Top
Begin typing your search above and press return to search.
exit_to_app
exit_to_app
ഫ്ലാഷ് ബാക്ക്
cancel

സിനിമയെന്നത് കാത്തിരിപ്പായിരുന്നു. വെള്ളിയാഴ്ചയില്‍നിന്ന് വെള്ളിയാഴ്ചയിലേക്ക്. വ്യാഴാഴ്ച സിനിമ അറിയിപ്പുമായെത്തുന്ന വണ്ടിയെ കാത്തിരിക്കും. ചീറിപ്പായുന്ന ആ വാഹനങ്ങളില്‍നിന്ന് ചിതറിത്തെറിച്ച സിനിമ നോട്ടീസെന്ന കടലാസു കഷണങ്ങളായിരുന്നു അവരെ തിയറ്ററിലെത്തിച്ചിരുന്നത്. നീട്ടിപ്പരത്തി, ഉദ്വേഗം ജനിപ്പിക്കുംവിധം എഴുതി, അവസാനം ശേഷം സ്ക്രീനില്‍ എന്നതും കൂടി വായിച്ചവസാനിപ്പിക്കുമ്പോള്‍ ഒരുകാര്യത്തില്‍ ഏറക്കുറെ തീരുമാനമായിട്ടുണ്ടാകും. ഇനി ലക്ഷ്യം സിനിമ ടാക്കീസ്...

സിനിമാകൊട്ടകയെന്നത് വികാരവും മായികലോകവുമായിരുന്നു. അതുകൊണ്ടു തന്നെ അറുപതാണ്ടിന്‍െറ സിനിമ ചരിത്രമെന്നത് മതിലകം സ്വദേശിയായ പനങ്ങാട്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന്‍ ഇ.ജി. വസന്തന്‍െറ വീട്ടിലെ സിനിമ മുറിയില്‍ ഒതുക്കിനിര്‍ത്താനാവില്ല. പക്ഷേ, ഈ മുറിയില്‍ ചിക്കിപ്പരതിയാല്‍ ഒന്നുറപ്പ്, 60 വര്‍ഷത്തെ മലയാളത്തിന്‍െറ സിനിമചരിത്രം സിനിമ നോട്ടീസുകളായും പാട്ടുപുസ്തകമായും റെക്കോഡുകളായും സിനിമകളായുമുണ്ട്. മുന്നൂറോളം പാട്ടുപുസ്തകങ്ങള്‍, 3000 ഡിസ്കുകള്‍, 1500 നോട്ടീസ്, നാല് ഗ്രാമഫോണുകള്‍, എട്ടു റെക്കോഡ് പ്ലെയറുകള്‍, നാല് ആംപ്ലിഫയറുകള്‍, ആറ് റേഡിയോകള്‍, ആറ് ടേപ് റെക്കോഡ്, ഒരു വാല്‍വ് റേഡിയോ, ഒരു സ്പൂള്‍ റെക്കോഡര്‍... ഇന്നലെകളിലെ സിനിമ വഴിയിലേക്കുള്ള മടങ്ങിപ്പോക്കാണ് ഈ കാഴ്ചകളിലൂടെയുള്ള സഞ്ചാരം.

അപൂര്‍വം ഈ ശേഖരം
പിതാവ് സാഹിത്യകാരനായിരുന്ന  ഇ.വി. ഗോപാലന്‍െറ പാട്ടുപ്രേമമാണ് വസന്തന് പകര്‍ന്നുകിട്ടിയത്. വൈന്‍ഡുചെയ്യാനുള്ള സ്പ്രിങ് പൊട്ടിപ്പോയ ഗ്രാമഫോണിനെ സാക്ഷിയാക്കി പാട്ടുകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമായിരുന്നു. 1984ലാണ് പനങ്ങാട് സ്കൂളില്‍ അധ്യാപകനായി ജോലി ആരംഭിച്ചത്. 850 രൂപയില്‍ താഴെയായിരുന്നു ശമ്പളം. അതില്‍ പകുതി രൂപ പാട്ടുകള്‍ക്ക് മാറ്റിവെച്ചു. സിനിമക്കമ്പത്തോടൊപ്പം പാട്ടുകമ്പവും കൂടിവന്നതേയുള്ളൂ. പാട്ടിന്‍െറ വഴിയെ നടന്നപ്പോള്‍ വസന്തന്‍ മാഷുടെ മുറി നിറഞ്ഞു. ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന സിനിമാനുബന്ധ ശേഖരമുണ്ടെങ്കിലും വസന്തന്‍മാഷുടെ ഹരം പാട്ടുതന്നെ. മലയാളം, തമിഴ്, ഹിന്ദി, സിനിമകളിലേതായി ഒരു ലക്ഷത്തോളം പാട്ടുകളുടെ അപൂര്‍വശേഖരം ഇദ്ദേഹം നിധിപോലെ കൊണ്ടുനടക്കുന്നു. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രമായ ‘ജ്ഞാനാംബിക’ (1940) മുതല്‍ ഇതുവരെ പുറത്തിറങ്ങിയ സിനിമകളിലെ ഏതാണ്ടെല്ലാ ഗാനങ്ങളും തന്‍െറ കൈയിലുണ്ടെന്ന് വസന്തന്‍ മാഷ് സാക്ഷ്യപ്പെടുത്തുന്നു. മൂവായിരത്തോളം ഗ്രാമഫോണ്‍ റെക്കോഡുകള്‍, നാലായിരത്തിനടുത്ത് കാസറ്റുകള്‍, ആയിരത്തോളം സീഡികള്‍, ഇരുനൂറോളം പഴയ സിനിമകള്‍. ഇങ്ങനെ പോകുന്നു മാഷുടെ അപൂര്‍വ കലക്ഷന്‍സ്.

നോട്ടീസ് തന്നെ താരം
‘സി.ഐ.ഡി നസീറും’ ‘ടാക്സി കാറും’ അവതരിപ്പിച്ച അനുപമയുടെ മൂന്നാമത് ചിത്രം, ‘പ്രേതങ്ങളുടെ താഴ്വര’. ഇന്ത്യയില്‍ ആദ്യമായി സീരീസ് ചിത്രങ്ങള്‍ അവതരിപ്പിച്ച അനുപമ ആദ്യത്തെ തനി പ്രേതകഥ അവതരിപ്പിക്കുന്നു. ഒന്നുപറയട്ടെ. മലയാളത്തില്‍  സിനിമ ഇന്നേവരെ ഇത്രയും ഭീകരവും സസ്പെന്‍സും നിറഞ്ഞ പ്രേതസിനിമ കണ്ടിരിക്കില്ല. സി.ഐ.ഡി ആനന്ദിന്‍െറ മികച്ച കുറ്റാന്വേഷണ പാടവം നിങ്ങളെ അതിശയിപ്പിക്കും. അസിസ്റ്റന്‍റ് സി.ഐ.ഡികളായി ഹിപ്പി സായിപ്പന്‍മാരുടെ വേഷത്തില്‍ വരുന്ന അടൂര്‍ഭാസിയും ശ്രീലതയും ഡ്രൈവറായി വരുന്ന ബഹദൂറും നിങ്ങളെ ചിരിയുടെ മായാലോകത്തേക്ക് ഉയര്‍ത്തും’

ആളുകളെ ആകര്‍ഷിക്കും വിധം മസാലയും ഉദ്വേഗവുമൊക്കെ കലര്‍ത്തിയാകും സിനിമ നോട്ടീസ് ഇറക്കുക. പല വലുപ്പത്തിലുള്ള നോട്ടീസുകളുണ്ടാകും. സ്ഥിരം ഓഫ്സെറ്റ് ഡിസൈനില്‍നിന്ന് വ്യത്യസ്തമായവയുമുണ്ട്. വളരെ നീളത്തില്‍ വീതികുറഞ്ഞ നോട്ടീസ്. അയോധ്യ സിനിമയില്‍ അങ്ങനെയായിരുന്നെന്ന് വസന്തന്‍ മാഷ് പറയുന്നു. ‘ചെമ്പരത്തി’, ‘ഭൂഗോളം തിരിയുന്നു’, ‘മാമാങ്കം’ എന്നിവയും നോട്ടീസുകളില്‍ വ്യത്യസ്തരായി. ‘റെസ്റ്റ് ഹൗസിന്’ വലിയ  ഭംഗിയുള്ള നോട്ടീസ് ആയിരുന്നു. ചൊവ്വാഴ്ചകളില്‍ സിനിമ മാറുമ്പോള്‍ ചിലപ്പോള്‍ ബിറ്റ് നോട്ടീസുകളിറങ്ങും. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ന്‍െറ അങ്ങനെയായിരുന്നു. രണ്ടാം വാരം ആവുമ്പോള്‍ ചിലപ്പോള്‍  ചെണ്ടകൊട്ടി നടന്നുള്ള പ്രചാരണമുണ്ടാകും. ആരോമലുണ്ണി അങ്ങനെ വന്നത് ഓര്‍മയിലുണ്ട്.  മൂന്നാം വാരത്തില്‍ ടെമ്പോയില്‍ ആ സിനിമയിലെ കഥാപാത്രങ്ങളുടെ വേഷം കെട്ടി സ്കൂളിന്‍െറ മുന്നിലൂടെ നടന്നുപോയി.

സിനിമ നോട്ടീസുകള്‍ കിട്ടാന്‍ വഴിയുണ്ടായിരുന്നു. അച്ഛനും മാഷും പഠിപ്പിച്ചിരുന്ന സ്കൂളിന്‍െറ മാനേജറുടേതായിരുന്നു ശ്രീനാരായണ പുരത്തെ പോളാ ടാക്കീസ്. നോട്ടീസുകളിലേറെയും ശേഖരിക്കാനായത് ശ്രീനാരായണപുരം പോള ടാക്കീസില്‍നിന്നാണ്. ഇന്നാ ടാക്കീസ് കല്യാണമണ്ഡപമാണ്. കൂടാതെ അമ്മാവന്‍േറതാണ് ചെന്ത്രാപ്പിന്നിയിലെ ശ്രീമുരുക ടാക്കീസ്. ഇവയൊക്കെ ശേഖരണപ്പെട്ടിക്ക് കൂടുതല്‍ കനം നല്‍കി. മുടക്കമില്ലാതെ തിയറ്ററുകളിലെെത്താന്‍ വലിയ തിരക്കായിരുന്നു. നസീറിന്‍െറ സിനിമകളോടായിരുന്നു പ്രിയം. കാരണം മിക്ക സിനിമകളിലും അദ്ദേഹം സി.ഐ.ഡി ആയിരിക്കും. സത്യന്‍ നടനാണെന്ന് കുട്ടിക്കാലത്ത് അറിയില്ല, കാരണം അദ്ദേഹം നസീറിനെപ്പോലെ സി.ഐ.ഡിയായി അഭിനയിക്കില്ലല്ലോ -വസന്തന്‍ പറയുന്നു.


പി. ഭാസ്കരന്‍ മാഷ് പാട്ടുകളുടെ ശേഖരം കാണാന്‍  കുടുംബസമേതം വീട്ടിലെത്തിയതാണ് മറക്കാനാകാത്ത അനുഭവം. ഭാസ്കരന്‍ മാഷിന്‍െറ പാട്ടുകള്‍ കേട്ടും പാടിയും ഉച്ചവരെ അവര്‍ വീട്ടിലുണ്ടായിരുന്നു. ഏറെക്കാലം അദ്ദേഹത്തിന്‍െറ സൗഹൃദം അനുഭവിച്ചു. ചെറുപ്പത്തില്‍ റേഡിയോയില്‍ നിന്ന് മുടക്കമില്ലാതെ ഒഴുകിവന്ന പാട്ടുകള്‍ നോട്ടുപുസ്തകങ്ങളില്‍ എഴുതിവെക്കുമായിരുന്നു. അത് സ്വന്തമാക്കാനുള്ള ശ്രമമായി പിന്നീട്. അങ്ങനെ വന്ന ബന്ധമാണ് സിനിമാഗാനങ്ങളോട്. നാടകഗാനങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളുമെല്ലാം തിരഞ്ഞുനടന്നു. മൂന്നര മിനിറ്റില്‍ താഴെ സമയമുള്ള പാട്ടുകളേ ആദ്യ കാലത്തിറങ്ങിയ റെക്കോഡുകളില്‍ ആലേഖനം ചെയ്യാനാവൂവെന്നത് അക്കാലത്തെ വലിയ പ്രതിസന്ധിയായിരുന്നു. അതിനാല്‍, എഡിറ്റ് ചെയ്ത പാട്ടുകളാണ് കേട്ടുകൊണ്ടിരുന്നത്. രണ്ടു മിനിറ്റില്‍ താഴെയുള്ള പാട്ടുകളുടെ റെക്കോഡുകള്‍ പുറത്തിറങ്ങാറുമില്ല. പക്ഷേ, ഈ പാട്ടുകളെല്ലാം സിനിമയിലുണ്ടായിരിക്കും.

ഈ പാട്ടുകള്‍ കിട്ടാനായി ചെന്ത്രാപ്പിന്നിയിലുള്ള മാമന്‍െറ ഉടമസ്ഥതയിലുള്ള  ശ്രീമുരുക ടാക്കീസിന്‍െറ പ്രൊജക്ടര്‍ റൂമില്‍ ടേപ് റെക്കോഡറുമായി കയറിക്കൂടി പാട്ടുകള്‍ സ്പീക്കര്‍ ഒൗട്ടില്‍ നേരിട്ട് റെക്കോഡ് ചെയ്യുമായിരുന്നു. ഇളയരാജയുടെ പാട്ടുകളോട് വല്ലാത്ത ആരാധനയായിരുന്നു. കിട്ടാത്ത പാട്ടുകള്‍ക്കായി മദ്രാസില്‍ പോകുന്നവരുടെ കൈയില്‍ കാസറ്റുകള്‍ കൊടുത്തയച്ചാണ് അവ സംഘടിപ്പിച്ചത്. പാട്ടുപുസ്തകങ്ങളോടും ഏറെ കമ്പമായിരുന്നു. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ‘ഉണ്ണിയാര്‍ച്ച’യിലായിരുന്നെന്നാണ് ഓര്‍മ. 25 പാട്ടോളം വരും. ആദ്യകാലങ്ങളില്‍ സിനിമയില്‍ ചുരുങ്ങിയത് എട്ടു പാട്ടെങ്കിലും ഉണ്ടാകും. പാട്ടുപുസ്തകങ്ങളിലേറെയും പിന്നീട് ചിതലരിച്ചുപോയി. റെക്കോഡുകളും കാസെറ്റുകളും ഫംഗസ് ബാധയേറ്റും നഷ്ടമായി. സുഹൃത്തുക്കള്‍ കേള്‍ക്കാനായി കൊണ്ടുപോകുന്ന റെക്കോഡറുകളും പാട്ടുപുസ്തങ്ങളും പലതും മടക്കിക്കിട്ടാറുമില്ല.

തിരിച്ചെത്തണോ നോട്ടീസ്
‘ചിത്രം തുടങ്ങുന്നതിനുമുമ്പു സീറ്റില്‍ ഇരിപ്പുറപ്പിക്കുക. ചിത്രം ആരംഭം മുതല്‍തന്നെ കാണുക. വമ്പിച്ച ഉദ്ഘാടനം ശ്രീനാരായണപുരം പോളായില്‍. മാറ്റിനി പതിവുപോലെ. 6.30, 9.30’. പണ്ടുണ്ടായിരുന്ന സിനിമാകൊട്ടകകള്‍ പലതും പൊളിച്ചു. ചിലത് കല്യാണ മണ്ഡപങ്ങളായി. പുതുക്കിപ്പണിത് കുട്ടപ്പനായി എത്തിയവ അപൂര്‍വം. സിനിമ നോട്ടീസ് ഓര്‍മയായി. മുമ്പ് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് സ്കൂളിലെ കിണര്‍ കുഴിക്കാനും കെട്ടിടം നിര്‍മിക്കാനുമൊക്കെ സിനിമാപ്രദര്‍ശനം നടത്തിയിരുന്നു. ഇന്ന് അതും ഇല്ലാതായെന്ന് വിഷമത്തോടെ വസന്തന്‍ മാഷ് പറയുന്നു. ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കാന്‍ മാസങ്ങള്‍മാത്രം ശേഷിക്കേ മാഷ് ഇന്ന് എഴുത്തിന്‍െറ തിരക്കിലാണ്. ചെറുകഥകളും ലേഖനങ്ങളുമൊക്കെ എഴുതുന്നു. കാര്‍ട്ടൂണിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ഭാര്യ: ടി.എസ്. തുളസി (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരി). മക്കള്‍: ചിത്തിര, ആതിര.

Show Full Article
TAGS:eg vasanthan 
News Summary - eg vasanthan
Next Story