പാടുക സൈഗാള്‍ പാടൂ...

17:37 PM
01/08/2018
UMBAI-43

പാടുക സൈഗാള്‍ പാടൂ
നിന്‍ രാജകുമാരിയെ പാടിപ്പാടി ഉറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍നിന്ന
മുഗ്ധ സൗന്ദര്യത്തെ ഉണര്‍ത്തരുതേ...ഉണര്‍ത്തരുതേ'.

മധുര മനോഹരമായ ഈ വരികള്‍ കേള്‍ക്കാത്ത സംഗീതാസ്വാദകര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. മലയാളത്തിലേക്ക് ഗസല്‍ എന്ന ഹിന്ദുസ്ഥാനി സംഗീത ശാഖയെ കൈപിടിച്ചാനയിച്ച ഉമ്പായി ആലപിച്ച ഗാനം. മലയാളികളുടെ ഹൃദയം കീഴടക്കിയ ഉമ്പായിയുടെ പ്രശസ്തമായ ‘പാടുക സൈഗാള്‍ പാടൂ' എന്ന ആല്‍ബത്തിലെ പ്രണയാതുരമായ ഈ ഗാനം മലയാള ഗസലുകളില്‍ എക്കാലത്തും ഒാർമിക്കപ്പെടുന്ന ഒന്നാണ്​ .

മലയാളത്തിൽ ഗസൽ വിജയിക്കില്ലെന്ന്​ കവികൾ വിശ്വസിച്ചിരുന്ന കാലത്തായിരുന്നു ഉമ്പായി ഇൗ ഗാനശാഖയിലേക്ക്​ കടന്നുവന്നത്​. ഗസലുമായി മുംബൈയിലും മറ്റും ചുറ്റിത്തിരിയുന്ന കാലം. മലയാളത്തില്‍ എന്തുകൊണ്ട് ഗസല്‍ ആയിക്കൂടാ എന്ന ചിന്ത മനസ്സിലുദിച്ചു. മലയാളിയുടെ ഹൃദയത്തിലും പ്രണയമുണ്ടല്ലോ എന്ന ചിന്തയാണ്​ പിന്നീട്​ കേരളം ഏറ്റുപാടിയ ഗസലുകൾ സൃഷ്​ടിക്കാൻ പ്രചോദനമായതെന്ന്​ ഉമ്പായി ഒരിക്കൽ പറഞ്ഞിട്ടുണ്ട്​.

കവിതകള്‍ക്കായി സച്ചിദാനന്ദന്‍, യൂസുഫലി കേച്ചേരി തുടങ്ങിയ പ്രഗല്‍ഭരെ സമീപിച്ചുവെങ്കിലും കടുത്ത എതിര്‍പ്പാണ്​ ഉമ്പായിക്ക്​ നേരിടേണ്ടി വന്നത്​. അത്തരം ഒരു പരീക്ഷണത്തിന് മെന​​ക്കെടേണ്ടതില്ലായിരുന്നു അവരുടെ പക്ഷം. നേരത്തെയുള്ള സൗഹൃദംവെച്ച് ഒ.എന്‍.വിയുടെ അടുത്തും പിന്നീട്​ ഉമ്പായി ചെന്നു. അദ്ദേഹത്തി​​​െൻറ അഭിപ്രായവും മറ്റു കവികളുടേത്​ തന്നെയായിരുന്നു. പക്ഷെ അദ്ദേഹം പൂര്‍ണമായും നിരാശപ്പെടുത്തിയില്ല. പിന്നീട്​ സച്ചിദാനന്ദനും യൂസഫലി കച്ചേരിയും ഉമ്പായിക്ക്​ കവിതകൾ നൽകാൻ തയാറായി എന്നതും ചരിത്രം. 

ആയിടെ ഇറങ്ങിയ ‘അകലം മൗനംപോല്‍' എന്ന സച്ചിദാനന്ദനന്‍റെ രചനയിലുള്ള ആല്‍ബം പ്രകാശനം ചെയ്യാന്‍ ഒ.എന്‍.വി യെ ക്ഷണിച്ചു. തിരുവനന്തപുരത്ത് നടന്ന ആ ചടങ്ങില്‍ ആല്‍ബത്തിലെ ഗാനങ്ങള്‍ കേട്ട് ഏറെ സന്തോഷവാനായ ഒ.എന്‍.വി അടുത്ത ആല്‍ബത്തിന് കവിതകള്‍ നല്‍കാമെന്നേറ്റു. അങ്ങനെ ആ പ്രണയകവിയുടെ ഒമ്പത് കവിതകളുമായി ‘പാടുക സൈഗാള്‍ പാടൂ' എന്ന ആല്‍ബം പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് ആണ് ഈ ആല്‍ബം പുറത്തിറക്കിയത്. അതുവരെയുള്ളതെല്ലാം ഇറക്കിയത് കോഴിക്കോട് ജൂബിലി ഓഡിയോസായിരുന്നു. ഒ.എൻ.വിക്ക്​ ശേഷം ഉമ്പായി കൂടി വിടവാങ്ങു​േമ്പാൾ മലയാള ഗസൽ ശാഖക്ക്​ അത്​ സൃഷ്​ടിക്കുന്നത്​ തീരാനഷ്​ടമാണ്​.

Loading...
COMMENTS