കിശോരി അമോങ്കർ; ഇനി ഒാർമയിലെ രാഗം
text_fieldsമുംബൈ: ഗാനസരസ്വതിയായി ഇന്ത്യൻ സംഗീതത്തിലെ അനവധി തലമുറകളെ വിസ്മയിപ്പിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞ കിശോരി അമോങ്കറിന് രാജ്യം കണ്ണീരിൽ കുതിർന്ന വിടയേകി. നഗരത്തിലെ പ്രഭാദേവിയിലുള്ള വീട്ടിൽ തിങ്കളാഴ്ച രാത്രിയായിരുന്നു 84കാരിയായ അവരുടെ അന്ത്യം. രവീന്ദ്ര നാട്യമന്ദിറിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് 5.30ഒാടെ ദാദർ ശിവജി പാർക്ക് ശ്മശാനത്തിൽ സംസ്കരിച്ചു.
ഹിന്ദുസ്ഥാനി സംഗീതശാഖയിലെ ജയ്പൂർ ഖരാനയുടെ പിന്മുറക്കാരിയാണ് കിശോരി. 1932 ഏപ്രിൽ 10ന് മുംബൈയിൽ ജനിച്ച അവർ, അമ്മയും വിശ്രുത സംഗീതജ്ഞയുമായ മഗുഭായ് കുർദിക്കറിൽനിന്നാണ് സംഗീതത്തിെൻറ ആദ്യപാഠം അഭ്യസിച്ചത്. ആഗ്ര ഖരാനയിൽ അൻവർ ഹുസൈനാണ് ഗുരു. ഭേണ്ടി ബസാർ, ഗ്വാളിയർ ഖരാനകളിലും അവർ സ്വന്തം മുദ്രപതിപ്പിച്ചു. ആഗ്ര, ഗ്വാളിയർ, ഭേണ്ടി ബസാർ പാരമ്പര്യങ്ങളെ ജയ്പൂർ ശൈലിയുമായി കൂട്ടിയിണക്കുന്നതായിരുന്നു കിശോരിയുടെ ഇൗണം.
ക്ലാസിക്കൽ ഖയാലിലും ഭജനകളിലും ഭാവതീവ്രമായ സ്വന്തം ശൈലി വികസിപ്പിച്ചെടുത്തു. പരമ്പരാഗത സംഗീതപാഠങ്ങളെ സ്വാംശീകരിച്ച് തേൻറതായ ശൈലിയിൽ ആവിഷ്കരിച്ച കിശോരിയുടെ ഏഴുപതിറ്റാണ്ട് നീണ്ട വിമത സംഗീതജീവിതം ശാസ്ത്രീയ സംഗീതം, ഭജനുകൾ, ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ തുടങ്ങി വൈചിത്ര്യമാർന്ന മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു. ഖരാനകളുടെ പരമ്പരാഗത താളങ്ങൾക്ക് അവർ വൈകാരിക തീവ്രതയാർന്ന പുനർസൃഷ്ടിയേകി. രാജ്യത്തുടനീളം സംഗീതരസങ്ങളെക്കുറിച്ച് അവർ നടത്തിയ പ്രഭാഷണങ്ങൾ ശ്രദ്ധേയങ്ങളാണ്.
മാധ്യമ അഭിമുഖങ്ങളിൽനിന്നും മറ്റും അകലം പാലിച്ചിരുന്ന അവർ പ്രശസ്തിയോട് വിമുഖയായി, സംഗീതപഠനങ്ങളിലും അന്വേഷണങ്ങളിലും മുഴുകി ഏകാന്തപഥികയായാണ് കഴിഞ്ഞത്. സംഗീതത്തിൽ പ്രബലമായ ജനപ്രിയ വിപണിയുടെ പേരിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അവർ നടത്തിയില്ല. തെൻറ ബോധ്യത്തിനനുസരിച്ചുമാത്രം അവർ പാടി. അവർ നടത്തിയ കച്ചേരികളുടെ എണ്ണം അവരുടെ പ്രതിഭയുമായി താരമത്യപ്പെടുത്തിയാൽ തുച്ഛമാണ്.
വിദേശ കച്ചേരികളിൽനിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കുകയും ചെയ്തു. വഹീദ റഹ്മാെൻറ ഗീത് ഗത പഥറോൺ നേ(1964), ദൃഷ്ടി (1990) തുടങ്ങിയ ചിത്രങ്ങളിൽ പാടി ബോളിവുഡ് സിനിമയുടെ ഭാഗമായെങ്കിലും സിനിമാപ്പാട്ടുകളുടെ സാേങ്കതികതയിലും ആഴമില്ലായ്മയിലും അതൃപ്തി പ്രകടിപ്പിച്ച് മേലിൽ സിനിമയിൽ പാടില്ലെന്ന് 2011ൽ അവർ പ്രഖ്യാപിച്ചു.
1987ൽ പത്മഭൂഷണും 2002ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 2010ൽ സംഗീത നാടക അക്കാദമി െഫലോഷിപ് ലഭിച്ചു. കിശോരി അമോൻകറുടെ ഗാനങ്ങൾ വർഷങ്ങളോളം ജനമനസ്സുകളിൽ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കിശോരിയുടെ വേർപാട് ഹിന്ദുസ്ഥാനി സംഗീതത്തിന് കനത്ത നഷ്ടമാണെന്ന് ലത മേങ്കഷ്കർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ശബാന ആസ്മി, ശ്രേയ ഘോഷാൽ, വിശാൽ ദാദ്ലാനി തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
