കേളികൊട്ടുയരുന്ന കേരളം...

13:57 PM
01/11/2019
kerala-nature

കേരളത്തെ കുറിച്ചും ഹരിതാഭമാര്‍ന്ന പ്രകൃതിഭംഗിയെക്കുറിച്ചും പുഴകളെയും മലകളെയും കുറിച്ചും പാടാത്ത കവികളുണ്ടോ ? വസന്തം വിരുന്നെത്തുന്ന ഈ ഹരിതചാരുതീരം എക്കാലവും കവികളുടെ മനം കവര്‍ന്നതാണ്. എത്രയോ സിനിമാ ഗാനങ്ങള്‍ക്ക് നിദാനമായതാണ് ദൈവത്തിൻെറ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിൻെറ പ്രകൃതിസൗകുമാര്യം. സഹ്യനില്‍ തലചായ്ച്ച് സാഗരത്തില്‍ കൈ തൊട്ട് നിലകൊള്ളുന്ന കേരളനാടിൻെറ പ്രകൃതിഭാവങ്ങളെ കുറിച്ച് എങ്ങനെ വര്‍ണിച്ചാലാണ് മതിയാവുക. 

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം

കേരളത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്ന സിനിമാ ഗാനങ്ങളിലൊന്നാണിത്. കേളികൊട്ടുയരുന്ന കേരള നാടും പൂവണി പൊന്നുംചിങ്ങത്തിലെ പൂവിളിയുമെല്ലാം കവിഭാവനയില്‍ നിറയുന്നു. 1977ല്‍ പുറത്തിറങ്ങിയ മിനിമോള്‍ എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനമാണിത്. ജി. ദേവരാജ ന്റെ സംഗീതത്തില്‍ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണ 

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെൻെറ കേരളം എന്ന് എഴുതിയത് കവി യൂസഫലി കേച്ചേരിയാണ്. കേരളമാകുന്ന മണിവീണയുടെ തന്ത്രികളില്‍ സ്വരസാന്ത്വനം ഉണര്‍ത്തുകയാണ് നീലസാഗരമെന്ന് കവിഭാവന. 2001ല്‍ ഇറങ്ങിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയിലേതാണ് ഈ ഗാനം. മോഹന്‍ സിത്താര ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസ് ആണ്. 

 

കേരനിരകളാടും ഒരു ഹരിതചാരു തീരം

2004ല്‍ പുറത്തിറങ്ങിയ ജലോത്സവം എന്ന സിനിമക്ക് വേണ്ടി ബി.ആര്‍. പ്രസാദ് രചിച്ച് അല്‍ഫോന്‍സ് ജോസഫ് സംഗീതം നിര്‍വഹിച്ച ഗാനമാണിത്. കുട്ടനാടന്‍ ഗ്രാമഭംഗിയും പ്രകൃതിസൗന്ദര്യവും ആസ്വദിച്ച് വര്‍ണിക്കുകയാണ് കവി. പുഴയോരവും കവിതപാടും കായലും വയലേലകളും വള്ളംകളിയുമെല്ലാം പാട്ടില്‍ കടന്നുവരുന്നു. പി. ജയചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

മലയാള ഭാഷ തന്‍ മാദകഭംഗി നിന്‍...

ജി. ദേവരാജനും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്ന് മലയാളിക്ക് സമ്മാനിച്ച മനോഹര ഗാനങ്ങളിലൊന്നാണ് പ്രേതങ്ങളുടെ താഴ വര എന്ന സിനിമയിലെ മലയാള ഭാഷ തന്‍ മാദകഭംഗി നിന്‍ മലര്‍മന്ദഹാസമായി വിരിയുന്നു എന്ന ഗാനം. പ്രകൃതിയാകുന്ന കാമുകിയോട് പാടുകയാണ് കവി. പി. ജയചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്

മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനങ്ങളിലൊന്ന്. മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് നില്‍ക്കുന്ന പ്രിയ നാടിനെ ഓര്‍ത്ത് വിദൂരദേശത്തിലെങ്ങോ കഴിയുന്ന നായകന്‍ പാടുകയാണ്. 1963ല്‍ പുറത്തിറങ്ങിയ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രതത്തിലെ ഗാനമാണിത്. പി. ഭാസ്‌കരൻെറ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.എസ്. ബാബുരാജാണ്. പി.ബി. ശ്രീനിവാസാണ് ആലപിച്ചിരിക്കുന്നത്. 

ഇനിയുമെത്രയോ ഗാനങ്ങള് കവികളുടെ തൂലികയില് നിന്നും കൈരളിയെ കുറിച്ച് പിറവിയെടുത്തിട്ടുണ്ട്. മലയാള നാടെന്ന വികാരം മനുഷ്യനുള്ള കാലത്തോളം നിലനില്ക്കുമെന്നതിനാല് ഈ ഗാനങ്ങള്ക്കും മരണമില്ല. 

Loading...
COMMENTS