Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nithya Mammen, Play Back singer
cancel
camera_alt

നിത്യ മാമ്മൻ (ചിത്രം: അജിത് മുരുകേശ്)

Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightനിത്യയുടെ മനസിൽ...

നിത്യയുടെ മനസിൽ ഹിമമഴയായ്​ ​ക്രിസ്മസ്​ ഓർമ്മകൾ

text_fields
bookmark_border
ഈ ക്രിസ്മസ്​ ഗായിക നിത്യ മാമ്മന്​ വളരെ സ്​പെഷലാണ്​. മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡിന്‍റെ പകിട്ടോടെയാണ്​ ഈ വർഷത്തെ ക്രിസ്മസ്​ ആഘോഷം.

ക്രിസ്മസ്​ എന്ന്​ കേൾക്കുമ്പോൾ തന്നെ ഗായിക നിത്യ മാമ്മന്‍റെ മനസ്സ്​ ഖത്തറിലേക്ക്​ പായും. മനസിൽ കുട്ടിക്കാലത്തെ ക്രിസ്മസ്​ ഓർമ്മകൾ ഹിമമഴയായ്​ പെയ്തിറങ്ങും. എല്ലാവരുമൊന്നിച്ചുള്ള ക്രിസ്മസ്​ ട്രീ അലങ്കരിക്കൽ, കേക്ക്​ ഉണ്ടാക്കൽ, വിരുന്നൊരുക്കൽ, പള്ളിയിലെ ക്വയർ പാടൽ ഒക്കെ മനസിന്‍റെ വാതുക്കല്​ വെള്ളരിപ്രാവിനെ പോലെ വന്ന്​ കുറുകി ഓർമിപ്പിക്കും. അന്നുമിന്നും കുടുംബത്തിനൊപ്പം തന്നെയാണ്​ നിത്യയുടെ ക്രിസ്മസ് ആഘോഷം. ക്രിസ്മസ് ട്രീയും കേക്കുമൊക്കെ ഉണ്ടാക്കലാണ്​ മെയിൻ. പിന്നെ പള്ളിയിലെ കുർബാനയും.


ഈ ക്രിസ്മസ്​ നിത്യക്ക്​ വളരെ സ്​പെഷലാണ്​. മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡിന്‍റെ പകിട്ടോടെയാണ്​ ഈ വർഷത്തെ ക്രിസ്മസ്​ ആഘോഷം. അത്​ മാത്രമല്ല, ക്രിസ്മസ്​ റിലീസായി എത്തി സൂപ്പർ ഹിറ്റായ 'മിന്നൽ മുരളി'യിലും നിത്യയുടെ പാട്ടുണ്ട്​. തിരുവനന്തപുരം വഴുതക്കാടുകാരനായ അച്ഛൻ മാമ്മൻ വർഗീസും അമ്മ അന്നമ്മ മാമ്മനും ഖത്തറിലായിരുന്നതിനാൽ പന്ത്രണ്ടാം ക്ലാസ്​ വരെ നിത്യ അവിടെയാണ്​ പഠിച്ചത്​.


ചെറുപ്പത്തിൽ അവിടുത്തെ പള്ളിയിലെ ക്വയർ ടീമിൽ അംഗമായിരുന്നതിനാൽ നിത്യയുടെ ക്രിസ്മസ്​ ഓർമകളെല്ലാം സംഗീതവുമായി ശ്രുതിചേർന്ന്​ കിടക്കുന്നു. ക്വയർ പാട്ടുകളാണ്​ സംഗീതത്തിനോട് താൽപര്യം ജനിപ്പിച്ചത്​. കുട്ടിക്കാലം മുതലേ സംഗീതം പഠിക്കുകയും ചെയ്തു. അങ്ങിനെ സ്‌കൂൾ കലോത്സവങ്ങളിലും ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ പരിപാടികളിലുമെല്ലാം നിത്യ സാന്നിധ്യമായി മാറി നിത്യ.

സംസ്ഥാന അവാർഡിലേക്കുള്ള വഴി​

ഏറെ ആഗ്രഹത്തോടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നു. ആദ്യഗാനം തന്നെ ഹിറ്റ്​, മൂന്നാമത്തെ ഗാനത്തിന് സംസ്ഥാന അവാര്‍ഡ്. അങ്ങനെ തുടക്കത്തില്‍ തന്നെ വലിയ അംഗീകാരങ്ങള്‍ തേടിയെത്തിയ ഗായികയാണ്​ മലയാളികളുടെ പുതിയ ഗാനാസ്വാദനത്തിന്‍റെ ഉടമയായ നിത്യ മാമ്മൻ. 'എടക്കാട് ബറ്റാലിയന്‍' സിനിമയിലെ 'നീ ഹിമമഴയായ് വരൂ' എന്ന ഗാനമാണ് ആദ്യമായി പാടിയത്.


നിത്യ ഒരുപാട് ആഗ്രഹിച്ചിരുന്നു പിന്നണി ഗായികയാവാന്‍. അതിനുവേണ്ടി യുട്യൂബിലൊക്കെ കവര്‍ സോങ്​സ് പാടുമായിരുന്നു. അതുകാരണം കുറച്ച് സ്റ്റേജ് ഷോകളൊക്കെ കിട്ടി. ഒന്നുരണ്ട്​ സിനിമകളിൽ ട്രാക്കും പാടി. അങ്ങനെ ഒരു സ്‌റ്റേജ് ഷോ കൈലാസ് മേനോന്‍റെ അമ്മ കാണാനിടയായി. അമ്മ നിർദേശിച്ചതു പ്രകാരമാണ്​ കൈലാസ്​ മേനോൻ 'എടക്കാട് ബറ്റാലിയനി'ലെ ട്രാക്ക് പാടാന്‍ വിളിച്ചത്​. 'എടക്കാട് ബറ്റാലിയന്‍റെ' പ്രൊഡ്യൂസറായ സാന്ദ്ര തോമസിനും മറ്റും ട്രാക്ക് ഇഷ്​ടമാ​യതോടെ 'ഹിമമഴയായ്' നിത്യയുടെ സ്വരത്തിൽ തന്നെ റെക്കോർഡ്​ ചെയ്യുകയായിരുന്നു. ഒരൊറ്റ ഗാനം കൊണ്ടുതന്നെ സംഗീത പ്രേമികളുടെ പ്രിയങ്കരിയായി മാറാൻ നിത്യക്ക് കഴിയുകയും ചെയ്തു.

'ഹിമമഴയായ്' എന്ന ഗാനം സിനിമയേക്കാള്‍ ഹിറ്റായി. രണ്ടാമതായി സിനിമയില്‍ പാടിയത്​​ 'ദ കുങ്ഫു മാസ്റ്റര്‍' എന്ന സിനിമക്കു വേണ്ടിയാണ്​. ഇഷാന്‍ ആയിരുന്നു അതിന്‍റെ സംഗീത സംവിധായകൻ. 'ഈ വഴിയേ' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. മൂന്നാമത്തേത്​ ആയിരുന്നു 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ 'വാതുക്കല്​ വെള്ളരിപ്രാവ്' എന്ന ഗാനം. പിന്നണി ഗായകൻ രവി ശങ്കറാണ് ആ പാട്ടിലേക്ക് നിത്യയെ നിർദേശിക്കുന്നത്. അത്​ പിന്നെ മലയാളികളുടെ ഇഷ്ടഗാനമായി. കൈലാസ് തന്നെ സംഗീത സംവിധാനം നിർവ്വഹിച്ച 'സിക്‌സ് അവേഴ്‌സ്' തുടങ്ങി ഏതാനും സിനിമകളിൽ നിത്യയുടെ പാട്ടുണ്ട്​. പലതും റിലീസ്​ ചെയ്യാനിരിക്കുന്നതേയുള്ളു.


ഇനി പാട്ടിന്‍റെ വഴി തന്നെ

പഠിച്ചത് ആർക്കിടെക്ചറാണെങ്കിലും സംഗീത മേഖലയിൽ ചുവടുറപ്പിക്കുകയാണ് നിത്യയുടെ ലക്ഷ്യം. സംഗീതത്തെക്കുറിച്ച് ഇനിയും കുറേ പഠിക്കണമെന്നും നിത്യക്കുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ്​ ഇഷ്ടമെങ്കിലും അഭിനയരംഗത്തേക്കില്ലെന്നും നിത്യ പറയുന്നു. തമിഴ്‌നാട്ടുകാരിയായ സീതാ കൃഷ്ണനിൽ നിന്നും കർണാടക സംഗീതവും കൊൽക്കത്ത സ്വദേശിയായ ബർണാലി ബിശ്വാസിൽ നിന്നും ഹിന്ദുസ്ഥാനിയും അഭ്യസിച്ചാണ്​ നിത്യയുടെ സംഗീതയാത്ര തുടങ്ങുന്നത്​. പെരിങ്ങനാട് രാജന്‍റെയും ശിഷ്യയായി. സംഗീത സംവിധായകൻ ബേണി ഇഗ്‌നേഷ്യസിന് കീഴിൽ സംഗീതം അഭ്യസിച്ചു വരികയാണിപ്പോൾ.

'ഇനി പാട്ടിന്‍റെ വഴികളിലാണ് ജീവിതം' എന്ന്​ പറയുന്നു നിത്യ. 'പിന്നണി ഗായിക എന്ന നിലയിൽ കുറേ നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. സിനിമയിൽ ഇനിയും ഒരുപാട് പാട്ടുകള്‍ പാടണമെന്നുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം പാടണം. ഹിന്ദിയൊക്കെ നന്നായി അറിയാം. ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പാടാൻ ആഗ്രഹമുണ്ട്​. നിലവില്‍ അത്തരം അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡില്‍ അര്‍ജിത് സിങിനൊപ്പം പാടണമെന്നാണ് ആഗ്രഹം. മലയാളത്തില്‍ ഔസേപ്പച്ചന്‍ സാറിന്‍റെ പാട്ടുകൾ പാടണമെന്നും ആഗ്രഹമുണ്ട്' -നിത്യ പറയുന്നു.


മലയാളി ഗായികര്‍ക്ക് പാട്ടുപാടാനുള്ള അവസരം മലയാളത്തിലില്ലെന്നൊക്കെ ചിലർ പറയാറുണ്ട്​. കഴിവു​ണ്ടെങ്കിൽ സംഗീതത്തിന്​ ഭാഷ ഒരു തടസ്സമല്ലെന്നാണ്​ ഇക്കാര്യത്തിൽ നിത്യയുടെ നിരീക്ഷണം. 'സിനിമകളില്‍ ഇപ്പോള്‍ പാട്ടുകള്‍ കുറവാണ്. ഒരു സിനിമയില്‍ രണ്ടോ മൂന്നോ പാട്ടുകളേയുള്ളൂ. പക്ഷേ പണ്ടൊക്കെ ഓരോ സിനിമകളിലും അഞ്ചോ ആറോ പാട്ടുകളുണ്ടാവാറുണ്ട്. നിലവില്‍ അവസരങ്ങള്‍ പൊതുവെ കുറവാണ്. കോവിഡിന് ശേഷവും അങ്ങനെ തന്നെയാണ്. സംസ്ഥാന അവാര്‍ഡ് കിട്ടിയത് വലിയ അനുഗ്രഹമായി കാണുന്നു. പക്ഷേ, അവാര്‍ഡെന്ന് പറയുന്നത് ഒരാളുടെ കഴിവുകൊണ്ട് മാത്രമല്ല. ഒരു ടീമിന്‍റെ വിജയമാണ്​'-നിത്യ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Play Back singermusicianNithya Mammen
News Summary - Play Back singer Nithya Mammen's musical life
Next Story