പാടാനായി ജനിച്ചവനായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം എന്ന എെൻറ ബാലു. ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗതരീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിെൻറ പുഴയായി ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ചെവികളിൽ വന്നുവീണു. ഗർഭാവസ്ഥയിൽതന്നെ സംഗീതം പഠിച്ചശേഷമാണ് അദ്ദേഹം ഈ ഭൂമിയിലേക്ക് ജനിച്ചവീണതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കാരണം കർണാടക സംഗീതത്തിലെ അടിസ്ഥാനതത്ത്വം പോലും അറിയാത്ത ഒരാൾ ശങ്കരാഭരണത്തിലെ ശാസ്ത്രീയഗാനം ആലപിച്ച് ഞെട്ടിക്കണമെങ്കിൽ അദ്ദേഹത്തെ പ്രതിഭാസമെന്നോ മഹാദ്ഭുതമെന്നോ ആണ് വിശേഷിപ്പിക്കേണ്ടത്. യേശുദാസൊക്കെ രാഗം പഠിച്ചശേഷം പാട്ടുകൾ പാടി. പക്ഷേ, ബാലു പാട്ടുകൾ പാടിക്കൊണ്ട് രാഗങ്ങൾ പഠിക്കുകയായിരുന്നു.
തെലുങ്കിലെ പ്രശസ്ത സംഗീതസംവിധായകൻ കോദണ്ഡപാണിയാണ് ആദ്യമായി ബാലുവിനെക്കൊണ്ട് ഒരു സിനിമാഗാനം പാടിക്കുന്നത്. ഗാനമേളകളിൽ പാടിത്തെളിഞ്ഞവനായിരുന്നെങ്കിലും റെേക്കാഡിങ് തീയറ്ററില്‍ ആദ്യമായെത്തിയ ബാലു ആകെ വിയർക്കാൻ തുടങ്ങി. പലപ്പോഴും തെറ്റുകൾ പിണഞ്ഞു. പക്ഷേ, കോദണ്ഡപാണി വിട്ടില്ല. അദ്ദേഹത്തിെൻറ ടെൻഷനൊക്കെ മാറ്റി പാട്ട് റെേക്കാഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്ത് പാടിച്ചു. അതോടെ കോദണ്ഡപാണി മാനസഗുരുവായി. പിന്നീട് ബാലു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളര്‍ന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയില്‍ എസ്.പി സ്വന്തമായി ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ അതിന് ഗുരുവിെൻറ പേരാണിട്ടത്. മലയാളത്തിലെ പലരും ഓർമകളില്ലാത്ത മനുഷ്യരാണ്. ഏണിപ്പടികൾ കയറിക്കഴിഞ്ഞാൽ ഏണിപ്പടി ചവിട്ടിക്കളയുന്നവരാണ് മലയാളത്തിലെ അധികം പേരും. പക്ഷേ, ബാലു അങ്ങനെയായിരുന്നില്ല. ഗുരുത്വമുള്ളവനായിരുന്നെന്ന് സമർഥിക്കാനാണ് ഞാനിത് പറഞ്ഞത്.
മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ എെൻറ ജൂനിയറായിരുന്നു അദ്ദേഹം. പക്ഷേ, ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടായിരുന്നില്ല. സംഗീതത്തെ സ്നേഹിച്ച ഞങ്ങൾ രണ്ടുതലങ്ങളിലായി വളർന്നു. തെലുങ്ക് മാതൃഭാഷയായ ബാലു തമിഴിൽ എം.ജി.ആറിനായി 'ആയിരം നിലാവേ' പാടി തമിഴ് മക്കളുടെ സ്വന്തമായി. സുഹൃത്തായ ഇളയരാജയുമൊത്ത് തരംഗം തീർത്തു. 1971ൽ പുറത്തിറങ്ങിയ 'യോഗമുള്ളവൾ' എന്ന ചിത്രത്തിലൂടെയാണ് ഞാനും ബാലുവും ഒരുമിക്കുന്നത്. അന്ന് ഈ ചിത്രത്തിലെ രണ്ടുപാട്ടുകൾ യേശുദാസിനെക്കൊണ്ട് പാടിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷേ, അദ്ദേഹത്തിന് വരാൻ സാധിക്കാതെവന്നതോടെ സംഗീതസംവിധായകനായ ആർ.കെ. ശേഖറാണ് ബാലസുബ്രഹ്മണ്യത്തെ വിളിച്ചാലെന്തെന്ന് എന്നോട് ചോദിച്ചത്. 'കടല്‍പ്പാലം' എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും..' എന്ന ആദ്യഗാനം മലയാളത്തിൽ പാടിനിൽക്കുകയായിരുന്നു അദ്ദേഹം. ഞാൻ പച്ചക്കൊടി കാണിച്ചു. ശേഖറിെൻറ വീട്ടിൽെവച്ചാണ് ആദ്യമായി കാണുന്നത്. ശേഖർ എന്നെ പരിചയപ്പെടുത്താൻ തുടങ്ങിയതും വേണ്ടെന്ന് പറഞ്ഞ് എെൻറ അടുത്തുവന്ന് കൈതന്നു. അതിശയത്തോടെ എന്നെ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോഴാണ് മദ്രാസിലെ എൻജിനീയറിങ് കോളജ് കാലത്തെ കഥ ബാലു പറയുന്നത്. പിന്നീടത് പിരിയാൻ കഴിയാത്ത ബന്ധമായി വളരുകയായിരുന്നു. ശേഖറിെൻറ വീട്ടിൽെവച്ച് ഞാൻ ബാലുവിനെ 'നീലസാഗരതീരം..' എന്ന ഗാനത്തിലെ വരികൾ പറഞ്ഞുകൊടുക്കുമ്പോൾ എ.ആർ. റഹ്മാൻ വീട്ടിനുള്ളിൽ സൈക്കിൾ ചവിട്ടി ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു. ഇതിന് റഹ്മാന് ശേഖറിെൻറ കൈയിൽനിന്ന് കിട്ടിയ വഴക്ക് ഇപ്പോഴും എെൻറ കാതുകളിലുണ്ട്.
മലയാളമായിരുന്നു അദ്ദേഹത്തിന് അൽപം വഴങ്ങാതിരുന്ന ഭാഷ. അതുകൊണ്ട് ഒരു കുട്ടിയെ പഠിപ്പിക്കുന്നതുപോലെയാണ് എസ്.പി.ബിയെ പാട്ടുകൾ പഠിപ്പിച്ചിരുന്നത്. ഒാരോ വാക്കിെൻറ അർഥം ഇംഗ്ലീഷിൽ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കും. അവക്ക് അദ്ദേഹം നൽകുന്ന ഭാവങ്ങളാണ് പാട്ടുകളെ മരണമില്ലാത്തവയാക്കുന്നത്. മുന്നേറ്റത്തിലെ 'ചിരികൊണ്ട് പൊതിയും', സാഗരസംഗമത്തിലെ 'നാദവിനോദം' തുടങ്ങി നിരവധി പാട്ടുകൾ അത്തരത്തിൽ പിറന്നവയാണ്. ബാലുവിനെക്കൊണ്ട് യേശുദാസുമൊത്ത് ഖവാലിയും ഒരുക്കി. 'എനിക്കും ഒരു ദിവസം' എന്ന ചിത്രത്തിലെ 'റൂഹിെൻറ കാര്യം മുസീബത്ത്' എന്ന ഗാനമായിരുന്നു. മോഹൻലാൽ ആദ്യമായി മലയാളത്തിൽ പാടി അഭിനയിച്ച ഗാനമായിരുന്നു അത്.
എനിക്ക് മകളുണ്ടായപ്പോൾ കവിതയെന്നാണ് പേര് നൽകിയത്. അതുകഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാണ് ബാലുവിന് മകളുണ്ടാകുന്നത്. നിങ്ങൾ കവിതയെന്ന് പേരിട്ടു, ഞാനും ഗാനവുമായി ബന്ധമുള്ള പേര് നൽകുമെന്ന് അന്ന് ബാലു പറഞ്ഞു. പല്ലവിയെന്നാണ് ബാലു മകൾക്ക് നൽകിയ പേര്. രണ്ടുപേരും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് കുട്ടികളുടെ സ്കൂളിൽവെച്ചും പരസ്പരം കാണുമായിരുന്നു. വൈക്കത്ത് നടന്ന ഒരു സംഗീതപരിപാടിയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ദക്ഷിണാമൂർത്തിസ്വാമിയുടെ പേരിലുള്ള ആവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചത് ഞാനായിരുന്നു. അർജുനൻ മാഷിനെപ്പോലെ ഈ വിയോഗവും എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല.