Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാട്ടിന്‍െറ ക്രിസ്മസ്...

പാട്ടിന്‍െറ ക്രിസ്മസ് വിളക്കുകള്‍

text_fields
bookmark_border
പാട്ടിന്‍െറ ക്രിസ്മസ് വിളക്കുകള്‍
cancel

മണ്ണും വിണ്ണും തിരുപ്പിറവിയുടെ ഓര്‍മകള്‍ പുതുക്കുന്ന ക്രിസ്മസ് കാലം. മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവുകള്‍ക്ക് കൂട്ടായി മലയാളിയുടെ ഓര്‍മകളില്‍ പാട്ടുകളുടെ നക്ഷത്രവെളിച്ചവുമുണ്ട്. ക്രിസ്തുവിന്‍െറ ജനനത്തെ വാഴ്ത്തുകയും വര്‍ണിക്കുകയും ചെയ്യുന്ന ഒട്ടേറെ ഗാനങ്ങള്‍ മലയാള സിനിമകളില്‍ പിറന്നു. അവ ക്രിസ്തീയഭക്തിഗാനങ്ങളായും ക്രിസ്മസ് ഗാനങ്ങളായും എല്ലാത്തരം സംഗീതപ്രേമികളെയും ആകര്‍ഷിച്ചവയാണ്. ഭക്തിസാന്ദ്രമായ വരികളും ഈണവും അനശ്വരമായ ആ ഗാനങ്ങള്‍ ഓരോ ക്രിസ്മസ് കാലത്തും അറിയതെയെങ്കിലും നാമോരോരുത്തരും മൂളും. ക്രിസ്തീയ ഭക്തിഗാനങ്ങളുടേതായി നിരവധി ആല്‍ബങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, സിനിമയുടെ പ്രമേയത്തോടും കഥാന്തരീക്ഷത്തോടും ചേര്‍ന്നുനിന്ന ചലച്ചിത്ര ക്രിസ്തീയഗാനങ്ങള്‍ പലപ്പോഴും ഇവയേക്കാളെല്ലാം ജനപ്രീതി നേടി. അതേസമയം, ആല്‍ബങ്ങളിലെ ചില ഗാനങ്ങളാകട്ടെ സിനിമാഗാനങ്ങള്‍ പോലെ ജനപ്രിയമാകുകയും ചെയ്തു.  
ക്രിസ്തുവിന്‍െറ പിറവിയും ജീവിതവുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ മലയാള ചലച്ചിത്രസംഗീതത്തിന്‍െറ ആദ്യകാലം മുതല്‍ തന്നെ സിനിമകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ ‘സ്നേഹസീമ’യിലെ ‘കനിവോലും കമനീയ ഹൃദയം, യേശു മിശിഹാ തന്‍ തിരുവുള്ളം’ ഈ ഗണത്തിലെ ആദ്യ ഗാനങ്ങളിലൊന്നാണ്. ‘പാപത്തിനാല്‍ ഭൂമി വിറ കൊള്ളവേ, അവതാരം ചെയ്തു ദൈവസൂതനായി നീ’ എന്നാണ് ക്രിസ്തുവിന്‍െറ ജനനത്തെക്കുറിച്ച് ഈ പാട്ടില്‍ അഭയദേവ് കുറിക്കുന്നത്. പി. ലീല പാടിയ പാട്ടിന് ഈണിട്ടത് വി. ദക്ഷിണാമൂര്‍ത്തി. ആദ്യാവസാനം ബത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശുവിന്‍െറ പിറവിയെക്കുറിച്ചുള്ളതാണ് 1960ല്‍ പുറത്തിറങ്ങിയ ‘നീലിസാലി’ക്ക് വേണ്ടി പി. ഭാസ്കരന്‍ എഴുതി കെ. രാഘവന്‍ സംഗീതം നല്‍കി എ.എം. രാജ ആലപിച്ച ‘ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു  പാവന നക്ഷത്രം വാനിലുദിച്ചു’ എന്ന ഗാനം. 
‘രാവിലാ നക്ഷത്രം വാനിലുദിച്ചപ്പോള്‍ 
രാജാക്കള്‍ മൂന്നുപേര്‍ വന്നുചേര്‍ന്നു 
മതിമറന്നപ്പോള്‍ മധുരമാം ഗാനം 
ഇടയന്‍മാരെങ്ങെങ്ങും പാടി നടന്നു’ എന്ന വരികളിലൂടെ ഭാസ്കരന്‍ തിരുപ്പിറവിയുടെ വരവേല്‍പ്പ് വരച്ചുകാട്ടുന്നു.  പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘ക്രിസ്തുമസ് രാത്രി’ എന്ന ചിത്രത്തില്‍ ഉണ്ണിയേശുവിന്‍െറ പിറവിയെ വാഴ്ത്തുന്ന രണ്ട് ഗാനങ്ങളുണ്ട്. പി. ഭാസ്കരന്‍ രചിച്ച 
‘വിണ്ണില്‍ നിന്നും ഉണ്ണിയേശു വന്നു പിറന്നു 
മണ്ണില്‍ വന്നു പിറന്നു 
വന്നുപിറന്നു താമരക്കണ്ണ് തുറന്നൂ’ എന്ന ഗാനമാണ് ആദ്യത്തേത്. 
‘മിശിഹാനാഥന്‍ വന്നു പിറന്നു
പശുവിന്‍ തൊട്ടിലില്‍ ഇന്നു പിറന്നു’ആണ് അടുത്ത ഗാനം. സംഗീതം നല്‍കിയത് ബ്രദര്‍ ലക്ഷ്മണന്‍. ‘ജഞാനസുന്ദരി’ക്കായി അഭയദേവ് എഴുതി ദക്ഷിണാമൂര്‍ത്തി ഈണമിട്ട നാല് ഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഗണത്തില്‍പ്പെട്ടവയായിരുന്നു. ‘ചുക്ക്’ എന്ന ചിത്രത്തിന്  വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ ഈണമിട്ട് പി. ജയചന്ദ്രനും സുശീലയും പാടി അനശ്വരമാക്കിയതാണ് ‘യരുശലേമിലെ സ്വര്‍ഗദൂതാ യേശുനാഥാ എന്നുവരും’ എന്ന ഗാനം. 
‘ബെത്ലഹേമിലെ പുല്‍ത്തൊഴുത്ത് മേഞ്ഞുകഴിഞ്ഞു 
ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു
നിര്‍ധനരും നിന്ദിതരും പീഡിതരും ഇതാ 
നാഥനെ വന്നെതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു
ജൂഡിയയില്ല ജൂഡാസില്ല
ഗാഗുല്‍ത്തായില്‍ പണിതുയര്‍ത്തിയ മരക്കുരിശില്ല
നിന്‍െറ രാജ്യം ഇത് നിന്‍െറ രാജ്യം...ഏത് ഭക്തനെയും വശീകരിക്കുന്ന, അവിശ്വാസിയായ വയലാറിന്‍െറ വരികള്‍. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പിറന്നതും വയലാറിന്‍െറ തൂലികയിലാണെന്നറിയുക. ‘ജീസസ’് എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് ജോസഫ് കൃഷ്ണ ഈണമിട്ട് പി. ജയചന്ദ്രനും ബി. വസന്തയും ചേര്‍ന്ന് ആലപിച്ച ‘അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും’ എന്ന ഗാനത്തിന്‍െറ ഇതിവൃത്തവും ഉണ്ണിയേശുവിന്‍െറ പിറവി തന്നെ. 
ദിവ്യനക്ഷത്രമുദിച്ചു
 ആ ദീപപ്രഭോജ്ജ്വല ധാരയില്‍
 ഭൂലോകം കോരിത്തരിച്ചു
 സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു
സര്‍വേശ പുത്രന്‍ ഈ മണ്ണിന്‍ മടിയില്‍...’ എന്നിങ്ങനെയാണ് തിരുപ്പിറവിയെ തമ്പി വര്‍ണിക്കുന്നത്. 
ജേസിയുടെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ‘തുറമുഖ’ത്തിലാണ് മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിലൊന്നുള്ളത്. പൂവച്ചല്‍ ഖാദര്‍ എഴുതി എം.കെ അര്‍ജുനന്‍ സംഗീതം നല്‍കിയ ‘ശാന്തരാത്രി തിരുരാത്രി’ എന്ന ഗാനം ആലപിച്ചത് ജോളി അബ്രഹാമും സംഘവും. 
ദാവീദിന്‍ പട്ടണം പോലെ
വീഥികള്‍ നമ്മളലങ്കരിച്ചു
വീഞ്ഞുപകരുന്ന മഞ്ഞില്‍ മുങ്ങി
വീണ്ടും മനസുകള്‍ പാടി
ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നു...കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ക്രിസ്മസ് കരോളുകളില്‍ ഈ ഗാനം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
യരുശലേമിന്‍ നായകനെ എന്നു കാണും (ചിത്രം: റബേക്ക), കന്യാമറിയമേ പുണ്യപ്രകാശമേ (അള്‍ത്താര), യേശുനായകാ ദേവാ (തങ്കക്കുടം), ഞാനുറങ്ങാന്‍ പോകും മുമ്പായ് (തൊമ്മന്‍െറ മക്കള്‍), യരുശലേമിന്‍ നാഥാ (സ്ഥാനാര്‍ഥി സാറാമ്മ), നിത്യവിശുദ്ധയാം കന്യാമറിയമേ (നദി), ദൈവപുത്രന് വീഥിയൊരുക്കുവാന്‍ (അരനാഴികനേരം), നീയെന്‍െറ പ്രാര്‍ഥന കേട്ടു (കാറ്റുവിതച്ചവന്‍), ദു:ഖിതരേ പീഡിതരേ (തോമാശ്ളീഹാ), പിതാവേ ഈ പാനപാത്രം (തൊട്ടാവാടി), നന്മചേരും അമ്മ വിണ്ണിന്‍ രാജകന്യ (അപരാധി), സത്യനായകാ മുക്തിദായകാ (ജീവിതം ഒരു ഗാനം), കാലിത്തൊഴുത്തില്‍ പിറന്നവനേ), നിത്യനായ മനുഷ്യന് വേണ്ടി (ആശ്രയം), കരുണാമയനേ കാവല്‍ വിളക്കേ (ഒരു മറവത്തൂര്‍ കനവ്), വാതില്‍ തുറക്കൂ നീ കാലമേ (ഫൈവ്്  സ്റ്റാര്‍ ഹോസ്പിറ്റല്‍), വിശ്വം കാക്കുന്ന നാഥാ (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) തുടങ്ങിയവ മലയാള സിനിമ സമ്മാനിച്ച മികച്ച ക്രിസ്തീയഗാനങ്ങളില്‍ ചിലതാണ്.  
ആല്‍ബങ്ങളിലൂടെ പ്രശസ്തമായ ക്രിസ്മസ് ഗാനങ്ങളും നിരവധി. അവയില്‍ ഏറെയും മലയാളികള്‍ കേട്ടത് യേശുദാസിന്‍െറ ആലാപനത്തില്‍ തരംഗിണി പുറത്തിറക്കിയ ആല്‍ബങ്ങളിലൂടെയാണ്. തിരുപ്പിറവിയെ വാഴ്ത്തുകയും അതിന്‍െറ ആഹ്ളാദം ഈണത്തില്‍ നിറക്കുകയും ചെയ്യുന്ന ഗാനമാണ് ‘സ്നേഹപ്രവാഹം’ എന്ന ആല്‍ബത്തിലെ ‘പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍’. ഉണ്ണിയേശുവിന് പിറന്നുവീഴാന്‍ ഇടംതിരയുന്ന മറിയത്തിന്‍െറയും യൗസേപ്പിന്‍െറയും വേദനകളാണ് ഇതേ ആല്‍ബത്തിലെ ‘മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന മലനിര തിളങ്ങുന്ന ബെത്ലഹേമില്‍’ എന്ന ഗാനം. ഇതില്‍ തന്നെ ചിത്ര ആലപിച്ച ‘പൈതലാം ശേയുവേ’ എന്ന ഗാനവും എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്. 
‘പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍മകനായി
പണ്ടൊരുനാള്‍ ദൈവസൂതന്‍
പിറന്നതിന്‍ ഓര്‍മദിനം’ എന്നിങ്ങനെ ക്രിസ്മസിനെ വര്‍ണിക്കുന്നൊരു ഗാനമുണ്ട് ‘പരിശുദ്ധ ഗാനങ്ങള്‍’ എന്ന ആല്‍ബത്തില്‍. ബിച്ചുതിരുമലയുടെ വരികള്‍ക്ക് ഈണമിട്ടത് ശ്യാം. യേശുവിന്‍െറ പിറവിയെക്കുറിച്ചുള്ള ‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍’ എന്ന ഗാനം ഇപ്പോഴും ഗാനമേള വേദികളില്‍ നിറഞ്ഞുനില്‍ക്കുന്നു. ‘എന്‍െറ കാണാക്കുകയില്‍’, ‘കുഞ്ഞാറ്റക്കിളികള്‍’, ‘ഈ കൈകളില്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകന്‍ എ.ജെ. ജോസഫാണ് മലയാളക്കരയാകെ ഏറ്റെടുത്ത ഈ ഗാനം യേശുദാസിന്‍െറ ശബ്ദത്തില്‍ നിന്ന് മെനഞ്ഞെടുത്തത്. സ്നേഹമാല്യം, സ്നേഹപ്രതീകം, സ്നേഹധാര, സ്നേഹരാഗം, സ്നേഹദീപിക, സ്നേഹപ്രകാശം, സ്നേഹ സരോവരം, സ്നേഹഗീതങ്ങള്‍, സ്നേഹസങ്കീര്‍ത്തനം, സ്നേഹസുധ, സ്നേഹബലി, സ്നേഹ സന്ദേശം, സ്നേഹ സാന്ത്വനം, സ്നേഹസംഗീതം, യേശുവേ ആത്മനായകാ, യേശുവേ ജീവരക്ഷകാ തുടങ്ങിയ ആല്‍ബങ്ങളിലൂടെ ഭക്തിയെ സംഗീതം കൊണ്ട് വിശുദ്ധമാക്കുന്ന നൂറുകണക്കിന് ഗാനങ്ങളാണ് ഗാനഗന്ധര്‍വന്‍െറ ശബ്ദത്തില്‍ പുറത്തുവന്നത്. ഓരോ ക്രിസ്മസ് കാലത്തും കുളിരും നക്ഷത്രവെളിച്ചവും നിറയുന്ന രാത്രികളെ അവ ദൈവസ്നേഹം കൊണ്ട് പൊതിയുന്നു. 
 

Show Full Article
TAGS:christmas song 
Next Story