Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightഅ​റി​യാ​തെ അ​റി​യാ​തെ...

അ​റി​യാ​തെ അ​റി​യാ​തെ അ​നു​രാ​ഗ വീ​ണ​യി​ൽ; എ.ടി ഉമ്മറിന്റെ പാട്ടുലോകം

text_fields
bookmark_border
അ​റി​യാ​തെ അ​റി​യാ​തെ അ​നു​രാ​ഗ വീ​ണ​യി​ൽ; എ.ടി ഉമ്മറിന്റെ പാട്ടുലോകം
cancel
camera_alt

എ.​ടി. ഉ​മ്മ​ർ

മലയാള ചലച്ചിത്ര സംഗീതത്തിൽ നിലക്കാത്ത കാൽപനിക ധാരകളുടെ പ്രയോക്താവായിരുന്നു എ.ടി. ഉമ്മർ. മെലഡിയുടെ സുഗന്ധമുള്ള എത്രയോ ഗാനങ്ങൾ അദ്ദേഹം മലയാള ചലച്ചിത്ര സംഗീതത്തിന് നൽകി. മധുരോദാരമായ സംഗീതത്തിന്റെ മദന ഭരിതമായ ഒരു കാലത്തെയാണ് എ.ടി. ഉമ്മർ പ്രതിനിധാനം ചെയ്യുന്നത്. ഹിന്ദുസ്ഥാനിയും കർണാട്ടിക്കും നാടൻപാട്ടും എല്ലാം കൃത്യതയുടെയും സൂക്ഷ്മതയുടെയും മിശ്രണത്തിൽ പുലരുന്ന ഒരു പാട്ടുലോകം. പാട്ടിലുണ്ടാകേണ്ട സൗന്ദര്യത്തെക്കുറിച്ചുള്ള ജാഗ്രതയും അവബോധവും സംഗീതത്തിൽ ആദ്യഗാനം തൊട്ട് പ്രകടമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മൃദുലവും വിലോപനീയവുമായ പ്രേമഗീതങ്ങളുടെ ഈണ സാന്ദ്രതയാണിത്. ‘മുഗ്ധം’ എന്ന ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നത്. പാട്ടിൽ മെലഡിയുടെ സഞ്ചാരങ്ങളും ലളിത ഭാവക്രമങ്ങളും സംക്രമിപ്പിക്കുന്നതിൽ ഉമ്മർ ഒരളവോളം വിജയിച്ചു. മധുരം, മനോജ്ഞം എന്ന് നാം നേരിട്ട് വിളിക്കുന്ന പാട്ടിന്റെ പ്രൗഢസ്ഥലികൾ. മെലഡിയുടെ ചന്തം ആ പാട്ടുകളിൽ പന്തലിച്ചു. കഥാസന്ദർഭങ്ങളെ നവോന്മേഷഭരിതമാക്കാൻ ആ ഗാനങ്ങൾക്കായി.

മധുരതരമായ ഈണത്തിന്റെ ഭാവജ്വാലകൾ ആ പാട്ടിൽ അനുപമമായി തുടർന്നു. ജീവിതാനുരാഗത്തിന്റെ സൗന്ദര്യം ഉമ്മറിന്റെ പാട്ടുകളിൽ ഉണ്ടായിരുന്നു. നൂതന ഗാനത്തിൻ യമുനാ തീരമായിരുന്നു അത്. അതിന്റെ നൂപുരധ്വനികൾ മലയാളികളെ ആദ്യംമുതൽ ആകർഷിച്ചിരുന്നു. മെലഡിയുടെ സ്വരനിർമിതികൾ അതിന്റെ മുഴുവൻ സമഗ്രതയിലും പീലിവിരിച്ചാടുകയായിരുന്നു ഉമ്മറിന്റെ ഗാനങ്ങളിൽ. പാട്ടിൽ നടത്തുന്ന സൂക്ഷ്മത നിറഞ്ഞ ചെറിയ അലങ്കാരപ്പണികൾ ആയിരുന്നു ഉമ്മറിനെ വിജയത്തിലേക്ക് നയിച്ചത്. ആ പാട്ടുകൾ കേൾക്കുന്ന ഏതൊരു സംഗീതപ്രേമിയും അനുരാഗത്തിന്റെ അവകാശിയായി മാറുന്നു. പ്രണയത്തിന്റെ ഭാവപൂർണിമയാണ് ‘രാസലീലക്ക് വൈകിയതെന്തേ രാജീവലോചനേ’ എന്ന ഗാനം.

പാട്ടുകളിൽ ജനപ്രീതിയുടെ ഒരു പർവത്തിന് തുടക്കം കുറിക്കുകയായിരുന്നു എ.ടി. ഉമ്മർ. പാട്ടിലെ ജനപ്രിയ ഘടകങ്ങളുടെ സംയോജന അനുപാത സാധ്യതകളെ അദ്ദേഹം അത്രമാത്രം എടുത്ത് ഉപയോഗിച്ചു. ഇങ്ങനെയാണ് ഉമ്മറിന്റെ ഗാനങ്ങൾ നമുക്ക് സമീപസ്ഥമാകുന്നത്. ഉമ്മറിന്റെ ഗാനങ്ങളിലെ ചേതോഹാരിതകൾ സഹൃദയരുടെ ശ്രദ്ധ നേടിയിരുന്നു. അതിലോലമായിരുന്നു ആ ഗാനങ്ങളുടെ അകങ്ങൾ. പാട്ടിന്റെ ആദ്യകാലങ്ങളിൽ മലയാളികളുടെ വൈകാരിക വിനിമയങ്ങൾ ഏറ്റവും വിശുദ്ധമായി ആവിഷ്കരിക്കുന്നതിൽ ഉമ്മറിന്റെ ഗാനങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. ഹൃദയംകൊണ്ട് പരിചരിക്കുന്ന പാട്ടിന്റെ ആർജവമായിരുന്നു നാം ഉമ്മറിന്റെ ഗാനങ്ങളിൽ കണ്ടതും കേട്ടതും.

മോഹനമായിരുന്നു ആ ഗാനങ്ങളെല്ലാം. പാട്ടിൽ പ്രണയാന്തരീക്ഷത്തിന്റെ ഭാഷയെ കൂടുതൽ പരിചിതവും മൃദുലവും മുഗ്ധവും സ്നിഗ്ധവുമാക്കുന്ന രീതിയാണ് ഉമ്മർ പിന്തുടരുന്നത്. ഇന്ദ്രിയബദ്ധമായ അനുഭവങ്ങളെ പാട്ടുകളിൽ അനായാസമായി സംക്ഷേപിക്കുക എന്ന ഗാന കലയാണ് ഉമ്മറിന്റേത്. സാധാരണതയിൽ വഴിയുന്ന സംഗീതത്തിന്റെ ലാളിത്യമാണ് ഇത്. ഉമ്മറിന്റെ പാട്ടിൽ നിറഞ്ഞിരിക്കുന്ന ലയാത്മകതയുടെ സംഗീതത്തെയാണ് നാം അംഗീകരിക്കുന്നത്. ലയമാധുര്യത്തിന്റെ ചന്തമങ്ങനെ കിനിഞ്ഞിറങ്ങുന്ന പാട്ടുകളുടെ സാന്ദ്രലോകമായിരുന്നു അത്.

കലാപൂർവം സംവിധാനം ചെയ്യുന്ന നിരവധി പാട്ടുകൾ ഉമ്മറിന്റേതായുണ്ട്. ഇവയെല്ലാം പ്രണയിയുടെ കൗതുകങ്ങളെ സ്വരബദ്ധമാക്കുകയാണെന്ന് ഉറപ്പാണ്. കേൾക്കുന്ന പാട്ടുകളുമായി ആസ്വാദകർ അത്രമാത്രം ഭാവൈക്യം സാധ്യമാക്കുന്നു. ഉമ്മറിന്റെ ഗാനങ്ങൾ ഹൃദയവർജകമായ ആവിഷ്കാരങ്ങളായി മാറുന്നത് അതിലെ മെലഡിയുടെ സ്പർശം കൊണ്ടായിരുന്നു. പാട്ടിൽ വൈകാരികതയെ തിരിച്ചറിയാനുള്ള സംഗീത സന്ദർഭങ്ങളൊരുക്കി അദ്ദേഹം.

മെലഡിയുടെയും യോഗാത്മകതയുടെയും ഒക്കെ അനുപമമായ ചാരുതകൾ പലവിധത്തിൽ സംഭവിക്കുകയാണ്. പലപ്പോഴും അത് ദൈവീകമായ അനുപാതത്തിൽ വാർന്നുവീണതായിരുന്നു എന്ന് തോന്നാം. പ്രണയത്തിന്റെ സരളമായ തച്ചാണ് എ.ടി. ഉമ്മറിന്റേത്. പാട്ടിൽ അദ്ദേഹം അനുവർത്തിച്ചുപോന്ന ചമത്കാരങ്ങൾ, അലങ്കാരങ്ങൾ എന്നിവ ജനപ്രിയതയുടേതാവാം. എല്ലാവർക്കും പ്രാപ്യമായ സംഗീതത്തിന്റെ മാധുര്യമായിരുന്നു അത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സരളലയ ഹൃദ്യതകൾ, ഗസലീണങ്ങൾ എന്നിവയാണ് ഉമ്മറിന്റെ പാട്ടിലെ പ്രധാന കാന്തിവിശേഷങ്ങൾ. ആരാധന കലർന്ന പ്രണയാഭിമുഖ്യത്തെയാണ് ഉമ്മർ തന്റെ ഗാനങ്ങളിൽ കൂടുതലും ആവിഷ്കരിച്ചത്. ആരാധനയുടെയും സമർപ്പണത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഒക്കെ സഫലീകൃത മാതൃകകൾ എന്ന വിധം എത്രയോ ഗാനങ്ങൾ ഉണ്ടായി ഉമ്മറിന്റെ സംഗീതത്തിൽ.

‘അനുവദിക്കൂ ദേവി അനുവദിക്കൂ’ എന്ന പാട്ട് ഈ രീതിയിലുള്ളതാണ്. ഈ പാട്ടിലെ വരികളിലെ പ്രണയ ആരാധനയുടെ തരള ഭാവങ്ങൾ ഈണത്തിലും കൊണ്ടുവന്നിട്ടുണ്ട് എ.ടി. ഉമ്മർ. ഭാസ്കരൻ മാഷിന്റെ വരികളിലെ ടാഗോർ സാന്നിധ്യത്തെ മാറ്റിനിർത്തിയാൽ ‘ഓരോ ഹൃദയസ്പന്ദനം തോറും എൻ ആരാധന മണി മുഴങ്ങുന്നു’ എന്ന ചരണത്തിലെ വരിയിൽ ‘ആരാധന’ എന്ന വാക്കിനെ എ.ടി. ഉമ്മർ ഈണം കൊണ്ട് വിപുലപ്പെടുത്തുന്നുണ്ട്. ഇവിടെ ഉമ്മറിന്റെ സംഗീതത്തിൽ പ്രണയത്തിന്റെ ശിവരഞ്ജിനിയിൽ വിനീതമായ ഒരു അർച്ചനയുടെ ഭാവം നാം അറിയുന്നു. പ്രണയത്തിനായി അർപ്പിക്കപ്പെട്ട ഒരു മനസ്സിന്റെ സകല സ്പന്ദനങ്ങളും ഉണരുന്ന മറ്റൊരു ദാനമാണ് ‘ദേവി നിൻ ചിരിയിൽ’. ‘അനുദിനമനുദിനമെന്നിൽ നിറയും ആരാധന മധുരാഗം നീ’ (ദർബാരി കാനഡ) എന്ന വരിയുടെ തുടർച്ചയിൽ സ്നേഹോപാസന മന്ത്രവുമായി സ്നേഹമയിയെ കാത്തിരിക്കുന്ന ഒരു സാഫല്യ മുഹൂർത്തമുണ്ട്. ചിത്രവർണാംഗിത ശ്രീകോവിലിൽ പ്രണയിനിയുടെ നിത്യ സിംഹാസനം തീർക്കുകയാണ് കഥയിലെ നായകൻ. എന്ത് ഭംഗിയുള്ള മധുര മന്ത്ര സ്ഥായിയിലാണ് ഈ പാട്ട് സംവിധാനം ചെയ്തിരിക്കുന്നത്. സൗമ്യയായൊഴുകുന്ന ഒരു പ്രണയ നദിപോലെ ഈ പാട്ട് ആരുടെയും മനസ്സ് കവരും.

‘സാന്ദ്രമായ ചന്ദ്രികയിൽ സാരസാക്ഷി നിൻ മടിയിൽ’ എന്ന പാട്ടും ഇതേ തരത്തിൽ പ്രണയിനിയുടെ അനുവാദത്തിനായി കാത്തുനിൽക്കുന്ന ഒരാളുടെ സൗമ്യ വിചാരങ്ങൾ പങ്കിടുന്നുണ്ട്. ‘സകലതും മറന്ന് മയങ്ങാൻ സദയം നീ അനുവദിക്കൂ’ എന്ന് തുടങ്ങുന്ന അർഥനകൾ പാട്ടിനകങ്ങളിൽ നേർത്ത സ്പന്ദനമായി മാറുന്നു. സ്വന്തം ഭാഗത്തുനിന്ന് വന്ന തെറ്റുകുറ്റങ്ങൾ പങ്കുവെക്കുകയും സമ്മതിക്കുകയുമൊക്കെ ചെയ്യുന്ന പ്രണയിനിയുടെ ആത്മവിചാരങ്ങളാണ് ‘പൊട്ടിക്കരഞ്ഞുകൊണ്ടോമനേ...’ എന്ന പാട്ടിലുള്ളത്. ‘കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ തപസ്സുചെയ്യും നിൻ സേവകൻ’ (ശ്രീകുമാരൻ തമ്പി) എന്ന് സ്വയം സങ്കൽപിക്കുന്ന ഒരാളുടെ ആരാധന കലർന്ന വിചാരങ്ങൾ എ.ടി. ഉമ്മർ എത്ര സൗമ്യസുന്ദരമായ ഒരീണമാണ് ദർബാരി കാനഡയിൽ പകർന്നത്.

ഇങ്ങനെയുള്ള വിശുദ്ധ പ്രണയത്തിന്റെ സ്വയം സമർപ്പണ സാകല്യം നാം പിന്നീട് അനുഭവിച്ചത് ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ’ എന്ന ദർബാരി കാനഡയിലുള്ള മറ്റൊരു പാട്ടിലാണ്. ‘ആ നീലമിഴികളിൽ ഒരു നവസ്വപ്നമായ് നിർമലേ എൻ അനുരാഗം തളിർത്തുവെങ്കിൽ’ എന്ന് പറയാൻ ആഗ്രഹിക്കുന്ന നിർമലനായ ഒരു അനുരാഗിയുടെ സാന്നിധ്യം ഈ പാട്ടിൽ ഉണ്ടായിരുന്നു. ഹൃദയവും ഹൃദയവും തമ്മിൽ പറയും കഥകൾ കേൾക്കാനുള്ള ഇടം ഭാസ്കരൻ-എ.ടി. ഉമ്മർ ടീമിന്റെ പാട്ടിൽ ഉണ്ടായിരുന്നു.

ഭാഗ്യശ്രീയിൽ സംഗീതം ചെയ്ത ‘പ്രിയമുള്ളവളെ നിനക്കുവേണ്ടി’ എന്ന ബ്രഹ്മാനന്ദൻ ഗാനത്തിൽ പുതിയ സ്വപ്നങ്ങളുടെ സമ്മാനം ഒരുക്കുന്ന കാമുകഹൃദയത്തെ കാണാനാവും. പ്രണയിനിക്കുവേണ്ടി മനസ്സിനുള്ളിൽ ഒരു സുഖവാസ മന്ദിരം പണിഞ്ഞ് സുമശയ്യ പനിനീരിൽ അലങ്കരിക്കുന്ന ഒരാളുണ്ട് എ.ടി. ഉമ്മർ-ബിച്ചു തിരുമല സംഗമത്തിൽ വന്ന ഒരു പാട്ടിൽ. മനസ്സിലെ മന്ദിരത്തിലെ ശയ്യാഗൃഹത്തിലെ ഈരടിതാരാട്ടിൽ ലയിക്കുവാനും സ്വന്തമാക്കുവാനുമുള്ള അനുവാദം ആരായുകയാണിവിടെ. മനസ്സിന്റെ താളമായും ജീവന്റെ ജീവനായും ശ്വാസമായും ശബ്ദമായും കണ്ണിലെ ദീപ്തിയായും സ്വപ്നമായും മോഹമായും മുക്തിയായും രാഗാനുഭൂതിയായുമൊക്കെ മാറുന്ന ഒരു പാട്ടായിരുന്നു എ.ടി. ഉമ്മർ സംഗീതം ചെയ്ത ‘ആദ്യമായി കണ്ടനാൾ നീയെന്നിൽ’.

മാണ്ഡ് രംഗത്തിലായിരുന്നു ഈ പാട്ടിന്റെ വിന്യാസം. ശ്രീകുമാരൻ തമ്പിയുടെ വരികളിൽ എ.ടി. ഉമ്മർ സംഗീതം ചെയ്ത ‘വർണവും നീയേ വസന്തവും നീയേ’ എന്ന പാട്ടിലും ഇതുതന്നെയാണ് നില. വർഷവും ഹർഷവും ഗാനവും ഗഗനവും സാഗരവും സായൂജ്യവുമൊക്കെയായിത്തീരുന്നു പാട്ട്. പ്രഭവവും പ്രപഞ്ചവും ഒക്കെയായി ചേർന്നുനിൽക്കുന്ന കവിയുടെ മനസ്സ് പാട്ടിലെ പ്രണയിനിയെ ആരാധനയോടെ വാഴ്ത്തുകയാണ്. ജന്മങ്ങൾ പരസ്പരം പങ്കിടുന്ന വിശുദ്ധ പ്രണയത്തിന്റെ നിമിഷങ്ങൾ ഓർത്തുവെച്ച പാട്ടാണ് പൂവച്ചൽ ഖാദറിന്റെ രചനയിൽ എ.ടി. ഉമ്മർ ദർബാറി കാനഡയിൽ ഒരുക്കിയ ‘എന്റെ ജന്മം നീയെടുത്തു നിന്റെ ജന്മം ഞാനെടുത്തു’. ഈ പാട്ടിൽ പ്രണയികൾ മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നായി ത്തീരുകയാണ്. മന്ദസ്ഥായിയിലാണ് ഈ പാട്ടുകളെല്ലാം ഉമ്മർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ടിൽ പ്രണയത്തിന്റെ ലളിതക്രമമുണ്ടാക്കുകയായിരുന്നു ഉമ്മർ.

‘അനുപമ സൗന്ദര്യമേ’, ‘ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ’, ‘ആത്മസഖി എൻ ആദ്യ സമ്മാനം’, ‘ഒരുമയിൽ പീലിയായി ഞാൻ’, ‘ഒരേ ഒരുതീരം’, ‘നിന്നെ പുണരാൻ നീട്ടിയ കൈകളിൽ’, ‘പിന്നെയുമിണക്കുയിൽ’, ‘മിഴിയിണ ഞാൻ അടയ്ക്കുമ്പോൾ’, ‘ഓണത്തുമ്പിക്കൊരുഞ്ഞാല്’, ‘അറിയാതെ അറിയാതെ അനുരാഗ വീണയിൽ’, ‘ശശിലേഖേ നീയെന്റെ നഭസ്സിൽ’...ഇങ്ങനെ എത്രയെത്ര പാട്ടുകൾ. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ഒരു ആകാശം ഈ ഗാനങ്ങളിൽ വിടരുന്നു. ഒരാൾ തനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രിയഭാജനത്തിന് അർപ്പിക്കുന്ന പ്രണയ സമ്മാനമായി ഈ പാട്ടുകൾ മാറുന്നു. സമാഗമങ്ങളുടെ സുന്ദര മുഹൂർത്തങ്ങൾ ഈ പാട്ടുകളിൽ രാഗാത്മകമാകുന്നു.

പ്രണയാനുവാദത്തിന്റെ മോഹനക്ഷത്രങ്ങൾ ഈ ഗാനങ്ങളെ മധുരതരമാക്കുന്നു.എ.ടി. ഉമ്മർ അവസാനകാലത്ത് തരംഗിണിക്കുവേണ്ടി ഒരുക്കിയ ‘പ്രിയേ പ്രണയിനി’ എന്ന ആൽബത്തിലും നേരത്തെ പറഞ്ഞ പ്രണയാർച്ചനയുടെ വിലോപനീയമായ സംഗീതം ഉണരുന്നുണ്ട്. ഇങ്ങനെ രാഗത്തിന്റെയും അനുരാഗത്തിന്റെയുമെല്ലാം അപാരവിസ്തൃതികൾ എ.ടി. ഉമ്മറിന്റെ ഗാനങ്ങൾക്കുണ്ടായിരുന്നു. ആ ഗാനങ്ങളിലെ ഋജിത്വം അവിശ്വസനീയമാംവിധം സാധാരണമാണ്. ഈ സാധാരണത്വവും ലാളിത്യവുമാണ് ഉമ്മർ മെലഡികളെ സൗന്ദര്യാത്മകമാക്കുന്നത്. എല്ലാ അർഥത്തിലും അനുഭൂതിദായകമായ സംഗീതമായിരുന്നു എ.ടി. ഉമ്മറിന്റേത്. അതുകൊണ്ടാണ് ആളുകൾ ഇന്നും ആ പാട്ടുകളെ ഏറ്റെടുക്കുന്നതും അവയെ നെഞ്ചോട് ചേർത്തുവെക്കുന്നതും. ഉമ്മർ എന്ന സംഗീത സംവിധായകന്റെ പാട്ടുകളിലെ കാലാന്തരവശ്യതക്ക് നിദാനം അവയിലെ സർവാംഗണീയമായ ഈണസൗന്ദര്യമാണെന്നതിന് ആർക്കും സംശയമുണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:melody singermusic featureAT Ummermalayalam film music
News Summary - Unknowingly, unknowingly, in the throes of passion; AT Ummer's world of songs
Next Story