കര്‍ണാടക സംഗീതത്തിന്‍റെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയും ആലാപനത്തിലെ സമ്മോഹന ശൈലികളിലൂടെ സംഗീത ഹൃദയങ്ങളെ നാദഭരിതമാക്കുകയും ചെയ്ത അടൂര്‍ പി. സുദര്‍ശനന്‍. 2016ല്‍ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ (കര്‍ണാടക സംഗീതം) പുരസ്കാരവും കര്‍ണാടക സംഗീതരംഗത്തെ മികച്ച സംഭാവനകള്‍ക്ക് കൊച്ചി ഇടപ്പള്ളി സംഗീത സഭ ഏര്‍പ്പെടുത്തിയ 20114ലെ നെയ്യാറ്റിന്‍കര വാസുദേവന്‍ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായിരുന്നു. അടൂര്‍ ഗിരിപ്രിയയില്‍ പീതാംബരന്‍, ലക്ഷ്മി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനായി 1966 മെയ് 25ന് ജനിച്ചു. സുമ, സുനിത എന്നിവരാണ് സുദര്‍ശനന്‍റെ സഹോദരിമാര്‍. സുനിത അധ്യാപികയാണ്. നെടുമണ്‍ ഗവ. എല്‍.പി.എസില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പറക്കോട് പി.ജി.എം ഹൈസ്കൂളില്‍ തുടര്‍ പഠനം നടത്തിയപ്പോഴും കുടുംബത്തിലെ സാമ്പത്തിക പരാധീനത മൂലം സംഗീതപഠനം നടത്താന്‍ സുദര്‍ശനന് കഴിഞ്ഞില്ല. എന്നാല്‍ റേഡിയോയില്‍ കേട്ടു പഠിച്ച കീര്‍ത്തനം ആലപിച്ച് പത്താം വയസില്‍ കച്ചേരി നടത്തിയ സുദര്‍ശനന്‍ പ്രീഡിഗ്രിക്ക് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ പഠനത്തിനു ശേഷം 1984 ലാണ് ഗുരുവിന്‍റെ മുന്നില്‍ സംഗീതം അഭ്യസിക്കുന്നത്.
വീട്ടില്‍ നിന്ന് കാല്‍നടയായി 15 കി.മീറ്ററിലേറെ താണ്ടി കലഞ്ഞൂരിലെത്തിയാണ് സുദര്‍ശനന്‍ സംഗീത പഠനം സാക്ഷാത്കരിച്ചിരുന്നത്. കലഞ്ഞൂര്‍ ടി.ആര്‍ ചന്ദ്രശേഖരന്‍ നായരായിരുന്നു ആദ്യ ഗുരു. ചന്ദ്രശേഖരന്‍ മാഷിന്‍റെ മുന്നില്‍ ചെല്ലാന്‍ പേടി ആയിരുന്നതിനാല്‍ മറ്റു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് പുറത്ത് ഒളിഞ്ഞു നിന്നു കേട്ട് പ്രാക്ടീസ് ചെയ്താണ് സംഗീതം ഹൃദിസ്ഥമാക്കിയിരുന്നത്. തുടര്‍ന്ന് പ്രഫ. കെ.പി പങ്കജം, നെയ്യാറ്റിന്‍കര എം.കെ മോഹനചന്ദ്രന്‍ എന്നിവരുടെ ശിക്ഷണത്തിലും സംഗീതം പഠിച്ചു. പാലക്കാട് ചെമ്പൈ ഗവ. സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണവും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനപ്രവീണയും തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് സംഗീതത്തില്‍ എം.എ ഒന്നാം റാങ്കോടെയും കരസ്ഥമാക്കിയ സുദര്‍ശനന്‍ ഉയരങ്ങളിലെത്തിയപ്പോഴും താന്‍ ജനിച്ചു വളര്‍ന്ന കുടുംബവും കഷ്ടപ്പാടുകളും മറന്ന് തെല്ലും അഹങ്കരിച്ചില്ല. ആകാശവാണിയിലും ദൂരദര്‍ശനിലും കര്‍ണാടക സംഗീത വിഭാഗത്തിലെ എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റായ ഇദ്ദേഹം ഈ ഗ്രേഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ആളുമാണ്.
ബി. അരുന്ധതി, രംഗനാഥ ശര്‍മ തുടങ്ങിയ ഗായകരുള്‍പ്പെടെ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് എ ടോപ്പ് ഗ്രേഡുള്ളത്. 25 വര്‍ഷമായി 3000 ലേറെ ശിഷ്യഗണങ്ങളെ സംഗീതം അഭ്യസിപ്പിച്ച സുദര്‍ശനന്‍ അടൂരിലെ ഹ്മസപര്യ ഹെറിട്ടേജ് ഓഫ് മ്യൂസിക് ഫൗണ്ടേഷന്‍ ഡയറക്ടറും കണ്ണൂര്‍ ഭാസ്കര കോളജ് ഓഫ് ആര്‍ട്സ് ലക്ചററുമാണ്. ലോകപ്രശസ്തയായ നര്‍ത്തകി ശാന്താ ധനഞ്ജയനാണ് ഭാസ്കര കോളജിന്‍റെ സാരഥി. ഇന്‍ഡ്യക്കകത്തും പുറത്തും ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ എന്നിവിടങ്ങളിലും 2000 ത്തിലേറെ വേദികളില്‍ സംഗീതസദസ് അവതരിപ്പിച്ചിട്ടുള്ള സുദര്‍ശനന് 3000ലേറെ ശിഷ്യഗണങ്ങളുമുണ്ട്. മൃദംഗവിദ്വാന്മാരായ ഡോ. ടി.കെ മൂര്‍ത്തി, ഉമയാള്‍പുരം ശിവരാമന്‍, മണ്ണാര്‍കുടി ഈശ്വരന്‍, ഗുരുവായൂര്‍ ദുരൈ, പത്രി സതീഷ്, മാവേലിക്കര വേലുക്കുട്ടി നായര്‍, മാവേലിക്കര എസ്.ആര്‍ രാജു എന്നിവരോടൊപ്പവും പ്രശസ്ത വയലിനിസ്റ്റുകളായ ഡോ. എം. ചന്ദ്രശേഖരന്‍, നാഗൈ മുരളി, ടി.കെ.വി രാമാനുജ ആചാരുലു, ബി. ശശികുമാര്‍, വി.വി രവി എന്നിവരോടൊപ്പവും സംഗീതസദസ് അവതരിപ്പിച്ചിട്ടുള്ള സുദര്‍ശനന്‍ ആകാശവാണിയുടെ ദേശീയ സംഗീത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
2002ല്‍ സ്വാതി തിരുനാള്‍ കൃതികളുടെ ഗവേഷണത്തിന് കേന്ദ്ര ഫെലോഷിപ്പ്, ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്‍റെ പ്രഥമ ഗാനപൂര്‍ണശ്രീ പുരസ്കാരം, 2000ത്തില്‍ ചിദംബരം ഹ്മഇസൈ പെരുങ്കോവന്‍ പുരസ്കാരം, 2006ല്‍ വൈക്കത്ത് മഹാദേവ അഷ്ടമിവിഴയുടെ മധുരഗാനസുധന്ധ അവാര്‍ഡ്, 2009ല്‍ മന്നം സാസ്കാരിക സമിതിയുടെ ഗാനകലാനിധി അവാര്‍ഡ്, 2012ൽ പഞ്ചരത്ന പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഗാനസുധാരസം എന്ന ഗ്രനഥവും ഇദ്ദേഹം പാടിയ ഭവപ്രിയ, തിരുവടി ശരണം എന്നീ ഓഡിയോ സി.ഡികളും പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ത്യാഗരാജസ്വാമി കൃതികളുടെ ശേഖരം പാടി റെക്കോര്‍ഡു ചെയ്യുന്ന ദൗത്യത്തിലാണ.് വേറിട്ടു നില്‍ക്കുന്ന ആലാപന ശൈലിയും സ്വരമാധുരിയും സുദര്‍ശനനെ കര്‍ണാടക സംഗീതത്തില്‍ ഉയരങ്ങളിലെത്തിച്ചു.
ദേശീയോദ്ഗ്രഥനം കലകളിലൂടെ എന്ന ലക്ഷ്യമാണ് സുദര്‍ശനന്‍ സപര്യ എന്ന സ്ഥാപനത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. സപര്യയുടെ വരുമാനത്തിന്‍റെ ഒരു ഭാഗം നല്‍കി നിര്‍ധനരായ അര്‍ബുദ രോഗികളെ സഹായിക്കുന്നുണ്ട്. പത്മഭൂഷണ്‍ മധുരൈ ടി.എന്‍ ശേഷഗോപാലന്‍, മുടിക്കെണ്ടാന്‍ രമേശന്‍, സംഗീത കലാനിധി ടി.കെ മൂര്‍ത്തി, ഗുരുവായൂര്‍ ദുരൈ എന്നിവര്‍ ഇവിടെ ക്ലാസെടുത്തിട്ടുണ്ട്. സംഗീതം മാനസിക, ശാരീരിക ആരോഗ്യത്തിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് യുനെസ്കോക്കു വേണ്ടി പഠനം നടത്തുന്ന ഡോ. പ്രീതി, റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ഗായകര്‍ രാജലക്ഷ്മി, സിദ്ധാര്‍ഥ്, ആതിര മുരളി, അര്‍ജുന്‍ കൃഷ്ണ, ആദര്‍ശ്, വൈശാലി എന്നിവര്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യരാണ്. ഭാര്യ: ബീനയും സപര്യയില്‍ സംഗീത അധ്യാപികയാണ്. മക്കള്‍: ഗാനമൂര്‍ത്തി, സാംബമൂര്‍ത്തി.