Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ലതാ മ​ങ്കേഷ്​കർ
cancel
camera_alt

ലതാ മ​ങ്കേഷ്​കർ 

ലോകം നമിച്ചുപോകുന്ന ഒരുപാട് അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് ഇന്ത്യ. ​െഷഹ്നായിയിൽ ബിസ്​മില്ലാ ഖാൻ, ചിത്രകലയിൽ എം.എഫ്. ഹുസൈൻ, വോക്കലിൽ എം.എസ്​. സുബ്ബുലക്ഷ്മി തുടങ്ങി അവരവരുടേതായ തട്ടകങ്ങളുടെ ഉത്തുംഗത തൊട്ടവർ. ലതാ മങ്കേഷ്​കറിനെ മാറ്റിനിർത്തി ഈ പട്ടിക പൂർത്തിയാക്കാൻ ഒരിക്കലും സാധ്യമാകില്ല. ലോകം കണ്ട എക്കാലത്തെയും വലിയ ഗായികയായി വാഴ്ത്തപ്പെട്ടുകാണുന്നത് കൗകബ് അൽ ഷാർഖ് (കിഴക്കിെ​ൻറ താരം) എന്നു വിളിക്കപ്പെടുന്ന ഉമ്മു കുൽസും (ഈജിപ്ത്​ 1920-1970) ആണ്.

ലതാജിയോട് ഒരിക്കലേതോ അഭിമുഖത്തിൽ താങ്കളുടെ ഇഷ്​ട ഗായികയാരെന്ന് ചോദിച്ചപ്പോഴും ഉമ്മു കുൽസുമി​െൻറ പേരുതന്നെയാണ് പറഞ്ഞത്. അടുത്ത പേര് തന്‍റേതുതന്നെ. രണ്ടുപേരും 20, 21 നൂറ്റാണ്ടുകൾ കണ്ട ഏറ്റവും ഉന്നതരും സമശീർഷരുമായ ഗായികമാരെന്ന കാര്യത്തിൽ സംശയമില്ല. സെപ്​റ്റംബർ 28ന് ലതാജി 91ാം വയസ്സിലേക്ക് കടക്കുന്നു. തികച്ചും യാദൃച്ഛികമെങ്കിലും, ഒരുപറ്റം അതുല്യ പ്രതിഭകൾ ഒരേകാലത്ത് വന്ന് അവരവരുടേതായ തട്ടകങ്ങളിൽ നക്ഷത്രശോഭ വിതറിയത് കാരണമാണ് 1950, '60 ദശകങ്ങളെ ഹിന്ദി സിനിമയുടെ സുവർണകാലമായി അടയാളപ്പെടുത്തപ്പെടാൻ കാരണമായത്. അവരിലൊരാളാണ് ലതാജിയും.

ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ വന്ന ഒരുപറ്റം പ്രഗല്​ഭമതികളായ സംഗീത സംവിധായകർ, അവരുടെതായ ഗാനങ്ങളിലൂടെ ലതാജിയുടെ അത്ഭുതകരമായ സിദ്ധി ഒട്ടും ചോർന്നുപോകാതെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതിനാൽതന്നെ ലതാജിയുടെ ഏറ്റവും മികച്ച ഗാനമെന്നൊന്നിനെ തിരഞ്ഞെടുക്കുക എന്നത് അസാധ്യമായ പ്രവൃത്തിയാണ്. പക്ഷേ, ഒരു േശ്രാതാവെന്ന നിലക്ക് എന്നെ ഇന്നും വശീകരിച്ചുകൊണ്ടിരിക്കുന്ന ഏതാനും ചില ഗാനങ്ങളാണ് ഇവിടെ പരാമർശവിധേയമാക്കുന്നത്. വരികളും സംഗീതവും ദേഹിയും ദേഹവുമെന്ന പോലെ പരസ്​​പരം ഒന്നായിത്തീരുന്ന പ്രതിഭാസം. കാലക്രമത്തിൽ ആദ്യത്തേത് 1954ൽ പുറത്തിറങ്ങിയ 'ഹൗസ്​ നമ്പർ 44' എന്ന പടത്തിലേത്.

ഫൈലി ഹുയി ഹെ സപ്നോംകി ബാഹേം / ആജാ ചല് ദെ കഹി ദൂർ...

വഹി മേരി മൻസിൽ വഹി തേരി രാഹേം / ആജാ ചല് ദേ കഹി ദൂർ...

ലതാജിയുടെ വശീകരണക്ഷമമായ സ്വരത്തിൽ പിറന്നുവീണത് ഗാനാസ്വാദകർ അന്നുവരെ ആസ്വദിച്ചിട്ടില്ലാത്ത കർണാനന്ദകരമായ ഈരടികളാണ്. അതു പിന്നീട് ഹിന്ദി സിനിമയിലെ എക്കാലത്തേയും അസുലഭ ഗാനങ്ങളിലൊന്നായി. സാഹിർ ലുധിയാൻവി കാവ്യാത്മക പദങ്ങൾ കോർത്ത് വരികൾ നെയ്തപ്പോൾ, ആത്മാവ് ഉൾക്കൊണ്ട ബർമൻ ദാ, ഭൂപ് കല്യാൺ രാഗത്തിലതിന് ശ്രുതിയൊരുക്കി. ആകാശത്ത് തെളിയുന്ന മഴവില്ലിനെ വർണിച്ചുകൊണ്ട് ഈ വരികളിലെ ദൃശ്യാത്മകത. ഒരു മയിലിനെ പോലെ നൃത്തം വെക്കുന്ന നായിക. പ്രകൃതിയുടെ ആ കാവ്യഭംഗിയിൽ ആറാടുന്ന േശ്രാതാവ്. അനുഭൂതി പകരുന്ന തുടർന്നുള്ള വരികൾ...

ഝൂലാ ധനക്. കാ ധീരെ ധീരെ ഹം ഝൂമെ...

അംബർ ത്തൊ ക്യാ ഹെ താരോം കെ ഭി ലബ് ചൂലെ...

ലതാജിയുടെ ലോകമെങ്ങുമുള്ള ആസ്വാദകവൃന്ദം, അതിറങ്ങിയ കാലത്ത് ഏതുവിധത്തിലാവും ഈ ഗാനത്തെ വരവേറ്റത് എന്നത് നമ്മുടെ ഭാവനക്കപ്പുറമാവും. അവർക്ക് ഉർദു/ഹിന്ദി ഭാഷയുടെ ഒരു പദമെങ്കിലും തിരിഞ്ഞോ എന്നതൊന്നും അവിടെ വിഷയമേ ആയിട്ടുണ്ടാവില്ല. കേവലം ലതാജിയുടെ ആ സ്വരമാധുരിയുടെ കുളിർമഴ ആസ്വദിക്കുമ്പോൾ എന്തു ഭാഷ.! ലതാജിയുടെ സ്വരംപോലെ അത്രക്കും ആവാഹിക്കുന്ന മറ്റൊരു സ്​ത്രീശബ്​ദം വേറെയുണ്ടാവാൻ സാധ്യത വിരളം. അതിനോട് കിടപിടിക്കുന്ന മറ്റൊരു ഗാനശിൽപം, രാജേന്ദ്ര് കിഷൻജിയുടെ വരികൾക്ക് സി. ഇമാചന്ദ്ര ശ്രുതിയൊരുക്കിയപ്പോൾ സംഭവിച്ചതാണ്. 1958ലിറങ്ങിയ അമർദീപ് എന്ന പടം.

ദിൽ കി ദുനിയാ ബസാക്കെ സംവരിയാ/തുംന ജാനെ കഹാം ഖോ ഗയേ...

തുടർന്നു വരുന്ന വരികളിൽ

സുന് കെ ബാദൽ ഭി മേരീ കഹാനി/ ബേബസി പർ മെരി രോ ഗയയെ (മേഘവും എെൻറ കദനകഥ കേട്ട് ഹതാശയയായിക്കൊണ്ട് കരഞ്ഞുപോയി)

ബെഹ്ത്തെ ബെഹ്ത്തെ യെ ആംസൂ ഭി ഹാരെ

ആകെ ഫൽക്കോം പെ ഹെ സോ ഗയെ (ഒഴുകിയൊഴുകി എെൻറ കണ്ണുനീരും പിൻവാങ്ങി. ഇറങ്ങിയത് ചുണ്ടുകളിൽ ഉറഞ്ഞുപോയി).

ലതാജിയുടെ ആലാപനം ഇവിടെ ഒരു കാട്ടരുവി നൃത്തം വെച്ചുകൊണ്ട് ഒഴുകിവന്ന് ഒരു ജലാശയത്തിൽ വന്നുവീണ് നിശ്ചലമായി ആസ്വാദകർക്ക് സാന്ത്വനമാകുന്ന പ്രതീതി സൃഷ്​ടിക്കുന്നു. ആ മധുരസ്വരത്തിെൻറ ഒഴുക്കിന് ഒരുദാഹരണംകൂടി. പടം 1961ൽ ഇറങ്ങിയ ഭാഭീ കി ചൂഡിയാം. പണ്ഡിറ്റ് നരേന്ദ്ര ശർമയുടെ വരികൾ മറാത്തി സംഗീത സംവിധായകൻ സുധീർ ഫാട്ക്കെ അർധ ശാസ്​ത്രീയരാഗത്തിൽ ചിട്ടപ്പെടുത്തി ലതാജിക്കു നൽകിയപ്പോൾ എന്തത്ഭുതമാണ് സംഭവിച്ചതെന്ന് കേട്ടു നോക്കൂ.

ജ്യോതി കലശ് ചൽക്കെ

ഹുവേ ഗുലാബി ലല് സുൻഹരെ റംഗ് ദൽ ബാദൽ കെ ജ്യോതി...

തുടർന്നു വരുന്ന,

അംബർ കുംകും കർ ബർസായെ

ഫൂല് ഫംകുറിയാം പർ മുസ്​കുറായേ

ബിന്ദു തൂഹി ജൽ കെ ബിന്ദു തൂഹി ജൽ കെ...

ലതാജി മറാത്തി വംശജയാണ്, സുധീർ ഫാട്ക്കെയും. മാതൃഭാഷകളിലൂടെ പരസ്​പരമിഴുകിച്ചേരുന്ന ശ്രുതിയും സ്വരവും. ഈ ഗാനശിൽപം ലതാജിക്ക് വേണ്ടി മാത്രം ഒരുക്കിയതാണെന്നു തോന്നും. സുധീർ ഫാട്ക്കെ നിരവധി മറാത്തി പടങ്ങൾക്ക് പുറമെ ഇരുപതിലധികം ഹിന്ദി സിനിമകൾക്കുകൂടി സംഗീതം പകർന്നിട്ടുണ്ട്.

ഇനിയും ഒരു അനർഘ മേളനംകൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ടതുണ്ട്. ചിത്രം 1966ൽ ഇറങ്ങിയ മമത.

രഹേന രഹേ ഹം... മെഹക്കാ കറേംഗെ,

ബൽ കെ കലി ബൻകെ സബാ

ബാഗെ വഫാ മേം... (ജീവിച്ചിരുന്നാലും ഇല്ലെങ്കിലും സുഗന്ധം പരത്തിക്കൊണ്ടേയിരിക്കും. ഒരു മൊട്ടായോ പൂവായോ ഓർമകളുടെ പൂങ്കാവനത്തിൽ). പകരം വെക്കാനില്ലാത്ത ലതാജിയുടെ ഈ ആലാപനത്തിലെ വരികൾ മജ്റൂഹ് സുൽത്താൻപുരിയുടേതാണ്. രോഷൻ സാഹബ് പഹാഡി രാഗത്തിലത് ഒരുക്കിയപ്പോൾ, ശരിക്കും േശ്രാതാക്കളെ ആസ്വാദനത്തി​െൻറ മറ്റൊരു ലോകത്തെത്തിക്കുകയാണ്.

അസ്​ക്കോംസെ ബീഗി ചാന്ദ്നീ മേ

ഇക് സദാ സീ സുനോഗെ ചൽത്തെ ചൽത്തെ

കോയി ഹം ഐസെ ക്യാ ഹെ മിൽനാ ബിച്ഛട്നാ

നഹീം ഹെ യാദ് ഹംക്കോ...

ലതാ മങ്കേഷ്​കർ എന്ന ലതാജിക്ക് അസാധാരണമായ പാടവമുണ്ടായിട്ടും, തുടക്കത്തിൽ പലരേയും പോലെ ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നിട്ടുണ്ട്. അന്ന്, ഹിന്ദി സിനിമയിൽ കലാകാരന്മാരുടെ വിധികർത്താക്കളിൽ ഒരാളായിരുന്ന എസ്​. മുഖർജി സാബ്, ഒരു വോയ്സ്​ ടെസ്​റ്റ്​ വേളയിൽ അദ്ദേഹം തള്ളിക്കളഞ്ഞ ശബ്​ദമായിരുന്നു ലതാജിയുടേത്, വളരെ നേർത്ത ഒരു നിലവിളിയൊച്ച പോലെ തോന്നിക്കുന്ന സ്വരമെന്നാക്ഷേപിച്ച്, അന്നത്തെ കനത്ത ശബ്​ദത്തിനുടമകളായ നായികമാർക്ക് ഒട്ടും ചേരില്ലെന്ന്​ വിമർശിച്ച്​. എസ്​. മുഖർജി സാബ് അന്ന് ചൂണ്ടിയ നായികമാരിൽ ഒരാൾ പിൽക്കാലത്ത് ലതയുടെ പിന്നണിയില്ലെങ്കിൽ കാൾഷീറ്റ് നൽകില്ലെന്ന് ശഠിച്ച മധുബാലയും. മാദകസ്വരങ്ങളായ ശംഷാദ് ബീഗം, രാജ് കുമാരി, സുരയ്യ, ഗീതാ ദത്ത്, നൂർജഹാൻ, അമീർ ഭായ് കർണാടകി തുടങ്ങിയ ഗായികമാരൊക്കെ അരങ്ങുവാഴുന്ന ഒരു വേളയിലായിരുന്നു ആ വിധിയെഴുത്തെന്നോർക്കണം.

പ്രമുഖ സംഗീത സംവിധായകൻ ഖേംചന്ദ് പ്രകാശായിരുന്നു കൗമാരക്കാരിയായ ലതയെ വോയ്സ്​ ടെസ്​റ്റിന്​ അന്നവിടെ കൂട്ടിക്കൊണ്ടുപോയത്. ലതയുടെ ശബ്​ദം തിരസ്​കരിച്ച മുഖർജി സാബിനോട്, ഒരിക്കൽ ഹിന്ദി സിനിമയിൽ അത്ഭുതം സൃഷ്​ടിച്ചേക്കാവുന്ന ഒരു സ്വരവിസ്​മയത്തെയാണ് താങ്കൾ തിരസ്​കരിച്ചതെന്ന് അന്ന് മടങ്ങവേ ഖേംചന്ദ് പ്രകാശ് പ്രതിവചിച്ചിരിക്കണം. കാരണം ആ ശബ്​ദത്തിെൻറ മാസ്​മരികത അന്നേ ഖേംചന്ദ് തിരിച്ചറിഞ്ഞിരുന്നു. 1948 കാലം. കമാൽ അേമ്രാഹിയുടെ മഹൽ എന്ന പടത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നു. യാദൃച്ഛികമായി സംഗീതം, ഖേംചന്ദ് പ്രകാശിന് നറുക്കുവീണു. അദ്ദേഹം ലതയെ ആ പടത്തിനു വേണ്ടി കരാർ ചെയ്തു. 1949ൽ അശോക് കുമാർ–മധുബാല ടീം ജോടിയായ മഹൽ ഇറങ്ങി.

ആയേഗാ.. ആയേഗാ.. ആയേഗ ആനെ വാലാ

ദീപക് ബഗൈർ ജൈസേ പർവാന ചൽ രഹീ ഹെ എക്കോ നൽകി റെക്കോഡ് ചെയ്ത ഗാനം. പുതു സ്വതന്ത്ര ഇന്ത്യയുടെ പുലരിയിൽ തെരുവീഥികളിലെങ്ങും അലയടിക്കുകയായിരുന്നു ആ ഗാനം.. ഇന്നും ലതയുടെ ഹോണ്ടിങ് മെലഡീസ്​ ഗോൾഡൻ ഹിറ്റുകളുടെ പട്ടികയുടെ മുന്നിൽതന്നെ, ആയേഗാ ആനെവാ​െല ഉണ്ട്. അതേ പടത്തിലെ,

മുഷ്ക്കിൽഹെ ബഹുത്ത് മുഷ്ക്കിൽ...

ചാഹത്ത് കൊ ബുലാ ദേനാ.. മറ്റൊരു സുവർണ ഹിറ്റ് ഗാനംകൂടി പരാമർശിക്കാതെ പോവുന്നത് ശരിയല്ല. പിന്നീട് ലതക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നത് ചരിത്രം. ഗായകരുടെ േശ്രണിയിൽ, രാജ്യം ഭാരതരത്​നം സമ്മാനിച്ച രണ്ട് പ്രതിഭകളേയുള്ളൂ. എം.എസ്. സുബ്ബുലക്ഷ്മിയും ലതാ മങ്കേഷ്​​കറും. ഭാരതരത്നയും ഫാൽക്കെയും പുരസ്​കൃതരായവർ രണ്ടുപേരെയുള്ളൂ. സത്യജിത് റായിയും ലതാ മങ്കേഷ്​കറും. കലക്ക്, സംഗീതത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ഒരു ജീവിതമാണ് ലതാജിയുടേത്. ആരംഭദശയിലത് കുടുംബത്തിനുവേണ്ടി നിർബന്ധിതയായിയെങ്കിലും പിന്നീട്, സംഗീതത്തിന് മാത്രമായി സമർപ്പിതമായി. ലത വിവാഹിതയായില്ല എന്നത് പലരും ഇതുമായി കൂട്ടിയാണ് വായിക്കാറുള്ളത്.

1941ൽ, ത​െൻറ പന്ത്രണ്ടാം വയസ്സിൽ, റേഡിയോയിൽ ഗാനമാലപിച്ചുകൊണ്ടാണ് ലത ആനയിക്കപ്പെടുന്നത്. അവരുടെ സ്വരം ആദ്യം തിരിച്ചറിയഞ്ഞത് അച്ഛൻ ദീനാനാഥ് മങ്കേഷ്​​കർതന്നെ. ത​െൻറ അൽപസ്വൽപ പിടിപാട് ഉപയോഗിച്ചാണ് മകളെ ആകാശവാണി റെ​േക്കാഡിങ് സ്​റ്റുഡിയോയിലെത്തിക്കുന്നത്. നാടകനടനും ക്ലാസിക്കൽ വോക്കലിസ്​റ്റുമായ ദീനാനാഥ് മങ്കേഷ്​കറിെൻറ കുടുംബം സാമ്പത്തികമായി പിന്നിലായിരുന്നു. അവർക്ക് ലതയടക്കം അഞ്ച് പെൺമക്കളും ഒരാണും. പോളിയോ ബാധിച്ച ഭിന്നശേഷിക്കാരനായിരുന്നു ഹൃദയനാഥ് മങ്കേഷ്​കർ. ദീനനാഥ് അകാലത്തിൽ വിട പറയുമ്പോൾ ലതക്ക് കേവലം 14 വയസ്സ്. അത് ആ കുടുംബത്തെ അക്ഷരാർഥത്തിൽ അനാഥമാക്കി. മകൾ ആ റേഡിയോയിലൂടെ പാടുന്നതു മാത്രം കേട്ട്

തൃപ്തിയടയാനെ ദീനാനാഥിന് ഭാഗ്യമുണ്ടായുള്ളൂ. മുഖത്ത് ചായമിട്ട് ഒരു ബാലതാരമായി വേഷമിട്ടുകൊണ്ടാണ് ആ വെല്ലുവിളി ലത ഏറ്റെടുക്കുന്നത്. വിനായക് റാവുവിന്‍റെ മറാത്തി സിനിമ പഹെലീ മംഗളഗൗർ ആണ് ആ ചിത്രം. തുടർന്ന് ഗജഭാവു, ബഡീമാ. ഹിന്ദിയിൽ ഒരു ഗാനമാലപിക്കാൻ ആദ്യാവസരം കൈവന്നത് മറാത്തി സിനിമയിലാണെന്നത് ഒരു വിരോധാഭാസവും. ഉസ്​താദ് ബഡേ ഗുലാം അലി ഖാൻ, പണ്ഡിറ്റ് തുളസീദാസ്​ ശർമ, അമാനത് അലീഖാൻ എന്നിവരുടെ കീഴിൽ സംഗീതമഭ്യസിക്കാനുള്ള ഭാഗ്യം ലഭിച്ച ഗായികയാണ് ലതാ മങ്കേഷ്​കർ.

Show Full Article
TAGS:Lata Mangeshkar Birthday indian musician 
Next Story