Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാതി വിരിഞ്ഞ ശരദിന്ദു

പാതി വിരിഞ്ഞ ശരദിന്ദു

text_fields
bookmark_border
പാതി വിരിഞ്ഞ ശരദിന്ദു
cancel

പാപ്പുക്കുട്ടി ഭാഗവതരുടെ മകളായ ഞാന്‍ അറിയപ്പെടുന്ന ഗായികയാവുമെന്നാണ് എല്ലാവരും കരുതിയത്. അങ്ങനത്തെന്നെയാകണമെന്നായിരുന്നു എന്‍െറയും മോഹം. എന്നാല്‍, സംവിധായകന്‍ കെ.ജി. ജോര്‍ജിന്‍െറ ഭാര്യയാകാനായിരുന്നു വിധി. ‘ഉള്‍ക്കട’ലിലെ ‘‘ശരദിന്ദു മലര്‍ദീപ നാളം നീട്ടി...’’ പോലെ മനോഹരമായ ഗാനം ആലപിച്ച സെല്‍മ എന്തുകൊണ്ടാണ് സംഗീതലോകത്ത് തുടരാഞ്ഞത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. മക്കളുടെയും ഭര്‍ത്താവിന്‍െറയും ക്ഷേമൈശ്വര്യം തേടുന്ന കുടുംബിനിയുടെ ട്രാക്കില്‍ ജീവിതഗാനം ആലപിക്കാനായിരുന്നു നിയോഗം. 

പിന്നണി ഗായികയാവുക എന്ന മോഹവുമായി 1974ലാണ് പിതാവ് പാപ്പുക്കുട്ടി ഭാഗവതരുമൊന്നിച്ച് ഞാന്‍ മദ്രാസിലേക്ക് പോയത്. അന്ന് 21 വയസ്സായിരുന്നു. പിതാവിനെ വളരെ ബഹുമാനിച്ചിരുന്ന ദേവരാജന്‍ മാസ്റ്ററെയാണ് ആദ്യം പോയി കണ്ടത്. എന്നെക്കൊണ്ട് 10-16 പാട്ട് അദ്ദേഹം പാടിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ റെക്കോഡിങ്ങിന് വിളിച്ചു. സംഗീത സംവിധായകന്‍ റഹ്മാന്‍െറ പിതാവ് ആര്‍.കെ. ശേഖറായിരുന്നു അന്ന് ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്‍റ്. എന്നെ അദ്ദേഹം വളരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 

‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ‘‘ജഗദീശ്വരി ജയ ജഗദീശ്വരി’’ എന്നു തുടങ്ങുന്ന ഗാനം. ഞങ്ങള്‍ മദ്രാസിലേക്ക് താമസം മാറ്റി. പിന്നീട് അവസരങ്ങള്‍ കിട്ടിത്തുടങ്ങി. മൊത്തം 45 സിനിമകളില്‍ പാടി. രാഘവന്‍ മാസ്റ്റര്‍ അടക്കം  എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജിന്‍െറ ഗാനങ്ങളുള്ള എല്ലാ സിനിമകളിലും ഞാന്‍ പാടി. പലപ്പോഴും എം.ബി. ശ്രീനിവാസന്‍ സാറാണ് എന്നെക്കൊണ്ട് പാടിക്കണമെന്ന് പറയാറ്. 

യാദൃച്ഛികമായാണ് ജോര്‍ജിനെ പരിചയപ്പെട്ടത്. അമ്മ ബേബിയും അദ്ദേഹവും തിരുവല്ലാക്കാരാണ്. അവര്‍ തമ്മില്‍ നേരത്തേ പരിചയവുമുണ്ട്. ഒരു ദിവസം പള്ളിയില്‍ പോയിവരുമ്പോള്‍ റോഡിലൂടെ നടന്നുവന്ന അദ്ദേഹത്തെ അമ്മ പരിചയപ്പെടുത്തുകയായിരുന്നു. 1976ല്‍ അദ്ദേഹത്തിന്‍െറ ‘സ്വപ്നാടനം’ പുറത്തു വന്ന സമയമായിരുന്നു. എനിക്ക് പാടാന്‍ അവസരം നല്‍കുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു. അവസരമുണ്ടെങ്കില്‍ അറിയിക്കാമെന്നായിരുന്നു മറുപടി. 

വിവാഹാലോചന നടത്തണമെന്ന് അന്നേ മനസ്സില്‍ കരുതിയിരുന്നെന്ന് അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം എന്നെ പെണ്ണുകാണാന്‍ വന്നു. ജീവിതപങ്കാളി ഒരു കലാകാരനാവരുതെന്നും കലാസ്വാദകന്‍ മതിയെന്നുമായിരുന്നു എന്‍െറ അഭിപ്രായം. എന്നാല്‍, പ്രശസ്തിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അദ്ദേഹവുമായുള്ള വിവാഹം ഉറപ്പിക്കാനായിരുന്നു വീട്ടുകാര്‍ക്കിഷ്ടം. വിവാഹം കഴിഞ്ഞാല്‍ ജോര്‍ജിന്‍െറ പടങ്ങളില്‍ എനിക്ക് പാടാന്‍ അവസരം ലഭിക്കുമെന്ന് നടന്‍കൂടിയായ സഹോദരന്‍ മോഹന്‍ ജോസ് പറഞ്ഞപ്പോള്‍ സമാധാനമായി.

1977ല്‍ മദ്രാസിലായിരുന്നു വിവാഹം. വിവാഹം ഉറപ്പിച്ച സമയത്ത് അദ്ദേഹത്തിന്‍െറ ‘ഓണപ്പുടവ’ എന്ന സിനിമയില്‍ ഞാന്‍ പാടി. എന്നെ ഏറെ ശ്രദ്ധേയയാക്കിയ ഗാനമായിരുന്നു ‘ഉള്‍ക്കടലി’ലെ ‘‘ശരദിന്ദു...’’ ജോര്‍ജിന്‍െറ ‘വ്യാമോഹ’മാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മലയാളത്തിലെ ആദ്യ ചിത്രം. അതില്‍ ഒരു ഗാനം ഞാന്‍ ആലപിച്ചിട്ടുണ്ട്. അങ്ങനെ ഇളയരാജയുമായി പരിചയമുണ്ട്. പിന്നീട് അദ്ദേഹത്തെ പോയി കാണണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. മറ്റൊരാളോട് അവസരം തേടിപ്പോവുന്നതിനോട് ജോര്‍ജിന് യോജിപ്പുണ്ടായിരുന്നില്ല. നമുക്ക് ലഭിക്കാനുള്ളത് എപ്പോഴായാലും നമ്മളെ തേടിവരുമെന്ന അഭിപ്രായക്കാരനായിരുന്നു. അരുണും താരയും പിറന്നതോടെ ഞാന്‍ തീര്‍ത്തും കുടുംബിനിയായി.

കുടുംബകാര്യങ്ങളുടെ വലയം ഭേദിക്കാനുമായില്ല. പാട്ട് തുടരാനായില്ലല്ളോ എന്ന ദു:ഖം എന്നെ അലട്ടിക്കൊണ്ടിരുന്നു. പലപ്പോഴും അദ്ദേഹത്തോട് ഞാന്‍ മനസ്സ് തുറന്നിട്ടുണ്ട്. അപ്പോഴെല്ലാം ചെറു പുഞ്ചിരിയോടെ അദ്ദേഹം എല്ലാം കേട്ടിരുന്നു. സിനിമയില്‍നിന്ന് അദ്ദേഹം വിട്ടുനിന്നതോടെയാണ് ഭാഗികമായെങ്കിലും ഞങ്ങളുടെ ആദ്യകാലത്തെ ഓര്‍മിക്കുന്നവിധത്തിലുള്ള ജീവിതത്തിലേക്ക് തിരിച്ചത്തെിയത്. മദ്രാസിലെ 12 വര്‍ഷത്തെ ജീവിതത്തിന് ശേഷം ഞങ്ങള്‍ നാട്ടില്‍ തിരിച്ചത്തെി.

ഒരിക്കല്‍ തങ്ങളുടെ പടത്തില്‍  അഭിനയിപ്പിക്കാമെന്ന് സംവിധായകന്‍ മൃണാള്‍സെന്നും കുഞ്ചാക്കോയും പറഞ്ഞിരുന്നു. എന്നാല്‍, എനിക്ക് പാടാനാണ് ഇഷ്ടമെന്നാണ് ഞാന്‍ പ്രതികരിച്ചത്. വീട്ടില്‍ വരുമ്പോഴെല്ലാം ഭരതന്‍ എന്നോട് പാടാന്‍ ആവശ്യപ്പെടുമായിരുന്നു. ഇടക്കൊക്കെ ജയാ ബച്ചനും എത്തുമായിരുന്നു. ജോര്‍ജും അവരും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്നു. അത്തരം ഘട്ടങ്ങളിലെല്ലാം പ്രശസ്തനായ സംവിധായകന്‍െറ ഭാര്യ ആയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുകയും സംതൃപ്തിയടയുകയും ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ വരുമ്പോഴൊക്കെ അവരോടൊന്നിച്ച് വലിയ സംസാരവും ചിരിയും ബഹളവുമായിരിക്കും.

Show Full Article
TAGS:KG George film director 
Next Story