കാലടി: ബൈബിൾ എഴുതപ്പെട്ട ഹീബ്രുവിൽ ക്രിസ്മസ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ച് ഫാ. ജോൺ പുതുവ. പുൽക്കൂട്ടിൽ പിറന്ന ലോകരക്ഷകനെ പ്രകീർത്തിക്കുന്ന ഗാനമാണ് കാലടി സെൻറ് ജോർജ് പള്ളി വികാരി ജോൺ പുതുവ, മണ്ണിലും വിണ്ണിലും ആഘോഷം എന്നർഥം വരുന്ന 'ബഅദമ ഗംബഷമായിം ഹഗിക ഹഗിക...' വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്.
ക്രിസ്തു സംസാരിച്ച അറാമിയ ഭാഷയോടുചേർന്നു നിൽക്കുന്ന ഹീബ്രുവിൽ ഗാനമൊരുക്കുകയെന്നത് ദീർഘകാലത്തെ ആഗ്രഹമായിരുെന്നന്ന് ഫാ. പുതുവ പറഞ്ഞു. സെമിനാരി പഠനകാലത്താണ് ഹീബ്രു ഭാഷ ആദ്യം പരിചയപ്പെടുന്നത്.
പിന്നീട് ഇസ്രായേൽ സന്ദർശനത്തിൽ കിട്ടിയ സുഹൃത്തുക്കളുടെ സഹായത്തിൽ കൂടുതൽ അടുത്തറിഞ്ഞു. ആദ്യം മലയാളത്തിൽ തയാറാക്കിയ ക്രിസ്മസ് ഗാനം ഹീബ്രുവിലേക്ക് മൊഴിമാറ്റം ചെയ്യുകയായിരുന്നു. ഷൈനി ബാബുവാണ് ഹീബ്രുവിലേക്ക് മൊഴിമാറ്റം നടത്താൻ സഹായിച്ചത്. ഓർക്കസ്േട്രഷൻ ഷാജൻ ചേരമാനും നിർവഹിച്ചു. വിഡിയോ രൂപത്തിലാക്കിയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.