സംഗീതദാസനായ പാട്ടുകാരന്
text_fieldsപാലക്കാട് ജനിച്ച് കൊട്ടാരക്കരയില്‍ വളര്‍ന്ന കുമാരദാസിനെ പാട്ടുകാരനാക്കിയത് ദേവരാജന്‍ മാഷിനോടുള്ള ആദരവാണ്. സംഗീതജ്ഞനും സംഗീതാധ്യാപകനുമായിരുന്ന അച്ഛന് പി.ചന്ദ്രന് കൊട്ടാരക്കരക്കടുത്ത് ആവണീശ്വരം സ്കൂളില്‍ സംഗീതാധ്യാപകനായി ജോലി കിട്ടിയതോടെയാണ് കുമാരദാസിന്‍െറ ബാല്യകാലം ഇവിടെയായത്. കുട്ടിക്കാലത്ത് വോളിബോള്‍ കളിക്കാരനായി പട്ടാളത്തില്‍ ചേരാന്‍ കൊതിച്ചെങ്കിലും അച്ഛന്‍െറ ശിക്ഷണത്തില്‍ സംഗീതം പഠിച്ച ദാസ് പിന്നീട് സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം പാസ്സായി. ഇക്കാലത്ത് തിരുവനന്തപുരത്തെ നിരവധി സംഗീത ട്രുപ്പുകളില്‍ ഗായകനായി. അക്കാലത്താണ് ദേവരാജന്‍ മാഷ് കരമനയില്‍ താമസമാക്കി ക്വയര്‍ ഗ്രൂപ്പ് രൂപീകരിക്കുന്നത്. അദ്ദേഹത്തിന്‍െറ ‘ശക്തിഗാഥ’യില്‍ മുഖ്യ ഗായകനായതോടെയാണ് അദ്ദേഹവുമായി അടുക്കാന്‍ കഴിഞ്ഞത്. ദേവരാജന്‍ മാഷ് അക്കാലത്ത് അദ്ദേഹത്തിന്‍െറ സംഗീത സംവിധാനത്തില്‍ ഒരു ഗാനം പാടാന്‍ അവസരം നല്‍കിയത് മഹാഭാഗ്യമായി കരുതുന്നു കുമാരദാസ്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘തോറ്റങ്ങള്‍’ എന്ന ടെലിഫിലിമിനുവേണ്ടിയായിരുന്നു ദേവരാജന്‍ മാഷിന്‍െറ ‘കാറ്റും മഴക്കാറുമേറ്റം..’എന്ന ഗാനം പാടിയത്.
അതുപോലെ ദക്ഷിണാമൂര്‍ത്തി അവസാനമായി ഈണമിട്ട ചിത്രത്തില്‍ അദ്ദേഹത്തിന്‍െറ പാട്ടുപാടാനുള്ള അവസരവും ദാസിനുണ്ടായി. സേതു സംവിധാനം ചെയ്ത ചിത്രമായിരുന്നു. അതും പഴയകാല രീതിയില്‍ പാട്ട് ആദ്യന്തം ഒറ്റ സ്ട്രെച്ചില്തന്നെ പാടി റൊക്കോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ഗാനം വെളിച്ചം കണ്ടില്ല. ദക്ഷിണാമൂര്‍ത്തിയുടെ മരണത്തോടെ പാട്ടുകള്‍ പുറത്തിറങ്ങാതായി. അദ്ദേഹം മരിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു റെക്കോഡിംഗ്. ചിത്രം പുറത്തിറങ്ങിയിട്ടില്ല. പിന്നീട് ജയറാമിന്‍െറ ചിത്രമായ ‘മാന്ത്രിക’നിലൂടെയാണ് കുമാരദാസിന്‍െറ ഗാനം സിനിമയിലൂടെ പുറത്തിറങ്ങുന്നത്. എസ്.ബാലകൃഷ്ണന്‍െറ സംഗീതത്തില്‍ ‘കുളിരാട്ടക്കാറ്റേ..’എന്ന ഗാനം. പിന്നീട് മോഹന്ജൊദാരേ ആരപ്പാ’ എന്ന ചിത്രത്തിനുവേണ്ടി ഒരു അടിപൊളി ഗാനവും ദാസ് പാടി.
സിനിമാ മോഹവുമായല്ല കുമാരദാസ് ചെന്നൈക്ക് വണ്ടി കയറിയത്. സംഗീതം നന്നായി പഠിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു. വളരെ ്രപതിബന്ധങ്ങള്ക്കിടയിലും അത് സാധിച്ചു. ടി.വി.ഗോപാലകൃഷ്ണന് എന്ന മഹാഗുരുവിന്‍െറ ശിക്ഷണത്തില്‍ പഠിക്കാന്‍ കഴിഞ്ഞു. അതിനു മുമ്പ് റെജി ജോര്‍ജ് എന്ന സംഗീത അധ്യാപകനോടൊപ്പമായിരുന്നു കുറെക്കാലം. അദ്ദേഹമാണ് ചെന്നൈയിലെ സംഗീതലോകം പരിചയപ്പെടുത്തുന്നത്. പിന്നീട് ടി.വി.ജി, ടി.ആര്.സുബ്രഹ്മണ്യം, ഡോ.ഉഷാ ലക്ഷ്മി തുടങ്ങിയവരുടെ ശിക്ഷണത്തില്‍ സംഗീതം കൂടുതലറിഞ്ഞു.
ഇതിനിടെ നിരവധി ഗാനങ്ങള്‍ക്ക് ട്രാക്ക് പാടി. ഒരിക്കല്‍ യേശുദാസിനുവേണ്ടി ട്രാക്ക് പാടാന്‍ അവസരം ലഭിച്ചു. 10 പാട്ടുകള്‍ ട്രാക്ക് പാടിയത് ശ്രദ്ധിച്ചിട്ട് അദ്ദേഹം വിളിപ്പിച്ച് പരിചയപ്പെട്ടു. ലാല്‍കൃഷ്ണയുടെ സംഗീതത്തില്‍ ശുഭാനന്ദാശ്രമത്തിനുവേണ്ടിയുള്ള ഭക്തിഗാനങ്ങളായിരുന്നു അത്. പാട്ടുകള്‍ക്ക് ശ്രമിക്കണമെന്ന് യേശുദാസ് ഉപദേശിച്ചു. പാട്ടിന്‍െറ ചില ടെക്നിക്കുകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു.
സിനിമയില്‍ അവസരം തേടി അലയാതെ സംഗീതത്തില്‍ നന്നായി ശ്രദ്ധിച്ച കുമാരദാസിന് കര്‍ണാടക സംഗീതജ്ഞന് എന്ന നിലയിലും സംഗീത അധ്യാപകന് എന്ന നിലയിലും ശ്രദ്ധേയനാകാന്‍ കഴിഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും നിരവധി സ്ഥലങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചുവരുന്നു. ഒരിക്കല്‍ ചെന്നൈയില്‍ നടന്ന ഒരു ചെമ്പൈ അനുസ്മരണ സംഗീതോല്സവത്തില് ബാലമുരളീ കൃഷ്ണ കംപോസ് ചെയ്ത പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു. പിന്നീട് ഒരു സൗഭാഗ്യമുണ്ടായത് ഒരു കേച്ചരി കേള്‍ക്കാന്‍ ബാലമുരളീ കൃഷുണയും എത്തിയിരുന്നു എന്നതാണ്. ഇപ്പോള്‍ കച്ചേരികള്‍ക്കൊപ്പം ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും പാടുന്നു കുമാരദാസ്. അമേരിക്കയില്‍ രണ്ടു തവണ പോയി സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ വീണു കിട്ടിയ അവസരങ്ങളിലാണ് രണ്ട് ചിത്രങ്ങളില്‍ പാടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
