Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനിമിഷം മാത്രം മനുജാ

നിമിഷം മാത്രം മനുജാ

text_fields
bookmark_border
നിമിഷം മാത്രം മനുജാ
cancel

പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലത്താണ് ആദ്യമായി റേഡിയോ വാങ്ങുന്നത്. എച് എം വിയുടെ കോസ്‌മോപോളിറ്റന്‍. ട്രാന്‍സിസ്റ്ററാണ്. അതിനു കാരണവുമുണ്ടായിരുന്നു. അന്ന്​ ഞങ്ങളു​െട വീട്ടില്‍ വൈദ്യുതി എത്തിയിരുന്നില്ല.

അക്കാലത്തു തന്നെയാണ് ബംഗ്ലാവ് എന്നു ഞങ്ങള്‍ വിളിയ്ക്കുന്ന പത്തായപ്പുരയില്‍ ‘കേരള കലാവേദി’ എന്ന നാടകസംഘം റിഹേഴ്‌സലിന് എത്തുന്നത്. ചെറുകാടി​​​​​െൻറ ‘നമ്മളൊന്ന്’ വീണ്ടും അവതരിപ്പിയ്ക്കണം. കൂടാതെ പി. നരേന്ദ്രനാഥി​​​​​െൻറ ‘ധര്‍മയുദ്ധം’ ആദ്യമായി അരങ്ങേറണം. വരുന്നത് ചില്ലറക്കാരൊന്നുമല്ല. അക്കാലത്തെ നവോത്ഥാനപ്രസ്ഥാനക്കാരായ പ്രേംജി, പരിയാനംപറ്റ, എം. എസ്. നമ്പൂതിരി. പോരാത്തതിന് വയലാറും ബാബുരാജും സി.ഒ. ആൻറോയുമൊക്കെ വരുന്നുണ്ട്. 
‘ആൻറോയോ...? മധുരിയ്ക്കും ഓര്‍മകളേ... പാടിയ ആൻറോയോ...!’

വന്നത് പക്ഷേ, ആൻറോ ആയിരുന്നില്ല. പി. എം. ഗംഗാധരനാണ്. തബലിസ്റ്റായി ഒടുവില്‍ ഉണ്ണിക്കൃഷ്ണനുമുണ്ട്.
ഇന്ദുലേഖ എന്ന സിനിമ ഇറങ്ങിയ കാലമായിരുന്നു. കലാനിലയത്തിന്റെ അവതരണഗാനമായ ‘സല്‍ക്കലാദേവി തന്‍ ചിത്രഗോപുരങ്ങളേ..’ ഇടയ്ക്കിടെ റേഡിയോവിലൂടെ അലയടിച്ചു. വല്ലപ്പോഴുമൊക്കെ ഗംഗാധര​​​​​െൻറ ‘നിമിഷം മാത്രം മനുജാ...’യും ‘വഴിത്താര മാറിയില്ല...’യും. നാടകഗാനങ്ങളിലും ഗംഗാധര​​​​​െൻറ പാട്ടുകള്‍ കേള്‍ക്കാറുണ്ടായിരുന്നു. ‘അഗ്നിഗോള’ത്തിലെ ‘കുങ്കുമപ്പൂക്കുടക്കാരി’ യും ‘അച്ചുതണ്ടില്‍ തിരിയുന്ന ഭൂഗോള..’വും.

ആന്‍േറാ
 

അക്കാലത്ത് വൈകുന്നേരം നാലു മണി മുതല്‍ അഞ്ചു മണി വരെ വിവിധ് ഭാരതിയില്‍ ‘ദക്ഷിണ്‍ ഭാരതീയ് ഫില്‍മീ ഗീതോം കാ കാര്യക്രം’ ഉണ്ടായിരുന്നു. പതിനഞ്ചു മിനിട്ടു വീതം നാലു ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലെ ഗാനങ്ങള്‍.

ഗംഗാധരന്‍ വന്ന് അധികദിവസമായിരുന്നില്ല. നാലു മണിക്ക്​ വിവിധ് ഭാരതിയിലെ പെണ്ണ് പറയുന്നു: ‘മല്യാലം ഗീതോം കാ കാര്യക്രം മേ പെഹ്‌ലാ ഗീത് ഇന്ദുലേഖാ സേ. പാപ്പനംകോട് ലക്ഷ്മണ്‍ സേ ലിഖീ ഹുയീ ഗീത് കോ സംഗീത് ദിയാ ഹെ ദക്ഷിണാമൂര്‍ത്തി. ഓര്‍ ഗായാ ഹേ പി.എം. ഗംഗാധരന്‍ നേ...’ 
നിമിഷം മാത്രമോ വഴിത്താരയോ? സംശയിയ്ക്കാന്‍ സമയം കിട്ടിയില്ല. ഗംഗാധരന്റെ ഘനഗംഭീരശബ്ദം റേഡിയോവില്‍ നിന്നു മുഴങ്ങിത്തുടങ്ങി: 
‘നിമിഷം മാത്രം മനുജാ നിന്നുടെ നിഗമനമെല്ലാം മാറുന്നല്ലോ, 
വിധിയുടെ മുന്നില്‍ വേദനയാല്‍ നീ വിട കൊള്ളുന്നൂ കണ്ണീരോടെ...’

പറമ്പിന്റെ തെക്കുപടിഞ്ഞാറേ ഭാഗത്ത് അല്‍പം മുകളിലായാണ് ബംഗ്ലാവ്. ഇവിടത്തെ റേഡിയോവി​​​​​െൻറ ശബ്ദം അവിടെയെത്തില്ല. ശബ്​ദം ഏറ്റവും ഉച്ചത്തിലാക്കി റേഡിയോ താങ്ങിയെടുത്ത് പൂമുഖത്തെത്തി. അത് ബംഗ്ലാവിലെത്തിയിരിയ്ക്കണം. അവിടെ നിന്ന് ഗംഗാധരനും ജോസഫ് മനയില്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരും ഇറങ്ങി വരാന്‍ തുടങ്ങി. പക്ഷേ പകുതിവഴിയായപ്പോഴേയ്ക്കും 
‘സങ്കല്‍പങ്ങളൊടുങ്ങി ജീവനില്‍ നൊമ്പരമേറുകയായി...’ എന്ന അവസാന വരികളിലെത്തിയിരുന്നു.

നാലു മാസത്തോളം ഗംഗാധരന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ചെമ്പൈയുടെ പ്രിയശിഷ്യനായിരുന്നു ഗംഗാധരന്‍. ചെമ്പൈ ആണ് ഗംഗാധരനെ ദക്ഷിണാമൂര്‍ത്തിയുടെ അടുത്തു കൊണ്ടു ചെന്നാക്കിയത്. ഇന്ദുലേഖയില്‍ എത്തിയത് അങ്ങനെയാണ്.

ഗംഗാധര​​​​​െൻറ സാന്നിധ്യം ഞങ്ങള്‍ക്ക് വിലപ്പെട്ടതായിരുന്നു. ഒരു പിന്നണി ഗായകനെ നേരില്‍ കാണുന്നത് ആദ്യമായിട്ടാണ്​. റിഹേഴ്‌സല്‍ കഴിഞ്ഞ് അംഗങ്ങള്‍ എങ്ങനെയൊക്കെയോ ചിന്നിച്ചിതറിപ്പോയി. ഓരോരുത്തരേയും ഞങ്ങള്‍ വാര്‍ത്തകളും വര്‍ത്തമാനങ്ങളുമായി കുറേ കാലം പിന്തുടര്‍ന്നു. ഓരോരുത്തരായി രംഗമൊഴിഞ്ഞു പോയി. ഗംഗാധരനാണ് ആദ്യം പോയത്. അമ്പതു വയസ്സു പോലും എത്താതെ അകാലചരമമായിരുന്നു അദ്ദേഹത്തി​​​​​െൻറത്​.

അല്‍പം ദുഃഖം നിറഞ്ഞ അദ്ദേഹത്തി​​​​​െൻറ ശബ്​ദം ഇപ്പോഴും എന്നെ പിന്തുടരുന്നുണ്ട്.
‘വഴിത്താര മാറിയില്ല, വാഹനങ്ങള്‍ മാറിയില്ല, 
വന്നിറങ്ങിയ യാത്രക്കാരോ, ഒന്നൊന്നായ് കാണുന്നീല...’ ഈ വരികള്‍ കേള്‍ക്കുമ്പോഴൊക്കെ അറുപത്തിയെട്ടിലെ ആ കാലം ഞാന്‍ ഓര്‍ത്തു പോവും. ഞങ്ങളുടെ പറമ്പിലും പുഴവക്കത്തും ഗംഗാധരന്‍ പാട്ടുകള്‍ മൂളി ഒറ്റയ്ക്കു നടക്കാറുണ്ടായിരുന്നു. 

ഗംഗാധരന്‍ അറിയാതെ ഞാന്‍ അദ്ദേഹത്തെ പിന്തുടരുമായിരുന്നു. അറിഞ്ഞാല്‍ പാട്ടു നിര്‍ത്തുമോ എന്നു പേടിച്ച് ഒളിച്ചു നിന്നാണ് ഞാന്‍ പാട്ടുകള്‍ കേട്ടിരുന്നത്. 
‘ഇരുളായ നേരമെല്ലാം വഴി വിളക്കു തേടുന്നു
വെയിലായ നേരമെല്ലാം തണല്‍മരങ്ങള്‍ തേടുന്നു
വഴി തെറ്റിയലയുമ്പോള്‍ തുണയെങ്ങും തിരയുന്നു
വാതിലെല്ലാമടയുമ്പോള്‍ പാതവക്കിലടിയുന്നു..’

ഇത് 2018. അമ്പതുകൊല്ലം മുമ്പുള്ള ഓർമകളാണ്​.  അര നൂറ്റാണ്ട് അല്‍പം നീണ്ട കാലം തന്നെ. പക്ഷേ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ. ഗംഗാധരന്‍ ഞങ്ങളുടെ പറമ്പിലും പുഴവക്കത്തും ഇപ്പോഴും ഉള്ളതു പോലെ. പാട്ട് ഇപ്പോഴും കാതില്‍ മുഴങ്ങുന്നതു പോലെ.

‘പലരല്ലേ സഞ്ചാരികള്‍ പലതല്ലേ സങ്കല്‍പങ്ങള്‍
പണ്ടു പണ്ടേ ഞാനീ വഴിയില്‍ കണ്ടു നില്‍ക്കുകയാണല്ലോ..’

Show Full Article
TAGS:Ashtamoorthi paattorma 
News Summary - Ashtamoorthi-paattorma
Next Story