Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകടമ്മനിട്ടയില്‍ നിന്ന്...

കടമ്മനിട്ടയില്‍ നിന്ന് ഗാനലോകത്ത്

text_fields
bookmark_border
കടമ്മനിട്ടയില്‍ നിന്ന് ഗാനലോകത്ത്
cancel

ലോകാരാധ്യനായ സംഗീതജ്ഞന്‍ എല്‍.സുബ്രഹ്മണ്യത്തിന്‍െറ സംഗീതസംവിധാനത്തില്‍ ഒരു പാട്ട് സിനിമയില്‍ പാടുക എന്നത് ഒരു മലയാളി ഗായകനെ സംബന്ധിച്ച് വലിയ അനുഗ്രഹങ്ങളിലൊന്നാണ്. സുബ്രഹ്മണ്യത്തിന്‍െറ വലിപ്പംപോലും അറിയാത്ത കാലത്ത് അനു വി.കടമ്മനിട്ട എന്ന യുവ ഗായകന് ലഭിച്ചത് അങ്ങനെയൊരു ഭാഗ്യമായിരുന്നു. കവി കടമ്മനിട്ട രാമകൃഷ്ണന്‍െറ അനന്തരവനും പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ മകനുമാണ് അനു. ‘ഈ സ്നേഹതീരത്ത്’ എന്ന ചിത്ത്രിനുവേണ്ടിയായിരുന്നു പാട്ട് ‘പകലിന്‍ ചിതയെരിയും’ എന്ന ഗാനം ബംഗളൂരുവില്‍ പോയി എല്‍.സുബ്രഹ്മണ്യത്തിന്‍െറ വീട്ടില്‍ താമസിച്ചാണ് പഠിച്ചത്. ‘അന്നദ്ദേഹത്തിന്‍െറ വലിപ്പമറിയാമായിരുന്നെങ്കില്‍ എനിക്ക് ഒന്നും പാടാന്‍ കഴിയുമായിരുന്നില്ല’ - അനു പറയുന്നു. അദ്ദേഹം ഒരു സാധാരണക്കാരനെപ്പോലെയാണ് പെരുമാറിയത്. പാട്ട ്പഠിപ്പിച്ചു. വീട്ടില്‍ തന്നെയായിരുന്നു റെക്കോഡിംഗ്. അദേഹത്തിന്‍െറ ഭാര്യ പത്മാ സുബ്രഹ്മണ്യവും അവിടെ ഉണ്ടായിരുന്നതായി അനു ഓര്‍ക്കുന്നു. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ പാട്ട് മറ്റൊരു ഗായകന്‍െറ ശബ്ദത്തിലായിരുന്നു പുറത്തു വന്നത്. 

എന്നാല്‍ അങ്ങനെയൊരവസരം കിട്ടിയതിലുള്ള സന്തോഷമായിരുന്നു ഗായകന് വലുത്. അതിന് മുമ്പും ചില പാട്ടുകള്‍ പാടിയെങ്കിലും സിനിമകള്‍ പുറത്തിറങ്ങാത്തതിനാല്‍ പാട്ടുകളും പുറത്തിറങ്ങിയിരുന്നില്ല. 2001ലാണ് ആദ്യമായി അനു സിനിമക്കുവേണ്ടി പാടുന്നത്. അനില്‍ പനച്ചൂരാന്‍ ആദ്യമായി രചന നിര്‍വഹിച്ച  ഗാനം ‘ആകാശങ്ങളില്‍ പറന്ന് പറന്ന്’ എന്ന സിനിമക്കുവേണ്ടിയായിരുന്നു. അനില്‍ ഗോപാലിന്‍െറ സംഗീതം. എന്നാല്‍ സിനിമയും പാട്ടും  വെളിച്ചം കണ്ടില്ല. എന്നാല്‍ അത് മറ്റൊരു സിനിമക്ക് അവസരം നല്‍കി. കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു. പാട്ടുപാടാന്‍ ക്ഷണിച്ചത് മോഹന്‍ സിതാര. അദ്ദേഹം കത്തിനില്‍ക്കുന്ന സമയമാണന്ന്. കുഞ്ചന്‍നമ്പ്യാര്‍ കടമ്മനിട്ടയില്‍ വന്ന് പടയണി കണ്ടതായി ചരിത്രം. ആ സന്ദര്‍ഭത്തിന് ഫോക് ടച്ചുള്ള ഗാനമായിരുന്നു വേണ്ടത്. സിനിമയുടെ സംവിധായകന്‍ അനുവിന്‍െറ പിതാവ് കടമ്മനിട്ട വാസുദേവന്‍ പിള്ളയുമായി ചര്‍ച്ചക്ക് വന്നപ്പോഴാണ് പാട്ടിലേക്കുള്ള വഴി തുറന്നത്. അങ്ങനെ മോഹന്‍ സിതാരയുടെ സംഗീതത്തില്‍ പാടിയെങ്കിലും അതും പുറത്തിറങ്ങിയില്ല. 
പിന്നീട് അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2006ല്‍ മമ്മൂട്ടി ചിത്രമായ ബ്ളെസിയുടെ പളുങ്കിലൂടെയാണ് അനുവിന്‍െറ സ്വപ്നം പൂവണിയുന്നത്. അതും മമ്മൂട്ടിക്കുവേണ്ടി പാടാനുള്ള അവസരം. അന്തരിച്ച കവി വിനയചന്ദ്രന്‍െറ കവിത, ‘നേരു പറയണം നേരെ പറയണം നേരും നെറിയുമില്ലാത്ത കാലം.. ’ മോഹന്‍ സിതാരയുടേതായിരുന്നു സംഗീതം. കുറെ കാലത്തിന് ശേഷം വെറുതെ വിളിച്ചപ്പോഴാണ് മോഹന്‍ സിതാര ഒരു പാട്ട് തരാം എന്നും പിറ്റേന്ന് രാവിലെ വിളിക്കണമെന്നും പറഞ്ഞത്. പിറ്റേന്ന് രാവിലെ 10 മണിക്ക് വിളിച്ചപ്പോള്‍ ഉച്ചക്ക് 2 മണിക്ക് എറണാകുളത്തത്തൊന്‍ പറഞ്ഞു. അങ്ങനെ പാടിയ പാട്ടാണ് അനുവിന് ബ്രേക്ക ് ആയത്. ആ ഗാനത്തിന് മമ്മൂട്ടി ലിപ് കൊടുത്തു എന്നതും അഭിമാനാര്‍ഹമായിരുന്നു. 
ദൂരദര്‍ശനില്‍ ‘ചാരുത’ എന്ന ഒരു സംഗീത പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അതു കണ്ടിട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിളിച്ചു. അദ്ദേഹത്തിന്‍െറ കോഴിക്കോട്ടെ സംഗീത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ളാസെടുക്കാനാണ് വിളിച്ചത്. അദ്ദേഹം ഒരു മകനെപ്പോലെ സ്നേഹിച്ചു. അദ്ദേഹവും സഹോദരന്‍ കൈതപ്രം വിശ്വനാഥനും ചേര്‍ന്നുള്ള കൂട്ടുകെട്ടിലെ ചില സിനിമകളിലും പാടാന്‍ അത് അവസരമൊരുക്കി. ‘നീലാംബരി’ എന്ന ചിത്രത്തിലെ ‘ആമ്പലിനോടോ താമരയോടോ’ എന്ന ഗാനം ശ്രദ്ധേയമായി. ‘രാമരാവണന്‍’ എന്ന ചിത്രത്തിലെ ‘ഹേസൂര്യാ.. സാരനാഥം നിന്‍െറ സൗരയൂഥം’ എന്ന ക്ളാസിക്കല്‍ ഗാനം  ട്രാക്ക് പാടാനാണ് പോയത്. എന്നാല്‍ പാട്ടിഷ്ടപ്പെട്ട സംവിധായകന്‍ അത് ഓക്കെയാക്കി. പാട്ടിന്‍െറ ട്രെന്‍റ് മാറിയപ്പോഴും നല്ല പാട്ടുകള്‍ അനുവിനെ തേടിവന്നു. ബിജിബാലിന്‍െറ സംഗീതത്തില്‍ ‘ഐസക്ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്’ എന്ന ചിത്രത്തിലും  എം.ജയചന്ദ്രന്‍െറ സംഗീതത്തില്‍ ‘ലിവിംഗ് ടുഗതര്‍’ എന്ന ചിത്രത്തിലും പാടി. ‘വസുധ’, ‘സ്ട്രീറ്റ്ലൈറ്റ്’, ‘ഒരുനുണക്കഥ’ തുടങ്ങിയ ചിത്രങ്ങളിലും പാടാന്‍ കഴിഞ്ഞു. 
നാടകഗാനങ്ങള്‍ പാടിത്തെളിഞ്ഞാണ് അനു സിനിമയില്‍ എത്തുന്നത്. പത്തു വര്‍ഷത്തോളം നിരവധി നാടകങ്ങള്‍ക്കു വേണ്ടി 300 ഓളം ഗാനങ്ങള്‍ പാടി. നാടകത്തില്‍ ഗായകനുള്ള സംസ്ഥാന അവാര്‍ഡ് 2004ലും 2008ലും ലഭിച്ചു. നിരവധി ആല്‍ബങ്ങളിലും ഭക്തിഗാന മേഖലയിലും അനു വി. തന്‍െറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീതത്തെ സീരിയസായി സമീപിക്കുന്ന ഇദ്ദേഹം ഇപ്പോഴും ക്ളാസിക്കല്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്നു. 
  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story