Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightരവീന്ദ്ര...

രവീന്ദ്ര സംഗീതത്തിന്‍െറ ക്ളാസിക്കല്‍ മാജിക്

text_fields
bookmark_border
രവീന്ദ്ര സംഗീതത്തിന്‍െറ ക്ളാസിക്കല്‍ മാജിക്
cancel

ക്ളാസിക്കല്‍ സംഗീതംകൊണ്ട് സിനിമാഗാനങ്ങളില്‍ എറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള സംഗീതസംവിധായകനാണ് രവീന്ദ്രന്‍. ആദ്യകാലം മുതല്‍തന്നെ ഓരോ പാട്ടും പരീക്ഷണമായിരുന്നു അദ്ദേഹത്തിന്. യേശുദാസിന്‍െറ ശബ്ദത്തിന്‍െറ സാധ്യതകളെ കണ്ടത്തെുകയും അത് ഇത്ര സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്ത മറ്റൊരു സംഗീതസംവിധായകനുമില്ല. ക്ളാസിക്കല്‍ സംഗീതം എന്നും സാധാരണക്കാര്‍ക്ക് ബാലികേറാമലയാണ്. അതിനെ സാധാരണക്കാര്‍ക്ക് സുഖിക്കുന്ന തരത്തില്‍ ലളിതമാക്കാതെതന്നെ സംസ്കരിച്ചെടുക്കാനുള്ള രവീന്ദ്രന്‍െറ കഴിവ് അപാരമെന്ന് പറയാതിരിക്കാനാവില്ല. കാരണം അത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ മറ്റ് പലരും ശ്രമിച്ചെങ്കിലും അതൊന്നും സൂപ്പര്‍ ഹിറ്റുകളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ആദ്യകാലം മുതല്‍ രവീന്ദ്രന്‍ നടത്തിയ വിവിധ പരീക്ഷണ ഗാനങ്ങള്‍ അസൂയാവഹമാംവണ്ണം സൂപ്പര്‍ഹിറ്റുകളാവുകയും ചെയ്തു. 
‘ചൂള’ എന്ന ആദ്യ ചിത്രത്തിലെ ‘താരകേ മിഴിയിതളില്‍ കണ്ണീരുമായ്..’ എന്ന ഗാനം തന്നെ ഒരു പരീക്ഷണഗാനമായിരുന്നു. അത്രയും ബെയ്സില്‍ പാടിയ പാട്ട് അക്കാലത്ത് അത്യപൂര്‍വമായിരുന്നു. എന്നാല്‍ ആ ഗാനം വന്‍ഹിറ്റായി. അതിലെ ‘സിന്ധൂരസന്ധ്യക്ക് മൗനം..’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരാട്ടിലെ ‘രാഗങ്ങളേ മോഹങ്ങളേ..’ എന്ന ഗാനം ഹംസധ്വനിരാഗം പരിചയപ്പെടുത്തുന്ന തരത്തിലാണ് ചെയ്തത്. പാട്ടിന്‍െറ ബി.ജി.എമ്മില്‍ ‘വാതാപിഗണപതിം’ എന്ന കീര്‍ത്തനം പോലും ഉപയോഗിച്ചിട്ടുണ്ട്. ഇതേ രാഗത്തിന്‍െറ സ്വരസ്ഥാനം ഉപയോഗിച്ച് തുടക്കം മനോഹരമാക്കിയാണ് ‘മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടുവാ’ എന്ന ഗാനമൊരുക്കിയത്. പ്രിയപ്പെട്ട രാഗമായ ഹംസധ്വനിയില്‍ അദ്ദേഹം നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ‘ഭരത’ത്തിനുവേണ്ടി ‘രഘുവംശപതേ’ എന്ന ഒരു കീര്‍ത്തനംതന്നെയുണ്ടാക്കി. സാധാരണ സിനിമയില്‍ പാട്ടുവരുമ്പോള്‍ തീയറ്ററില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍പോകുന്നവര്‍പോലും ആ ഗാനം ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേട്ടു. 
‘ഏഴുസ്വരങ്ങളും’ എന്ന ‘ചിരിയോചിരി’യിലെ ഗാനം ഇറങ്ങിയകാലത്ത് ഗാനരംഗത്തൊരു പുതിയ സംഭവമായാണ്  ഗാനാസ്വാദകര്‍ അതിനെ സ്വീകരിച്ചത്. ഒറ്റശ്വാസത്തില്‍ അധികനേരം പടുന്ന യേശുദാസിന്‍െറ ആലാപനം അനുകരിക്കുക അന്നൊരു പുതിയ ട്രെന്‍റായിരുന്നു. ആ രീതിയില്‍ ആ ഗാനം സമുഹത്തിലുണ്ടാക്കിയ ചലനം വലുതായിരുന്നു. വര്‍ഷങ്ങള്‍ക്ക്ശേഷം നീണ്ട ഇടവേളക്ക് ശേഷം രവീന്ദ്രന്‍ തിരിച്ചുവരവു നടത്തിയ ‘പ്രമദവനം വീണ്ടും’ എന്ന ഗാനത്തിനും ഇതേ ഫോര്‍മാറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. അന്നും അത് ഏഴുസ്വരങ്ങളെക്കാള്‍ വലിയ ഹിറ്റായി മാറി. അതു മാത്രമല്ല ആ സിനിമയിലെ എല്ലാ ഗാനങ്ങളും. സുഖമോദേവിയിലെ‘ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ..’ എന്ന ഗാനത്തിന്‍െറ കാര്യവും അതുപോലെയാണ്. 
ഹിന്ദിയില്‍ രവീന്ദ്രജയിന്‍ ഒരു കടുകട്ടി ക്ളാസിക്കല്‍ ഗാനം ചെയ്തപ്പോള്‍ അത് പാടാന്‍ മുഹമ്മദ് റഫി വിസമ്മതിക്കുകയുണ്ടായി. അത് പിന്നീട് പാടിയത് യേശുദാസാണ്. എന്നാല്‍ ആ ചിത്രം പൂര്‍ത്തിയാകാത്തതിനാല്‍ ‘ഷഢജനേ പായല്‍..’എന്ന ആ ഗാനം പുറത്തിറങ്ങിയില്ല. ഈ ഗാനത്തെപ്പറ്റി യേശുദാസ് പറഞ്ഞതനുസരിച്ചാണ് ‘ദേവസഭാതലം’ എന്ന ഗാനം രവീന്ദ്രന്‍ ഉണ്ടാക്കുന്നത്. നിരവധി രാഗങ്ങള്‍ കോര്‍ത്തിണക്കി സംഗീതത്തിലെ അടിസ്ഥാനസ്വരങ്ങളുടെ നിര്‍വചനവും സംഗീതചരിത്രവും സ്വരങ്ങളും ജതികളും താനവും ആലാപനവുമൊക്കെയായി കര്‍ണാടകസംഗീതത്തിന്‍െറ ഒരു സംക്ഷിപ്ത ചരിത്രമാണ് ആ ഗാനം. ഇത്രയും സങ്കീര്‍ണമായ ഒരുഗാനം സിനിമയിലുള്‍പ്പെടുത്തുകയും അത് ഇത്രത്തോളം ജനകീയമാക്കുകയും ചെയ്യുക എന്നത് അല്‍ഭുതകരം എന്നുതന്നെ പറയേണ്ടിവരും. കാരണം അദ്ദേഹത്തിനല്ലാതെ സമകാലികരായ മറ്റൊരു സംഗീതസംവിധായകര്‍ക്കും അത് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം. 
ക്ളാസിക്കല്‍ ഗാനങ്ങള്‍ ഹിറ്റാകുന്ന കാലത്താണ് ജയറാമിനെ നായകനാക്കി ‘രാധാമാധവം’ എന്ന ചിത്രം വരുന്നത്. ഇതിലെ ഒന്നുരണ്ട് ഗാനങ്ങള്‍ വിജയിച്ചെങ്കിലും ഇതേ ഫോര്‍മാറ്റില്‍ വിദ്യാധരന്‍ സൃഷ്ടിച്ച ‘നൃത്യതി നൃത്യതി’ എന്ന ഗാനം ഒട്ടും വിജയിച്ചില്ല. സുരേഷ്ഗോപിയെ നായകനാക്കി സിബി മലയില്‍ എടുത്ത ‘സിന്ധൂരരേഖ’യിലെ ഗാനങ്ങളിലും ചിലതൊക്കെ വിജയിച്ചെങ്കിലും ക്ളാസിക്കല്‍ ഗാനം; ‘പ്രണതോസ്മി ഗുരുവായു പുരേശം..’ കാര്യമായി ശ്രദ്ധിക്കപ്പെടാതെപോയി. ശരത്തിന്‍െറ സംഗീതത്തില്‍ വന്ന പല ക്ളാസിക്കല്‍ പരീക്ഷണ ഗാനങ്ങളും വിജയിക്കാതെ പോവുകയായിരുന്നു. ‘സുധാമന്ത്രം..നിവേദിതം (ദേവദാസി), ‘ഭാവയാമി പാടുമെന്‍െറ’ (മേഘതീര്‍ഥം) തുടങ്ങിയ മനോഹരമായി സൃഷ്ടിച്ചെടുത്ത ഗാനങ്ങള്‍ ഒട്ടുമേ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. എസ്.പി വെങ്കിടേഷ് ‘നാടോടി’ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ ‘നാദം മണിനാദം പ്രണവശ്രീമണിനാദം..’ , സോപാനത്തിനുവേണ്ടി ചെയ്ത  ജുഗല്‍ബന്ധി ഗാനം ‘ ‘ആ രാധയേ മനമോഹന രാധേ..’, പൈതൃകത്തിനുവേണ്ടി ചെയ്ത ‘ശിവം ശിവദഗണനായകവരമുണരും..’ തുടങ്ങിയ ഗാനങ്ങളൊക്കെ ഉന്നത നിലവാരത്തിലുള്ളവയായിരുന്നെങ്കിലും സാധാരണക്കാരെ ആകര്‍ഷിച്ചില്ല. ഒൗസേപ്പച്ചനൊരുക്കിയ മഞ്ജീരനാദത്തിലെ ‘സര്‍ഗവസന്തം പോലെ.. എന്ന ഗാനവും ശ്രദ്ധിക്കപ്പടാതെപോയി. സാധാരണക്കാര്‍ക്ക് ദഹിക്കാത്ത ക്ളാസിക്കലിലെ കുടത്ത പ്രയോഗങ്ങളും ചിട്ടവട്ടങ്ങളും മറ്റും പലരും പാട്ടുകളിലുള്‍പ്പെടുത്താന്‍ ധൈര്യപ്പെടാറില്ല. എന്നാല്‍ അതെല്ലാം ഒരു ത്രില്ളോടെ ഏറ്റെടുക്കുകയും അത് പൂര്‍ണമായും വിജയിപ്പിക്കുകയും ചെയ്യുക എന്നത് രവീന്ദ്രന്‍െറ കാര്യത്തില്‍ അല്‍ഭുതമാണ്. അദ്ദേഹം ചെയ്ത എല്ലാ കോംപ്ളിക്കേറ്റഡ് പാട്ടുകളും അതീവജനകീമയായി എന്നതാണ് പ്രത്യേകത. ഹിസ്ഹൈനസ് അബ്ദുള്ളയും ഭരതവും കമലദളവും അമരവും കിഴക്കുണരും പക്ഷിയും വടക്കുന്നാഥനുമൊക്കെ ഒരുപോലെ ജനകീയമായി എന്നതാണ് പ്രത്യേകത. അപൂര്‍വരാഗങ്ങള്‍ കണ്ടത്തെി അതില്‍ പാട്ടുകള്‍ ചെയ്യുക എന്ന പ്രത്യേകയും അദ്ദേഹത്തിനുണ്ട്. ഡോ.ബാലമുരളികൃഷ്ണ സൃഷ്ടിച്ചതായി പറയപ്പെടുന്ന ‘ലവംഗി’ എന്ന നാല് സ്വരങ്ങള്‍ മാത്രമുള്ള രാഗത്തിലാണ് കിഴക്കുണരും പക്ഷിയിലെ ‘അരുണകിരണമണിയുമുദയം..’ എന്ന ഗാനം ചെയ്തിട്ടുള്ളത്. ഹിന്ദുസ്ഥാനി രാഗങ്ങളായ യമനിലും സിന്ധുഭൈരവിയിലും ജോഗിലും ആഹിര്‍ഭൈരവിലുമൊക്കെ അദ്ദേഹം ചെയ്ത പാട്ടുകള്‍ അതീവഹൃദ്യങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raveendran
Next Story