വേദനകള്‍ എന്നെ ഗായകനാക്കി
text_fieldsകോഴിക്കോട് മുഖദാറിലെ ഒരൊഴിഞ്ഞ കോണില്‍ ഗുഹാസമാനമായ കൊച്ചുമുറിയില്‍ രാഗ് റസാഖ് എന്ന ഹിന്ദുസ്ഥാനി ഗായകന്‍ ബാഹ്യകോലാഹലങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി സംഗീതത്തെ പ്രണയിച്ചും രാഗങ്ങളോട് സ്നേഹപൂര്‍വം കലഹിച്ചും ജീവിക്കുന്നു. വഴിതേടിപ്പിടിച്ച് അവിടെയത്തെുമ്പോള്‍ എന്നെ കാത്തിരിക്കുകയായിരുന്നു ഉസ്താദ്. ആദ്യമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. വെളുത്ത താടിയുള്ള, കണ്ണുകളില്‍ സ്നേഹത്തിന്‍െറ നിലാവ് മേയുന്ന അറുപത്തേഴുകാരന്‍.
‘കോഴിക്കോട്ടെ പഴയ ഒരുവിധപ്പെട്ട ഗായകരുമായൊക്കെ എനിക്കടുപ്പമുണ്ട്. ഇത്രകാലമായിട്ടും നാം എങ്ങനെ പരിചയപ്പെടാതെ പോയി, താങ്കള്‍ പുറത്തെവിടെയെങ്കിലുമായിരുന്നോ ദീര്‍ഘകാലം?’ -ഞാന്‍ ചോദിച്ചു. ‘ഞാന്‍ ഇവിടത്തെന്നെയുണ്ടായിരുന്നു. പുറംലോകവുമായി വലിയ അടുപ്പം... എനിക്കതില്‍ താല്‍പര്യമുണ്ടായിരുന്നില്ല’.
വേണ്ടത്ര വെളിച്ചമില്ലാത്ത കൊച്ചുമുറി. കിടക്ക. കുറച്ചു കസേരകള്‍. പുസ്തകങ്ങള്‍. കസേരയിലൊന്നില്‍ ചെറിയ സിംഗ്ള്‍ റീഡ് പെട്ടി. ഹിന്ദുസ്ഥാനി രാഗങ്ങളില്‍ അഗാധ ജ്ഞാനമുള്ള മനുഷ്യന്‍. 1966 മുതല്‍ കോഴിക്കോട്ടെ സംഗീതവേദികളില്‍ സ്ഥിരസാന്നിധ്യം. ഒരുകാലത്ത് ആകാശവാണിയില്‍ നിറഞ്ഞുനിന്ന ഗായകന്‍. ആയിരത്തിലേറെ ഉര്‍ദു കവിതകള്‍ പാട്ടുകളായി ചിട്ടപ്പെടുത്തിയ പ്രതിഭ. ഹിന്ദുസ്ഥാനി രാഗങ്ങളിലുള്ള അപാര ജ്ഞാനം കാരണം നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്ത പേര് -രാഗ് റസാഖ്.
സംഗീതം കച്ചവടമാവുകയും അര്‍ഹതയില്ലാത്തവരെല്ലാം പാട്ടുകാരായി വിലസുകയും ചെയ്യുന്നത് കണ്ടപ്പോള്‍ മനംമടുത്ത് റസാഖ് കോഴിക്കോട്ടെ മുഖ്യധാരയില്‍നിന്ന് പതുക്കെ പിന്‍വലിയുകയായിരുന്നു. ലോകം ഈ കൊച്ചുമുറിയായി. പിന്നെ യാത്രകള്‍. ആത്മാവിന്‍െറ ശാന്തിതേടിയുള്ള അലച്ചിലുകള്‍. അവ എത്തിപ്പെട്ടത് സൂഫി ആശയങ്ങളോടുള്ള അനുരാഗത്തില്‍.
റൂമിനു പുറത്ത് മതിലിനോട് ചേര്‍ന്ന് പ്രാവിന്‍കൂടുകള്‍. അതില്‍ കുറുകുകയും കൊക്കുരുമ്മി പ്രണയിക്കുകയുമൊക്കെ ചെയ്യുന്ന പലതരത്തിലുള്ള ഒട്ടേറെ പ്രാവുകള്‍. ആ ഭാഗത്തേക്ക് കണ്ണുകള്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വളര്‍ത്തുന്നതാ... പ്രാവുകള്‍ ഉത്കൃഷ്ടരായ ജീവികളാണ്. സ്നേഹവും പ്രണയവും കുടുംബജീവിതവുമൊക്കെ നാം അവരില്‍നിന്ന് കണ്ടുപഠിക്കണം. പ്രവാചകന്‍ പ്രാവുകളെ ഏറെ സ്നേഹിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്നു’.
‘താങ്കളുടെ പാട്ടുകേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഒരു പാട്ടുകേട്ടതിനുശേഷം സംസാരം തുടങ്ങിയാലോ?’ -ഞാന്‍ ചോദിച്ചു. ‘തീര്‍ച്ചയായും അങ്ങനത്തെന്നെയാണ് വേണ്ടത്’-അദ്ദേഹം ഹാര്‍മോണിയം എടുത്ത് മുന്നിലേക്കുവെച്ചു. ‘ഷാനേ തേരീ ജല്ല ജഗാഹും...’ അദ്ദേഹം പാടാന്‍ തുടങ്ങി. ബിഹാരി രാഗത്തിലെ ഭജന്‍ ആയിരുന്നു അത്. ആ ഗായകന്‍െറ മനസ്സുണര്‍ന്നു. ബിഹാരി രാഗത്തിന്‍െറ പ്രത്യേകതകള്‍ പറഞ്ഞുതന്നു. മലയാളത്തില്‍ ധാരാളം പാട്ടുകള്‍ ഈ രാഗത്തില്‍ പിറന്നിട്ടുണ്ട്. ബാബുരാജിന്‍െറ ‘എന്‍ പ്രാണനായകനെ എന്തുവിളിക്കും, എങ്ങനെ ഞാന്‍ നാവെടുത്തു പേരുവിളിക്കും...’ ഉദാഹരണം.
ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടുകൊണ്ടുതന്നെ അദ്ദേഹം തന്‍െറ കഥകള്‍ പറഞ്ഞുതുടങ്ങി. മുഖദാറില്‍ സ്രാമ്പിയക്കല്‍ മറിയംബിയുടെയും ഉസ്മാന്‍െറയും മകനായി ജനിച്ചു. കുട്ടിക്കാലത്തുതന്നെ സംഗീതം പിന്നാലെ ഉണ്ടായിരുന്നു. ‘തൊട്ടിലില്‍ കിടക്കുന്ന എനിക്ക് ഉമ്മയാണ് അതു പകര്‍ന്നുതന്നത്. ഹസ്ബീ റബ്ബീ ജല്ലല്ലാ... മാഫീ ഖല്‍ബീ ഖൈറുല്ലാ... എന്ന താരാട്ടുപാട്ടിലൂടെ. ബാബുരാജ് ആ പാട്ട് സിനിമയില്‍ കൊണ്ടുവരുന്നതിനുമുമ്പേ എന്‍െറ ഉമ്മ അത് അവരുടെതായ രീതിയില്‍, വരികളില്‍ എനിക്കു പാടിത്തന്നിരുന്നു. സി.എ. അബൂബക്കര്‍ എന്ന വലിയ ഗായകനാണ് എന്നെ സംഗീതത്തിലേക്ക് വലിച്ചടുപ്പിച്ചത്. അദ്ദേഹത്തിന്‍െറ സ്വരമാധുരിയും അപാരമായ സിദ്ധിയും എന്നെ വിസ്മയിപ്പിച്ചു. ഒരു നിഴല്‍പോലെ ആ മഹാഗായകനെ ഞാന്‍ പിന്തുടര്‍ന്നു. പിന്നെ ബാബുരാജ്, എസ്.എം. കോയ, കോഴിക്കോട് അബ്ദുല്‍ഖാദര്‍... പ്രതിഭകളുടെ മഹാസാഗരംതന്നെയായിരുന്നു അന്ന് കോഴിക്കോട്. മുംബൈയില്‍നിന്ന് സംഗീതത്തെ പ്രണയിച്ച് നാടുവിട്ട സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠേയും കോഴിക്കോട്ടത്തെിയിരുന്നു. എല്ലാവരും ഹിന്ദുസ്ഥാനി സംഗീതത്തെ ഹൃദയത്തിലേറ്റിയവര്‍.
രാഗങ്ങള്‍കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മഹാമാന്ത്രികനായിരുന്നു ബാബുരാജ്. യെമന്‍ കല്യാണിലും ദേശ് രാഗത്തിലുമൊക്കെ അദ്ദേഹം തീര്‍ത്ത മനോഹര ഈണങ്ങള്‍ അമൃതിനു തുല്യമാണ്. ഹാര്‍മോണിയത്തില്‍ അനായാസം വിരലുകള്‍ ഓടിച്ച് കണ്ണുകളടച്ച് റസാഖ് പാടുന്നു -‘തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍...’ എത്ര ഹൃദ്യമാണ് ആ ഗാനം. ‘ഈറനുടുത്തുകൊണ്ടമ്പരം ചുറ്റുന്ന...’, ‘നദികളില്‍ സുന്ദരി യമുനാ...’ ഇങ്ങനെയെത്രയോ ലളിത സുന്ദരഗാനങ്ങള്‍ കല്യണില്‍ ബാബുരാജ് ഒരുക്കി. ദേശ് രാഗത്തിലുള്ള അദ്ദേഹത്തിന്‍െറ ‘ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍...’ പ്രപഞ്ചമുള്ളിടത്തോളം ഈ ഗാനങ്ങള്‍ ജീവിക്കും.
ഈ സംഗീതചക്രവര്‍ത്തിമാര്‍ ഒരുമിക്കുന്ന സദസ്സില്‍ കുട്ടിയായ ഞാന്‍ പോകും. പാട്ടുകേട്ടിരിക്കും. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ എന്നെ ഉന്മാദിയാക്കി. സംഗീതത്തിന്‍െറ വിശാലമായ ആരാമമാണ് റഫി. പലയിടങ്ങളില്‍നിന്നായി സംഗീതം കുറെ സ്വായത്തമാക്കി. എം.എം ഹൈസ്കൂളില്‍ ഹിന്ദി അധ്യാപകനായ രാഘവ്ജി. അദ്ദേഹത്തില്‍നിന്നാണ് ഉര്‍ദു പഠിച്ചത്. ധാരാളം ഉര്‍ദുകവിതകള്‍ അദ്ദേഹം പറഞ്ഞുതരും. ആ കാലത്ത് ഞാന്‍ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശി പ്രഫ. അബ്ദുല്‍ ഖാദര്‍ നല്ല സംഗീതജ്ഞനായിരുന്നു. അദ്ദേഹത്തില്‍നിന്ന് ധാരാളം അറിവു ലഭിച്ചു. പിന്നെ നടേശ് ഭാഗവതര്‍, മറാഠേ അങ്ങനെ ഒത്തിരി പേരില്‍നിന്നായാണ് സംഗീതം സ്വീകരിച്ചത്.
ഒരു കാലത്ത് കോഴിക്കോട്ടെ ഗാനമേളകളിലും കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഞാന്‍. കല്യാണവീടുകളിലും പൊതുവേദികളിലും ധാരാളം പരിപാടി നടത്തി. മുംബൈയില്‍നിന്നും മറ്റും ഒട്ടേറെ ഗായകരെ കൊണ്ടുവന്നു പാടിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന അഖിലകേരള റഫി സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. റഫിയുടെ രണ്ട് സെമി ക്ളാസിക്കല്‍ ഗാനങ്ങള്‍ ‘മധുപന് മെരാ..’, ‘മന് തെര്പത്’ എന്നിവ മാത്രമേ പാടാവൂ എന്നായിരുന്നു നിബന്ധന.
പിന്നെ എല്ലാം നിര്‍ത്തി. സംഗീതം കച്ചവടം മാത്രമായി മാറുന്നത് കണ്ടപ്പോള്‍ മടുത്ത് പിന്‍വലിഞ്ഞു. കുട്ടിക്കാലത്തേ, അംഗീകരിക്കാനാവാത്ത അനാവശ്യസമ്പ്രദായങ്ങളോട് ഇടഞ്ഞുനില്‍ക്കുക എന്നത് എന്‍െറ സ്വഭാവമായിരുന്നു. ഈ ‘ധിക്കാരം’ അധികരിച്ചപ്പോള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവന്നു. കുടുംബപരവും മതപരവുമൊക്കെയായ അഭിപ്രായ വ്യത്യാസങ്ങള്‍ അതിലുണ്ടായിരുന്നു. പിന്നെ സംഗീതം മാത്രമായി കൂടപ്പിറപ്പ്.
മനസ്സുനിറയെ അസ്വസ്ഥതകളായിരുന്നു. സ്വന്തക്കാര്‍പോലും സ്വാര്‍ഥരാവുകയും അകലുകയുമൊക്കെ ചെയ്തപ്പോള്‍ ഞാന്‍ ഒറ്റക്കായി. പക്ഷെ, എനിക്കെന്‍െറ സംഗീതമുണ്ടായിരുന്നു കൂട്ടായിട്ട്. ഉമ്മ താരാട്ടുപാട്ടിലൂടെ എനിക്കേകിയ സംഗീതം. വരാനിരിക്കുന്ന എന്‍െറ ഒറ്റപ്പെടലുകള്‍ മുന്‍കൂട്ടിക്കണ്ട് ഉമ്മ നല്‍കിയ വരദാനമായിരുന്നുവോ ആ സംഗീതമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്‍െറ വേദനകളും പ്രയാസങ്ങളുമാണ് എന്നെ പാട്ടുകാരനാക്കിയത്. അതുകൊണ്ടുതന്നെ എന്‍െറ വേദനകളോടും എന്നെ വേദനിപ്പിച്ചവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
അലച്ചിലുകളായിരുന്നു പിന്നീടുള്ള കാലം. സമാധാനംതേടിയുള്ള അലച്ചിലുകള്‍. അനാവശ്യമായ കെട്ടുപാടുകള്‍, ദുരാഗ്രഹങ്ങള്‍ എല്ലാം മടുപ്പുളവാക്കി. ഹൈദരാബാദിലും മുംബൈയിലുമൊക്കെ ചുറ്റിനടന്നു. സൂഫി ആശയങ്ങളോട് അടുപ്പമുണ്ടായി. മനുഷ്യരെല്ലാം ഒരു മഹാശക്തിയുടെ മക്കള്‍. ആ അടിസ്ഥാന സത്യം മനസ്സിലാക്കിയാല്‍ അഹങ്കാരമില്ല. ഒറ്റപ്പെട്ട് ദിശയേതെന്നറിയാതെ നിരാശബാധിച്ച് അലയുന്നവനല്ല യഥാര്‍ഥ സൂഫി. അവന്‍ ദൈവത്തിന്‍െറ മഹത്ത്വം തിരിച്ചറിയുന്നു. നല്ല സംഗീതം തിരിച്ചറിയുന്നു. സംഗീതം പ്രകൃതിയാണ്. പ്രകൃതി ദൈവമാണ്. അത് തിരിച്ചറിയുമ്പോള്‍ മനുഷ്യന്‍ അഹങ്കാരം കുടഞ്ഞെറിഞ്ഞ് സ്നേഹവും ആനന്ദവും കണ്ടത്തെുന്നു’.
രാഗ് റസാഖ് സ്നഹപൂര്‍വം എന്നെ നോക്കി. വിരലുകള്‍ ഹാര്‍മോണിയത്തിന്‍െറ കട്ടകളില്‍ വീണ്ടും ഒഴുകിനടന്നു. അദ്ദേഹം പാടി -‘ഏക് ഹീ ബാത് സമാനോം കീ കിതാബോം മേം നഹി... ജോ ഗമേം ദോസ്ത് മേം നശാഹെ ശരാബോം മെം നഹി... ഗ്രന്ഥങ്ങളില്‍നിന്ന് പഠിച്ചെടുക്കാവുന്നതല്ല പ്രണയത്തിന്‍െറ അനുഭൂതി, പ്രിയപ്പെട്ടവന്‍ നല്‍കുന്ന വേദനയില്‍നിന്നുള്ള അനുഭൂതിയാണത്. വീഞ്ഞിനുപോലും നല്‍കാനാവാത്ത ആനന്ദമാണത്’.
ഭാര്യയും ഒരു മകളുമുള്ള കുടുംബം. മകള്‍ റൈസാബീഗം ഗായികയാണ്. ജീവിതത്തില്‍ വലിയ വലിയ മോഹങ്ങള്‍ ഈ ഗായകന്‍ പേറിനടക്കുന്നില്ല. ഒരു കൊച്ചുവീട് വേണം. ചെറിയൊരു കച്ചവടം തുടങ്ങണം. പറ്റുന്ന രീതിയില്‍ പാവങ്ങളെ സഹായിക്കണം. സംഗീതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം തുടരണം. നല്ല കുറച്ച് ശിഷ്യരെ വാര്‍ത്തെടുക്കണം, സംഗീതത്തെ ഭക്തിയോടെ കാണുന്ന കുറച്ചുപേരെയെങ്കിലും. ‘വൃക്ഷം മൃതിയടയുമ്പോള്‍ ചുവട്ടില്‍ കുറച്ചു തൈകളെങ്കിലും വേണം, അല്ളേ?’ -നിഷ്കളങ്കമായ പുഞ്ചിരിയോടെ ആ വലിയ ഗായകന്‍ എന്നെ നോക്കി. ആ കണ്ണുകളില്‍ വിഷാദമോ, പ്രകാശമോ? എനിക്കത് തിരിച്ചറിയാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
