Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightഓർമകൾ...

ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...

text_fields
bookmark_border
ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...
cancel

ഗൃഹാതുരത്വം മലയാളികളുടെ ഒരു ദൗർബല്യമാണെന്ന്​ തോന്നാറുണ്ട്​ പലപ്പോഴും. ‘എ​​െൻറയൊക്കെ ചെറുപ്പകാലത്ത്...’ എന്നുതുടങ്ങുന്ന സംഭാഷണങ്ങൾ ഒരമ്പത്​ വയസ്സ്​ കഴിഞ്ഞവർ തമ്മിൽ സാധാരണമാണ്. ഫേസ്​ബുക്കും വാട്​സ്​ആപ്പും വന്നപ്പോഴും നഷ്​ടമായ കാലത്തെക്കുറിച്ചുള്ള ഓർമകൾ കൈവിടാൻ ചിലരെങ്കിലും തയാറായില്ല. പ്ലാവിലത്തൊപ്പിയും പ്ലാവില കുമ്പിളും കടലാസുതോണിയും ഉരലും ഉറിയും മഷിപ്പേനയുമൊക്കെ ചിത്രങ്ങളായി മൊബൈൽ സ്​ക്രീനിൽ പുനരവതരിച്ച്​ നമ്മുടെ ഓർമകളെ ഉണർത്തിക്കൊണ്ടിരുന്നു. 

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള നഷ്​ടബോധം സാഹിത്യത്തിലും ഒഴിവാക്കാനാവാത്ത ചേരുവയായിരുന്നു എല്ലാ കാലത്തും. ഓർമകൾ മാത്രമായി​ ഒരു സാഹിത്യശാഖതന്നെ അടുത്തകാലത്ത്​ ഉയർന്നുവന്നു. സാഹിത്യകൃതികളുടെ നിഴൽ വീണുകിടന്നിരുന്ന സിനിമകളാവ​ട്ടെ ഇതിവൃത്തത്തിലും പാട്ടിലുമെല്ലാം പോയകാലത്തി​​െൻറ ഓർമകളെ വരികളിൽ ആവാഹിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. കറുപ്പിലും വെളുപ്പിലും മലയാള സിനിമ പിച്ചവെച്ചു​നടന്ന കാലം മുതൽതന്നെ നഷ്​ടവസന്തങ്ങളെ ഒാർത്തുപാടാത്ത നായകന്മാരോ നായികമാരോ ഉണ്ടായിരുന്നില്ല.

ഇത്തരം ഗാനങ്ങളെക്കുറിച്ച്​ പറയു​​േമ്പാൾ  ആദ്യം ഒാർമയിലെത്തുന്ന ഒരു ഗാനം 1963ൽ എൻ.എൻ. പിഷാരടി സംവിധാനം ചെയ്​ത  ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന സിനിമയിലെ,
‘മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്, കൊച്ചു
മലയാളമെന്നൊരു നാടുണ്ട്’ 
എന്ന ഗാനമാണ്​. ഇതര ദേശത്ത്​ കഴിയുന്ന നായക​​െൻറ സ്വന്തം നാടിനെക്കുറിച്ചുള്ള ആത്മനൊമ്പരം വരികളായെഴുതിയത്​ പി. ഭാസ്​കരനാണ്​.

ബാബുക്കയുടെ സംഗീതവും പി.ബി. ശ്രീനിവാസ​​െൻറ ശബ്​ദവും ചേർന്ന്​ ഹിറ്റാക്കി മാറ്റിയ ഇൗ ഗാനത്തിൽ അഭിനേതാവ്​ ത​​െൻറ പ്രണയിനിയെക്കുറിച്ചും പറയുന്നുണ്ട്​, തുടർന്നുള്ള വരികളിൽ.
‘വീടി​​െൻറയുമ്മറത്ത് വിളക്കുകൊളുത്തിയെ​​െൻറ
വരവുംകാത്തിരിക്കുന്ന പെണ്ണുണ്ട്
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്’
എന്നുപാടു​േമ്പാൾ നഷ്​ടബോധത്തി​​െൻറ പരകോടിയിലെത്തുകയാണ്​ പാടുന്നയാൾ.

ഗാനരചയിതാവായ പി. ഭാസ്​ക​രൻ മാസ്​റ്റർ ഇതേ ആശയം വർഷങ്ങൾക്കുശേഷം മറ്റൊരു രീതിയിലും എഴുതിയിട്ടുണ്ട്​.  1970ൽ ദേശീയോദ്​ഗ്രഥനത്തിനുള്ള ദേശീയ അവാർഡ്​ നേടിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ
‘നാളികേരത്തി​​െൻറ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്​’ 
എന്ന പ്രശസ്​തമായ ​ഗാനമാണത്​. പി. ഭാസ്​കരൻതന്നെയാണ്​ സിനിമയുടെ സംവിധാനവും നിർവഹിച്ചത്. അക്കാലത്ത്​ മദിരാശി എന്നറിയപ്പെട്ടിരുന്ന ചെന്നൈയിൽവെച്ച്​ ആത്മസുഹൃത്തുക്കളാവുന്ന ബാപ്പു (പ്രേംനസീർ), വാസു (മധു) എന്നിവരുടെ കഥയാണ്​ സിനിമയുടെ ഇതിവൃത്തം. ഹിന്ദു-മുസ്​ലിം മൈത്രിയുടെ നൈർമല്യമുള്ള സിനിമയിൽ നഗരത്തിലെ മുറിയിലിരുന്ന്​ പാടുന്ന ബാപ്പുവി​​െൻറ നാടിനെക്കുറിച്ചുള്ള ഒാർമകളാണ്​ ഇൗ പാട്ട്​ നിറയെ. 
‘നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു ​പെണ്ണുണ്ട്​’ 
എന്ന വരികൾ ‘കൈതപ്പൂനിറമുള്ള കവിളത്തുമറുകുള്ള കരിനീലക്കണ്ണുള്ള പെണ്ണുണ്ട്’ എന്ന വരികൾക്ക്​ സമാനമാണ്​. അതുപോ​ലെതന്നെ  ‘നിണമണിഞ്ഞ കാൽപാടുകളി’ലെ പാട്ടിലെ
‘കായലും പുഴകളും കതിരണിവയലിനു
കസവിട്ടുചിരിക്കുമാ ദേശത്ത്
തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത്
കിളിക്കൂടുപോലൊരു വീടുണ്ട് -കൊച്ചു
കിളിക്കൂടുപോലൊരു വീടുണ്ട്...’ 
എന്ന വരികളുടെ ആശയവും രണ്ടാമത്തെ ഗാനത്തിൽ ആവർത്തിക്കുന്നുണ്ട്​. അതിങ്ങനെയാണ്​.
‘നാരായണക്കിളിക്കൂടു പോലുള്ളൊരു 
നാലുകാലോലപ്പുരയുണ്ട്‌.’  
സൂക്ഷിച്ചുനോക്കിയാൽ രണ്ടു ഗാനങ്ങളും തമ്മിൽ അത്ഭുതകരമായ സാമ്യങ്ങൾ നമുക്ക്​ കണ്ടെത്താനാവും. 

1975ൽ പുറത്തിറങ്ങിയ ‘ആരണ്യകാണ്ഡം’ എന്ന ചിത്രത്തിലുമുണ്ട്​ മനംകവരുന്നൊരു ​ഒാർമകളുടെ ഗാനം. പി. ഭാസ്​കരൻ-എ.ടി. ഉമ്മർ കൂട്ടുകെട്ടിൽ പിറന്ന
‘ഈ വഴിയും ഈ മരത്തണലും 
പൂവണിമരതകപ്പുൽമെത്തയും 
കൽപനയെ പിറകോട്ടു ക്ഷണിക്കുന്നു 
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു...’
എന്ന ഗാനവും വിലപിക്കുന്നത്​ നഷ്​ടമായ കഴിഞ്ഞ കാലത്തെക്കുറിച്ച്​ ഒാർത്തുകൊണ്ടാണ്​. ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞിമരച്ചോട്ടിലിരുന്ന കാലമാണ്​ ഇതിലെ വരികളിൽ തെളിയുന്നത്​.

ഇത്തരത്തിൽ നഷ്​ടബോധങ്ങളുടെ ചുരുക്കെഴുത്തായി ഗാനങ്ങൾ മാറു​േമ്പാൾ പാട്ടുകളെക്കുറിച്ച്​ ഗൗരവമായി ചിന്തിക്കാത്തവർപോലും ഒാർമിക്കുന്ന ഒരു ഗാനം എഴുതിയത്​ ഒ.എൻ.വി കുറുപ്പാണ്​. 1982ൽ തിയറ്ററുകളിലെത്തിയ ലെനിൻ രാജേന്ദ്ര​​െൻറ ‘ചില്ല്​’ എന്ന സിനിമയിലെ ഇൗ കവിതതുളുമ്പുന്ന 
‘ഒരു വട്ടംകൂടിയെന്‍ ഓർമകള്‍ മേയുന്ന 
തിരുമുറ്റത്തെത്തുവാന്‍ മോഹം’
എന്ന ഗാനം ചിട്ടപ്പെടുത്തിയത്​ എം.ബി. ശ്രീനിവാസാണ്​.
സിനിമയിൽ വേണു നാഗവള്ളിയും ശാന്തികൃഷ്​ണയും ഒറ്റക്കൊറ്റക്ക്​ ആലപിക്കുന്ന ഇതിലെ വരികൾ പാടിയത്​ യേശുദാസും എസ്​. ജാനകിയുമാണ്. ഓർമകളുള്ള കാലം വരെ സംഗീതസ്​നേഹികൾ മധുരത്തോടെയും നൊമ്പരത്തോടെയും ഒാർക്കുന്ന ഇൗ ഗാനത്തിൽ മുറ്റത്തുനിൽക്കുന്ന നെല്ലിമരവും പുഴയും കുയിലും എല്ലാം കടന്നുവരുന്നു. 
‘വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം’ എന്നുകൂടി എഴുതിയാണ്​ ഒ.എൻ.വി പാട്ട്​ അവസാനിപ്പിക്കുന്നത്​. 

ഇതുപോലെതന്നെ കുട്ടിക്കാലത്തെ, കേൾവിക്കാര​​െൻറ മനസ്സിലേക്ക്​ ആവാഹിക്കുന്ന മറ്റൊരു സൃഷ്​ടിയാണ്​ ‘ഏകാന്തം’ എന്ന സിനിമക്കുവേണ്ടി മോഹന രാഗത്തിൽ കൈ​തപ്രം സഹോദരങ്ങൾ ഒരുക്കിയ
‘കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം (2)
ആടി കാറ്റായോ പായും പ്രായം (2)
അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം’ 
2007ലെ ദേശീയ അവാർഡുകളിൽ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്​കാരം മധു കൈതപ്രത്തിനും അഭിനയത്തിനുള്ള സ്​പെഷൽ ജൂറി അവാർഡ്​ തിലകനും നേടിക്കൊടുത്ത ചിത്രം പക്ഷേ, കച്ചവട സിനിമയുടെ കൂട്ടത്തിലല്ലാത്തതുകൊണ്ടാവാം സാധാരണക്കാരായ പ്രേക്ഷകർ അധികം ശ്രദ്ധിച്ചില്ല. അതേസമയം, ഗാനം ഹിറ്റാവുകയും ചെയ്​തു. കൈ​തപ്രത്തി​െൻറ വരികൾക്ക്​ കൈതപ്രം വിശ്വനാഥനാണ്​ ഇൗണമിട്ടിരിക്കുന്നത്​.
2009ൽ യേശുദാസിന്​ സംസ്ഥാന അവാർഡ്​ നേടിക്കൊടുത്ത ‘മധ്യവേനൽ’ എന്ന ചിത്രത്തിനുപിറകിലും കൈതപ്രം കുടുംബംതന്നെയാണ്​.
‘സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്നുപോകാന്‍ മോഹമില്ലാത്തവരുണ്ടോ?
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ?’
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക്​ സംഗീതം നൽകിയത്​ കൈതപ്രം വിശ്വനാഥനാണ്​. ഒളമാവിന്‍ തണലും തറവാടും പുരയും അമ്മ വിളമ്പിയ ചോറുമെല്ലാം കടന്നുവരുന്ന ഇതിലെ വരികൾ ഒടുവിൽ ചോദിക്കുന്നത്​, ‘എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം, എന്‍ ബാല്യം തിരികെ തരുമോ’ എന്നാണ്​.

1995ൽ എസ്​.എൻ. സ്വാമി എഴുതി കെ. മധു സംവിധാനം ചെയ്​ത ‘ഒരു അഭിഭാഷക​​െൻറ കേസ്​ ഡയറി’ എന്ന ത്രില്ലർ സിനിമയിലുമുണ്ട്​ പോയകാലത്തെ ഒാർമയിലേക്ക്​ കൊണ്ടുവരുന്ന ഒരു മനോഹര ഗാനം. ഷിബു ചക്രവർത്തി-രവീന്ദ്രൻ മാസ്​റ്റർ കൂട്ടുകെട്ടിൽ പിറന്ന ഇൗ ഗാനം, ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻമാമ്പഴം ഒരുമിച്ചു പങ്കിട്ട കാലത്തെയും ഒരുമിച്ചു പങ്കിട്ട ബാല്യകാലത്തെയും കുറിച്ചാണ്​ പറയുന്നത്​. 
‘മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിൻ ചോട്ടിൽ’
എന്ന ഗാനത്തി​​െൻറ ഭാവവും സ്വഭാവവും ആ സിനിമയുടെ ​കഥയോടോ സന്ദർഭങ്ങളോടോ ഇണങ്ങുന്നതല്ലെങ്കിലും അതിലെ ഗൃഹാതുരത്വത്തി​​െൻറ വരികൾ ആസ്വാദകർ നെഞ്ചേറ്റുകതന്നെ ചെയ്​തു. 

ഇക്കൂട്ടത്തിൽ പുതിയ പാട്ടുകളിൽ എക്കാലത്തെയും ഹിറ്റായിമാറിയ ഒരു ഗാനമാണ്​ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ഷിബു ചക്രവർത്തി-ഒൗസേപ്പച്ചൻ-എം.ജി. ശ്രീകുമാർ ടീം ഒരുക്കിയ 
‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ’ 
എന്ന ഗാനം. മോഹന രാഗത്തിൽതന്നെയാണ്​ ഇൗ ഗാനവും പിറവിയെടുത്തിരിക്കുന്നത്​. ശ്രീനിവാസൻ-പ്രിയദർശൻ ഹിറ്റുകളിൽ ഹാസ്യം നിറഞ്ഞുനിൽക്കുന്ന ഇൗ സിനിമ 1988ൽ മികച്ച പ്രദർശന വിജയം നേടുകയും ചെയ്​തു.

ഇൗ ഗാനം കൂടുതൽ വരികളോടെ ചിത്രയുമായി ചേർന്നുപാടുന്ന യുഗ്മഗാനവുമുണ്ട്​ സിനിമയിൽ. ഇൗ യുഗ്മഗാനത്തിലാണ്​ ഷിബു ചക്രവർത്തിക്ക്​ ഏറെ പ്രശംസ നേടിക്കൊടുത്ത
‘കർക്കിടരാവി​​െൻറ കൽപ്പടവിൽ വന്നു
കാലം കടലാസുതോണി കളിച്ചു
കർക്കിടരാവി​​െൻറ കൽപടവിൽ വന്നു
കാലം കടലാസുതോണി കളിച്ചു
രാവുവെളുക്കുവാൻ ചോരുന്ന കൂരയിൽ
കൂനിയിരുന്നു ബാല്യം
ഇന്നും ഓർമകൾക്കെന്തുബാല്യം’ 
എന്ന വരികളുള്ളത്​.

അന്വേഷിച്ചുപോയാൽ ഒാർമകളുടെ ഒരു കടൽതന്നെ നമ്മുടെ ഗാനശാഖയിൽ കണ്ടെത്താനാവും. ‘ഒരു നാൾ വരും’ എന്ന സിനിമക്ക്​ വേണ്ടി ഗായിക സുജാതയുടെ മകൾ ശ്വേതയും എം.ജി. ശ്രീകുമാറും വേറെ വേറെ ആലപിച്ച ‘മാവിന്‍ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം’, രണ്ടു ജന്മം എന്ന സിനിമയിൽ കാവാലം വരികളെഴുതി എം.ജി. രാധാകൃഷ്​ണൻ സംഗീതം പകർന്ന ‘ഓർമകൾ ഓർമകൾ... ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ...’, പ്രതീക്ഷ എന്ന സിനിമക്കായി സലിൽ ചൗധരിയും ഒ.എൻ.വിയും ചേർന്നൊരുക്കി യേശുദാസ്​ പാടിയ ‘ഓർമകളേ കൈവളചാര്‍ത്തി വരൂ വിമൂകമീ വേദി... ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ’, ബാലചന്ദ്ര മേനോ​​െൻറ ‘ആരാ​​െൻറ മുല്ല കൊച്ചുമുല്ല’ക്കായി മധു ആലപ്പുഴയുടെ രചനക്ക്​ ആലപ്പി രംഗനാഥ്​ ചിട്ടപ്പെടുത്തിയ ‘ശാലീനസൗന്ദര്യമേ കരളില്‍പ്പതിഞ്ഞുകിടക്കുമേ മായാതെ... കറയറ്റ ചാരുതയെന്നുമെന്നും ആ ശാലീനസൗന്ദര്യമേ...’ തുടങ്ങിയ ഗാനങ്ങളെല്ലാം നമ്മെ കഴിഞ്ഞകാലത്തി​​​െൻറ ഒാർമകളിലേക്ക്​ കൊണ്ടുപോകുന്നവയാണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsnostalgia
News Summary - Nostalgia songs from Malayalam cinema
Next Story