വിടപറഞ്ഞത് മാപ്പിളപ്പാട്ട് പ്രേമികളുടെ പ്രിയ ഗായകൻ
text_fieldsകുറ്റ്യാടി: ആസ്വാദ്യ ഹൃദയങ്ങളിൽ അവിസ്മരണീയ ഗാനങ്ങൾ സമ്മാനിച്ച ഹമീദ്ഷർവാനി യാത്രയായി. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റഗാനത്തിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം തെൻറ അനുഗൃഹീത ശബ്ദത്തിലൂടെ നാട്ടിലും വിദേശത്തുമായി നിരവധി വേദികളെയാണ് കോരിത്തരിപ്പിച്ചത്. ജ്യേഷ്ഠ സഹോദരൻ എം.എ. റഹീമിെൻറ പാട്ടുകളാണ് അദ്ദേഹം ഏറെയും പാടിയത്. താൻ എഴുതുന്ന പാട്ടുകൾ കുട്ടിയായിരുന്ന ഹമീദിനെ കൊണ്ടാണ് ആദ്യം പാടിപ്പിച്ചിരുന്നതെന്ന് എം.എ. റഹീം പറഞ്ഞു. കുറ്റ്യാടി ആസാദ് കലാമന്ദിറാണ് ഷർവാനിയെ പുറംലോകത്തെത്തിച്ചത്. ഇതോടെ അദ്ദേഹം മാപ്പിളപ്പാട്ട് േപ്രമികളുടെ പ്രിയങ്കരനായി മാറി. ഫറോക്ക് കോളജ് രജത ജൂബിലി ആഘോഷ വേദിയിലാണ് ‘ഉണ്ടോ സഖീ’ എന്ന ഗാനം ഷർവാനിയും ഷൈലജയും ആലപിക്കുന്നത്. കൊളംബിയ ഏഷ്യ അത് പിന്നീട് റെക്കോഡ് ചെയ്തു. പ്രശസ്ത സംഗീതജ്ഞൻ എ.ടി. ഉമ്മറാണ് സംവിധാനം നിർവഹിച്ചത്.
പ്രശസ്ത മതപണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന എം. അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ് ഷർവാനി. കലാകുടുംബം കൂടിയാണിത്. മാപ്പിളപ്പാട്ട് ട്രൂപ്പുകളുടെ ഒരു സുവർണ കാലമുണ്ടായിരുന്നെന്നും വി.എം. കുട്ടി, പീർമുഹമ്മദ്, എരഞ്ഞോളി മൂസ, കെ.എസ്. മുഹമ്മദ്കുട്ടി എന്നിവക്കൊപ്പം അന്ന് തിളങ്ങിനിന്ന ടീമായിരുന്നു ഷർവാനിയുടേതെന്നും മീഡിയവൺ പതിനാലാം രാവ് വിധികർത്താവ് ഫൈസൽ എളേറ്റിൽ പറഞ്ഞു.
വ്യക്തി ബന്ധങ്ങളെ നെഞ്ചോട് ചേർത്ത വ്യത്യസ്തനായ കലാകാരനാണെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി ഫ്രൻറ്സ് ഓർക്കസ്ട്രയായിരുന്നു ഷർവാനിയുടെ ട്രൂപ്. കോഴിക്കോട് നടന്ന അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തിൽ മേൽപറഞ്ഞ പ്രമുഖരെയെല്ലാം പിന്തള്ളി ഷർവാനി സ്വർണ മെഡൽ നേടി. തലശ്ശേരിയിൽ നടന്ന മത്സരത്തിലും ഷർവാനിയാണ് ഒന്നാം സ്ഥാനം നേടിയത്. സ്ത്രീശബ്ദത്തിൽ കൂടി പാടുന്ന അബ് ദുറഹ്മാൻ ഓർക്കാട്ടേരി, പരേതരായ പാലയാട്ട് യശോദ, ലിയാഖത്ത് എന്നിവരും ഷർവാനിയുടെ ട്രൂപ്പിലുണ്ടായിരുന്നു.
1986ൽ കോഴിക്കോട് ടൗൺഹാളിൽ നടൻ േപ്രംനസീർ പങ്കെടുത്ത ചടങ്ങിൽ പാടിയ ഷർവാനിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. തേൻതുള്ളി എന്ന സിനിമയിൽ ഷർവാനി, പീർമുഹമ്മദ്, എം.പി. ഉമ്മർകുട്ടി തുടങ്ങിയവർ പാടി അഭിനയിച്ചിട്ടുണ്ട്. ‘ആരംഭം തുളുമ്പുംതൻ കതിർലങ്കും’ എന്ന പാട്ടായിരുന്നു ഷർവാനിയുടെ മാസ്റ്റർപീസ്. മൂന്ന് കൊല്ലം മുമ്പ് കുറ്റ്യാടി ഇസ്ലാമിയ കോളജ് അറുപതാം വാർഷികത്തോടനുബന്ധിച്ചാണ് അവസാനമായി ഷർവാനി പാടിയത്.
വിളയിൽ ഫസീല, ഫൈസൽ എളേറ്റിൽ, ബാപ്പു വെള്ളിപറമ്പ്, എം.എ. ഗഫൂർ, ജമാഅത്തെ ഇസ്ലാമി കേന്ദ്രശൂറാംഗം ടി.കെ. അബ്ദുല്ല, സി.പി.എം. ജില്ല സെക്രട്ടറി പി. മോഹനൻ, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
