Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightതുള്ളിത്തുള്ളി...

തുള്ളിത്തുള്ളി നൃത്തമാടിവരും...

text_fields
bookmark_border
തുള്ളിത്തുള്ളി നൃത്തമാടിവരും...
cancel

മഴ പെയ്​തിറങ്ങുന്നത്​ മണ്ണിൽ മാത്രമല്ല. സ്വാന്തനമായി മനസ്സുകളിലും സ്വരങ്ങളായി ഹൃദയങ്ങളിലും അത്​ ഒഴുകിയെത്തും. മഴയുടെ തന്ത്രികൾ മീട്ടി ആകാശം മധുരമായി പാടുമ്പോൾ മണ്ണിലെന്നപോലെ മനസ്സിലും പുതുനാമ്പുകൾ തളിരിടും. ഓർമകൾ ഹരിതാഭമാകും. അപ്പോൾ മഴയുടെ നേർത്ത വെള്ളിക്കമ്പികൾ മുറുകിയ തന്ത്രികളാകും.

വിരൽ തൊട്ടാൽ സംഗീതം പൊഴിയും. എത്രയെത്ര ഭാവങ്ങളുമായാണ്​ മഴ ഒാരോ തവണയുമെത്തുന്നത്​.
പ്രിയമുള്ളവരോടൊത്ത് ഒരു കുടക്കീഴിൽ അനുഭവിക്കുന്ന മഴയല്ല, ആ ഓർമകളിൽ സ്വയം നഷ്​ടപ്പെടുമ്പോൾ അനുഭവിക്കാനാവുക. ഇലകളുടെ മരതകപ്പച്ചയിലും, മണ്ണി​​​െൻറ പവിഴച്ചുവപ്പിലും നനഞ്ഞ ചിത്രങ്ങൾ വരക്കുന്ന മഴക്ക്​ എത്രയെത്ര ഗന്ധങ്ങളാണ്! നഗരങ്ങളിൽ പെയ്യുന്ന മഴയല്ല, നാട്ടിൻപുറങ്ങളിലേത്​. 

മനസ്സുകളുടെ വിവിധ ഭാവങ്ങൾ പകർത്താൻ മഴയോളം പോന്ന മറ്റെന്താണുള്ളത്. അതുകൊണ്ടാവാം അതി​​​െൻറ സൗന്ദര്യവും ലാവണ്യവും രൗദ്രതയും വന്യതയും വശ്യതയും കവികളും ഗാനരചയിതാക്കളും ആവോളം പകർത്തിവെച്ചിട്ടുള്ളത്​. മലയാള സിനിമകളിലാവട്ടെ, കാൽപനികതയുടെ കുളിരും ഗന്ധവുമായി പെയ്​തിറങ്ങിയ ഗാനങ്ങൾ നിരവധിയാണ്​.  

ആരോഹണാവരോഹണങ്ങളോടെ ആദ്യമേ മനസ്സിലേക്ക് പെയ്തിറങ്ങുന്ന ഒരു മഴ ഗാനം, പത്മരാജ​​​െൻറ ‘തൂവാനത്തുമ്പികൾ’ എന്ന സിനിമക്കു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്‌ ഈണം പകർന്ന ഒന്നാണ്​. അതുവരെയുള്ള എരിവേനൽ ചൂടി​​​െൻറ കഥയാകെ മറന്ന് ഒരു ധന്യബിന്ദുവിൽ കാലത്തെ അലിയിക്കുന്നുണ്ട്​ ഇതിലെ വരികൾ. 
മേഘം പൂത്തുതുടങ്ങി 
മോഹം പെയ്തുതുടങ്ങി 
മേദിനി കേട്ടു നെഞ്ചിൽ 
പുതിയൊരു താളം... 

നായികയായ ക്ലാരയോടൊപ്പം ആ സിനിമയിൽ എല്ലായ്പോഴും മഴയുണ്ട്. നായക​​​െൻറ മനസ്സിൽ അവളുടെ ഓർമകൾ മിന്നുമ്പോഴും, അവൾക്കായി എഴുതുമ്പോഴും തമ്മിൽ കാണുമ്പോഴുമെല്ലാം മഴ പ്രണയസാക്ഷിയാവുന്നു. ‘ഭൂമിദേവി പുഷ്പിണിയായി’ എന്ന ചിത്രത്തിലുമുണ്ട് ഒരു മഴഗാനം.​ പരമശിവനെ ഭർത്താവായി ലഭിക്കാൻ ഒറ്റക്കാലിൽ തപസ്സനുഷ്ഠിക്കുന്ന പാർവതീദേവിയിൽ പ്രകൃതിയുടെ വാത്സല്യം പൊഴിച്ച മഴയുടെ ആദ്യ ബിന്ദുവിനെക്കുറിച്ചാണ്​ വയലാർ എഴുതുന്നത്​. പനിനീർമഴ... പൂമഴ... തേന്മഴ എന്ന്​ തുടങ്ങുന്ന ഗാനത്തിൽ...
കൺപീലികളിൽ തങ്ങി 
ചുണ്ടിലെ കമലക്കൂമ്പുകൾ നുള്ളി 
മാറിൽ പൊട്ടിത്തകർന്നു ചിതറി, 
മൃദുരോമങ്ങളിലിടറി 
പൊക്കിൾകുഴിയൊരു തടാകമാക്കിയ പവിഴമഴത്തുള്ളി
.

 

ദേവരാജ​​​െൻറ ഈണത്തിൽ ഗന്ധർവഗായകൻ പാടിയപ്പോൾ ആ മഴത്തുള്ളി ആസ്വാദകരുടെ ഹൃദയത്തിലാണ് പതിച്ചത്. വിണ്ണിലും മണ്ണിലും കേൾവിക്കാരുടെ മനസ്സിലും തുള്ളിത്തുള്ളി നൃത്തമാടി വരുന്ന മറ്റൊരു ഗാനമാണ്​ ‘സരിത’ എന്ന സിനിമക്കായി, സത്യൻ അന്തിക്കാട് രചിച്ച് ശ്യാം ഈണം പകർന്ന പ്രേമസംഗീതം. 
മഴ തുള്ളിത്തുള്ളി നൃത്തമാടി വരും വാനിൽ 
വർഷമേഘങ്ങൾ... പീലി നീർത്തുന്നു 
പ്രേമസംഗീതം പാടുന്നു.. 
എന്നിൽ... നിന്നിൽ... മോഹം ചിലും... ചിലും...
 
2016ൽ ജാസി ഗിഫ്​റ്റ്​ ‘സ്​റ്റൈൽ’ എന്ന സിനിമയിലൂടെ റീമിക്സ് ചെയ്തതോടെ പുതിയ തലമുറക്കും ഈ ഗാനം പരിചിതമായി. 1979ൽ ‘ലജ്ജാവതി’ എന്ന സിനിമക്കു വേണ്ടി അൻവർ സുബൈർ എഴുതിയ വരികളിലുമുണ്ട്​ മഴയുടെ കുളിരുള്ള ഭാവം. കെ.ജെ. ജോയിയുടെ ഈണത്തിൽ ഇൗ വരികൾ മുങ്ങിക്കുളിച്ചപ്പോൾ മണ്ണും മനവും കുളിർപ്പിച്ച ഒരു മനോഹര ഗാനം പിറന്നു. 

മഴപെയ്തു പെയ്തു മണ്ണു കുളിർത്തു /മല്ലീശരനെയ്തെയ്തെൻ മനം കുളിർത്തു ആധുനികതയോട് കിടപിടിച്ചുനിൽക്കുന്ന ഓർക്കസ്ട്രേഷനാൽ സമ്പന്നമാണ് കെ.ജെ. ജോയിയുടെ ഗാനങ്ങൾ. പ്രിയതമയുടെ ഇഷ്​ടഗാനം എന്ന പേരിൽ അദ്ദേഹം നെഞ്ചോടു ചേർത്തുവെക്കുന്ന ഈ സൃഷ്​ടി നമ്മളോരോരുത്തർക്കും അത്രതന്നെ പ്രിയപ്പെട്ടതാവുന്നു.
പ്രണയത്തി​​​െൻറ കുളിരും രതിയുടെ ചൂടും ഒരുപോലെ ചേർന്നലിഞ്ഞ ഗാനമാണ്  1985ൽ ‘കണ്ണാരം പൊത്തിപ്പൊത്തി’ എന്ന സിനിമക്കു  വേണ്ടി പി. ഭാസ്​കര​ൻ എഴുതി ഹരികാംബോജി രാഗത്തിൽ എ.ടി. ഉമ്മർ ഈണമിട്ട്​ യേശുദാസും ചിത്രയും ചേർന്നാലപിച്ച....

മഴയോ മഴ പൂമഴ പുതുമഴ 
മാനം നിറയെ തേന്മഴ 
മനസ്സു നിറയെ പൂമഴ...
എന്ന ഗാനം. 
ഇൗ ഗാനത്തിൽ കാർമുകിലിൻ തേന്മാവിൻ ഇടിമിന്നൽ പൊന്നൂഞ്ഞാൽ എന്നീ വരികളിലെത്തു​േമ്പാൾ അവിടെ പി. ഭാസ്​കര​ൻ ത​​​െൻറ പ്രതിഭയുടെ കൈയൊപ്പ്​ ചാർത്തുന്നുണ്ട്​. 1986ൽ പുറത്തുവന്ന ‘എന്നും മാറോടണയ്ക്കാൻ’ എന്ന ചിത്രത്തിനുവേണ്ടി ജെറി അമൽദേവ്  ഈണം പകർന്ന ഒരു ഗാനവും മഴയെക്കുറിച്ചുതന്നെ. 
രാത്രി മുഴുവൻ മഴയായിരുന്നു 
മനസ്സുനിറയെ കുളിരായിരുന്നു 
മൗനമേ നിൻ മടിയിൽ ഞങ്ങൾ 
മഞ്ഞുതുള്ളികളായിരുന്നു... 
ഗാനങ്ങളിലെ കവിത എന്ന് നിസ്സംശയം പറയാവുന്ന ഈ വരികൾ ബിച്ചു തിരുമലയുടേതാണ്. 
മലയിലെങ്ങോ മയിലിനങ്ങൾ 
മദനലീലയിലായിരുന്നു 
നഖശിഖാന്തം ഞങ്ങൾ രണ്ടും 
നിധികൾ പരതുകയായിരുന്നു.. 

എന്ന വരികളിലെത്തു​േമ്പാൾ ഗാനരംഗം കാണാതെ തന്നെ പ്രണയികളുടെ ചുടുനിശ്വാസങ്ങൾ കേൾവിക്കാരെയും പൊള്ളിക്കുന്നു.

ഭരതൻ സംവിധാനം ചെയ്ത ‘വൈശാലി’യിലെ മഴനൃത്തം കണ്ടവർ അത്​ മറക്കില്ല. കൊടും വരൾച്ചയിൽ വലഞ്ഞ അംഗരാജ്യത്തിലേക്ക് മഴയെത്തിക്കാൻ, വിഭാണ്ഡക മഹർഷിയുടെ മകൻ ഋഷ്യശൃംഗനെ വശീകരിച്ചു കൊണ്ടുവരുന്ന വൈശാലി എന്ന ദാസിപുത്രിയുടെ കഥ. 
ഇന്ദ്രധനുസ്സേന്തി വരുന്ന ഘനാഘന സേനകളേ 
വന്നാലും ഇതിലേ... ഇതിലേ... ഇതിലേ...

മഴയോടൊപ്പം ആഹ്ലാദാതിരേകത്താൽ നൃത്തം ചെയ്യുന്ന പ്രജകൾ. ഒ.എൻ.വി യുടേതാണ് വരികൾ. സംഗീതമാവ​െട്ട മലയാളിത്തമുള്ള ഈണങ്ങൾ സമ്മാനിച്ച രവി ബോംബെയുടേതും. ആനന്ദവർഷമായി പെയ്തിറങ്ങിയ മഴ നായികയുടെ കണ്ണീരായി ഒടുങ്ങുമ്പോൾ നൊമ്പരത്തി​​​െൻറ ഒരു തുള്ളി നമ്മുടെ ഹൃദയത്തിലും ഉറവയെടുക്കും.

 

പ്രണയമണിത്തൂവൽ പൊഴിച്ച പവിഴമഴ പൊഴിഞ്ഞത് ‘അഴകിയ രാവണൻ’ എന്ന സിനിമയിലായിരുന്നു. കൈതപ്രത്തി​​​െൻറ വരികൾക്ക്, വിദ്യാസാഗർ ഈണം പകർന്ന ഗാനം സുജാതയുടെ പ്രണയം തുളുമ്പുന്ന സ്വരത്തിൽ നമ്മെയും നനച്ചു. 
അരികിൽ വരുമ്പോൾ പനിനീർമഴ 
അകലത്തുനിന്നാൽ കണ്ണീർമഴ 
മിണ്ടുന്നതെല്ലാം തെളിനീർമഴ 
പ്രിയചുംബനങ്ങൾ പൂന്തേൻമഴ... 

പെണ്മനസ്സി​​​െൻറ  ആരും കാണാതൊളിപ്പിച്ച സ്വകാര്യങ്ങൾ കുടഞ്ഞിടുന്ന മഴയായാണ്​ ഇതിലെ വരികൾ ഒഴുകിയിറങ്ങിയത്​.

2006ലാണ് ‘മഴ’ എന്ന സിനിമ പുറത്തുവന്നത്. ദൂരെ ദൂരെ നിന്ന് കുന്നുകളും പാടങ്ങളും നാട്ടുവഴികളും പിന്നിലാക്കിക്കൊണ്ട് ഓടിക്കിതച്ചു നമ്മുടെ മുറ്റത്തെത്തുന്ന മഴ അനുഭവിപ്പിക്കുന്ന ഒരു ഗാനമുണ്ട് ഇതിൽ. 
ആഷാഢം പാടുമ്പോൾ 
ആത്മാവിൻ രാഗങ്ങൾ 
ആനന്ദനൃത്തമാടുമ്പോൾ... 
ഈ പുൽനാമ്പിൽ 
മഴയുടെ തേൻ സന്ദേശം 
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം 
അമൃതതരളിത നവവികാരം...

അമൃതവർഷിണി രാഗത്തിൽ രവീന്ദ്രൻ ഈണം പകർന്ന ഗാനത്തി​​​െൻറ രചന കെ. ജയകുമാറി​േൻറതാണ്. യഥാർഥ മഴയുടെ ഇരമ്പലും ഇൗ ഗാനത്തിൽ നമുക്ക്​ കേൾക്കാം. 2004ൽ കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലുണ്ട്​ ആദ്യപ്രണയത്തി​​​െൻറ ആകസ്മികതയിൽ ആനന്ദനൃത്തമാടുന്ന ഹൃദയങ്ങളിൽ മീട്ടാതെ ഉണരുന്നൊര​ു വീണാനാദം. പ്രണയമായും രതിയായും പെയ്ത മഴ വിരഹമായും വേദനയായും പെയ്ത് മിഴികളെ ഈറനണിയിച്ചുകൊണ്ടാണ്.​ 
രാക്കിളി തൻ വഴിമറയും 
നോവിൻ പെരുമഴക്കാലം 
കാത്തിരിപ്പിൻ തിരി നനയും 
ഈറൻ പെരുമഴക്കാലം.
ഒരു വേനലിൻ വിരഹബാഷ്പം 
ജലതാളമാർന്ന മഴക്കാലം 
ഒരു തേടലായ്... മഴക്കാലം.  

 

റഫീഖ്​ അഹമ്മദി​​​െൻറ വരികൾക്ക് ഈണം നൽകിയത് എം. ജയചന്ദ്രനാണ്. സുജാതക്ക്​ പുറമെ സംഗീത സംവിധായകനും ഇൗ വരികൾ ആലപിക്കുന്നുണ്ട്​.
2012ൽ ‘സ്​പിരിറ്റ്‌’ എന്ന സിനിമയിൽ റഫീഖ് അഹമ്മദി​​​െൻറ വരികൾക്ക് ഷഹബാസ് അമൻ ഈണം നൽകി വിജയ് യേശുദാസ് പാടിയ
മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.., ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് എം. ജയചന്ദ്രൻ ഈണമിട്ട ’നമ്മൾ തമ്മിൽ എന്ന ചിത്രത്തിലെ ജൂണിലെ നിലാമഴയിൽ...,നാണമായ് നനഞ്ഞവളേ..., ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ മഴനീർതുള്ളികൾ നിൻ തനുനീർമുത്തുകൾ,
‘വെട്ടം’ എന്ന ചിത്രത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ... തുടങ്ങി ഇനിയുമൊരുപാട് ഗാനങ്ങൾ മഴയിൽ നനഞ്ഞു നിൽക്കുന്നുണ്ട്​.  

 

അങ്ങനെ എത്രയെത്ര മഴകളാണ് നമ്മൾ നനഞ്ഞു തീർത്തത്. ഇന്നും നനഞ്ഞുകൊണ്ടിരിക്കുന്നത്. ഇനിയും നനയാൻ കൊതിക്കുന്നത്. ഇത്തരം ഗാനങ്ങളിൽ നനഞ്ഞല്ലാതെ നമുക്ക് പ്രണയമുണ്ടോ? വിരഹവും വിഷാദവുമുണ്ടോ? വേർപാടുകളും കാത്തിരിപ്പുകളുമുണ്ടോ? ഇത് വായിക്കുമ്പോഴും ജനാലക്കരികെ അല്ലെങ്കിൽ മനസ്സി​​​െൻറ​ കിളിവാതിൽക്കൽ ഒരു മഴ വന്നെത്തി നോക്കുന്നില്ലേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onvrafeeq ahammedKJ YesudasM. jayachandranSathyan anthikaduvayalar songsP. Bhaskaran
News Summary - Rain songs in malayalam
Next Story