാസ്​ത്രവും ഉണ്ടായിരുന്നു. ജാതീയതക്കും അന്ധവിശ്വാസത്തിനുമെതിരായ ചിന്തകളും അവയിൽ സ്​ഥാനം പിടിച്ചിരുന്നു. 

പാട്ടുകളിലൂടെ തത്ത്വചിന്തകളും ശാസ്​ത്രബോധവും പ്രസരിപ്പിച്ചതി​നു​ പിറകിൽ ഗാനരചയിതാക്കളായ പ്രശസ്​ത കവികളായിരുന്നു. സാഹിത്യമണ്ഡലത്തിൽ കവികളായും സിനിമ രംഗത്ത്​ ഗാനരചയിതാക്കളായും ‘ഇരട്ട വ്യക്​തിത്വം’ പേറിനടന്നവരായിരുന്നു ഇവർ. ഇക്കൂട്ടത്തിൽ വയലാർ രാമവർമയായിരുന്നു മുന്നിൽ. കമ്യൂണിസ്​റ്റ്​ പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട്​ പ്രവർത്തിച്ച നാസ്​തികനായ ഇദ്ദേഹം ഒരേസമയം ഭക്​തിനിറഞ്ഞു തുളുമ്പുന്ന പ്രാർഥന ഗാനങ്ങളും ഇൗശ്വരവിശ്വാസത്തെയും മതങ്ങളെയും ചോദ്യംചെയ്യുന്ന തത്ത്വചിന്താപരമായ ഗാനങ്ങളുമെഴുതി​.   

1965ൽ പുറത്തിറങ്ങിയ രണ്ട്​ സിനിമകളിൽ വയലാർ കഥാസന്ദർഭങ്ങൾക്ക്​ ഇണങ്ങുന്ന രീതിയിൽതന്നെ ഇൗശ്വരവിശാസത്തെ വിമർശന വിധേയമാക്കുന്നുണ്ട്​. അതിൽ ആദ്യചിത്രം കേശവദേവി​​​​​​െൻറ പ്രശസ്​ത നോവലി​​​​​​െൻറ ചലച്ചിത്രരൂപമായ ‘ഒാടയിൽനിന്ന്​’ ആണ്​. ​കെ.എസ്. സേതുമാധവ​​​​​​െൻറ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ ഇൗ സിനിമയിൽ വയലാർ എഴുതിയ

 ‘മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല, 
മനസ്സിനുള്ളിലാണു ദൈവം’

എന്ന വരികൾ ഗാനശാഖയിൽ തത്ത്വശാസ്​ത്രങ്ങൾ വിഷയമാകുന്നതിന്​ വഴിമരുന്നിട്ടു എന്നുവേണമെങ്കിൽ പറയാം. ദേവരാജൻ സംഗീതം നൽകി എ.എം. രാജ പാടിയ ഇൗ ഗാനം തുടർന്ന്​ 

‘മനസ്സിലെ ദൈവം മനുഷ്യനു നൽകിയ, 
മണിവിളക്കല്ലോ സ്​നേഹം’

എന്ന​ുപറഞ്ഞുകൊണ്ട്​ സ്​നേഹത്തെ പ്രകീർത്തിക്കുകയും അതോടൊപ്പം അതിന്​ ദൈവികത നൽകുകയും ചെയ്യുന്നു. ഇതേ വർഷംതന്നെ വെള്ളിത്തിരയിലെത്തിയ എം.കൃഷ്​ണൻ നായർ അണിയിച്ചൊരുക്കിയ ‘കാവ്യമേള’ എന്ന സിനിമയിലും വയലാർ ഇൗശ്വരവിശ്വാസത്തെ വിഷയമാക്കിയിട്ടുണ്ട്​. ഇൗ സിനിമയിലെ 

‘ഈശ്വരനെത്തേടിത്തേടിപ്പോണവരേ, 
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങൾ, 
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ, 
ഇന്നും മരക്കുരിശല്ലോ’

എന്നാണ്​ പാടുന്നത്​. വി. ദക്ഷിണാമൂർത്തി ഇൗണമിട്ട ഗാനം പാടിയത്​ അത്രയൊന്നും പരിചിതനല്ലാത്ത ഏതാനും ചിത്രങ്ങളിൽ മാത്രം പാടിയ എന്‍.പി. ഉത്തമനാണ്​‍​. 
തുടർന്ന്​ അടുത്ത വർഷം പ്രേക്ഷകർക്കു​ മുന്നിലെത്തിയ ‘കൂട്ടുകാർ’ എന്ന ചിത്രത്തിൽ ശ്രീനാരയണ ഗുരുവി​​​​​​െൻറ തത്ത്വചിന്തയാണ്​ വയലാർ കൂട്ടുപിടിക്കുന്നത്​. സിനിമയിലെ  

‘ഒരു ജാതി ഒരു മതം ഒരു ദൈവം​... 
ഒാർമവേണമിയദ്വൈത മന്ത്രം’

എന്ന വിശ്വമാനവികത​യെ ഉദ്​ഘോഷിക്കുന്ന വരികൾ മലയാളികൾ ജാതിമത ഭേദമന്യേ സ്വീകരിച്ചു. ഹിന്ദു-മുസ്​ലിം മൈത്രിയുടെ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുന്ന ചിത്രത്തിന്​ എം.എസ്. ബാബുരാജ് ആണ്​ ഇൗണം പകർന്നിരിക്കുന്നത്​. വി. ശാന്താറാം സംവിധാനം ചെയ്ത ‘പഡോസി’ എന്ന പ്രസിദ്ധ ഹിന്ദിചലച്ചിത്രത്തി​​​​​​െൻറ മലയാള പതിപ്പായ ഇൗ സിനിമ സംവിധാനം ചെയ്​തത്​ ശശികുമാറാണ്​. 

തുടർന്നു വന്ന 1967ൽ പുറത്തിറങ്ങിയ സിനമയിലും വയലാർ ഇൗ പാതതന്നെ പിന്തുടർന്നു. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്​ത ‘അഗ്​നിപുത്രി’ എന്നി സിനിമയിലായിരുന്നു അത്​. 

‘കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത - ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ.....’

എന്ന വരികൾ വിഗ്രഹാരാധനയെ ​വിമർശിക്കുന്നവയായിരുന്നു. ഇൗ ഗാനത്തിന്​ സംഗീതം നൽകിയത്​ ബാബുരാജും  പാടിയത്​ പി. സുശീലയുമായിരുന്നു. ഇതേ വർഷംതന്നെ കാണികളെ തേടിയെത്തിയ ‘കാണാത്തവേഷങ്ങൾ’ എന്ന സിനിമയിൽ ബി.എ. ചിദംബരനാഥി​​​​​​െൻറ സംഗീതസംവിധാനത്തിൽ യേശുദാസും പി.ലീലയും ചേർന്നു പാടിയ 

‘പാൽക്കടൽ നടുവിൽ പാമ്പി​​​​​​െൻറ മുകളിൽ
ഭഗവാനുറങ്ങുന്നു കൃഷ്​ണാ...’

എന്നു തുടങ്ങുന്ന ഗാനത്തിൽ ദൈവത്തി​​​​​​െൻറ സ്​ഥാനത്ത്​ ചെകുത്താൻ കയറിയിരിക്കുന്നു എന്നാണ്​ തുടർന്നെഴുതുന്നത്​. 

‘മുൾമുടി ചൂടി മരക്കുരിശിന്മേൽ മനുഷ്യപുത്രൻ പിടയുന്നൂ...
നേടിയ മുപ്പത്​ വെള്ളിയുമായി ജൂദാസ്സുയിർന്നേൽക്കുന്നു’

എന്നും തുടർന്നെഴുതുന്നുണ്ട്​. കെ.പി. കൊട്ടാരക്കരയെഴുതിയ കഥ എം.കൃഷ്​ണൻ നായരാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. തുടർന്നുവന്ന വർഷവും വയലാറി​​​​​​െൻറ ദാർശനിക തൂലിക ദൈവത്തെക്കുറിച്ചെഴുതി. അക്കാലത്തെ സൂപ്പർഹിറ്റ്​ സിനിമയായ ‘വാഴ്​വേ മായ’ത്തിലായിരുന്നു അത്​.

ദേവരാജ​​​​​​െൻറ സംഗീതത്തിൽ ഒഴുകിയ 
‘ഇൗ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്​മുഖം’ എന്ന ഗാനത്തിൽ വയലാർ പറയുന്നത്​..
‘മനുഷ്യൻ മനുഷ്യനെ സ്​നേഹിക്കു​േമ്പാൾ 
മനസ്സിൽ ദൈവം ജനിക്കുന്നു...
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങു​േമ്പാൾ
മനസ്സിൽ ദൈവം മരിക്കുന്നു...’

എന്നാണ്​. കെ.എസ്​. സേതുമാധവ​​​​​​െൻറ സത്യൻ-ഷീല സിനിമയാണിത്​. ഇതുകഴിഞ്ഞ്​ മുട്ടത്തു വർക്കി എഴുതി സേതുമാധവൻ സംവിധാനം ചെയ്​ത ​‘ലൈൻ ബസ്’ എന്ന ചിത്രത്തിലെ

‘അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ 
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ....’

എന്ന ഗാനം ആർഷഭാരതത്തിന്​ സംഭവിച്ച വിശ്വാസത്തിലെ അപചയത്തെ ചൂണ്ടിക്കാണിക്കുന്നതാണ്​​. ദേവരാജൻ മാഷ്​ ചിട്ടപ്പെടുത്തി യേശുദാസ്​ ആലപിച്ച ഗാനം തുടർന്ന്​ 

‘മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി’

എന്ന്​ പറഞ്ഞാണ്​ അവസാനിപ്പിക്കുന്നത്​. 1971ലാണ്​ ഇൗ സിനിമ പ്രേക്ഷകരെത്തേടിയെത്തിയത്​.

പിന്നീട്​ 1972ൽ  യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ച ഗാനത്തിലും വയലാർ ദൈവങ്ങളെയും കൂടെ മനുഷ്യനെയും മതങ്ങളെയും വിമർശിക്കുന്നു. കെ.എസ്. സേതുമാധവ​​​​​​െൻറ ‘അച്ഛനും ബാപ്പയും’ എന്ന സിനിമയിലെ  ‘മനുഷ്യൻ മതങ്ങളെ സൃഷ്​ടിച്ചു...

‘മതങ്ങൾ ദൈവങ്ങളെ സൃഷ്​ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു... മനസ്സ്​ പങ്കുവെച്ചു...’

എന്ന ഗാനമായിരുന്നു അത്​. ജി.ദേവരാജ​​​​​​െൻറ സംഗീതത്തിൽ പിറന്ന ഇൗ ഗാനം മതങ്ങൾക്കതീതമായി മനുഷ്യർ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്നമാണ് പങ്കുവെക്കുന്നത്​്. 2004 ൽ പുറത്തിറങ്ങിയ ‘മാറാത്ത നാട്​’ എന്ന സിനിമയിൽ ഇൗ ഗാനം സന്ദർഭത്തിനൊത്ത്​ പുനരാവിഷ്​കരിക്കുന്നുണ്ട്​. കെ.ടി. മുഹമ്മദി​​​​​​െൻറ തിരക്കഥയിലാണ്​ ചിത്രം പിറവികൊണ്ടത്​. ആ വർഷത്തെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും ഇൗ ചിത്രം നേടി.  ഇതേ സിനിമയിൽതന്നെ പി.ബി. ശ്രീനിവാസും മാധുരിയും ചേർന്ന്​ പാടിയ ഒരു കോറസും ദൈവത്തെക്കുറിച്ചാണ്​. 

‘ഒരുമതമൊരു ജാതി...
മനുഷ്യർക്കൊരുകുലമൊരു ദൈവം’
എന്ന ഗാനം.

ഇൗ വർഷംതന്നെ റിലീസ്​ ചെയ്​ത ‘പോസ്​റ്റ്​ മാനെ കാണാനില്ല’ എന്ന പ്രേംനസീറി​​​​​​െൻറ സി.​െഎ.ഡി പടത്തിലും വയലാർ ഇൗശ്വരനെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഇൗ സിനമയിലെ...

‘ഈശ്വരന്‍ ഹിന്ദുവല്ല ഇസ്​ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല’

എന്ന ഗാനത്തിൽ പൊയ്​മുഖങ്ങളെയാണ്​ വയലാർ വലിച്ചുകീറുന്നത​്. ദേവരാജൻ മാസ്​റ്ററുടെ സംഗീതത്തിൽ യേശുദാസ്​ തന്നെയാണ്​ ഇൗ ഗാനം ആലപിച്ചിരിക്കുന്നത്​. സിനിമയിലെ മറ്റൊരു സി.​െഎ.ഡിയായ കെ.പി. ഉമ്മർ ഒരു ഭ്രാന്ത​​​​​​െൻറ വേഷത്തിലെത്തിയാണ്​ ഇൗ തത്ത്വശാസ്​ത്രപരമായ ഗാനം തെരുവിൽ ആലപിക്കുന്നത്​. 

250ലേറെ ചിത്രങ്ങൾക്കുവേണ്ടി 1300ഒാളം രചനകൾ നിർവഹിച്ച വയലാറി​​​​​​െൻറ ഗാനങ്ങളുടെ പട്ടിക പരതിയാൽ ഇനിയും ഇത്തരം ആശയങ്ങളുള്ള ഗാനങ്ങൾ കണ്ടേക്കാം. 
 
‘കറ​ുത്ത ചക്രവാള മതിലുകൾ ചൂടും കാരാഗൃഹമാണ്​ ഭൂമി....’, ‘ഒരിടത്ത്​ ജനനം ഒരിടത്ത്​ മരണം ചുമലിൽ ജീവിത ഭാരം...’ തുടങ്ങിയ തത്ത്വശാസ്​ത്രപരമായ നിരവധി ഗാനങ്ങൾ എഴുതിയ ഇദ്ദേഹം ‘ചലനം ചലനം ചലനം... മാനവജീവിത പരിണാമത്തിൻ മയൂര സന്ദേശം’, ‘തങ്കത്താഴിക കുടമല്ല...താരാപഥത്തിലെ രഥമല്ല... ചന്ദ്രബിംബം കവികൾ പുക​ഴ്​ത്തിയ സ്വർണ്ണമയൂരമല്ല..’ തുടങ്ങിയ ശാസ്​ത്രത്തെ കൂട്ടുപിടിച്ചുള്ള രചനകളും യഥേഷ്​ടം നടത്തിയിട്ടുണ്ട്​.
Loading...
COMMENTS