മുഹബ്ബത്തോടെ അവ്​കു ഭായി

അനു ചന്ദ്ര
14:48 PM
28/05/2019

നവാഗതനായ ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രമായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിലൂടെ, ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ ലഭിച്ചിരിക്കുകയാണ് "പകലന്തി കിനാവ് കണ്ടു" എന്ന ഗാനം. മാപ്പിളപ്പാട്ടുകളിലൂടെ ശ്രദ്ധേയനായ അബൂബക്കര്‍ 28 വർഷങ്ങൾക്ക് മുൻപ് സംഗീതം നിർവഹിച്ച ഈ ഗാനം ഷഹബാസ് അമൻെറ സുന്ദരമായ ആലാപനത്തിലൂടെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോഴിക്കോട്​കാരുടെ പ്രിയപ്പെട്ട തബലിസ്റ്റ് അവ്ക്കു ഭായി എന്നറിയപ്പെടുന്ന സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ തൻെറ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.

1) 1991 ൽ സംഗീത സംവിധാനം നിർവഹിച്ച,കാസറ്റ് മാപ്പിളപ്പാട്ടായി പുറത്ത് വന്ന "പകലന്തി കിനാവ് കണ്ടു"?

- 1991 ൽ അതായത് 28 വർഷങ്ങൾക്ക് മുൻപാണ് ഈ ഗാനം ആദ്യമായി ഞങ്ങൾ കാസറ്റ് ആയി ചെയുന്നത്.അത് പച്ചപരമാർത്ഥമാണ്. ഇപ്പോഴാണ് അതിന് ദൃശ്യഭാഷ വരാൻ അവസരം ഉണ്ടായതെന്ന് മാത്രം.അന്നൊക്കെ കാസറ്റ് പാട്ടുകൾ വലിയ തോതിൽ പ്രചാരത്തിലുള്ള കാലമായിരുന്നു. ഒരുപാട് കമ്പനികൾക്ക് വേണ്ടി ഞങ്ങൾ നിരവധി ഗാനം ചെയുമായിരുന്നു. അന്ന് ബാപ്പു വെള്ളിപറമ്പിൽ രചന നിർവഹിച്ചു സതീഷ് ബാബു ആലപിച്ചു ഞാൻ സംഗീത സംവിധാനം ചെയ്ത ഗാനമാണ് ഇത്.

പിന്നീട് വർഷങ്ങൾക്കിപ്പുറം അതേ ഗാനമാണ് ഷഹബാസ് അമന്റെ ശബ്ദത്തിൽ മുഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമയിലൂടെ പുറത്ത് വരുന്നത്. എൻെറ സുഹൃത്ത് സജി മില്ലെനിയം എന്ന ആളുടെ അഭിപ്രായ പ്രകാരമാണ് ഈ ഗാനം വീണ്ടും ഉപയോഗിക്കുന്നത്. അവർ ആവശ്യപ്പെട്ടത് നൊസ്റ്റാൾജിക്ക് ഗാനം വേണം എന്നായിരുന്നു. അങ്ങനെ ഇത് സെലക്റ്റീവ് ആയത്.

2) അന്ന് ആലാപനം സതീഷ്‌ ബാബു. ഇന്ന് ഷഹബാസ് അമൻ.എന്ത് പറയുന്നു?

- രണ്ടാളും നന്നായി പാടി. അന്ന് കാസറ്റ് ഗാനം മാത്രമായിരുന്നു ഇത്. അക്കാലങ്ങളിൽ ഞാൻ സംഗീത സംവിധാനം നിർവഹിച്ച  ഒരുപാട് ഗാനങ്ങൾ പാടിയിട്ടുണ്ട് സതീശ്ബാബു. പിന്നെ ഈ പാട്ടിനോട് അക്കാലഘട്ടത്തിൽ തന്നെ എല്ലാവർക്കും ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. പക്ഷെ സതീഷ്‌ ബാബു ഈ ഗാനം വർഷങ്ങൾക്കിപ്പുറം പുറത്തു വന്ന കാര്യം അറിഞ്ഞോ എന്നു തന്നെ ഇപ്പോ എനിക്കറിയില്ല. പിന്നെ ശഹബാസിനെ നിര്ദേശിക്കുന്നത് സജി മില്ലെനിയം ആണ്. നല്ല ഗസൽഗായകൻ ആണ് അയാൾ. പ്രത്യേകതയുള്ള ശബ്ദമാണ് ആൾക്ക്.

3) മുസ്ലിംപശ്ചാത്തലത്തിൽ ഉള്ള മാപ്പിളപ്പാട്ട് ആണിത്.അന്നത്തെ കാലഘട്ടം വെച്ചു നോക്കിയാൽ ഇന്ന് അന്യം വന്നു പോയോ ഇത്തരം ഗാനങ്ങൾ?

- തീർച്ചയായും. അക്കാലങ്ങളിൽ ഈ ഗാനം നന്നായി ആളുകൾ കേട്ടിരുന്ന, അതിലും നന്നായി വിറ്റഴിഞ്ഞു പോയ ഗാനങ്ങൾ ആണ്. ഞാൻ ഏകദേശം 800/1000 ത്തിനടുത്തു മാപ്പിളഗാനങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ തന്നെ അക്കാലങ്ങളിൽ ഒരു 10,40 ഗാനങ്ങൾ യേശുദാസ് ആണ് പാടിയിട്ടുള്ളത്. യാ റസൂലുള്ള, കണ്ണീരിൽ മുങ്ങി, കരയാനും പറയാനും, അള്ളാ റസൂൽ തുടങ്ങി പല ഗാനങ്ങളും അക്കാലങ്ങളിലെ കാസറ്റ്പാട്ടുകളിൽ ഹിറ്റ് ആയിരുന്നു. യേശുദാസിൻെറ റെക്കോർഡിങ് സ്റ്റുഡിയോക്ക് വേണ്ടി തന്നെ 6,7 പാട്ടുകൾ ചെയ്തിട്ടുണ്ട്.

4) കോഴിക്കോട് അബൂബക്കർ;കോഴിക്കോടിൻെറ കലാചരിത്രത്തിന്റ് ഓർമ്മകൾ പങ്കു വെക്കാമോ?

- കോഴിക്കോടിൻെറ കലാചരിത്രത്തിൻെറ ഓർമ്മകൾ പറയുമ്പോൾ ഒറ്റവാക്കിൽ പറയാൻ പറ്റുന്ന കാര്യം അന്നത്തെ കാലത്തെ കോഴിക്കോ​ട്ടെ കലാകാരന്മാർ എല്ലാം വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു എന്നതാണ്. എത്ര കഷ്ടപ്പെട്ട് ആയാലും പാടണം എന്നാണ് അല്ലെങ്കിൽ പാടാൻ അവസരം വേണം എന്നാണ് അവരുടെ ആഗ്രഹം. പണത്തിൻെറയും/പ്രതിഫലത്തിൻെറ കാര്യം ഒക്കെ അത് കഴിഞ്ഞേ ഒള്ളു അവർക്ക്.

5) കോഴിക്കോടിനെ കുറിച്ച് പറയുമ്പോൾ ബാബുരാജിനെ കുറിച്ച് പറയാതിരിക്കാൻ ആവില്ലല്ലോ?

- ബാബുരാജിനൊപ്പം ഞാൻ എൻെറ ഒരു 14 വയസ്സ് മുതൽക്ക് സ്ത്രീ ശബ്ദത്തിൽ പാടി തുടങ്ങിയതാണ്. 3,4 വർഷം കഴിഞ്ഞപ്പോൾ ശബ്ദം മാറി തുടങ്ങി. അങ്ങനെ ഞാൻ തബലിസ്റ്റ് ആയി മാറി. പിന്നീട് തബലിസ്റ്റ് അവ്ക്കു ഭായി എന്നറിയപ്പെട്ടു. തബല വായിക്കുന്ന കാലത്ത് എസ്. എൻ കോയ എന്ന കേരളത്തിലെ അറിയപ്പെടുന്ന ഒരു മാപ്പിളപ്പാട്ട്കാരനൊപ്പം തബല വായിച്ചു തുടങ്ങി. അങ്ങനെ ആണ് അതേ പറ്റി ഒരുപാട് പഠിക്കാൻ അവസരം ഉണ്ടായത്. അങ്ങനെ ആണ് പിന്നീട് സംഗീത സംവിധാനത്തിൽ ഒക്കെ കൂടുതൽ സഹായം ഉണ്ടാകുന്നത്. പിന്നെ ബാബുരാജിനൊപ്പം ഞാൻ അതിനു മാത്രം കാലം ഒന്നും കൂടെ ഉണ്ടായിരുന്നില്ല.

6) പഴയകാല ഈ ഗാനത്തെ ന്യൂ ജനറേഷൻ സമീപിക്കുന്ന രീതി എങ്ങനെയാണ്?

- വലിയൊരു ഭാഗ്യം എന്നു പറയട്ടെ. പുതിയ തലമുറ അത് വളരേ നന്നായി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഷാനു സമദിൻെറ ദൃശ്യ ഭാഷ ഈ ഗാനത്തെ ഏറെ മനോഹരമാക്കി തീർത്തിരിക്കുന്നു. എല്ലാത്തിലും സന്തോഷം ഉണ്ട്

Loading...
COMMENTS