- കാലം: 2018 ജനുവരി 4
- സ്ഥലം: മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് സെമിനാർ ഹാൾ
- കേൾക്കുന്ന പാട്ടുകൾ: 1938 ഏപ്രിൽ 19, 20 തീയതികളിൽ മലപ്പുറത്ത് റെക്കോഡ് ചെയ്തവ.
കേൾക്കുകയായിരുന്നു, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് സെമിനാർ ഹാളിലെ നിശ്ശബ്ദമായ വേദിയിൽ ഒഴുകിയിറങ്ങിയ ശബ്ദവീചികൾ. നമ്മിൽനിന്ന് മുറിച്ചുമാറ്റപ്പെട്ടുവെന്ന് കരുതിയ ഒരു കാലത്തിന്റെ ആഹ്ലാദങ്ങളുടെ പെയ്ത്ത്. അറിയിക്കുകയായിരുന്നു, മാപ്പിളപ്പാട്ട്, മലബാർ തുടങ്ങിയ പദാവലികളിൽ പതിഞ്ഞുപോയ ഭാവനകൾക്ക് ഇനിയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തിട്ടില്ലാത്ത മധുവൂറും കാലങ്ങളും അടരുകളുമുണ്ടായിരുന്നെന്ന്. കാണുകയായിരുന്നു, സെമിനാർ ഹാളിലെ ചുമരിൽ തെളിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോകളിൽ രണ്ടു തലമുറക്കപ്പുറത്തെ മാപ്പിളപ്പാട്ടുകാലങ്ങൾ. അല്ല, മാപ്പിള ജീവിതങ്ങൾതന്നെ.
അമേരിക്കയിലെ കാലിഫോർണിയ വാഴ്സിറ്റി ഗോത്രസംഗീത പഠന വിഭാഗത്തിന്റെ സഹകരണത്തോടെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം സംഘടിപ്പിച്ച പരിപാടിയിലാണ് 80 വർഷം മുമ്പ് മലപ്പുറത്തുനിന്ന് റെക്കോഡ് ചെയ്ത മാപ്പിളപ്പാട്ടുകളും വിഡിയോയും പ്രദർശിപ്പിച്ചത്. ലണ്ടൻ സർവകലാശാലയിലെ സംഗീത ഗവേഷക വിഭാഗം അധ്യാപകനായിരുന്ന േഡാ. ആർണോൾഡ് അഡ്രിയാൻ ബകി 1938 ഏപ്രിൽ 19, 20 തീയതികളിൽ ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭാഗമായ മമ്പുറം, പരപ്പനങ്ങാടി, പുല്ലേങ്കാട് എസ്റ്റേറ്റ് എന്നിവിടങ്ങളിൽ വെച്ച് റെക്കോഡ് ചെയ്തതാണിവ. ഏപ്രിൽ 22ന് കോഴിക്കോട്ടുവെച്ച് റെക്കോഡ് ചെയ്ത ലക്ഷദ്വീപുകാരുടെ പാട്ടുകളും ഇതിലുണ്ട്.

അറബി മലയാളം എന്ന ജ്ഞാനപാരമ്പര്യം വഴി മാപ്പിളപ്പാട്ടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാഹിത്യശാഖ ഇന്നും ലഭ്യമാണെങ്കിലും മാപ്പിളപ്പാട്ട് ആലാപന സമ്പ്രദായത്തെക്കുറിച്ച് പരിമിതമായ വിവരസ്രോതസ്സുകളേ ലഭ്യമായിട്ടുള്ളൂ. സംഗീതത്തിന്റെ തലമുറ-സാേങ്കതിക മാറ്റങ്ങൾക്കനുസരിച്ച് കൊഴിഞ്ഞുപോകുന്ന ആലാപനരീതികളും ഇൗണങ്ങളും ഒരു ഘട്ടത്തിലുള്ളത് തിരിച്ചുപിടിക്കാൻ കഴിഞ്ഞു എന്നതാണ് ഇൗ റെക്കോഡുകളുടെ പ്രസക്തി. മാപ്പിളപ്പാട്ടിലെ വമ്പ്, വിരുത്തം എന്നിവയുടെ വിസ്മയാവഹമായ സൗന്ദര്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ഇതിലെ ആലാപനങ്ങൾ.
ലോകപ്രശസ്തരായ ഖവാലി ഗായകരുടെ പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന വമ്പും വിരുത്തവും അവതരിപ്പിക്കുന്ന ഗായകരുടെ തലമുറ എവിടെയും രേഖപ്പെടാതെ കടന്നുപോയി എന്ന സങ്കടംകൂടി ഇൗ കേൾവി സമ്മാനിക്കുന്നുണ്ട്. മലയാളത്തിന്റെ മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഹിജ്റ, ബദർ പടപ്പാട്ട് എന്നിവക്ക് പുറമെ ചേറൂർ പടപ്പാട്ട്, മലപ്പുറം നേർച്ചപ്പാട്ട്, നബി മദ്ഹ്, സദുപദേശമാല, ആദംനബി മദ്ഹ്, ഒപ്പനപ്പാട്ട്, കോൽക്കളിപ്പാട്ട്, വട്ടപ്പാട്ട്, ലക്ഷദ്വീപിലെ തോണിപ്പാട്ടുകൾ, ഖുർആൻ പാരായണം, വിവാഹ ഖുതുബ തുടങ്ങിയവയാണ് ഇൗ ശേഖരത്തിലുള്ളത്.

വൈദ്യരുടെ ബദർ പടപ്പാട്ടിലെ പ്രസിദ്ധമായ ‘ഉണ്ടെന്നും മിശ്ഖാത്ത് ബാരികിൽ വന്തിടൈ...’ എന്ന ഗാനം നിലവിലുള്ള ‘മുറുക്കം’ ആലാപന രീതിയിൽനിന്ന് വ്യത്യസ്തമായി മെലഡി പ്രധാനമായ ‘ചായൽ’ രീതിയിൽ േവറിട്ട അനുഭവം പകരുന്നതാണ്. മാപ്പിളപ്പാട്ടിലോ മലയാള ഗാനപാരമ്പര്യത്തിലോ വേണ്ടത്ര രേഖപ്പെടാത്ത മലയാളം സൂഫി ഗാനശാഖയിലുൾപ്പെട്ട ഒരു ഗാനവും ഇൗ ശേഖരത്തിലുണ്ട്. 1907ൽ ജനിച്ച് 1970ൽ മരിച്ച പൊന്നാനിയിലെ കെ.വി. അബൂബക്കർ മാസ്റ്റർ എന്ന അബ്ദുറഹ്മാൻ മസ്താൻ രചിച്ച ‘ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്, ഖുറൈശി മുഹമ്മദ് സ്വല്ലിഅലാ’ എന്ന ഗാനമാണത്. അച്ചടി രൂപത്തിലില്ലാത്തതും വാമൊഴിയായി മാത്രം ലഭ്യമായതുമായ ഇത്തരം ഗൂഢാർഥ ഗാനങ്ങൾക്കുള്ള പ്രചാരത്തെയും ഇത് അടയാളപ്പെടുത്തുന്നു. അബ്ദുറഹ്മാൻ മസ്താന്റെ ഗാനങ്ങൾ ഉസ്താദ് തവക്കുൽ മുസ്തഫ കടലുണ്ടിയുടെ അശ്രാന്ത പരിശ്രമത്താലാണ് ഇന്നും കൈമോശംവരാതെ നിലനിൽക്കുന്നത്.
മലബാറുമായി ബന്ധപ്പെട്ട് പൊതുവിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും ആദ്യത്തെ വിഡിയോ റെക്കോഡിങ്ങാണ് ഡോ. ആർണോൾഡ് ബകിയുടെ ശേഖരത്തെ വിലപിടിപ്പുള്ളതാക്കിത്തീർക്കുന്ന മറ്റൊരു ഘടകം. 1937െല ജർമൻ നിർമിത ടെഫി റെക്കോഡർ ഉപയോഗിച്ചാണ് പാട്ടുകൾക്കൊപ്പം ഇൗ ദൃശ്യങ്ങളും പകർത്തിയിരിക്കുന്നത്. മാപ്പിള, മുസ്ലിം സ്ത്രീ എന്നിവ സംബന്ധിച്ച് അടുത്തകാലത്തുണ്ടായ ഫ്ലാഷ്മോബ് വിവാദങ്ങളെ അപ്രസക്തമാക്കുന്ന ഇൗ വിഡിയോ, പുരോഗമനം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയവ സംബന്ധിച്ച കേരളീയ പൊതുബോധങ്ങളെ നിലംപരിശാക്കിക്കളയുന്നുണ്ട്. പുല്ലേങ്കാട് എസ്റ്റേറ്റിന്റെ പശ്ചാത്തലത്തിൽ മികച്ച വസ്ത്രധാരണത്തോടെ കൈകൊട്ടിപ്പാടുന്ന മാപ്പിള സ്ത്രീകളുടെ ദൃശ്യങ്ങൾ അത്തരത്തിലൊന്നാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വ്യത്യസ്ത പ്രാദേശിക-ഗോത്ര സംഗീതത്തെക്കുറിച്ച് പഠനം നടത്തിയ ആർണോൾഡ് ബകി, 1937 മുതൽ 1946 വെര നടത്തിയ രണ്ടാമത്തെ പഠനയാത്രയിലാണ് ഇൗ പാട്ടുകൾ റെക്കോഡ് ചെയ്തത്. രണ്ടാം ലോകയുദ്ധ കാലത്തിനിടയിൽ നടത്തിയ ഇൗ യാത്രയിലെ പല റെക്കോഡുകളും കൈമോശംവന്നിട്ടുണ്ട്. ദക്ഷിണേന്ത്യയെ കുറിച്ചുള്ള ഒരു മണിക്കൂർ വിഡിയോയിൽ അരമണിക്കൂർ സമയം മലബാറിനെ കുറിച്ചാണുള്ളത്. ഗുജറാത്ത് വംശജനായ അമേരിക്കൻ സംഗീത ഗവേഷകനും തെൻറ ശിഷ്യനുമായ നാസിർ അലി ജൈറസ്ബോയിക്ക് ഡോ. ആർണോൾഡ് ബകി ഇൗ ശേഖരം കൈമാറിയിരുന്നു.
ബകിയുടെ സംഗീത വഴികളിലൂടെയുള്ള യാത്രയുടെ ഭാഗമായി നാസിർ അലിയും ഭാര്യ കാലിഫോർണിയ സർവകലാശാലയിലെ സംഗീത പഠനവിഭാഗം അധ്യാപിക ആമി കാത്ലിനും 1994ൽ പുല്ലേങ്കാട് എസ്റ്റേറ്റിലെത്തി വീണ്ടും പാട്ടുകളും ഒപ്പനയും മറ്റും പകർത്തിയിരുന്നു. നാസിർ അലിയുടെ മരണശേഷം അമൂല്യമായ ബകിയുടെ ശേഖരം പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങൾക്ക് ലഭ്യമാക്കണമെന്ന ആഗ്രഹത്തോടെയാണ് ആമി കാത്ലിൻ വീണ്ടും കേരളത്തിലെത്തിയത്. അമൂല്യമായ ഇൗ ശേഖരത്തിന്റെ പകർപ്പുകൾ ഡോ. പി.പി. അബ്ദുറസാഖിന്റെ നേതൃത്വത്തിലുള്ള പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗത്തിനും കാലിക്കറ്റ് വാഴ്സിറ്റിക്കും അവർ കൈമാറിയിട്ടുണ്ട്.