ഹോളിവുഡ് അവാർഡ് വേദിയിൽ തിളങ്ങി എ.ആർ.റഹ്മാനും ‘ആടുജീവിതവും’
text_fieldsവിവാഹ മോചന വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കെ, എ.ആർ. റഹ്മാന് സംഗീതലോകത്തുനിന്ന് മറ്റൊരു പുരസ്കാരം കൂടി. 2024ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരമാണ് റഹ്മാനെ തേടിയെത്തിയിരിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിത’ത്തിലെ സംഗീതത്തിനാണ് അവാർഡ്. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തലസംഗീത വിഭാഗത്തിലാണ് ആടുജീവിതം സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞദിവസം ലോസ് ആഞ്ജലസിൽ നടന്ന ചടങ്ങിൽ റഹ്മാനുവേണ്ടി ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി.
പലപ്പോഴും, ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് വിഖ്യാതമായ ഓസ്കർ പുരസ്കാരത്തിന്റെ സൂചനയായി കണക്കാക്കാറുണ്ട്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമെ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങൾ.
പുരസ്കാരലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച് എ.ആർ. റഹ്മാൻ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത വിഡിയോയും ഇപ്പോൾ വൈറലാണ്. ‘ആടുജീവിത’ത്തിലെ അണിയറ പ്രവർത്തകരോട് അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

