Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightഉമ്പായി ഇന്നും...

ഉമ്പായി ഇന്നും പാടുന്നു...

text_fields
bookmark_border
ഉമ്പായി ഇന്നും പാടുന്നു...
cancel
സംഗീതത്തിെൻറ ഉദാത്തത തിരിച്ചറിഞ്ഞ് ലഹരിയുടെ ഉന്മാദലോകത്തോട് വിടചൊല്ലിയ ഉമ്പായി എന്ന ഗായകന്റെ ദൗത്യം മതദേശകാലാതീതമായ ഭാരതീയ സംഗീതപാരമ്പര്യത്തിെൻറ മഹത്വത്തെ അടയാളപ്പെടുത്തലായിരുന്നു. കല സമൂഹത്തിനുവേണ്ടി മാത്രമാണെന്ന് തിരിച്ചറിഞ്ഞ് സ്വയം ഉയിർത്തെഴുന്നേറ്റ ആ പ്രതിഭയുടെ നാലാം ചരമവാർഷികദിനമാണ് നാളെ. ഫോർട്ട് കൊച്ചി കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന ഈ സംഗീത പ്രതിഭ ആരാധകരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.

കൗതുകം നിറഞ്ഞ ഉമ്പായി എന്ന നാമപദം ഒരിക്കൽ മലയാളിക്ക് അപരിചിതമായിരുന്നു. ഇബ്രാഹീമിെൻറ തൽഭവമാണ് അതെന്ന് അധിക പേർക്കും അറിയില്ലായിരുന്നു. പിൽക്കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളിൽ മാത്രമായിരുന്നില്ല ഈ പേര് ചിരപ്രതിഷ്ഠ നേടിയത്. ഭാഷക്കും ദേശത്തിനും കാലത്തിനും അപ്പുറമായി ഗസലിേൻറയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും പര്യായമായി അത് മാറി.

കമ്യൂണിസത്തോടുള്ള അടങ്ങാനാവാത്ത അഭിനിവേശത്താൽ പേരിനൊപ്പം ഇ.എം.എസ് എന്ന വിശേഷണം നേടിയ മട്ടാഞ്ചേരിയിലെ തോണിപ്പണിക്കാരനായ പടിഞ്ഞാറെ വീട്ടിൽ അബുവിെൻറ ഏക മകനായ പി.എ. ഇബ്രാഹീം സംഗീതലോകത്ത് പകരംവെക്കാനില്ലാത്തയാളായി തീർന്നത് ഒരൊറ്റ രാത്രികൊണ്ടായിരുന്നില്ല. പിൽക്കാലത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ വിരാജിച്ച അദ്ദേഹത്തെ ആ സിംഹാസനത്തിലേക്ക് ചുവപ്പൻ പരവതാനി വിരിച്ച് ആരും കൂട്ടിക്കൊണ്ടു പോന്നതായിരുന്നില്ല. പ്രതികൂല ജീവിതസാഹചര്യങ്ങളോട് പടപൊരുതിയുള്ള കഠിനമായ ജീവിതയാത്രയിൽ ഉമ്പായി താണ്ടിയ സഹന വഴികൾ സമീപകാല ഇന്ത്യയിലെ മറ്റൊരു സംഗീതജ്ഞനും അഭിമുഖീകരിച്ചിട്ടുണ്ടാകില്ല.

ഏകലവ്യന് തുല്യമായ സംഗീതപഠനം

അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അത്ഭുത പ്രതിഭാസങ്ങളുടെ പട്ടികയിൽ നിസ്സംശയം ചേർക്കാവുന്ന ഒന്നാണ് ഉമ്പായിയുടെ അതിസാഹസിക ജീവിതവും സംഗീത യാത്രയും. പേരും പെരുമയും വന്നുചേരുേമ്പാൾ മിക്കവരും കടന്നുവന്ന വഴികളെ സൗകര്യപൂർവം വിസ്മരിക്കുക പതിവാണ്. എന്നാൽ, ഇരുളിലാണ്ട ഭൂതകാലത്തെക്കുറിച്ച് മറക്കാതെയും ഒന്നും മറച്ചുവെക്കാതെയും അയവിറക്കാൻ എന്നും തയാറായിരുന്നു ഇൗ ഗായകൻ.

ഇത്തരം തുറന്നു പറച്ചിലുകളാണ് തന്റെ ഊർജമെന്ന് തുറന്നു സമ്മതിക്കുന്ന അദ്ദേഹം ചിലപ്പോഴെങ്കിലും പാഴാക്കിയ നാളുകളെക്കുറിച്ച് കുറ്റസമ്മതത്തോടെ ഏറ്റുപറയാനും മടികാണിച്ചില്ല. എന്നാൽ, ആ ഇരുണ്ട നാളുകളിൽ ആർജിച്ച ധൈര്യവും കരുത്തും തന്നെയായിരുന്നു തന്റെ വളർച്ചയുടെ മൂലധനമെന്ന് അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. മുംബൈയിലെ ഉസ്താദ് മുജാവർ അലിഖാൻ ഗുരുവും കൊച്ചിയിലെ എച്ച്. മഹ്ബൂബ് ഗുരുസ്ഥാനീയനുമായിരുന്നു. എങ്കിലും, ഉമ്പായിയെ കൂടുതൽ പഠിച്ചാൽ ഒരുകാര്യം മനസ്സിലാക്കാനാകും, അക്ഷരാർഥത്തിൽ ഒരു ഏകലവ്യൻതന്നെയായിരുന്നു ഈ അനുഗൃഹീത കലാകാരൻ.

ഉമ്പായിയും കെ.സച്ചിദാനന്ദനും

ലോകത്തിലെ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് ഉമ്പായിയുടെ ജന്മദേശമായ മട്ടാഞ്ചേരി ഉൾപ്പെടുന്ന കൊച്ചിയുടെ പശ്ചിമമേഖല. അവിടെ വീശിയടിക്കുന്ന കടൽക്കാറ്റിലും തീരത്തെ മണൽത്തരികളിലും പോലും അലിഞ്ഞുചേർന്ന ഒന്നാണ് സംഗീതം.ഗാനഗന്ധർവൻ യേശുദാസ് അടക്കമുള്ളവ ഗായകരെ സംഗീതത്തിലേക്ക് വഴിനയിച്ചത് ഈ ദേശത്തിെൻറ പാരമ്പര്യമാണ്. അതേസമയം, സംഗീതത്തിന് കർശനവിലക്ക് കൽപിച്ച ഒരു പിതാവിെൻറ മകനായി പിറന്നതിനാൽ ഉമ്പായിക്ക് ഈ ആനുകൂല്യം കിട്ടിയിരുന്നില്ല.

പ്രതികൂല കാലാവസ്ഥയിലായിരുന്നു ചെറുപ്പത്തിലെ കലാപ്രവർത്തനം.ആറ്റുനോറ്റ് സംഘടിപ്പിച്ച തബല കോടാലികൊണ്ട് വെട്ടിപ്പിളർത്തിയ ബാപ്പ. വൈകിവന്നാൽ തിരണ്ടി വാലുകൊണ്ട് അടിക്കുകവരെ ചെയ്യുമായിരുന്നു. മകനെ ഒരു കപ്പലോട്ടക്കാരനായി കാണണമെന്നാണ് ആ പിതാവ് ആഗ്രഹിച്ചത്. ഒരിക്കൽ സംഗീതവിരോധിയായിരുന്നെങ്കിലും സംഗീതലോകത്ത് തിളങ്ങുന്ന താരമായി മകൻ പ്രശോഭിക്കുന്നത് കാണാനും ആ സന്തോഷം അനുഭവിക്കാനുമുള്ള മഹാഭാഗ്യവും ജീവിതസായാഹ്നത്തിൽ അദ്ദേഹത്തിനുണ്ടായി.

ഗസലിനെ ജനകീയവത്കരിച്ച മഹാഗായകൻ

ഗസൽ എന്നത് കേവലം ആലാപനം മാത്രമല്ലെന്നും സദസ്സിനോട് സംവദിക്കലാണെന്നും ആവർത്തിച്ചുകൊണ്ടിരുന്നു ഉമ്പായി. പാരമ്പര്യ വാദികൾ അദ്ദേഹത്തെ പലഘട്ടത്തിലും അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. വേറിട്ട ആലാപന ശൈലിയെ തള്ളിപ്പറയുകയും ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുകയും ചെയ്തിട്ടുമുണ്ട്. അതിനെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിർമമനായി നിലകൊള്ളാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിെൻറ വിജയരഹസ്യം.

ഒരിക്കൽ മുഖംതിരിക്കുകയും മുഖം ചുളിക്കുകയും ചെയ്തവർക്ക് ഉമ്പായിയെ പിന്നീട് അംഗീകരിക്കേണ്ടിവന്നു. മലയാള ഗസൽ-ഹിന്ദുസ്ഥാനി സംഗീതശാഖയെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയായി കാലം ഉമ്പായിയെ അടയാളപ്പെടുത്തുന്നത് അവരെല്ലാം കണ്ടു. തന്റെ നിയോഗം തിരിച്ചറിഞ്ഞ് സംഗീത തപസ്യയുമായി മുന്നോട്ട് പോയ അദ്ദേഹത്തിന് ഇന്ത്യക്ക് അകത്തും പുറത്തും എണ്ണമറ്റ പരിപാടികളിൽ ഗസൽ അവതരിപ്പിക്കുവാനായി.

ഉമ്പായിയുടെ കൈയൊപ്പ് പതിഞ്ഞ സംഗീത ആൽബങ്ങളെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ബാബുരാജും കോഴിക്കോട് അബ്ദുൽ ഖാദറും അടക്കമുള്ള പൂർവസൂരികൾ പതിറ്റാണ്ടുകൾ മുമ്പ് തുടക്കമിട്ടുവെങ്കിലും തീർത്തും ന്യൂനപക്ഷമായിരുന്ന ആസ്വാദകരിൽ മാത്രം ആ സംഗീതധാര ഒതുങ്ങിനിൽക്കുകയായിരുന്നു. കാര്യമായ അവഗാഹമൊന്നുമില്ലാത്ത സാധാരണക്കാരെ ഗസലിെൻറ മായികലോകത്തേക്ക് ആനയിക്കുവാൻ ഉമ്പായിയുടെ മാസ്മരിക ശബ്ദം വഴിയൊരുക്കി.

മെഹ്ദി ഹസനും ജഗ്ജിത് സിങ്ങും ഗുലാം അലിയും പങ്കജ് ഉദ്ദാസും അനൂപ് ജലോട്ടയുമൊക്കെ കേരളത്തിലെ സംഗീത ആസ്വാദകർക്ക് പ്രിയങ്കരരായി മാറിയതിെൻറ 'ക്രഡിറ്റും' ഉമ്പായിക്ക് സ്വന്തം. കാവ്യഗുണമുള്ള പല പഴയ ചലച്ചിത്രഗാനങ്ങളും തന്റേതായ ഗസൽ ആലാപന ശൈലിയാൽ പുനരാവിഷ്കരിക്കാനും കാണിച്ച ധൈര്യം ചെറുതല്ല. അവയെല്ലാം തന്നെ പുതുതലമുറക്കും പഴയ തലമുറക്കും ഒരുപോലെ അനുഭവവേദ്യമായി. മെഹ്ഫിൽ കൂട്ടായ്മകളിൽ ഉമ്പായിയുടെ ഗാനങ്ങൾ അവിഭാജ്യ ഘടകമായി.

മദ്യശാല മുതൽ പാർലമെൻറ് അംഗങ്ങളുടെ സദസ്സ് വരെ വേദിയായി

വലിയൊരു കള്ളക്കടത്തുകാരനാകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹമെന്ന് ഉമ്പായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആഗ്രഹം പോലെ ഒരിക്കൽ നിയമവിരുദ്ധമെന്നു പറയാവുന്ന ഡോളർ കൈമാറ്റവും വിദേശ വാച്ച് വിൽപനയും മറ്റും നടത്തിയിട്ടുമുണ്ട്. മത്സ്യവിൽപന കേന്ദ്രത്തിൽ പല പണികളും ചെയ്തു. ലോറി ക്ലീനറിൽ തുടങ്ങി ഹെവി വെഹിക്കിൾ ഡ്രൈവർ വരെയായി.

ലോൺട്രി നടത്തിപ്പുകാരനും സ്ഥലക്കച്ചവടക്കാരനുമൊക്കെയായി. ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ അറിഞ്ഞോ അറിയാതെയോ മദ്യപാനശീലത്തെ കൂടെ കൂട്ടി. സംഗീതം സമ്മാനിക്കുന്ന യഥാർഥ ലഹരിയുടെ ശക്തിയും സൗന്ദര്യവും വൈകിയാണെങ്കിലും ബോധ്യപ്പെട്ടതോടെ ദുശ്ശീലങ്ങളോട് വിടചൊല്ലി. പിന്നീടങ്ങോട്ട് മുടക്കാത്ത സാധനയും വ്യായാമവുമായി ചിട്ടയായ ജീവിതമായിരുന്നു. യുവ ഗായകരോട് ആരോഗ്യപരിപാലനത്തിെൻറ ആവശ്യം പറഞ്ഞുകൊടുക്കുമായിരുന്നു.

പിതാവിനെ പോലെ പ്രഥമ മുഖ്യമന്ത്രി ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ഉമ്പായി കല കലക്കുവേണ്ടിയോ സമൂഹത്തിനുവേണ്ടിയോ എന്ന ചർച്ചയിൽ സമൂഹത്തിനുവേണ്ടിയെന്ന് തീർപ്പുകൽപിച്ച ഇ.എം.എസിെൻറ പക്ഷത്തുനിന്നു. ലഹരിയുടെ ഉന്മാദലോകത്തുനിന്നും യഥാർഥ സംഗീതത്തിെൻറ ഉദാത്തതയെ തിരിച്ചറിയാനും ഇത്തരം രാഷ്ട്രീയ ചർച്ചകൾ സഹായിച്ചുവെന്നതിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല.

ആദ്യകാലത്ത് കള്ളുഷാപ്പുകളിലും പ്രാദേശിക ബാറുകളിലും സുഹൃത്തുക്കൾക്കുവേണ്ടി പാടുമായിരുന്നു ഉമ്പായി. അടുത്ത കൂട്ടുകാരുടെ വീടുകളിലെ വിവാഹച്ചടങ്ങുകളിലും ക്ഷണമുണ്ടായി.പക്ഷേ, മിക്കപ്പോഴും അതെല്ലാം പൊരിഞ്ഞ കൂട്ടത്തല്ലുകളിലാണ് അവസാനിച്ചിരുന്നതെന്ന് ആത്മകഥയായ 'രാഗം ഭൈരവി'യിൽ ഉമ്പായി എണ്ണിപ്പറയുന്നുണ്ട്.

പിൽക്കാലത്ത് ഉമ്പായിയിലെ സംഗീത പ്രതിഭയെ തിരിച്ചറിഞ്ഞവരിൽ വ്യവസായ പ്രമുഖരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസ് മേധാവികളും മാധ്യമപ്രവർത്തകരുമൊക്കെയുണ്ട്. നക്ഷത്ര ഹോട്ടലുകളിലെ ഭോജനശാലകളിലെ തിരക്കുള്ള ഗായകനായി മാറിയതോടെ ഉത്തരേന്ത്യക്കാരുൾപ്പെടെ നിരവധി കേൾവിക്കാരുണ്ടായി.

മലയാളത്തിൽ ഒരു ഗസൽ ആൽബം ഒരുക്കാനായുള്ള അന്വേഷണം അവസാനിച്ചത് കവിയും എഴുത്തുകാരനുമായ വേണു വി ദേശത്തിെൻറ അടുത്താണ്. ആ തൂലികയിൽ പിറന്ന ഒമ്പത് മനോഹരഗീതങ്ങൾ അടങ്ങിയ 'പ്രണാമം' പുറത്തിറങ്ങിയതോടെ കൂടുതൽ ശ്രദ്ധേയനായി. പിൽക്കാലത്ത് ഒ.എൻ.വിയും യൂസഫലി കേച്ചേരിയും സച്ചിദാനന്ദനും പ്രദീപ് അഷ്ടമിച്ചിറയും ഈസ്റ്റ് കോസ്റ്റ് വിജയനും അടക്കമുള്ളവർ ഉമ്പായിക്കായി വരികൾ എഴുതി.

പ്രമുഖ രാഷ്ട്രീയ നേതാക്കളായ മുൻ മന്ത്രിമാരായ ബിനോയ് വിശ്വം എം.പി, ഡോ.എം.കെ. മുനീർ എം.എൽ.എ, ടി.എൻ.പ്രതാപൻ എം.പി അടക്കമുള്ളവരും ശ്രദ്ധേയരായ നിരവധി യുവ കവികളും ഉമ്പായിക്കുവേണ്ടി കവിതകൾ രചിച്ചു. അതിനെല്ലാം വളരെ മുമ്പ് ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും ഹിന്ദി-ഉർദു ഭാഷകളിലെ അസംഖ്യം ഗസലുകളുടെ ശിൽപിയുമായ ഹസ്രത് ജയ്പുരി എന്ന ഡോ.ഇക്ബാൽ ഹുസൈൻ എഴുതിയ ഭാവസാന്ദ്രമായ കവിതകൾ ആലപിക്കുകയും 'ആദാബ്' എന്ന പേരിൽ കാസറ്റിൽ പുറത്തിറക്കുവാനും ഉമ്പായി ധൈര്യം കാണിച്ചു.

ഒരിക്കൽ തന്റെ അഭ്യർഥന നിഷ്കരുണം നിഷേധിച്ച ദൂരദർശൻ പിൽക്കാലത്ത് ഉമ്പായിയെ ക്ഷണിച്ചുവരുത്താൻ നിർബന്ധിതമായി. 68ാം വയസ്സിൽ വിടപറയും വരെ തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിൽ കാൽനൂറ്റാണ്ട് കാലം തുടർച്ചയായി പാടി ദേശീയ ശ്രദ്ധ നേടി. പാർലമെൻറ് അംഗങ്ങൾ അടക്കം പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കുമുന്നിൽ പാടിയത് ഉമ്പായിയുടെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നു.

ഉമ്പായിയുടെ പഴയകാല ചിത്രം

ഉമ്പായിയെക്കുറിച്ച് ഡോക്യുമെൻററി

ഉമ്പായിക്ക് ഏറെ ആരാധകരുള്ള കോഴിക്കോടും കൊച്ചിയിലും കഴിഞ്ഞ മൂന്നുവർഷമായി ആഗസ്റ്റ് ഒന്നിന് പ്രത്യേക അനുസ്മരണ ചടങ്ങുകളും ഗസൽ അവതരണങ്ങളും അരങ്ങേറുന്നുണ്ട്. അത്യന്തം സംഘർഷഭരിതമായിരുന്ന ഉമ്പായിയുടെ ജീവിതം നിശ്ചയമായും സമർഥനായൊരു തിരക്കഥാകൃത്തിന് മികവാർന്നൊരു ചലച്ചിത്രമാക്കാനാകും. സിനിമയിൽനിന്നും പരമാവധി അകന്നുനിൽക്കാൻ ശ്രമിച്ച ഉമ്പായിയുടെ കഥ ഭാവിയിൽ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. കാരണം, അനവധി കയറ്റിറക്കങ്ങളും 'ട്വിസ്റ്റു'കളും നിറഞ്ഞൊരു ജീവിതത്തിലെ നായകനായിരുന്നു അദ്ദേഹം.

അനശ്വരനായ ഉമ്പായിയെ കുറിച്ച് 'അറബിക്കടലിെൻറ ഗസൽ നിലാവ്' എന്ന ശീർഷകത്തിൽ രണ്ടുമണിക്കൂർ ദൈർഘ്യം വരുന്ന ഒരു മ്യൂസിക്കൽ ഡോക്യുമെൻററി അണിയറയിൽ ഒരുങ്ങുന്നു. കവിയും ഡോക്യുമെൻററി സംവിധായകനുമായ സതീഷ് കളത്തിൽ ഒരുക്കുന്ന ഡോക്യുമെൻററിയുടെ ടൈറ്റിൽ സോങ്ങായ 'സിതയേ സുതനുവേ' വിെൻറ സീഡി പ്രകാശനം കൊച്ചിയിൽ ദേവദാരു ജി.ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉമ്പായിയുടെ നാലാം ചരമവാർഷിക ദിനത്തിൽ നടക്കും.

ഉമ്പായിയുടെ അഭാവത്തിൽ മലയാളത്തിൽ ഗസൽ എന്നുപറയുന്നത് വീണ്ടും അതിെൻറ വേരുകളായ ഉർദുവിലേക്കും ഹിന്ദിയിലേക്കും തിരിച്ച് പോയേക്കുമെന്ന ഗൗരവമായ ഒരു ആശങ്ക ഗായകൻ ജി.വേണുഗോപൽ പ്രകടിപ്പിച്ചിരുന്നു. കവികളും ഗായകരും ബോധപൂർവം വിചാരിച്ചില്ലെങ്കിൽ ഉമ്പായി വെട്ടിത്തുറന്ന ഈ സംഗീതസരണിയിൽ ഇരുൾ വീഴാനിടയുണ്ട്.

ഉമ്പായിയുടെ സംഗീത വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് ഗിത്താറിസ്റ്റ് കൂടിയായ ഏക മകൻ ഷമീർ അലിയും സഹോദരി പുത്രനും ദേവരാജൻ മാസ്റ്ററുടെ ശിഷ്യനുമായ സി.കെ. സാദിഖും. 'അറബിക്കടലിെൻറ ഗസൽ നിലാവി'ൽ ഗസൽഗായകനായി വരുന്നത് സാദിഖാണ്. നല്ലൊരു സംഗീതാസ്വാദകയാണ് ഭാര്യ ഹബീസത്ത്. പെൺമക്കളായ ഷൈലയും സബിദയും മാത്രമല്ല, അവരുടെ മക്കളായ നസ്റിനും ഇശലും നന്നായി പാടുന്നവരാണ്. അവരിലൂടെ മഹത്തായ ആ സംഗീത പാരമ്പര്യം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Show Full Article
TAGS:umbayi 
News Summary - Umbai still sings...
Next Story