ബംഗളുരു: ഗ്രാമി അവാർഡ് ജേതാവും ലോകപ്രശസ്ത ഫ്രഞ്ച് ഡി.ജെയുമായ ഡേവിഡ് ഗ്വെറ്റയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ഇന്ന് രാത്രി നടത്താനിരുന്ന സംഗീത പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ സംഗീത പരിപാടികളുടെ സംഘാടകരായ സൺബേണാണ് ബംഗളുരുവിലെ പരിപാടി നടത്തുന്നത്. നഗരത്തിൽ പുതുവർഷ രാവിൽ സ്ത്രീകൾക്കു മാനഭംഗ നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് പ്രശ്നം ഉന്നയിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ നടപടികളും പൂർത്തിയായിരുന്നെവെന്നും നിർഭാഗ്യവശാൽ ഇന്നത്തെ പരിപാടി റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. കഴിയുന്നത്ര വേഗം പരിപാടി പുന:ക്രമീകരിക്കാൻ ശ്രമം നടത്തുമെന്നും കമ്പനി അറിയിച്ചു.
ഇന്നത്തെ പരിപാടി റദ്ദാക്കിയതും പുതുവർഷ രാവിലെ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് പൊലീസ് വാദം. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നിതിന് മുമ്പ് അവർ പൊലീസുമായി സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും പ്രദേശത്തെ കാർഷിക യൂനിറ്റിൻെറ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോലീസിനെ സുരക്ഷക്കായി അവിടെ വിന്യസിച്ചെന്നും ബംഗളുരു ഐ.ജി സീമന്ത് കുമാർ വ്യക്തമാക്കി. പൊലീസ് സംരക്ഷണം ഇല്ലാതെ ഇത്തരമൊരു വലിയ പരിപാടി അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ പര്യടനത്തിലുള്ള ഡേവിഡ് ഗ്വെറ്റ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പരപാടി അവതരിപ്പിക്കും.