Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപകരംവെക്കാനാവാത്ത...

പകരംവെക്കാനാവാത്ത കാവാലം ശൈലി

text_fields
bookmark_border
പകരംവെക്കാനാവാത്ത കാവാലം ശൈലി
cancel

പത്തനംതിട്ട: സംസ്കൃത നാടകങ്ങളുടെ രചയിതാവായിരുന്നെങ്കിലും നാടന്‍പാട്ടുകളായിരുന്നു കാവാലം എഴുതിയവയിലധികവും. ഇങ്ങനെ രണ്ടു വ്യത്യസ്തമായ വള്ളങ്ങളില്‍ ഒരേസമയം കാലുവെക്കാന്‍ കുട്ടനാട്ടിന്‍െറ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന, വള്ളപ്പാട്ടും കായല്‍പാട്ടും കേട്ടുവളര്‍ന്ന അദ്ദേഹത്തിന് സാധിച്ചിരുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല.

കാവാലത്തിന്‍െറ പാട്ടുകള്‍ പാട്ടിനെ സ്നേഹിക്കുന്നവര്‍ കുട്ടിക്കാലം മുതല്‍ ആദ്യം കേള്‍ക്കുന്നത് ലളിതഗാനം എന്ന പേരിലായിരിക്കും. ഘനശ്യാമ സന്ധ്യാഹൃദയം എന്ന ആകാശവാണിയുടെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ലളിതഗാനം കേള്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല. അതേ കാലത്തുതന്നെയാണ് മുത്തുകൊണ്ടെന്‍െറ മുറംനിറഞ്ഞു, ശ്രീഗണപതിയുടെ തിരുനാമക്കുറി തുടങ്ങിയ ഗാനങ്ങളും അദ്ദേഹമെഴുതിയത്. എം.ജി. രാധാകൃഷ്ണനുമായി ചേര്‍ന്ന് അദ്ദേഹം സൃഷ്ടിച്ച ലളിതഗാനവസന്തം മലയാളത്തില്‍ പകരംവെക്കാനില്ലാത്തതാണ്. രാധാകൃഷ്ണന്‍െറ സംഗീതത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കുന്ന താളം കാവാലത്തില്‍നിന്ന് ചോര്‍ന്നുകിട്ടിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.      

കാരണം, താളത്തിനും അദ്ദേഹം അതോറിറ്റിയായിരുന്നു. സംഗീതത്തിലും ഭാഷയിലും അഭിനയശാസ്ത്രത്തിലും അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്‍െറ ഗാനങ്ങളെ ഒരിക്കലും ഒരു പ്രത്യേകരൂപത്തില്‍ ദര്‍ശിക്കാന്‍ കഴിയില്ല. നിറങ്ങളേ പാടൂ... എന്ന മനോഹരമായി ലളിതപദാവലിയില്‍ തീര്‍ത്ത മെലഡി ഗാനമെഴുതുമ്പോള്‍തന്നെ ‘ശങ്കരാഭരണ ഗംഗാതരംഗ സംഗീതം തുംഗഹിമാചല ഗഹനതചൂഴും സംഗീതം ’ എന്നും ‘ഉറങ്ങുന്ന പഴമാളോരേ’ എന്നും ‘എല്ലാര്‍ക്കും കിട്ടിയ സമ്മാനം അതുവോട്ടല്ല തോന്ന്യാസച്ചീട്ടല്ല’ എന്നുമൊക്കെ താളനിബദ്ധമായി അദ്ദേഹത്തിനെഴുതാന്‍ കഴിഞ്ഞു. രതിനിര്‍വേദം എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി പാട്ടെഴുതുന്നത്. ദേവരാജന്‍ മാഷായിരുന്നു സംഗീതം.  അതിലെ ‘കാലം കുഞ്ഞുമനസ്സില്‍ ചായംപൂശി’ എന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നതാണ്.

തുടര്‍ന്ന് ദേവരാജന്‍ മാഷിന്‍െറ സംഗീതത്തില്‍തന്നെ വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിലെ ‘പൂവാംകുഴലി പെണ്ണിനുണ്ടൊരു കിളുന്തുപോലൊരു മനസ്സ്’ എന്ന അപൂര്‍വസുന്ദരമായ ഗാനം പിറന്നു. അതില്‍ കാവാലംശൈലി വിളക്കിച്ചേര്‍ത്തിരുന്നു. പിന്നീട് എത്രയോ മെലഡി ഗാനങ്ങള്‍ അദ്ദേഹം ഹൃദയംകൊണ്ടെഴുതി. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ദേവരാജന്‍ മാഷുമായി വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളികള്‍  ഒരിക്കലും മറക്കാത്ത ‘പുലരിത്തൂമഞ്ഞുതുള്ളിയില്‍’ എന്ന ഗാനം പിറന്നു. ‘പന്തിരുചുറ്റും പച്ചോല പന്തലൊരുക്കി’ തുടങ്ങിയ മലയാളതാളത്തിന്‍െറ മാറ്ററിയിക്കുന്ന പാട്ടുകളും പിറന്നു. രവീന്ദ്രനും ജോണ്‍സണും തുടങ്ങി പുതുതലമുറ സംഗീതസംവിധായകരോടൊത്തുവരെ അറിയപ്പെടാത്ത മലയാളത്തിന്‍െറ താളനിബദ്ധ ഗാനശൈലി അദ്ദേഹം വെളിപ്പെടുത്തി. രവീന്ദ്രന്‍ ഒരുക്കിയ നിറങ്ങളേ പാടൂ..., ജോണ്‍സന്‍െറ ഗോപികേ നിന്‍വിരല്‍..., ഇളയരാജയുടെ തണല്‍വിരിക്കാന്‍ കുടനിവര്‍ത്തും, ഗുണസിങ്ങിന്‍െറ ആഴിക്കങ്ങേകരയുണ്ടോ,     ശ്യാമിന്‍െറ കാത്തിരിപ്പൂ, ശരത്തിന്‍െറ ഏതേതോ തുടങ്ങിയവയെല്ലാം അതുല്യങ്ങളായ ഗാനശേഖരത്തില്‍ വെക്കേണ്ട  ഗാനങ്ങളാണ്.  

എം.ജി. രാധാകൃഷ്ണനുമൊത്താണ് അദ്ദേഹം കൂടുതല്‍ ഗാനങ്ങള്‍ സിനിമയിലും ചെയ്തിട്ടുള്ളത്. അതില്‍ പ്രേമയമുനാ തീരവിഹാരം, കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍,  മുക്കറ്റീ തിരുതാളി, കറുകറെ കാര്‍മുകില്‍, കുമ്മാട്ടി, കുടയോളം ഭൂമി കുടത്തോളം കുളിര്, അത്തിന്തോ തെയ്യത്തിനന്തോ, അതിരുകാക്കും മലയൊന്നു തുടുത്തേ തുടങ്ങി എത്രയോ മറക്കാനാവാത്ത ഗാനങ്ങള്‍. അടുത്തകാലത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. ജാസി ഗിഫ്റ്റിനൊപ്പവും പാട്ടുകള്‍ ചെയ്തു. കഴിഞ്ഞ ദേശീയ അവാര്‍ഡ് നേടിയ ജയരാജിന്‍െറ ഒറ്റാല്‍ എന്ന ചിത്രത്തിനുവേണ്ടിയും കാവാലം പാട്ടെഴുതി. കാവാലത്തിനൊപ്പം മറയുന്നത് പകരംവെക്കാനാകാത്ത പാട്ടെഴുത്തിന്‍െറ ഒരപൂര്‍വ ശൈലിയാണ്, ഒരധ്യായമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:കാവാലംkavalam narayana panicker
Next Story