Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightകല്പാന്തകാലത്തിനും...

കല്പാന്തകാലത്തിനും മുമ്പേ

text_fields
bookmark_border
കല്പാന്തകാലത്തിനും മുമ്പേ
cancel

‘ശേഷം വെള്ളിത്തിരയിൽ’ -പണ്ടത്തെ സിനിമാ നോട്ടീസുകളിൽ സ്ഥിരമായി കണ്ടിരുന്ന ഒരു പരസ്യവാചകമായിരുന്നു ഇത്. സിനിമകൾ പ്രദർശിപ്പിച്ചിരുന്ന വെളുത്ത തിരശ്ശീലക്കാണ് വെള്ളിത്തിര എന്ന വിശേഷണം. ചലച്ചിത്രം എന്ന കലാരൂപത്തിന്റെ സാങ്കേതികവിദ്യയുടെ തുടക്കം കറുപ്പിലും വെളുപ്പിലുമായിരുന്നു. ആദ്യകാലത്ത് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ ഫിലിമിലേക്ക് പകർത്താൻ വെള്ളിയുടെ ലവണങ്ങളാണത്രെ ഉപയോഗിച്ചിരുന്നത്. പ്രകാശം പതിക്കുമ്പോൾ വെള്ളി രാസപരിവർത്തനം വഴി ചിത്രമായി രൂപപ്പെടുന്നതിനാലാണ് തിരശ്ശീലയെ വെള്ളിത്തിര എന്ന് വിശേഷിപ്പിച്ചിരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്ന് സിനിമ കളറിലേക്ക് മാറിയപ്പോഴും വെള്ളിയുടെ പ്രസക്തി ഒട്ടും കുറഞ്ഞുപോയില്ല. ഈ വിഷയങ്ങൾ ഇത്രയും ചിന്തിക്കാൻ കാരണമായത് മലയാളത്തിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. അന്വേഷിച്ചുചെന്നപ്പോഴാണ് തിയറ്ററുകളിൽ പരാജയപ്പെട്ട ആ സിനിമ ഒരു പാട്ടിന്റെ പേരിൽ ഇന്നും മലയാള സിനിമയുടെ ചരിത്രവഴികളിൽ മിന്നിത്തിളങ്ങി നിൽക്കാൻ ഇടയായതിന്റെ കഥ ഓർമവന്നത്. ആ സിനിമയാണ് ശ്രീമൂലനഗരം വിജയൻ കഥയയെഴുതി സംവിധാനം ചെയ്ത ‘എന്റെ ഗ്രാമം’.

ഐശ്വര്യ ഫിലിംസിനു വേണ്ടി ഇസ്മായിൽ ചാലക്കുടിയും ടി.കെ. വാസുദേവനും നിർമിച്ച ‘എന്റെ ഗ്രാമ’ത്തിൽ സോമനും കനകദുർഗയുമായിരുന്നു നായികാ നായകന്മാർ. ഈ ചിത്രത്തിലെ

‘കല്പാന്തകാലത്തോളം

കാതരേ നീയെൻ മുന്നിൽ

കൽഹാരഹാരവുമായ് നിൽക്കും

കല്യാണരൂപനാകും

കണ്ണന്റെ കരളിനെ

കവർന്ന രാധികയെപ്പോലെ...’ എന്ന ഗാനമാണ്

42 വർഷങ്ങൾക്ക് ശേഷവും ഈ സിനിമ ഇന്നും ഓർക്കപ്പെടാനുള്ള ഏക ഉപാധി. പാട്ടിലെ എല്ലാ വരികളും ‘ക’ എന്ന അക്ഷരത്തിൽ തുടങ്ങുന്നു എന്ന് മാത്രമല്ല പ്രശസ്ത സംഗീതസംവിധായകനായ വിദ്യാധരൻ മാസ്റ്റർ ആദ്യമായി സിനിമയിൽ സംഗീതം പകർന്നു എന്ന ചരിത്രവും ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ മലയാളത്തിലെ അവസാന ചിത്രത്തിലെ ഈ പാട്ടിനുണ്ട്. ഇന്നും വിദ്യാധരൻ മാസ്റ്ററുടെ മാസ്റ്റർപീസ് ആയി നിലകൊള്ളുന്ന ‘കല്പാന്തകാലം’ എന്ന ഗാനം അദ്ദേഹം എത്രയോ വേദികളിൽ ആലപിക്കുന്നതിന് ലേഖകൻ തന്നെ സാക്ഷിയായിട്ടുണ്ട്.

മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്താവുന്ന സൂപ്പർ ഹിറ്റായ ഈ ഗാനത്തിന് സംഭവബഹുലമായ മറ്റൊരു ചരിത്രം കൂടിയുണ്ടെന്ന് പലർക്കും അറിയില്ല. എഴുപതുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അവതരിപ്പിച്ച ശ്രീമൂലനഗരം വിജയന്റെ ‘തുളസിത്തറ’ എന്ന നാടകത്തിനുവേണ്ടിയാണ് ഈ ഗാനം അദ്ദേഹം എഴുതുന്നത്. നാടകത്തിൽ ഈ പാട്ടിന് സംഗീതം കൊടുത്തിരുന്നത് പഴയകാല സംഗീത സംവിധായകനായ പ്രതാപ് സിങ് ആയിരുന്നു. പ്രതാപ് സിങ്ങിനെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഉത്തരേന്ത്യൻ സംഗീതസംവിധായകൻ എന്ന് പലരും തെറ്റിദ്ധരിച്ച പ്രതാപ് സിങ് എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയാണ്.

1967ൽ പുറത്തിറങ്ങിയ എൻ.എൻ. പിഷാരടിയുടെ ‘മുൾക്കിരീടം’ എന്ന ചിത്രത്തിൽ പി. ഭാസ്കരന്റെ വരികൾക്ക് സംഗീതം പകർന്നുകൊണ്ടാണ് പ്രതാപ് സിങ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാകുന്നത്. എസ്. ജാനകിയുടെ ഇഷ്ട മലയാളഗാനങ്ങളിൽ ഒന്നായ

‘കുളികഴിഞ്ഞു കോടിമാറ്റിയ

ശിശിരകാല ചന്ദ്രികേ

കണ്ണെഴുത്തിനു ചെപ്പു നീട്ടി

വിണ്ണിലുള്ള താരകൾ

അല്ലിയാമ്പല്‍ മാല കോര്‍ത്തുനിന്റെ

മുടിയില്‍ ചൂടുവാന്‍പോരുമോ...’ എന്ന ഗാനം മാത്രം മതി ഈ സംഗീത സംവിധായകനെ എന്നും ഓർക്കാൻ. പിന്നീട് ‘മുത്ത്’ എന്ന ചിത്രത്തിലൂടെ യേശുദാസും രാധാ പി. വിശ്വനാഥും പാടിയ

‘വിമൂകശോക സ്മൃതികളുണര്‍ത്തി

വീണ്ടും പൗർണമി വന്നൂ

വിഷാദ വീചികള്‍ മാത്രം വിരിയും

വിപഞ്ചികേ നീ പാടൂ...’ എന്ന പ്രശസ്ത ഗാനം തൃശൂരിൽ ജോൺസന്റെ സഹായത്തോടെ മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സ്റ്റുഡിയോക്ക് പുറത്ത് റെക്കോഡ് ചെയ്ത സംഗീതസംവിധായകനും പ്രതാപ് സിങ് ആയിരുന്നു.

ശ്രീമൂലനഗരം വിജയന്റെ ‘തുളസിത്തറ’ എന്ന നാടകം 1976ൽ തൃശൂരിനടുത്ത് ഒരു സ്ഥലത്ത് അവതരിപ്പിക്കേണ്ടിവന്നു. അക്കാലത്ത് മാസത്തിൽ ഒന്നോ രണ്ടോ കളികളേ നാടക കമ്പനികൾക്ക് കിട്ടിയിരുന്നുള്ളൂ. നാടക അവതരണത്തിന്റെ തലേദിവസം സംഗീതസംവിധായകൻ വന്ന് രംഗങ്ങൾക്ക് അനുസൃതമായി പാട്ടുകൾ ഗായകരെകൊണ്ട് ഒന്നുകൂടെ പാടിപ്പിച്ച് ഓർമപുതുക്കുമായിരുന്നു. പതിവുപോലെ ശ്രീമൂലനഗരം വിജയൻ നാടകത്തലേന്ന് തൃശൂരിൽ എത്താൻ പ്രതാപ് സിങ്ങിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന് ചില പ്രത്യേക കാരണങ്ങളാൽ അന്ന് അവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല. ഓർമയിൽനിന്ന് ഈണങ്ങൾ തപ്പിയെടുത്ത് ആകെയുണ്ടായിരുന്ന 5 പാട്ടുകളിൽ 4 പാട്ടുകളും ഗായകർ പാടി. പക്ഷേ കഥകളി രംഗത്തിന് അനുയോജ്യമായ ‘കൽപാന്തകാല’ത്തിന്റെ ഈണം മാത്രം ഗായകന് ഓർമവന്നില്ല. പിറ്റേദിവസം നാടകം അവതരിപ്പിക്കുകയും വേണം.

അവസാനം വിജയൻ തന്റെ തൃശൂരിലെ സുഹൃത്തായ വിദ്യാധരൻ മാസ്റ്ററെ വിളിക്കുന്നു. വിദ്യാധരൻ മാസ്റ്റർ അക്കാലത്ത് തൃശൂരിലും പരിസരങ്ങളിലും തോറ്റം പാട്ടുകൾ പാടിയും ചില നാടകങ്ങൾക്കൊക്കെ സംഗീതം പകർന്നും കലാരംഗത്ത് പ്രവർത്തിച്ചിരുന്നു. മാസ്റ്റർ എത്തി. പാട്ടിന്റെ വരികളെല്ലാം അദ്ദേഹം ഒന്ന് ഓടിച്ചുനോക്കി. അതുവരെ പാടിയിരുന്ന ഈണം മാറ്റിവെച്ചുകൊണ്ട് അദ്ദേഹം ഒരു പുതിയ ഈണത്തിലാണ് കല്പാന്തകാലം നാടകത്തിനുവേണ്ടി പാടിപ്പിച്ചത്. വിദ്യാധരൻ മാസ്റ്ററുടെ ഭാഗ്യം എന്ന് പറയട്ടെ പിന്നീട് ‘തുളസിത്തറ’ എന്ന നാടകത്തിന്റെ ഏറ്റവും വലിയ ആകർഷണമായി ഈ ഗാനം പെട്ടെന്ന് ജനഹൃദയങ്ങളിലേക്ക് ചേക്കേറി.

പാട്ടിന്റെ ജനപ്രീതി കണക്കിലെടുത്തുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്ന ശ്രീമൂലനഗരം വിജയൻ തന്റെ ‘എന്റെ ഗ്രാമം’ എന്ന സിനിമയിൽ ഈ ഗാനം യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചത്. ശ്രീരാഗത്തിൽ യേശുദാസിന്റെ പാട്ടുകേട്ട പ്രതാപ് സിങ്ങിന് താൻ നാടകത്തിൽ ചെയ്തതിലും എത്രയോ ഉജ്ജ്വമായിട്ടാണ് വിദ്യാധരൻ മാസ്റ്റർ പാട്ട് അണിയിച്ചൊരുക്കിയതെന്ന് സന്തോഷത്തോടെ തുറന്നുസമ്മതിക്കാൻ ഇന്നും യാതൊരു മടിയുമില്ല. മാത്രമല്ല താൻമൂലം മലയാളത്തിൽ ഒരു പുതിയ സംഗീതസംവിധായകൻ പിറവി കൊണ്ടതിലും ആ ഗാനം ഇപ്പോഴും ചലച്ചിത്രരംഗത്ത് ഒരു കെടാവിളക്കുപോലെ നിറഞ്ഞുകത്തുന്നതിലും സംഗീതരംഗത്ത് നിന്നും വിടവാങ്ങി ഇപ്പോൾ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പഴയകാല സംഗീത സംവിധായകന് നിറഞ്ഞ സംതൃപ്തി മാത്രം.

വിദ്യാധരൻ മാസ്റ്ററുടെ ആദ്യസംഗീതത്തിൽ പുറത്തിറങ്ങിയ ഈ പാട്ട് കേരളത്തിന്റെ സംഗീത ഭൂമികയെ ഇളക്കിമറിച്ചു. 42 വർഷമായി മലയാളികളുടെ കാതിൽ തേന്മഴ പകർന്നുകൊണ്ട് കല്പാന്തകാലം ഇന്നും നിത്യഹരിതമായി നിലനിൽക്കുന്നു. 2013ൽ ഇരിഞ്ഞാലക്കുട ഗായത്രി ഹാളിൽ നടന്ന പ്രതാപ് സിങ്ങിന്റെ ആദ്യ പുസ്തക പ്രകാശന വേളയിൽ, തന്റെ ചലച്ചിത്രരംഗത്തേക്കുള്ള കടന്നുവരവിന് നിമിത്തമായത് പ്രതാപ്സിങ് ആണെന്ന് വിദ്യാധരൻ മാസ്റ്റർ പറഞ്ഞപ്പോൾ ഈ പാട്ടോർമകൾ അത്ഭുതം പകരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ Yesudasvidyadharan mastermusic feature
News Summary - Even before the end of time
Next Story