പാടുന്നു... ഉദയചന്ദ്രിക

KP-Udayabhanu-180819.jpg

കെ.പി. ഉദയഭാനു എന്ന മഹാനായ ഗായകൻ എ​​െൻറയുള്ളിൽ അലയടിക്കുന്നത്​ ‘‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയെന്യേ...’’ എന്ന അസാധാരണമായ ഗാനാലാപനമായാണ്​. ചങ്ങമ്പുഴയുടെ വരികൾക്ക്​ അതർഹിക്കുന്ന ഗൗരവവും സൗന്ദര്യവുമുൾക്കൊണ്ടുതന്നെയാണ്​ രാഘവൻ മാസ്​റ്റർ ഇൗണം ചമച്ചത്​. കവിയുടെ കവിതയുടെയും സംഗീതസംവിധായക​​െൻറ ഇൗണത്തി​​െൻറയും മേലേ, അത്ഭുതകരമായ ആ നാദം ഗാന​ത്തെ ഉയർത്തിപ്പിടിച്ചു. ആഴവും മുഴക്കവും വേദനയുടെ ഒരു നേർത്ത തേങ്ങലുമുള്ള ആ നാദം, പച്ചയായ മനുഷ്യ​​െൻറ ഹൃദയവികാരങ്ങളെ പ്രതിഫലിപ്പിക്കാൻ എന്നും പര്യാപ്​തമായിരുന്നു. കവിതയെയും സംഗീതത്തെയും സമന്വയിപ്പിച്ചുകൊണ്ട്​ ആ സ്വരവൈഖരി രണ്ടിനെയും അതിശയിക്കുന്ന ഒരു വികാരപ്രപഞ്ചത്തെ സൃഷ്​ടിച്ചുകൊണ്ടിരുന്നു; പ്രത്യേകിച്ചും ശോകഗാനങ്ങളിൽ.

‘നിണമണിഞ്ഞ കാൽപാടുകളി’ൽ പി. ഭാസ്​കരൻ-ബാബുരാജ്​ ടീമി​​െൻറ 
‘‘അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തീർന്നു...
അരങ്ങിതിലാളൊഴിഞ്ഞു,
കാണികൾ വേർപിരിഞ്ഞു...’’
ഇൗ ഗാനം ഉദയഭാനുവിനു മാത്രം പാടാനാവുന്ന ഒരു സൃഷ്​ടിയാണ്​. ഭാസ്​കരൻ മാഷി​​െൻറ കവിതയെയും ബാബുക്കയുടെ ഇൗണത്തെയും അവയുടെ അർഥ-ഭാവസത്തകളെയും ആത്മാവിൽ കോരിയെടുത്തു വിളമ്പുന്ന ആലാപനം. ‘അനുരാഗ നാടകത്തി​​െൻറ’ കീഴ്​സ്​ഥായിയിലേക്കുള്ള സഞ്ചാരം ജീവിതനാടകത്തി​​െൻറ ആഴം അനുഭവിപ്പിക്കുന്നു.

അതുപോലെ അനുരാഗത്തി​​െൻറ അന്ത്യംപകരുന്ന വേദനയും വേപഥുവും ആവിഷ്​കരിക്കുകയും ആത്മാവിനെ ആളൊഴിഞ്ഞ ഒരു മഹാനിശ്ശബ്​ദതയാൽ ആവരണം ചെയ്യുകയും ചെയ്യുന്നു. ‘ലൈലാമജ്നു’വിലെ ‘ചുടുകണ്ണീരാലൊരു’ എന്നു തുടങ്ങുന്ന ഗാനവും ഇൗ ഗാനങ്ങളോടു ചേർത്തുവെ​ക്കാവുന്നതാണ്​. ‘എന്തിനിത്ര പഞ്ചസാര’, ‘പൊ ൻവളയില്ലെങ്കിലും’ തുടങ്ങി പ്രണയമധുരം ചാലിച്ച പാട്ടുകളും ആ നാദത്തിൽ പിറന്നിട്ടുണ്ട്​.

KP-Udhayabhanu-2180719.jpg

പാലക്കാട്​ ജില്ലയിലെ തരൂർ ഗ്രാമത്തിലുള്ള കിഴക്കേപ്പട വീട്ടിൽ ജനിച്ച ഉദയഭാനു കർണാടകസംഗീതത്തിലെ മഹാവിസ്​മയമായ എം.ഡി. രാമനാഥ​​െൻറ ശിഷ്യനായിരുന്നു. എം.ഡി.ആറി​​െൻറ ശബ്​ദത്തി​​െൻറ ഏതോ ഒരു ഘടകത്തി​​െൻറ സാമ്യം ഉദയഭാനുവി​​െൻറ നാദത്തിലും ഉണ്ടായിരുന്നത്​ ആ സഹവാസംകൊണ്ടുതന്നെയാവണം. അറുപതിൽപരം ഗാനങ്ങൾ സിനിമക്കായി പാടിയ കെ.പി. ഉദയഭാനു എന്ന ഗായകനെ അറിയാത്ത മലയാള സംഗീതാസ്വാദകർ അത്യപൂർവമായിരിക്കും.

എന്നാൽ, ഉദയഭാനു എന്ന സംഗീതസംവിധായകനെ എത്ര മലയാളികൾക്കറിയാം? കവിതയുടെ ആത്മാവ്​ തൊട്ടറിഞ്ഞാണ്​ അദ്ദേഹം ഇൗണങ്ങൾ തീർത്തത്​. സമസ്യ, നിഴലുകൾ രൂപങ്ങൾ, മയിൽപ്പീലി, ചുണക്കുട്ടികൾ, വെളിച്ചമില്ലാത്ത വീഥി, ഇതുനല്ല  തമാശ എന്നീ ആറു ചലച്ചിത്രങ്ങളിലാണ്​ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചത്​.

എന്നാൽ, ആകാശവാണിക്കായി അദ്ദേഹം മോഹനങ്ങളായ നിരവധി ലളിതഗാനങ്ങൾക്ക്​ ഇൗണമിട്ടു. 1976ൽ പുറത്തിറങ്ങിയ ‘സമസ്യ’ എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനം മതി കെ.പി. ഉദയഭാനു എന്ന സംഗീതസംവിധായകനെ നമുക്കു ഹൃദയത്തിൽ പ്രതിഷ്​ഠിക്കാൻ. ഒ.എൻ.വിയുടെ സരളമായ കവിതക്ക്​ അദ്ദേഹം നൽകിയിരിക്കുന്നത്​ അനന്യമായ സംഗീതാവിഷ്​കാരമാണ്​. 
‘‘കിളിചിലച്ചു... കിലുകിലെ കൈവള ചിരിച്ചു
കളമൊഴി നിൻ കൈയിലൊരു
കുളിരുമ്മ വച്ചു...’’

പല്ലവിക്കും അനുപല്ലവിക്കും ചരണത്തിനുമെല്ലാം വേറിട്ടതെങ്കിലും ഒരേ ഭാവത്തി​​െൻറ ഉള്ളുറവയാൽ ഇണക്കുന്ന അനുപമമായൊരു ചാരുതയുണ്ട്​. പശ്ചാത്തലത്തിലെ ഷഹ്​നായിയുടെ ഒഴുക്കും ചെറുകിലുക്കങ്ങളും എത്ര ഹൃദ്യമായി വിന്യസിച്ചിരിക്കുന്നു! ഇൗ പാട്ട്​ ശ്രദ്ധിച്ചവർക്ക്​ ഒരു കാര്യം വ്യക്തമാവും. എം.ഡി.ആറി​​െൻറ സ്​കൂളിൽ കർണാട്ടിക്​ ക്ലാസിക്കൽ അഭ്യസിച്ച ഒരു  പഴയകാല ഗായക​​െൻറ മട്ടല്ല ഇൗ ഗാനശിൽപത്തിനെന്ന്​. ഉദയഭാനുവിലെ ആധുനികമായ സംഗീത ഭാവുകത്വമാണ്​ ഇൗ നിർമിതിയിൽ പ്രതിഫലിക്കുന്നത്​.

KP-Udayabhanu-3180819.jpg

‘മയിൽപ്പീലി’ എന്ന ചിത്രത്തിലും ഒ.എൻ.വി-ഉദയഭാനു-യേശുദാസ്​ കൂട്ടുകെട്ടി​​െൻറ മാന്തളിർപ്പട്ടുപോലൊരു ഗാനമുണ്ട്​. കവിതയെ, കാവ്യാർഥ​െത്ത ഒട്ടും ​േചാരാതെ അനുവാചകനിലെത്തിക്കാൻ രാഗത്തി​​െൻറ തരളഭാവവും മിശ്രതാളത്തി​​െൻറ വിളംബവും സൂക്ഷ്​മതയോടെ കൊരുത്തിരിക്കുന്നു. 
‘‘മാന്തളിരി​​െൻറ പട്ടിളംതാളിൽ
മാതളത്തി​​െൻറ പൊന്നിതൾക്കൂമ്പിൽ
പ്രേമലേഖനം, എഴുതും അജ്​ഞാത-
കാമുകനൊത്തു ഞാനിന്നുണർന്നു’’
‘‘ഇന്ദുസുന്ദരസുസ്​മിതം തൂകും’’ എന്നു തുടങ്ങുന്ന ഇൗ ഗാനത്തിലൂടെ ഒരു സംഗീതസംവിധായകൻ കവിതയെ എങ്ങനെയാണ്​ പരിചരിക്കേണ്ടത്​ എന്ന്​ പഠിപ്പിക്കുകയാണ്​ കെ.പി. ഉദയഭാനു. 

ആകാശവാണിയിലൂടെയാണ്​ കെ.പി. ഉദയഭാനു എന്ന സംഗീതജ്​ഞൻ വളർന്നത്​. പി. ഭാസ്​കരൻ, കെ. രാഘവൻ, തിക്കോടിയൻ തുടങ്ങിയ പ്രതിഭകളുടെ ഇടം. ആകാശവാണിക്കുവേണ്ടി അദ്ദേഹം എത്രയോ ലളിതഗാനങ്ങൾക്ക്​ ഇൗണമിട്ടു. അവയിൽ പലതി​​െൻറയും റെക്കോഡ്​ ഇന്ന്​ നിലവിലില്ല. പക്ഷേ, ആകാശവാണിക്കുവേണ്ടി അദ്ദേഹം ഇൗണമിട്ട, അദ്ദേഹത്തി​​െൻറ ഏറ്റവും മികച്ച ഇൗണമായി ആസ്വാദകർ കരുതുന്ന ഗാനം ഇന്നും സംഗീതപ്രേമിക​ളുടെ ഹൃദയാകാശങ്ങളിൽ പറന്നുകൊണ്ടിരിക്കുന്നു.

കാൽപനിക കാവ്യലോക​ത്തെ പുഷ്​പകിരീടമണിഞ്ഞ ചക്രവർത്തി പി. ഭാസ്​കര​​െൻറ ‘ശശികിരണ കനകതൂലികയിൽ’ ‘ഒരു വിരഹം...’ അതെ... പ്രണയം മായാൻ തുടങ്ങുന്നു.
‘‘എന്നിട്ടുമോമലാൾ വന്നില്ലല്ലോ
എന്നടുത്തെന്നടുത്തിരുന്നില്ലല്ലോ...’’
-വാസന്തിയുടെ വിരഹവിഷാദനിർമല ഭാവം വഴിയുന്ന ഇൗണം. ഒാരോ വരിയെയും വാക്കുകളെയും നെഞ്ചിലെടുത്ത്​ താലോലിച്ച്​ താലോലിച്ചാണ്​ ഉദയഭാനു ഇൗ ഗാനത്തെ ഗാനമാക്കുന്നത്​; ആലപിച്ചത്​ പി. ജയചന്ദ്രനും. അദ്ദേഹത്തി​​െൻറ നാദത്തി​​െൻറ സവിശേഷത ഇൗ ഗാനത്തിന്​ പ്രത്യേകമായൊരനുഭൂതിതലം നൽകുന്നുണ്ട്​.

‘‘ഒാരോ തളിരിലും ഒാരോ പൂവിലും
ഒാർമക്കുറിപ്പുകളെഴുതി
ഉദയശശികിരണകനക തൂലികയിലെ
കവിതയും മഷിയും തീർന്നു...’’ ഭാസ്​കരൻ മാഷുടെ സുവർണലിപികളെ അതിലെ ഒാരോ പദങ്ങളെയും സ്വതഃസിദ്ധമായ ശബ്​ദസൗന്ദര്യംകൊണ്ട്​ പരിചരിച്ച്​ നമ്മിലേക്ക്​ പകരുകയാണ്​ ഭാവഗായകൻ.

KP-Udayabhanu-4180819.jpg

‘‘ആവണിവാനിടത്തിൻ
ആൽത്തറയിൽ കൊളുത്തിയ
ഒാണനക്ഷത്രദീപം മങ്ങീ...’’ ഇൗ വരികളിൽ
ആ ദീപത്തി​​െൻറ മങ്ങൽ എത്ര സൂക്ഷ്​മമായാണ്​ ‘മങ്ങീ...’ എന്നിടത്ത്​ ആ നാദം ധ്വനിപ്പിക്കുന്നത്​!

‘വനമുല്ല മലർമാല’യുടെ വാടലിലും ഇതേ തേങ്ങലുണ്ട്​. 
‘സംഗീതം ഞാൻ മറന്നുപോയി’
‘എ​​െൻറ മനസ്സിലും കൂരിരുൾ തിങ്ങീ...’
ഇൗ വരികളുടെ ആലാപനത്തിൽ, കാമുക​​െൻറ വിരഹവും നീലിച്ച വിഷാദവും ഏകാകിതയും എത്രമേൽ അനുഭവപ്പെടുന്നുവെന്ന്​ പറയുക വയ്യ.
കെ.പി. ഉദയഭാനു എന്ന സംഗീതസംവിധായകനെ മാസ്​മരികമായ നാദംകൊണ്ട്​ ചരിത്രത്തിൽ അടയാളപ്പെടുത്തുകയായിരുന്നു പി. ജയചന്ദ്രൻ.

Loading...
COMMENTS