കേരള തനിമയുള്ള വരികളെഴുതാൻ ഇനി ബീയാർ പ്രസാദില്ല...
text_fieldsകുട്ടനാട്: എട്ട് വയസ്സുമുതലേ ബീയാർ പ്രസാദ് എഴുത്തിനെ വല്ലാതെ സ്നേഹിച്ചിരുന്നു. 1977, 78 കാലത്ത് പ്രീഡിഗ്രി പഠന കാലത്ത് എഴുത്തിനോടും നാടകത്തോടും കൂടുതലടുത്തു. കൂട്ടുകാരുമൊത്ത് ബാലരമയിലെ നാടകം കളിച്ചും സംവിധാനം ചെയ്തും ബീയാർ പ്രസാദ് കലാ രംഗത്തേക്കുള്ള തന്റെ വരവ് നാടിനെ അറിയിക്കുകയായിരുന്നു.
മങ്കൊമ്പിൽ കളി കൂട്ടുകാരുമായി ശ്രീ മുരുകാ തീയറ്റേഴ്സ് രൂപീകരിച്ചു. കാവാലം നാരായണ പണിക്കരുമായുള്ള അടുപ്പം നിരവധി മികച്ച ഏകാംഗ നാടകങ്ങൾ എഴുതാൻ ബീയാറിന് പ്രചോദനമേകി. ചക്കാല ഗോവിന്തെമെന്ന ഏകാംഗനാടകം ശ്രദ്ധിക്കപ്പെട്ടു. നിരവധി സമ്മാനങ്ങൾ നേടിയ ഈ നാടകം പിന്നീട് വിപുലമാക്കി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. സിനിമാ രംഗത്തെയും നാടക രംഗത്തെയും പ്രമുഖരുടെ കൈയടിക്കൊപ്പം ബീയാർ പ്രസാദിലെ കലയെയും എല്ലാവരും തിരിച്ചറിയുകയായിരുന്നു.
ജലോത്സവം എന്ന ചിത്രത്തിലെ കേര നിരകളാടും ഹരിത ചാരു തീരമെന്ന ഗാനം സിനിമയിലെ ടൈറ്റിൽ ഗാനമായതിനാൽ മികച്ചതായിട്ടും അവാർഡിന് പരിഗണിക്കപ്പെട്ടില്ല. പിന്നീട് സംവിധായകൻ പ്രിയദർശൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കിളി ചുണ്ടൻ മാമ്പഴത്തിലെ അവിസ്മരണിയമായ ഗാനം ബീയാർ പ്രസാദ് എഴുതിയത്. ഇതോടെ മലയാള സിനിമാ രംഗത്തും ബീയാർ അടയാളം കുറിച്ചു.
വിനീത് ശ്രീനിവാസൻ ആദ്യമായി പാടിയ കസവിന്റെ തട്ടമിട്ട എന്ന ഗാനവും ബീയാർ പ്രസാദ് എഴുതിയതാണ്. പാട്ട് ഹിറ്റായതോടെ ഈ കുട്ടനാട്ടുകാരന് നിരവധി അവസരങ്ങളുമെത്തി. ദേവസ്വം ബോർഡിലെ ജീവനക്കാരനായിരുന്ന പിതാവ് ബാലകൃഷ്ണ പണിക്കരും ബീയാർ പ്രസാദിന്റെ കലാ ജീവിതത്തിന് ഊർജം പകർന്നു. ഇടക്ക വായന അച്ചനിൽ നിന്നാണ് പകർന്ന് കിട്ടിയത്. പിന്നീട് നാടകവും നോവൽ എഴുത്തും അഭിനയവും സംവിധാനവുമെല്ലാം ബീയാർ പ്രസാദിന് വഴങ്ങി.
മികച്ച വാഗ്‌മി കൂടിയായ ബീയാർ പ്രസാദ് ഉണ്ണായി വാര്യർ എന്ന പുതിയ നോവൽ എഴുതി ഒരദ്ധ്യായം പൂർത്തിയാക്കാനിരിക്കെയാണ് അസുഖം കലശലാകുന്നത്. ഉണ്ണായി വാര്യർ പൂർത്തിയാക്കാത കുട്ടനാട്ടിലെ സമ്പൂർണ്ണ കലാകാരൻ വിട വാങ്ങുമ്പോൾ ഇനിയും പിറക്കേണ്ട കേരള തനിമയുള്ള വരികൾ കൂടിയാണ് മലയാളത്തിന് നഷ്ട്ടമാകുന്നത്....