ഇനിയും പുഴയൊഴുകും
text_fieldsവയലാർ, എം.എസ്. ബാബുരാജ്
മലയാള സിനിമാ ഗാനശാഖയിൽ വയലാർ-ദേവരാജൻ കൂട്ടുകെട്ട് ഏറെ ആഘോഷിക്കപ്പെട്ടു. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, പെരിയാറേ പെരിയാറേ, ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശിൽപഗോപുരം തുറന്നൂ, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, സന്ധ്യമയങ്ങും നേരം, സന്ന്യാസിനി നിൻ പുണ്യാശ്രമത്തിൽ... തുടങ്ങി എത്രയെത്ര അനശ്വര ഗാനങ്ങളാണ് നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാനായി വീണുകിട്ടിയത്. ജി. ദേവരാജൻ കഴിഞ്ഞാൽ വയലാർ വരികൾക്ക് ജീവൻ നൽകിയത് എം.എസ്. ബാബുരാജ്. അവയിൽ ഭൂരിഭാഗവും ഹിറ്റുകളായി.
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ നിർമാണവും സംവിധാനവും നിർവഹിച്ച പാലാട്ടു കോമൻ (1962) എന്ന സിനിമയിലാണ് വയലാറിന്റെ വരികൾക്ക് ഈണം നൽകാൻ ബാബുരാജിന് ആദ്യമായി അവസരം കിട്ടുന്നത്. കൊങ്കിയമ്മ എന്നായിരുന്നു സിനിമക്ക് ആദ്യം നൽകിയ പേര്. ഗ്രാമഫോൺ റെക്കോഡുകളിലും കൊങ്കിയമ്മയാണ്. എ.എം. രാജയും പി. സുശീലയും പാടിയ ‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ രാജകുമാരാ...’ എന്ന ഗാനമാണ് ഏറ്റവും ജനപ്രീതി നേടിയത്.
അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പി. സുശീല ആലപിച്ച മികച്ച ദുഃഖഗാനങ്ങളിലൊന്ന് ഈ സിനിമയിലേതാണ്. ‘ഉരുകുകയാണൊരു ഹൃദയം’ എന്നു തുടങ്ങുന്ന ഗാനം വരികൾ കൊണ്ടും ഈണം കൊണ്ടും ആലാപനംകൊണ്ടും മനസ്സിൽ നൊമ്പരം പടർത്തും. അനുപല്ലവി നോക്കൂ,
‘ഇന്ദ്രനീലപ്പന്തലിലിന്നലെ
വന്നു വിടർന്ന നിലാവേ
എരിതീക്കനലിൽ എണ്ണയുമായ് നീ
എന്തിനു വീണ്ടും വന്നൂ’
ഇതുപോലെ, ഗാനാസ്വാദകരുടെ മനസ്സിൽ ഇടംനേടിയ ഗാനങ്ങളാണ് മനസ്സിനകത്തൊരു പെണ്ണ് (പാടിയത്: കെ.പി. ഉദയഭാനു). പൂവേ... നല്ല പൂവേ... (പി. ലീല, ജിക്കി, ശാന്ത പി. നായർ), അയ്യപ്പൻ കാവിലമ്മേ ആയുസ്സ് കുഞ്ഞിന്നു തരണേ (പി. ലീല).
1965ൽ പുറത്തിറങ്ങിയ ‘കാട്ടുതുളസി’യിലെ എല്ലാ ഗാനങ്ങളും ജനപ്രീതി നേടി. വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് (യേശുദാസ്), സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ (എസ്. ജാനകി), ഗംഗയാറൊഴുകുന്ന നാട്ടിൽ (പി. സുശീല) -എന്നും മായാതെ നിൽക്കും ഈ ഗാനങ്ങൾ. ഇതിലെ അതീവ ഹൃദ്യമായ മറ്റൊരു ഗാനമാണ്,
‘മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈന
മൈന വേണോ മൈന’
തോട്ടം ഉടമയായ ശേഖരപിള്ളയുടെ(കൊട്ടാരക്കര ശ്രീധരൻ നായർ) മകൻ ചന്ദ്രൻ (സത്യൻ) തോട്ടം തൊഴിലാളിയായ തുളസിയുമായി (ഉഷാകുമാരി) പ്രണയത്തിലാവുന്നു. പ്രണയോപഹാരമായി ചന്ദ്രന് തുളസി ഒരു മൈനയെ സമ്മാനിക്കുന്നതാണ് ഗാനരംഗം. ആലാപനം: ജിക്കി. ഹമ്മിങ്ങുമായി യേശുദാസുമുണ്ട് കൂടെ. മൈനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് പനനൊങ്ക്. ഇതും, പാട്ടുപാടുന്ന പെൺകുട്ടി നിഷ്കളങ്കയും കന്യകയുമാണെന്ന ധ്വനിയും പാട്ടിൽ കൊണ്ടുവന്നിട്ടുമുണ്ട് വയലാർ. വരികൾ ഇങ്ങനെ,
‘പൂവമ്പനു വഴിയറിയാത്തൊരു
പൊന്നിലഞ്ഞിക്കാട്ടിന്നുള്ളില്‍
പനനൊങ്കും തിന്നുവളർന്നൊരു
നാടൻ പൈങ്കിളിയാണേ’
ഹിന്ദു-മുസ്‍ലിം മതമൈത്രിക്ക് പ്രാധാന്യം കൊടുത്ത സിനിമയാണ് 1966ൽ പ്രദർശനത്തിനെത്തിയ ‘കൂട്ടുകാർ’. ഗോപി, റഹീം എന്നീ കൂട്ടുകാരായി വേഷമിട്ടത് സത്യനും പ്രേംനസീറും. മതമൈത്രിയെ സൂചിപ്പിക്കുന്ന,
‘ഒരു ജാതി ഒരു മതം ഒരു ദൈവം
ഓർമ വേണമീയദ്വൈത മന്ത്രം’ എന്ന പ്രശസ്ത ഗാനം ഈ സിനിമയിലേതാണ്.
‘മാനത്തു ദൈവമില്ല
മണ്ണിലും ദൈവമില്ല
മനസ്സിന്നുള്ളിലാണു ദൈവം’ എന്ന് പറഞ്ഞ വയലാർ, ഇതേ ആശയം ഒരു ജാതി ഒരു മതം എന്ന ഗാനത്തിലും ഊന്നിപ്പറയുന്നുണ്ട്. വരികൾ ഇങ്ങനെ;
‘സന്ധ്യാനാമം ചൊല്ലുമ്പോൾ
അന്തിവിളക്ക് കൊളുത്തുമ്പോൾ
മാനത്തു തിരയേണ്ട മണ്ണിലും
തിരയേണ്ട മനസ്സിലെയീശ്വരനൊന്നല്ലോ’.
‘അനാർക്കലി’ എന്ന സിനിമയെക്കുറിച്ചോർക്കുമ്പോൾ മനസ്സിന്റെ തിരശ്ശീലയിൽ ആദ്യം തെളിഞ്ഞുവരുന്നത് യേശുദാസും ബി. വസന്തയും പാടിയ
‘നദികളിൽ സുന്ദരി യമുന
സഖികളിൽ സുന്ദരി അനാർക്കലി’ എന്നു തുടങ്ങുന്ന യുഗ്മഗാനമാണ്. ഹമ്മിങ്ങുകൾക്കായാണ് ബി. വസന്തയെ നിയോഗിച്ചിരിക്കുന്നത്. ഗാനം അവസാനിപ്പിക്കുമ്പോൾ നദികളിൽ സുന്ദരി യമുനാ എന്നു പാടുന്നുണ്ടെന്ന് മാത്രം.
‘പൂച്ചക്കണ്ണി’ എന്ന സിനിമയിലെ, ‘കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീട് വെച്ചതെവിടെ?’ എന്നുതുടങ്ങുന്ന പാട്ടാണ് കൂടുതൽ ജനപ്രിയമായത്. പ്രണയജോടികളായ മുരളിയും ഗീതയുമായി പ്രേംനസീറും വിജയനിർമലയും. ‘മുരളി’യിലും ‘ഗീത’യിലും ആരംഭിക്കുന്ന ശ്രദ്ധേയമായ രണ്ട് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. പി. സുശീല ആലപിച്ച;
‘മുരളീ... മുരളീ...നിന്‍
മൗനാനുരാഗ യമുനതന്‍ കരയില്‍
മയങ്ങിയുണരും മല്ലിക ഞാന്‍’ എന്ന പ്രണയഗാനവും പി.ബി. ശ്രീനിവാസ് പാടിയ ‘ഗീതേ... ഹൃദയസഖീ ഗീതേ’ എന്ന ശോക ഗാനവും.
‘പ്രവാചകന്മാരേ പറയൂ
പ്രഭാതമകലെയാണോ
പ്രപഞ്ചശിൽപികളേ പറയൂ
പ്രകാശമകലെയാണോ’ എന്ന് ചോദിച്ച വയലാർ (ചിത്രം: അനുഭവങ്ങൾ പാളിച്ചകൾ, സംഗീതം ദേവരാജൻ) ‘വിവാഹം സ്വർഗത്തിൽ’ എന്ന സിനിമക്കുവേണ്ടി ഇങ്ങനെ എഴുതി;
‘പ്രവാചകന്മാർ മരിച്ചു
പ്രപഞ്ചവീഥിയിൽ വെളിച്ചം മരിച്ചു
തെളിച്ച വഴിയേ വിധിയുടെ പുറകേ
തേരോടിച്ചു ഞാൻ’ (പാടിയത് യേശുദാസ്). ആകാശവാണി കേൾപ്പിക്കാതിരുന്നതിനാൽ ‘പ്രവാചകന്മാർ മരിച്ചു’ ശ്രദ്ധ നേടാതെ പോയി. ഇതേ അവസ്ഥയായിരുന്നു പി. സുശീല പാടിയ
‘മുറുക്കാന്‍ ചെല്ലം തുറന്നുവെച്ചൂ
മുത്തശ്ശി പണ്ടൊരു കഥപറഞ്ഞൂ’ എന്ന പാട്ടിനും. ഹിറ്റായതാകട്ടെ, എസ്. ജാനകി പാടിയ, കാൽപനികതയും പ്രണയവും സമന്വയിപ്പിച്ച,
‘ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൗവനം സുരഭിലമാകൂ -പൂവിന്
യൗവനം സുരഭിലമാകൂ
സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ
സ്ത്രീ ദേവതയാകൂ’ എന്ന ഗാനവും.
വയലാർ-ദേവരാജൻ ടീമിന്റെ ഏറ്റവും മികച്ച കൃഷ്ണ ഭക്തിഗാനങ്ങളിലൊന്നാണ് ‘അടിമകൾ’ എന്ന ചിത്രത്തിലെ ‘ചെത്തിമന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണികാണേണം...’. ഈ ഗാനം റെക്കോഡ് ചെയ്യുന്നതിന് മൂന്നുവർഷം മുമ്പേ, ഏതാണ്ട് ഇതേ വരികൾ വയലാർ എഴുതി ബാബുരാജ് വ്യത്യസ്തമായ ഈണം പകർന്നിട്ടുണ്ട്. ‘പെൺമക്കൾ’ (1966) എന്ന ചിത്രത്തിൽ പി. ലീലയും ബി. വസന്തയും സാവിത്രിയും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികൾ ശ്രദ്ധിക്കൂ... ‘ചെത്തിമന്ദാരം തുളസി
പിച്ചക മാലകൾ ചാർത്തി
പുലർകാലേ ഭഗവാനെ കണികാണേണം...’
ഇതുപോലെ, വയലാർ-ദേവരാജൻ ഗാനമായ ‘അമ്പാടി തന്നിലൊരുണ്ണി...’ (ചെമ്പരത്തി, പി. സുശീല, 1972)യിലെ ആദ്യവരി, 1965ൽ ‘കടത്തുകാരൻ’ എന്ന ചിത്രത്തിനായി എഴുതിയിട്ടുണ്ട് വയലാർ. സത്യൻ അവതരിപ്പിച്ച കടത്തുകാരൻ രാമുവിന്റെ മകൾ സന്ധ്യാനാമം ചൊല്ലുന്ന, ബാബുരാജ് ഈണമിട്ട ഈ ഗാനം ലതാ രാജുവാണ് ആലപിച്ചത്. ഇതേ ചിത്രത്തിൽ മകൾക്ക് ഇഷ്‌ടമുള്ള പാവക്കുട്ടിയുമായി രാമു വീട്ടിലേക്ക് വഞ്ചി തുഴഞ്ഞുവരുന്ന രംഗത്തിൽ, കെ.പി. ഉദയഭാനുവിന്റെ ശബ്ദത്തിൽ, ‘പാവക്കുട്ടീ... പാവാടക്കുട്ടീ...’ എന്ന ഗാനവും ഉപനായകനായ ഹരിക്കുവേണ്ടി എ.കെ. സുകുമാരൻ ആലപിച്ച ‘മണിമുകിലേ...’ എന്ന ഗാനവും (എസ്. ജാനകിയോടൊപ്പം) ജനപ്രിയമായിരുന്നു.
വയലാർ രാമവർമ ഒരേയൊരു സിനിമയിൽ മാത്രമേ കാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. 1965ൽ റിലീസായ ‘ചേട്ടത്തി’ എന്ന ചിത്രത്തിൽ, വയലാറിന്റെ രചനയിൽ ബാബുരാജ് ഈണം പകർന്ന് യേശുദാസ് ആലപിച്ച ‘ആദിയിൽ വചനമുണ്ടായി...’ എന്ന ഗാനരംഗം വയലാർ തന്നെയാണ് പാടിയഭിനയിച്ചത്. ‘പെൺമക്കൾ’ എന്ന ചിത്രത്തിന് ഒരു സവിശേഷത കൂടിയുണ്ട്. ഈ ചിത്രത്തിലെ ‘ദൈവത്തിനു പ്രായമായി...’ എന്ന ഹാസ്യഗാനം എസ്.പി. പിള്ളക്കുവേണ്ടി ബാബുരാജാണ് ആലപിച്ചത്.
പി. ലീല, പി. സുശീല
ഉദയാ സ്റ്റുഡിയോ നിർമിച്ച മൂന്നു സിനിമകളിലാണ് വയലാറും ബാബുരാജും ഒരുമിച്ചത്. അതിൽ ‘അനാർക്കലി’ എന്ന ചിത്രത്തിലെ ‘സപ്തസ്വരസുധാ സാഗരമേ...’ അത്യപൂർവതയുള്ള ഗാനമാണ്. പി.ബി. ശ്രീനിവാസും ബാലമുരളീകൃഷ്ണയും ഒരുമിച്ചുപാടിയ ഈ ഗാനം സിനിമയിൽ പാടി അഭിനയിക്കുന്നത് രണ്ടു പ്രശസ്ത സംഗീതജ്ഞരാണ്. എൽ.പി.ആർ. വർമയും യേശുദാസും. അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ആസ്ഥാന ഗായകൻ ടാൻസന്റെ കഥാപാത്രമാണ് യേശുദാസ് അവതരിപ്പിച്ചത്.
‘കളക്ടർ മാലതി’യിലെ ഷീല അവതരിപ്പിച്ച മാലതി, ദലിത് പെൺകുട്ടിയാണ്. ചാത്തൻ മാസ്റ്ററുടെ മകൾ. കോവിലകത്തെ രവിവർമ തമ്പുരാൻ (പ്രേംനസീർ) മാലതിയെ പ്രണയിക്കുന്നു. കറുത്ത നിറമുള്ള ഷീലയെയാണ് നാം സിനിമയിൽ കാണുന്നത്. പ്രേംനസീർ ഷീലയുടെ കണ്ണിൽ തന്റെ കൂളിങ് ഗ്ലാസ് വെച്ചുകൊടുത്തതിനുശേഷം പാടുന്ന പാട്ടാണ്;
‘കറുത്ത പെണ്ണേ
നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍
വരച്ചതാരാണെന്റെ വർണചിത്രം?’
കൂളിങ് ഗ്ലാസിലെ പ്രതിബിംബം കണ്ടിട്ടാണ് കാമുകന്റെ ഈ ചോദ്യം. മനസ്സിന്റെ ചുമരിൽ ചിത്രം വരക്കുന്ന അനുരാഗമാണ് ചിത്രകാരനെന്ന കവിഭാവന എത്ര ചേതോഹരമാണ്!
1969ൽ റിലീസായ ‘സന്ധ്യ’ എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനമാണ്, ‘അസ്തമനക്കടലിന്നകലേ...’. യേശുദാസും എസ്. ജാനകിയും പാടിയ ഈ ഗാനം പി.ബി. ശ്രീനിവാസിന്റെ ശബ്ദത്തിൽ വിഷാദഭാവത്തിലും ചിത്രത്തിലുണ്ട്. പി.ബി. ശ്രീനിവാസ് പാടിയ മറ്റൊരു മനോഹര ഗാനമാണ് ‘കാവിയുടുപ്പുമായ് കാറ്റുകൊള്ളാൻ വരും...’
‘അഗ്നിപുത്രി’ എന്ന ചിത്രത്തിൽ സംഗീത പ്രേമികളുടെ മനം കവർന്ന, പി. സുശീല ആലപിച്ച ‘കണ്ണ് തുറക്കാത്ത ദൈവങ്ങളേ...’ ഉൾപ്പെടെ ആറ് മികച്ച ഗാനങ്ങളുണ്ട്. അവയിലൊന്നാണ് ‘ഇനിയും പുഴയൊഴുകും...’. കഥാനായകനായ രാജേന്ദ്രന്റെ (പ്രേംനസീർ) ഉറ്റ ചങ്ങാതിയാണ് ബാലചന്ദ്രൻ (ടി.കെ. ബാലചന്ദ്രൻ). തന്റെ ഭാര്യയായ സിന്ധുവിന് ബാലചന്ദ്രനുമായി ബന്ധമുണ്ടായിരുന്നു എന്ന സത്യം രാജേന്ദ്രൻ അറിയുമ്പോൾ, ഇത് തന്നിൽ നിന്നും മറച്ചുവെച്ചതിന്റെ ദേഷ്യത്തിൽ, വിവാഹത്തിന് കൂട്ടുകാരൻ നൽകിയ റേഡിയോ തിരിച്ചുകൊടുത്ത ശേഷം, കാറിൽ മടങ്ങിപ്പോരുമ്പോൾ, പി. ജയചന്ദ്രന്റെ ശബ്ദത്തിൽ കേൾക്കുന്ന അശരീരി ഗാനമാണിത്.
മനസ്വിനീ... മനസ്വിനീ... (കനകച്ചിലങ്ക), വൈശാഖ പൂജയ്ക്ക് (ഭീകരനിമിഷങ്ങൾ), എല്ലാ പൂക്കളും ചിരിക്കട്ടെ (പുത്തൻ വീട്), കിഴക്കേ മലയിലെ വെണ്ണിലാവൊരു (ലോറാ നീ എവിടെ?), ദീപാരാധന നട തുറന്നു (ഭദ്രദീപം), ആദ്യരാത്രി മധുവിധുരാത്രി (തൊമ്മന്റെ മക്കൾ) തുടങ്ങി ഒത്തിരിയൊത്തിരി പാട്ടുകൾ ആസ്വാദകർ ഹൃദയത്തോട് ചേർത്തുവെച്ചു.
വയലാറും ബാബുരാജും സൃഷ്ടിച്ച ഗാനങ്ങൾ ആസ്വാദകരുടെ മനസ്സിൽ പുഴപോലെ ഒഴുകാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടായി. അത് ഇനിയും ഒഴുകിക്കൊണ്ടേയിരിക്കും. ഒരിക്കലും വറ്റാത്ത പുഴപോലെ...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

