മൂകമായ്​ ആ തന്ത്രികൾ

balabhaskar

ആ തന്ത്രികളിൽ​ ഇനി മാന്ത്രിക സ്​പർശമില്ല. ഇടത്​ തോളിൽ ചാരിവെച്ച വയലിനിൽ കവിളുകൾ ചേർത്തുവെച്ച്​ ബാലഭാസ്​കർ തന്ത്രികൾ മീട്ടുമ്പോഴെല്ലാം ആ ദൈവിക സംഗീതം കാണികളുടെ ​ഹൃദയം നിറച്ചു. ഇലക്​ട്രോണിക്​ വയലി​നിൽ ഫ്യൂഷൻ നിറച്ച്​ ബാല വേദികളിലെത്തിയപ്പോൾ സംഗീതാസ്വാദകർ അതിൽ ലയിച്ചു. എ.ആർ റഹ്മാനും ഇളയരാജയുമടക്കമുള്ളവരുടെ സംഗീതം ബാലയുടെ വയലിനിലൂടെ പുനർജനിച്ചപ്പോൾ അത്​ കൂടുതൽ ഇമ്പമുള്ളതായി.

വാദ്യോപകരണങ്ങൾകൊണ്ടുള്ള ഫ്യൂഷൻ രംഗത്ത്​  ആസ്വാദകരെ ഒരിക്കലും ബാലു മടുപ്പിച്ചിരുന്നില്ല. പുഞ്ചിരിയോടെ വേദിയിൽ  വയലിൻ വായിച്ചു തുടങ്ങു​േമ്പാൾ ആസ്വാദകർ അതുവരെ കേട്ടതെല്ലാം മറന്ന്​ ആ തന്ത്രികളിൽ മുഴുകും. അതിനൊരു ഉദാഹരണമാണ്​ വലിയ സംഗീത സദസ്സ്​ കഴിഞ്ഞുള്ള  എ.ആർ. റഹ്​മാ​​​​​െൻറ വാക്കുകൾ.

‘‘ബാല നിങ്ങൾ വളരെ ജനകീയനാണല്ലോ...? എല്ലാവർക്കും അറിയേണ്ടത്​ നിങ്ങളെ കുറിച്ചാണ്​...’’ എന്നായിരുന്നു ​ത​​​​​െൻറ ആരാധ്യ പുരുഷനായ റഹ്​മാ​​​​​െൻറ വാക്കുകളെന്ന് ബാലു തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

തിങ്കളാഴ്​ച ‘ബാലഭാസ്​കർ അപകടനില തരണം ചെയ്​തുവെന്നും ഒാർമ്മകൾ തിരിച്ചു കിട്ടിയെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും വന്ന ആ ശുഭവാർത്തക്ക്​  വെറും മണിക്കൂറുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. ജീവന് തുല്യം സ്നേഹിച്ച മകൾ ജാനി വിളിച്ചാൽ ബാലുവിന് എങ്ങിനെ പോകാതിരിക്കാനാവും. പ്രിയ ലക്ഷ്മിയെ തനിച്ചാക്കി തണുത്ത ഒാർമകൾ സമ്മാനിച്ചുള്ള ആ യാത്ര മലയാളികൾക്ക് എന്നും നൊമ്പരമാകും. 

40 വയസ്സു കൊണ്ട് തലമുറകൾക്കായുള്ള സംഗീതം നൽകിയാണ്​ ബാലുവിന്‍റെ മടക്കം​. മൂന്നാം വയസിലായിരുന്നു വയലിന്‍ ആദ്യമായി ബാലുവി​​​​​െൻറ കയ്യിലെത്തുന്നത്​. കളിപ്പാട്ടമായി കയ്യിലെത്തിയ വയലിൻ പിന്നീട് ജീവവായുവായി അദ്ദേഹം കൂടെ കൂട്ടിയത്​ ചരിത്രം.. 

17ാം വയസ്സിൽ സംഗീത സംവിധായകൻ

തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ തന്നെയായിരുന്നു ബാലയുടെ ജനനം. സംഗീതത്തില്‍ കുഞ്ഞു ബാലക്ക്​ വഴിക്കാട്ടിയായത് അമ്മാവനായ ബി. ശശികുമാറായിരുന്നു. 12ാം വയസ്സിൽ ആദ്യമായി കച്ചേരിനടത്തി ശ്ര​ദ്ധ നേടി. 17 വയസ്സി​​​​​െൻറ ചെറുപ്പത്തിൽ തന്നെ സിനിമയിൽ പാ​െട്ടാരുക്കാനുള്ള അവസരവും ലഭിച്ചു. 

മംഗല്യപ്പല്ലക്ക്​ എന്ന ചിത്രത്തിന്​ വേണ്ടി സംഗീതം നൽകിയപ്പോൾ അന്ന്​ ബാലക്ക്​ വേണ്ടി പാടിയത്​ സാക്ഷാൽ യേശുദാസായിരുന്നു. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന യശസ്സുകൂടി അയാൾക്ക്​ സ്വന്തമാവുകയായിരുന്നു.

അത്​ സംഭവിച്ചത്​ യാദൃശ്ചികമായാണ്​ എന്ന്​ പറയാനാണ്​ ബാലക്കിഷ്​ടം.

പ്രീഡിഗ്രി പഠനകാലത്ത്​ സംഗീതം കൊണ്ട്​ എങ്ങനെ ജീവിക്കുമെന്ന ചോദ്യങ്ങൾക്കിടയിൽ നിന്നും ലഭിച്ച വാശിയായിരുന്നു ബാലയെ സംഗീതസംവിധാന രംഗ​ത്തേക്ക്​ പിടിച്ചുയർത്തിയത്​. ഒരു ആൽബത്തിന്​ വേണ്ടി ഡെമോ ചെയ്​ത മൂന്ന്​ പാട്ടുകൾ അന്നത്തെ മാഗ്ന സൗണ്ട്​ എന്ന കമ്പനിയിൽ പോയി റെക്കോർഡ്​ ചെയ്യാനിരുന്നതായിരുന്നു.

മംഗല്യപ്പല്ലക്ക്​ എന്ന സിനിമയുടെ അണിയറക്കാരും അതേ സമയം മാഗ്നയുമായി കരാറിലെത്തിയിരുന്നു. ത​​​​​െൻറ മൂന്ന്​ പാട്ടുകളും അന്ന്​ സിനിമാക്കാർ കേട്ടു. അത്​ അവർക്ക്​ സിനിമയിൽ എടുക്കണമെന്ന്​ താൽപര്യം തോന്നി. അതായിരുന്നു ത​​​​​െൻറ സിനിമയിലേക്കുള്ള എൻട്രി -ബാല ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പറഞ്ഞതാണിത്​. പാഞ്ചജന്യം മോക്ഷം,കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്കും ബാല സംഗീതം നൽകിയിരുന്നു.

പഠനകാലത്തും താരം

തിരുവനന്തപുരത്ത്​ തന്നെയുള്ള മാര്‍ ഇവാനിയോസിവും യൂണിവേഴ്സിറ്റി കോളജിലുമായിരുന്നു ബാലയുടെ വിദ്യാഭ്യാസം. മാര്‍ഇവാനിയോസില്‍ നിന്ന് പ്രീഡിഗ്രിയും യുണിവേഴ്സിറ്റി കോളജില്‍ നിന്ന് ബി.എയും എം.എയും നേടി. പഠനകാലത്ത്​ തന്നെ കലോത്സവ വേദികളിൽ താരമായി. ഫ്യൂഷൻ ലോകത്തെ മാന്ത്രികനായ ബാല കൺഫ്യൂഷൻ എന്ന ബാൻഡ്​​ തുടങ്ങിയതും തരംഗമായതും പഠനകാലത്ത്​ തന്നെയായിരുന്നു. യൂണിവേഴ്​സിറ്റി കോളജ്​ കാലത്തായിരുന്നു കൺഫ്യൂഷ​​​​​െൻറ ജനനം. 

ഈസ്റ്റ്‌കോസ്റ്റുമായി ചേര്‍ന്നുളള ബാലുവി​​​​​െൻറ സംഗീത ആല്‍ബങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ആല്‍ബങ്ങളായിരുന്നു നിനക്കായ്, നീ അറിയാന്‍ തുടങ്ങിയവ.

പിന്നീട്​ അതിൽ നിന്നും പിരിഞ്ഞ്​ ദി ബിഗ്​ ബാൻഡ്​ തുടങ്ങി. ബാലലീല എന്ന സംഗീത പരിപാടികളുടെ അമരക്കാരനായി ലോകം ചുറ്റുകയായിരുന്നു ഇൗയിടെയായി ബാല. കർണ്ണാടക സംഗീതവും പാശ്ചാത്യ സംഗീതവും അയാളുടെ ഇലക്​ട്രിക്​ വയലിനിലൂടെ മലയാളികൾ കേട്ടു. ശിവമണിയും ബാലഭാസ്‌ക്കറും സ്റ്റീഫന്‍ ദേവസ്യയും ഒത്തുചേർന്നുള്ള പരിപാടികൾ സംഗീതം ലോകം മറക്കുമോ...? പ്രതിഭാധനരായ പലരോടൊപ്പവും ബാല വേദികൾ പങ്കിട്ടപ്പോൾ സംഗീതവിദ്വാന്മാരും ബാലയുടെ സംഗീതാസ്വാദകരായി.

പിതാവി​​​​​െൻറ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്കർ അടുത്തേക്ക് വന്നു

എംഎൽഎ ശബരീനാഥി​​​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

ബാലഭാസ്കർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തി​​​​​െൻറ വീഥികളിൽ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തി​​​​​െൻറ വയലിൻ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികൾ വിരളം.

ഞാൻ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറൻറിലാണ്​. ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോൾ ഒരു കുഞ്ഞു പെൺകുട്ടി ഞങ്ങളുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോൾ ഒരു പിതാവി​​​​​െൻറ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്കർ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു "മകളാണ്, പേര് തേജസ്വിനി".

രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തിൽ തുളച്ചുകയറുന്ന നിഷ്കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സിൽ മായാതെ നിൽക്കും.

ആദരാഞ്ജലികൾ.

ബാലുവി​​​​​െൻറ കൂട്ടുകാര​​​​​െൻറ ഒാർമപ്പൂക്കൾ

ബാലുവി​​​െൻറ സുഹൃത്തും റേഡിയോ ​ജോക്കിയുമായ ഫിറോസി​​​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

പ്രതീക്ഷകളുടെ തന്ത്രികൾ ആണല്ലോ ചേട്ടാ പൊട്ടിപ്പോയത് !ഇന്നലെ ബോധം വീണു എന്നു കേട്ടപ്പോൾ നിറഞ്ഞ പ്രകാശമായിരുന്നു മനസ്സിൽ !! ചേച്ചിയെ ഒറ്റക്കാക്കി ,ഞങ്ങളെ മുഴുവൻ നിരാശരാക്കി, ലോകമലയാളികളെ കണ്ണു നിറയിച്ച് പ്രകാശത്തി​​​​​െൻറ ലോകത്തേക്ക് നിങ്ങള് പൊയ്ക്കളഞ്ഞല്ലോ മനുഷ്യാ!! അതെങ്ങനെ പോകാതിരിക്കും! രണ്ടു തികഞ്ഞിട്ടില്ലാത്ത കുഞ്ഞു തേജസ്വിനിക്ക് ഒറ്റയ്ക്ക് പോകാനാകുമോ? നല്ലച്ഛൻ ഇല്ലാതെ അവൾക്ക് പിച്ചപാദങ്ങൾ വച്ചു എങ്ങിനെ ഒറ്റയ്ക്ക് മരണത്തിന്റെ ഇരുട്ടിലൂടെ നടക്കാനാകും? ന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ ! എന്തൊരു ശൂന്യതയാണ് ആ ചിന്ത പോലും !ചിരിക്കുമ്പോൾ കുറുകുന്ന കണ്ണുകൾ ഇനിയില്ല ! 

സംസാരിക്കുമ്പോൾ പടർത്തുന്ന പ്രകാശം ഇനിയില്ല !വയലിനിൽ വിരിയാനിരുന്ന ആയിരമായിരം മാന്ത്രിക നാദവിസ്മയങ്ങൾ ഇനിയില്ല !! ഞാൻ കണ്ടു വളർന്ന ,കേട്ടു വളർന്ന പ്രണയമായിരുന്നു നിങ്ങൾ. യൂണിവേഴ്സിറ്റി കോളേജി​​​​​െൻറ വലിയ തടി വാതിലിനു താഴെ പടവിൽ, വാകമരചുവട്ടിലെ പൊഴിഞ്ഞു വീണ മഞ്ഞപ്പൂക്കൾ നോക്കിയിരുന്നു നിങ്ങൾ പ്രണയം പറഞ്ഞു മഴയാകുന്നത് കണ്ടു മനസ്സ് നിറഞ്ഞിരുന്നത് ഓർമ വരുന്നു. 

ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ ചേച്ചിയുടെ കൈ ആ മാന്ത്രിക വിരലുകളിൽ കോർത്തു, മറുകൈയിൽ പ്രിയപ്പെട്ട വയലിനും തൂക്കി നിങ്ങൾ ചേർന്നു നടക്കുന്നത് ഞങ്ങൾക്കെന്നും പ്രിയപ്പെട്ട കാഴ്ചയായിരുന്നു. യുവജനോത്സവ വേദികളിലേക്ക് എന്നെയടുപ്പിച്ചത്, പാടാൻ പോകാൻ പണമില്ലാത്തതിനാൽ നിങ്ങളും സുഹൃത്തുക്കളും ചേർന്ന് കോളേജ് പടിക്കൽ തോർത്ത് വിരിച്ചു പാടി സമ്പാദിച്ച ആ നാണയത്തുട്ടുകളിലെ കലാകാര​​​​​െൻറ നിഷ്കളങ്കതയും ആത്മാർഥതയുമാണ്!

നാഷണൽ തലത്തിലെ യുവജനോത്സവങ്ങളിൽ പങ്കെടുക്കാനുള്ള യാത്രകളിൽ ,നീണ്ട തീവണ്ടി യാത്രകളിൽ നിങ്ങളുടെ കുറുമ്പും തമാശയും സംഗീതത്തിലെ അപാര പാടവവും കണ്ടു അതിശയത്തോടെ നോക്കിയിരുന്ന ഞങ്ങൾ എല്ലായ്പ്പോഴും പറയുമായിരുന്നു ,ബാലുച്ചേട്ടൻ ലോകത്തെ അതിശയിപ്പിക്കുമെന്ന്! പിന്നീട് ജീവിതത്തി​​​​​െൻറ യാത്രകളിൽ പലപ്പോഴായി വന്നു അനുജനാക്കി പരിചയപ്പെടുത്തിയ പ്രിയപ്പെട്ടവൻ. ഒരിക്കൽ ദുബായിൽ റേഡിയോയിൽ ജോലി ചെയ്യുമ്പോൾ, സ്റ്റുഡിയോയിൽ വെച്ച് ശ്രോതാക്കളോട് ഇവനെ​​​​​െൻറ അനുജൻ, അടുത്തത് ഇവനായി മാത്രം എന്നു പറഞ്ഞു എനിക്കായി വയലിനിൽ എൻ നെഞ്ചിലെ കനൽപ്പൂക്കളിൽ എന്ന അദ്ദേഹത്തി​​​​​െൻറ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം വായിച്ചു തന്നു സ്നേഹം കൊണ്ട് നിറച്ചവൻ !

92.7 ബിഗ് എഫ്‌ എം​​​​​െൻറ തീം സോങ് വയലിനിലൂടെ വായിച്ചു തന്ന് ഞങ്ങളെ അതിശയിപ്പിച്ചവൻ! കഴിഞ്ഞതിന് മുൻപത്തെ ഓണത്തിന് ഒരു ബാലഭാസ്കർ നൈറ്റ് ചെയ്യാൻ വിളിച്ചപ്പോൾ തുക എത്രയാകും എന്ന ചോദ്യത്തിന് മൃദുവായി ചിരിച്ചു നമ്മുടെ നാടല്ലേ, നീ നോക്കി ചെയ്താൽ മതിയെന്ന് പറഞ്ഞു തിരികെ നടന്നതോർക്കുന്നു.പ്രളയസമയത്‌ പുന്തല ക്യാമ്പിൽ നിൽക്കുമ്പോളാണ് ഒടുവിൽ നിങ്ങളുടെ കാൾ. പ്രതീക്ഷിച്ചതു പോലെ ഞാനും കൂടാം നീയറിയിച്ചാൽ മതി എന്ന വാചകങ്ങൾ മനസ്സിൽ തൊട്ടിരുന്നു! യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിഷയം വന്നപ്പോൾ കാലങ്ങൾക്കിപ്പുറം ഒരേ വേദി പങ്കിട്ടു ഞങ്ങൾ. അന്നു ഞാൻ പ്രസംഗിച്ചു കഴിഞ്ഞു വന്നടുത്തിരുന്നപ്പോൾ ചെവിയിൽ പറഞ്ഞിരുന്നു -നീയീ വാക്കുകളിലെ തീപ്പൊരിയൊക്കെ ഒളിപ്പിച്ചു വയ്ക്കാതെ പരമാവധി പുറത്തെടുക്ക്. ഒരു മോട്ടിവേഷണൽ സ്പീക്കർ നിന്റെയുള്ളിലുണ്ട് !! ആ വാക്കുകളായിരുന്നു എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ! അതേ വാക്കുകൾ കൊണ്ട് നിങ്ങൾക്ക് ഓർമപ്പൂക്കൾ അർപ്പിക്കേണ്ടി വരുന്നല്ലോ ചേട്ടാ !

ഇന്നലെ വൈകുന്നേരവും നിങ്ങൾക്ക് ബോധം വീണതറിഞ്ഞപ്പോൾ സുഹൃത്തുക്കളോട് നിങ്ങളുടെ മടങ്ങി വരവിലെ ആദ്യവേദി തയാറാക്കാൻ ചർച്ചചെയ്യുകയായിരുന്നു ! ന്നാലും ബാലുച്ചേട്ടൻ കിടന്നുപോയല്ലോ എന്ന് പറഞ്ഞവരോട് ,ലെജൻഡ്​സ്​ ഒക്കെ ഇടക്ക് റെസ്റ്റെടുക്കാറുണ്ട് എന്നോർമിപ്പിച്ച്​ കാത്തിരിക്കുകയാരുന്നു!!

പോയല്ലോ ചേട്ടാ ! ഇനിയാ വാകപ്പൂക്കൾക്കു മുകളിലൂടെ ഗുൽമോഹർ മരങ്ങൾക്കു ചുവട്ടിലൂടെ ചേച്ചി ഓർമകളിലൂടെ ഒറ്റയ്ക്ക് നടക്കണമല്ലോ !ധൈര്യം കിട്ടട്ടെ ചേച്ചിക്ക് !അദൃശ്യനായി പ്രിയപ്പെട്ടവൾക്കൊപ്പം നടന്നു നിങ്ങൾ ആ മാന്ത്രിക സംഗീതം പൊഴിക്കുമെന്ന് ഞങ്ങൾക്കറിയാം !

വിട ഒക്ടോബറി​​​​​െൻറ നഷ്ടമേ... വിട

സെപ്റ്റംബര്‍ 25 നുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്ക്കര്‍ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഗീതത്തേക്കാളും തന്നെയും ത​​​​​െൻറ വയലിനെയും സ്​നേഹിച്ച ആരാധക ലക്ഷങ്ങളേക്കാളും മകളെ സ്​നേഹിച്ച ബാല അവളുടെ അടുത്തേക്ക്​ പോയി എന്ന്​ വിശ്വസിക്കേണ്ടി വരുന്നു....

നിനക്കായ്​ തോഴീ പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്നുചേരാം.....

ത​​​​​െൻറ പ്രിയതമക്കായി ബാല പുനർജനിക്ക​െട്ട..  മലയാളികൾക്ക്​ കേട്ട്​ കൊതിതീരാത്ത ഇൗ വരികൾക്ക്​ സംഗീതം നൽകിയത്​ ബാലയായിരുന്നു. 

Loading...
COMMENTS