നിൽക്കാതെ പറക്കുന്ന നിമിഷ ശലഭങ്ങൾ
text_fieldsആദ്യകാല സിനിമാ ഗാനങ്ങൾ തൊട്ടേ ചിത്രശലഭങ്ങൾ പാട്ടിൽ ഇടംപിടിച്ചിരുന്നു. ശലഭജന്മത്തോടുപമിക്കുന്ന കാവ്യ ജാലവിദ്യ ഇനിയുമെത്രയോ പാട്ടുകളിൽ നമുക്കായ് കാത്തുനിൽക്കുകയാണ്
മലയാള ചലച്ചിത്രഗാനങ്ങളിലെ സജീവ രൂപകങ്ങളിലൊന്നാണ് ചിത്രശലഭം. ശലഭങ്ങൾ പാറിപ്പറക്കുന്ന പാട്ടുകളിൽ സൗന്ദര്യപൂർണമായ അലങ്കാരസമൃദ്ധിയുണ്ടായിരുന്നു. കാൽപനികതയുടെയും അനന്തശാലീനതയുടെയും നിഷ്കളങ്കതയുടെയുമൊക്കെ നിമിഷങ്ങളാണ് ശലഭങ്ങൾ പാട്ടുകളിൽ പകർന്നത്. ആദ്യകാല സിനിമാ ഗാനങ്ങൾ തൊട്ടേ ചിത്രശലഭങ്ങൾ പാട്ടിൽ ഇടംപിടിച്ചിരുന്നു. വയലാറിന്റെ പാട്ടിലെ ഒരു വരിതന്നെ ഇങ്ങനെയായിരുന്നു, ‘ചിത്രശലഭമേ ചിത്രശലഭമേ എത്ര രാത്രികൾ നിന്നെത്തേടി ഉറക്കമൊഴിച്ചു ഞാൻ’ (അരക്കില്ലം) എന്ന് ശലഭത്തെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ചിത്രവർണപ്പട്ടുടുത്തു സിന്ദൂരപ്പൊട്ട് തൊട്ട് നൃത്തമാടുന്ന ചിത്രശലഭവുമുണ്ടായിരുന്നു വയലാർ ഗാനങ്ങളിൽ. ‘ഹൃദയശലഭം തേടിടുന്നിതാ പ്രണയസാന്ദ്ര ജീവിതലഹരി’ എന്നെഴുതിയത് ഭാസ്കരൻ മാഷാണ്.
‘കാലത്തിൻ കളിത്തോപ്പിൽ കണ്ടുമുട്ടിയ രണ്ട് കാനന ശലഭങ്ങളെ’ പാട്ടിൽ കൊണ്ടുവന്നതും ഭാസ്കരൻ മാഷിന്റെ കൽപനയാണ്. മാനസസാരൻ മലർ മഞ്ജരിയിൽ മധുനുകരാനെത്തിയ ശലഭമായി അദ്ദേഹം ഭാവനയെ കിനാവ് കണ്ടു. ‘ഞാനൊരു ശലഭം ഗാനലഹരിയിൽ കാവ്യം മൂളും കാമുകശലഭം’ എന്ന വരിയിൽ ഭാസ്കരൻ മാഷ് തന്നെത്തന്നെ കണ്ടു. ‘പുലർകാല സുന്ദരസ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി’ എന്നും ‘മധ്യാഹ്ന സുന്ദര സ്വപ്നത്തിൽ ഞാനൊരു ചിത്രശലഭമായി പറന്നുപോയി’ എന്നുമൊക്കെ ഭാസ്കരൻ തന്റെ ഗാനങ്ങളിൽ നിമിഷങ്ങളെ പങ്കിട്ടു. ‘ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ കൺമിഴിത്താമരയിൽ കടന്നുവന്നു’ എന്നെഴുതി മാഷ് പാട്ടുകളിൽ പ്രണയം പറഞ്ഞു.
വാസന്തശലഭവും പുഷ്പശലഭവും മധുമാസ ശലഭവുമൊക്കെ ഭാസ്കര ഗീതികളിൽ നിരന്തരം പറന്നുകൊണ്ടിരുന്നു. നിൽക്കാതെ പറക്കുന്ന നിമിഷശലഭത്തോട് ഒരുഞൊടി നിൽക്കാനും ഒഴുകിയൊഴുകിപ്പോകുന്ന സമയയമുനയിൽ അണകെട്ടാൻ പറയുകയും ചെയ്യുകയാണ് അദ്ദേഹം ഒരു പാട്ടിൽ. ‘അനുരാഗ മധുചഷകം അറിയാതെ മോന്തിവന്ന മധുമാസ ശലഭ’മായി ഭാസ്കരൻ മാഷ് തന്റെ പാട്ടിൽ കനവുകൾ തീർത്തു. സുന്ദരസ്വപ്നങ്ങൾ മാഷിന് ചിത്രശലഭങ്ങളായിരുന്നു.
മനസ്സിലെ തേനറകൾ നിറച്ചുവെക്കുന്ന ഋതുശലഭവും മധുശലഭവുമായിരുന്നു ഒ.എൻ.വിപ്പാട്ടിലെ പ്രണയിനി. ‘മധുശലഭങ്ങളായി പറന്നുവരൂ മധുരസ്മരണകളേ’ എന്ന് ഒരു പാട്ടിലെഴുതി ഒ.എൻ.വി പ്രണയിനിയുടെ ശാലീനമൗനമാകുന്ന പൊൻമണിച്ചെപ്പിനുള്ളിലെ മൂടിവെച്ച നിഗൂഢഭാവങ്ങളെ കവി പൂക്കളും ശലഭങ്ങളുമാക്കി. അപ്സരസ്സുകൾ ചിത്രശലഭങ്ങളായ് പാറി പുഷ്പങ്ങൾ തേടിവരുന്ന കഥകളും ഒ.എൻ.വി പാട്ടാക്കി. കാലം നിമിഷശലഭങ്ങളായ് നൃത്തലോലം ഭൂമിയെ വലംവെച്ചുനിൽക്കുന്ന സുരഭിലമായ ഒരാനന്ദത്തെ ഒ.എൻ.വി പാട്ടിലെ ധന്യതയാക്കി മാറ്റി. പ്രണയികളുടെ നിത്യസുന്ദര നിർവൃതികൾ മലർവള്ളിയിൽ ശലഭങ്ങളെപ്പോലെ ഊഞ്ഞാലാടുന്നത് നാം ഒ.എൻ.വിപ്പാട്ടിൽ അനുഭവിച്ചു.
ഹൃദയത്തിൻ ചന്ദനച്ചിതയിൽ സ്വർണച്ചിറകുള്ള ശലഭങ്ങൾ വീണെരിഞ്ഞു, അവയെന്റെ സ്വപ്നങ്ങളായിരുന്നു, അരുമയാം മോഹങ്ങളായിരുന്നു എന്നൊക്കെ നൊമ്പരപ്പെടുന്ന കഥാനായകനും ഒ.എൻ.വിപ്പാട്ടിലുണ്ടായിരുന്നു. ഒ.എൻ.വിയും നിത്യജീവിത നിമിഷങ്ങളെ ശലഭങ്ങളായി കണ്ടുവെന്ന അത്ഭുതം കൗതുകകരമാണ്.
ശലഭം മൂളിയുണർത്തിയ പൂവിന്റെ പ്രണയക്കുളിരിനെ നാം ഒ.എൻ.വിപ്പാട്ടിലെ അനുഭൂതിയായി അറിഞ്ഞു. ‘പുണ്യവതി നിന്റെ പൂങ്കാവനത്തിലൊരു പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ’ എന്നാണ് ശ്രീകുമാരൻ തമ്പിയുടെ നായകൻ പാടിയത്. ‘അധരദളപുടം നീവിടർത്തിടുമ്പോൾ അതിലൊരു ശലഭമായ് ഞാനമരും’ എന്ന വരിയിൽ ശ്രീകുമാരൻ തമ്പി പ്രണയാഭിലാഷത്തിന്റെ പവിത്ര നിമിഷത്തെ പാട്ടിൽ അടയാളപ്പെടുത്തുന്നു. പുഷ്പവും ശലഭവും അകലെയിരുന്നാൽ, പൂമ്പൊടിയെന്തിന് പൂവിൽ എന്ന ചോദ്യപ്രസ്താവനയിലാണ് പാട്ടിൽ പ്രണയജീവിതത്തെ അദ്ദേഹം സാക്ഷാത്കരിക്കുന്നത്.
നിമിഷശലഭജാലം എന്നാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനകൽപനയുടെ വർണജാലം. പൂവും ശലഭവും നിറഞ്ഞ വൈവിധ്യ സ്വരലയങ്ങൾ യൂസഫലി കേച്ചേരിയുടെ പാട്ടുകളിൽ കാണാനാവും. ‘പൂജാമധുവിന് ശലഭം വന്നു പൂവേ ഇളംപൂവേ’ എന്ന വരിയിലുണ്ട് പൂവും ശലഭവും തമ്മിലുള്ള ഇണക്കങ്ങൾ. ഇത് കാമുകീകാമുക സമാഗമങ്ങളെ വേണ്ടവിധം സാക്ഷാത്കരിക്കുന്നുണ്ട്. ഏതോ വർണസ്വപ്നംപോലെ വരികയാണ് യൂസഫലി കേച്ചേരിയുടെ പാട്ടിലെ ശലഭങ്ങൾ. ഓമനമുല്ലയിൽ പാറിപ്പറന്നുവരുന്ന പൊൻശലഭത്തെയും അദ്ദേഹം പാട്ടിൽ കൊണ്ടുവന്നിരുത്തി. തീയിനെ വന്നു വലംവെക്കുന്ന വ്യാമോഹങ്ങളാണ് ശലഭങ്ങൾ എന്ന നിത്യസത്യം അദ്ദേഹം പാട്ടിലെ പ്രാണനാക്കി മാറ്റി. മലരിതളിൽ വീണുമയങ്ങുന്ന മണിശലഭം യൂസഫലിപ്പാട്ടിലെ പ്രധാന ഇമേജായി മാറിയിരുന്നു.
എന്റെ വികാരം ശലഭംപോലെ നിന്നിൽ പതിയുമ്പോൾ എന്നെഴുതിയാണ് പൂവച്ചൽ ഖാദർ ശലഭത്തെ പാട്ടിൽ കൊണ്ടുവരുന്നത്. വികാരശലഭങ്ങളുടെ ഒരുകൂട്ടം അദ്ദേഹത്തിന്റെ പാട്ടുകളിലുണ്ടായിരുന്നു. ‘മാലകൾ കോർക്കുന്ന ശലഭങ്ങളേ ഉള്ളിൽ, എന്നുള്ളിൽ നിങ്ങൾ തൂകും മധുരങ്ങൾക്കെന്തു ഞാൻ പകരമേകാൻ’ എന്ന് പൂവച്ചൽ തന്റെ പാട്ടിനെ ശലഭസുഭഗമാക്കി. ബിച്ചു തിരുമലയുടെ പാട്ടുകളിലുമുണ്ടായിരുന്നു ശലഭസാന്നിധ്യം. ശലഭങ്ങൾ സ്വരം മൂളുന്ന ഏതോ മുരളിഗാനമുണ്ടായിരുന്നു ബിച്ചുവിന്റെ ഗാനപ്രപഞ്ചത്തിൽ. ശ്രുതിയിൽ നിന്നുണരുന്ന നാദശലഭങ്ങൾ, ബിച്ചുതിരുമലയുടെ പാട്ടുകളായി മാറി. മിഴിയാമ്പലിൻ ശലഭവീണകൾ ശ്രുതിമീട്ടുന്ന പ്രണയപ്പൊയ്കകൾ എന്ന കൽപനകളൊക്കെ ബിച്ചുവിന്റെ പാട്ടുകളിൽ കാണാനാവും. പൂമറന്ന കേസരവും ശലഭമതിലൊരു നൊമ്പരവുമാകുന്ന വിചിത്രഭംഗിയാർന്ന സങ്കൽപചാരുതകൾ ഉണ്ടായിരുന്നു ബിച്ചുവിന്റെ പാട്ടുകളിൽ. പൂപ്പാടങ്ങൾ തേടുന്ന രണ്ട് പൂമ്പാറ്റകളായി മാറി ബിച്ചുതിരുമലയുടെ പാട്ടിലെ പ്രണയികൾ.
പ്രണയകൽപനകളെ ചേർത്തുവെക്കുവാൻ ശലഭങ്ങൾ തുണയായ് നിന്നു രമേശൻ നായരുടെ പാട്ടിൽ. ശലഭം വഴിമാറുന്ന മിഴി രണ്ടിലും പ്രണയസമ്മതമുണരുന്നുണ്ടായിരുന്നു ഒരു പാട്ടിൽ. ജീവന്റെ ശലഭങ്ങൾ കാതോർത്തു ഉയിർകൊള്ളുന്നത് ശലഭഗീത ലഹരിയിലാണെന്ന് അദ്ദേഹം പാട്ടിൽ നിനച്ചു. രതിനിർഭരമായ കൽപനയിൽ പാട്ടുവരിയുണ്ടാക്കി കാവാലം. ‘പൂമഴ പെയ്യും നിൻകൺകോണിൽ പൂനുര തുള്ളും നിൻ പുഞ്ചിരിയിൽ ശലഭങ്ങൾ നടമാടുന്നു മദംകൊള്ളും മയിലാടുന്നു’ എന്ന വരിയിൽ നടനമാടുന്ന ശലഭജന്മങ്ങളുണ്ടായിരുന്നു. കൈതപ്രത്തിന്റെ പാട്ടുകളിലെ ശലഭങ്ങൾക്കുമുണ്ട് സ്മൃതിയഴകുകൾ. പൊൻമേഘങ്ങളെയും ശലഭങ്ങളെയുമൊക്കെ പാട്ടിൽ സൗന്ദര്യത്തിന്റെ അടയാളങ്ങളാക്കുകയായിരുന്നു കൈതപ്രം. പനിനീർപ്പൂവിതളിൽ തേങ്ങുന്ന പാവം വനശലഭത്തെയും അദ്ദേഹം പാട്ടിന്റെ പല്ലവിയിൽ കൊണ്ടുവന്നു. കളിയാടാനും കഥകളിൽ ശലഭങ്ങൾ പറന്നുവന്നു.
സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് പ്രണയിനിയെ തിരയുന്ന ഒരാളെ എം.ഡി. രാജേന്ദ്രന്റെ പാട്ടിൽ നാം കാണുകയുണ്ടായി. പുതിയ കാലത്തെ പാട്ടുകളിലും ശലഭങ്ങൾ മൂളുകയും ശ്രുതി മീട്ടുകയുമൊക്കെ ചെയ്യുന്നത് നാമാസ്വദിക്കുന്നു. ‘നിമിഷശലഭമേ വരൂ വരൂ, നിമിഷശലഭമേ മധുനുകരൂ...’ എന്ന റഫീക്ക് അഹമ്മദിന്റെ വരികളിലും നിമിഷത്തെ ശലഭമായി കാണുന്നു. കാലത്തിന്റെ കണികയായ ചെറുനിമിഷത്തെ എല്ലാ പാട്ടെഴുത്തുകാരും ശലഭജന്മത്തോടുപമിക്കുന്ന കാവ്യ ജാലവിദ്യ ഇനിയുമെത്രയോ പാട്ടുകളിൽ നമുക്കായ് കാത്തുനിൽക്കുകയാണ്. ശലഭഗീതികളുടെ ശുഭ സൗകുമാര്യം സിനിമയുടെ സന്ദർഭങ്ങളെ ആഴത്തിൽ സ്വാധീനിക്കുകയും സാന്ദ്രമാക്കുകയും ചെയ്യുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

