Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബോളിവുഡിലെ...

ബോളിവുഡിലെ അരീക്കോട്ടുകാരി

text_fields
bookmark_border
ബോളിവുഡിലെ അരീക്കോട്ടുകാരി
cancel

‘തൂ ഹെ’ ബോളിവുഡ് സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ക്കുകയാണ്. അശുതോഷ് ഗോവാരിക്കറിന്‍െറ മോഹന്‍ ജൊ ദാരോ എന്ന ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ എന്ന ഇതിഹാസ സംഗീതജ്ഞന്‍െറ മാന്ത്രിക സ്പര്‍ശം പതിഞ്ഞ സൂപ്പര്‍ഹിറ്റ് ഗാനം. സിനിമ റിലീസ് ചെയ്യുംമുമ്പേ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ഈ ഒരൊറ്റ ഗാനത്തിലൂടെ ബോളിവുഡിലെ മുന്‍നിര ഗായികമാരുടെ നിരയില്‍ ഇടംപിടിച്ചിരിക്കുകയാണ് സന മൊയ്തുട്ടി എന്ന പുതുതലമുറ ഗായിക. എ.ആര്‍. റഹ്മാനൊപ്പമാണ് സന മൊയ്തുട്ടി ‘തൂ ഹെ’ ആലപിച്ചിരിക്കുന്നത്. ജന്മംകൊണ്ട് മുംബൈക്കാരിയാണെങ്കിലും തന്നെ മലയാളി പെണ്‍കുട്ടിയെന്ന് വിശേഷിപ്പിച്ച് കാണുന്നതാണ് സനക്ക് ഇഷ്ടം. കാരണം, സനയുടെ കൂട്ടും കുടുംബവുമെല്ലാം ഇവിടെ കേരളത്തിലാണ്. മലപ്പുറം, അരീക്കോട് മാതാവിന്‍െറ വീടും പട്ടാമ്പിയില്‍ പിതാവിന്‍െറ വീടും.

2011ല്‍ പുറത്തിറങ്ങിയ ഓള്‍വേയ്സ് കഭി കഭി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബോളിവുഡ് പിന്നണി ഗാന രംഗത്തേക്കുള്ള സനയുടെ പ്രവേശം. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ ഗോരി തേരാ പ്യാര്‍ മേം എന്ന ചിതത്തില്‍ ‘മോട്ടോ ഘോട്ടോലോ’ എന്ന ഗാനം മനോഹരമാക്കി. സൂര്യ ചിത്രം 24 ലെ മൊയ് നിഗാരാ എന്ന പാട്ടിലൂടെ തമിഴിലും സന അരങ്ങേറ്റംകുറിച്ചു. എ.ആര്‍. റഹ്മാന്‍ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കിയത്. ‘തൂ ഹെ’ക്ക് പുറമെ മോഹന്‍ജൊ ദാരോയില്‍ രണ്ട് ഗാനങ്ങള്‍കൂടി സന ആലപിച്ചിട്ടുണ്ട്. വിദേശത്തടക്കം സംഗീതപരിപാടികള്‍ ധാരാളമുണ്ട് സനക്ക്. സനയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ഞാനൊരു മലയാളി പെണ്‍കുട്ടി
ജനിച്ചതും വളര്‍ന്നതും മുംബൈയിലാണെങ്കിലും എന്‍െറ ബന്ധുക്കളെല്ലാം കേരളത്തിലാണ്. നാട്ടില്‍ വലിയ കുടുംബമാണ് ഞങ്ങളുടേത്. നിമ്മിനി എന്നാണ് വീട്ടുപേര്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ കുടുംബസമേതം അങ്ങോട്ട് പോകാറുണ്ട്. പോകുമ്പോഴെല്ലാം കസിന്‍സും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ചേര്‍ന്നുള്ള ആഘോഷ സമാനമായ സാഹചര്യമാകും അവിടെ. പ്രത്യേകിച്ചും അരീക്കോട്ട്. തമാശയും ചിരിയും കളിയുമായി വല്ലാത്തൊരു അന്തരീക്ഷമാണ് കുടുംബവീട്ടില്‍.


തൂ ഹെ തന്ന സൗഭാഗ്യം
ഞാന്‍ വലിയ ഭാഗ്യവതിയാണ്. ‘തൂ ഹെ’ ഓഡിയോ റിലീസ് ആയതു മുതല്‍ തന്നെ എമ്പാടും പ്രശംസയും സ്നേഹവും എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നെ പോലുള്ള ഒരു കലാകാരിക്ക് ഇതില്‍ കൂടുതല്‍ എന്ത് ആശിക്കാനാകും? അതോടൊപ്പം തന്നെ ഇത് എന്‍െറ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുണ്ട്. കൂടുതല്‍ അധ്വാനിക്കാനും കൂടുതല്‍ മികച്ച പ്രകടനത്തിനും അത് എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു.

ഇതിഹാസത്തിനൊപ്പം പാട്ടുമൂളി
റഹ്മാന്‍ സാറിന്‍െറ സിനിമയില്‍ പാടുക എന്നത് ഏത് ഗായികയുടെയും സ്വപ്നമായിരിക്കും. എനിക്കും അങ്ങനത്തെന്നെയായിരുന്നു. റഹ്മാന്‍ സര്‍ ഒരുക്കിയ പാട്ടില്‍ അദ്ദേഹത്തോടൊപ്പം തന്നെ പാടാന്‍ എനിക്ക് അവസരം ലഭിച്ചു. ചില പരിചയക്കാര്‍ മുഖേനയാണ് എന്‍െറ ശബ്ദ സാമ്പിളുകള്‍ റഹ്മാന്‍ സാറിന് അയച്ചു കൊടുക്കുന്നത്. അത് കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്‍െറ ഓഫിസില്‍നിന്ന് ഫോണ്‍ വരുന്നത്. സ്റ്റുഡിയോയില്‍ വ്യത്യസ്ത രീതിയിലും ശൈലിയിലും പാടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അശുതോഷ് സാറും എന്‍െറ പാട്ടുകള്‍ കേട്ടു. അങ്ങനെയാണ് മോഹന്‍ജൊ ദാരോയിലേക്ക് ക്ഷണം ലഭിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമായിരുന്നു റഹ്മാന്‍ സാറുമൊത്തുള്ള വര്‍ക്ക്. സ്വപ്നസമാനം എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തില്‍നിന്ന് ഞാന്‍ ആര്‍ജിച്ച അനുഭവങ്ങള്‍, അറിവുകള്‍ അത്രയും വലുതാണ്. ഓരോ വരിയും ഇനിയുമിനിയും മികച്ചതാകണമെന്ന് എന്‍െറ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. പാട്ടുകാരില്‍നിന്ന് അദ്ദേഹത്തിലെ സംഗീത സംവിധായകന്‍ വലിയ പരീക്ഷണങ്ങളാണ് ആവശ്യപ്പെടുന്നത്. പാട്ടിന്‍െറ കാര്യത്തില്‍ നമ്മുക്കെല്ലാവര്‍ക്കും ഒരു സുരക്ഷിത മേഖലയുണ്ടല്ലോ, അതില്‍നിന്ന് പുറത്തുകടന്ന് കൂടുതല്‍ സാഹസികതകള്‍ക്ക് അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കും. സംഗീതത്തിന്‍െറ കാര്യത്തില്‍ സത്യമായിട്ടും അദ്ദേഹം ഒരു ഇന്ദ്രജാലക്കാരനാണ്. കലാകാരിയെന്ന നിലക്ക് എന്‍െറ ജീവിതത്തിലെ വഴിത്തിരിവാണ് റഹ്മാന്‍ സാറുമൊത്തുള്ള സംഗീതയാത്ര.

പാട്ടിലേക്കുള്ള വഴി
എന്‍െറ മാതാവ് റസിയ മൊയ്തുട്ടി പാട്ടുകാരിയാണ്. സംഗീതത്തിന്‍െറ ലോകത്തേക്ക് എന്നെ ആനയിക്കുന്നത് അവരാണ്. കുഞ്ഞുനാള്‍ തൊട്ടേ ധാരാളം പാട്ടുകള്‍ എന്നെ കേള്‍പ്പിക്കുമായിരുന്നു. പാട്ടുകളുടെ നീണ്ട ശേഖരം തന്നെ അവരുടെ കൈയില്‍ ഉണ്ട്. അത് കാസറ്റുകളില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരിക്കും. വീട്ടില്‍ 24 മണിക്കൂറും പാട്ട് വെച്ചിരിക്കും. ഉയരത്തില്‍വെച്ച സ്പീക്കറുകളില്‍നിന്ന് പുറത്തുവരുന്ന ആ മനോഹര ഗാനങ്ങള്‍ ഇന്നും എന്‍െറ കാതിലുണ്ട്. പാട്ടിലുള്ള എന്‍െറ അഭിരുചി തിരിച്ചറിഞ്ഞ അന്നുമുതല്‍ സംഗീത ക്ളാസിന് അയച്ചുതുടങ്ങി.

സുന്ദരി ഗോപാലകൃഷ്ണന്‍െറ കീഴില്‍ ആറുവര്‍ഷം കര്‍ണാട്ടിക് പഠിച്ചു. മധുവന്തി പേത്തേയുടെ കീഴില്‍ ഏഴുവര്‍ഷത്തോളം ഹിന്ദുസ്ഥാനി ക്ളാസിക്കും അഭ്യസിച്ചു. കുട്ടികാലത്തുതന്നെ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്നു. പഠനവും പാട്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. പരീക്ഷാകാലത്ത് വരെ സ്റ്റേജ് ഷോകളുണ്ടായിരുന്നു. ഇടവേളകളില്‍ സ്റ്റേജിന്‍െറ പിന്നിലിരുന്ന് പുസ്തകം വായിച്ചു പഠിച്ച കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ സാഹിബിന്‍െറ ശിഷ്യയാകാന്‍ അവസരം ലഭിച്ചു. സാമന്ത എഡ്വാഡ്സില്‍നിന്ന് വെസ്റ്റേണ്‍ വോക്കല്‍സും പഠിച്ചു.


ബോളിവുഡിന്‍െറ മാന്ത്രിക ലോകത്തേക്ക്
എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോഴാണ് സിനിമയില്‍ പാടാന്‍ ആദ്യ അവസരം ലഭിക്കുന്നത്. കോളജില്‍ നടന്ന ടാലന്‍റ് ഹണ്ടില്‍ വിധികര്‍ത്താവായി വന്ന സംഗീത സംവിധായകന്‍ ശ്രീ ഡിക്ക് മത്സരാര്‍ഥിയായ എന്‍െറ പാട്ടും ശബ്ദവും ഇഷ്ടമായി. അതേ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഓള്‍വേയ്സ് കബീ കബീ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ ഉടനെയാണ് ഗോരി തേരെ പ്യാര്‍ മീ യില്‍ പാടുന്നത്.

ചിത്ര ചേച്ചിയും ലാലേട്ടനും
മലയാളം സിനിമാ ഗാനങ്ങള്‍ വലിയ ഇഷ്ടമാണ് എനിക്ക്. ചിത്രച്ചേച്ചിയാണ് എന്‍െറ ഇഷ്ട ഗായിക. മനസ്സിനെ കീഴടക്കുന്ന മെലഡികളും അതിമനോഹര വരികളുമാണ് മലയാള സംഗീതത്തിന്‍െറ പ്രധാന ആകര്‍ഷണം. മലയാളത്തില്‍ പാടുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അവസരം ലഭിച്ചാല്‍ മലയാളത്തില്‍ പാടും, തീര്‍ച്ച. നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. ഉടന്‍തന്നെ നാട്ടില്‍ ഒരു ഷോ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മലയാള സിനിമകള്‍ ധാരാളം കാണാറുണ്ട്. സിനിമയിലെ ഹാസ്യരംഗങ്ങളാണ് ഏറെ ഇഷ്ടം. വീട്ടുകാരോടൊപ്പം ചേര്‍ന്ന് യൂ ട്യൂബില്‍ കോമഡിരംഗങ്ങള്‍ കാണല്‍ പതിവാണ്. ലാലേട്ടന്‍െറ വലിയ ഫാന്‍ ആണ് ഞാന്‍.

ഭാവി പരിപാടികള്‍
ധാരാളം കാര്യങ്ങളുണ്ട് മനസ്സില്‍. യൂ ട്യൂബില്‍ കൂടുതല്‍ ഗാനങ്ങള്‍ നല്‍കേണ്ടതുണ്ട്. വൈകാതെ തന്നെ പാട്ടിനു മാത്രമായുള്ള യൂ ട്യൂബ് ചാനല്‍ പ്രതീക്ഷിക്കാം.

Show Full Article
TAGS:sanah moidutty singer 
News Summary - singer sanah moidutty
Next Story