വിസിലിന് മുമ്പേ തുടങ്ങി ഫൗൾ
text_fieldsഫിഫ ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം. പക്ഷേ, വിവാദങ്ങളും ആരോപണങ്ങളും തുടങ്ങിക്കഴിഞ്ഞു. അതിന് വഴിതുറന്നതാകട്ടെ, വൃത്തിയായും നീതിപൂർവകമായും ലോക ഫുട്ബാൾ മേള നടത്താൻ പ്രതിജ്ഞാബദ്ധരായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും. ഡിസംബർ 5ന് ലോകകപ്പ് മത്സര ഗ്രൂപ്പുകളെ നിശ്ചയിക്കുന്നതിന് നടന്ന നറുക്കെടുപ്പ് ചടങ്ങിൽ ഇൻഫന്റിനോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ‘ഫിഫ സമാധാന പുരസ്കാരം’ സമ്മാനിച്ചു. ഫിഫയുടെ പേരിൽ അങ്ങനെയൊരു സമ്മാനം ആദ്യമാണെന്നതും അത് നൽകിയത് ട്രംപിനാണെന്നതും മാത്രമല്ല ഇതിലെ വാർത്ത. ഈ പുരസ്കാരദാനത്തിന് ഏറെ മുമ്പല്ലാതെ ട്രംപിന്റെ പ്രേരണയിൽ കോംഗോയും റുവാണ്ടയും തമ്മിൽ ഒരു ‘സമാധാന കരാർ’ ഒപ്പിട്ടിരുന്നു. ഇസ്രായേൽ-ഫലസ്തീൻ ‘വെടിനിർത്തൽ’, ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടൽ അവസാനിപ്പിച്ചത് തുടങ്ങി പലതും തന്റെ ശ്രമഫലമാണെന്ന് ട്രംപ് അവകാശപ്പെട്ടുവരുന്നതാണ്.
ഒന്നിലും സ്ഥായിയായ സമാധാനം കൈവരുത്താൻ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നതും പലതിലും ട്രംപിന്റെ അവകാശവാദം പൊള്ളയാണെന്നതും ലോകം ശ്രദ്ധിച്ചതുമാണ്. എന്നിട്ടും അദ്ദേഹത്തിന് സമാധാന പുരസ്കാരം ഫിഫയുടെ പേരിൽ നൽകിയത് തീർത്തും അനുചിതവും അധാർമികവുമായി. അതിലും ഗുരുതരമാണ് ഫിഫ പ്രസിഡന്റ് ഫിഫയുടെ തന്നെ ചട്ടങ്ങൾ ലംഘിച്ചെന്നത്. ഫിഫ സമാധാന പുരസ്കാരം എന്നത് ഫിഫയിലെ മറ്റാരും അറിയാതെ ഇൻഫന്റിനോ സ്വന്തം നിലക്കെടുത്ത തീരുമാനമാണ്. ഇത്തരം സംരംഭങ്ങൾ ഫിഫയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലോ കർമപദ്ധതിയിലോ ഉൾപ്പെടുന്നതാണോ എന്നുപോലും പരിശോധിക്കപ്പെട്ടിട്ടില്ല. സുതാര്യത ഒട്ടുമില്ലാത്ത രീതിയിലാണ് പുരസ്കാരം നൽകാനുള്ള തീരുമാനം പോലെ സ്വീകർത്താവായി ട്രംപിനെ നിശ്ചയിച്ച തീരുമാനവും. പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതിന് നാമനിർദേശങ്ങൾ ക്ഷണിച്ചിരുന്നില്ല. സ്വതന്ത്രരായ വിധികർത്താക്കളുണ്ടായിരുന്നില്ല. ഫിഫയിലെ ഉന്നതർ പോലും സമ്മാന വിളംബരം കേട്ട് അമ്പരന്നെന്നാണ് റിപ്പോർട്ട്. പുരസ്കാരത്തിന് ആളെ നിശ്ചയിച്ചതിലെ ന്യായാന്യായങ്ങളും അതിന് അനുവർത്തിച്ച അതാര്യ രീതികളും ഫിഫയുടെ പ്രഖ്യാപിതലക്ഷ്യങ്ങളെ മറികടന്നതുമെല്ലാം വിവാദമായിരിക്കുകയാണ്.
ഹ്യൂമൻ റൈറ്റ്സ് വാച്ച് ട്രംപിന് ശാന്തിപുരസ്കാരം നൽകിയതിലെ ധാർമികത ചോദ്യം ചെയ്തപ്പോൾ, മറ്റൊരു മനുഷ്യാവകാശ സംഘടനയായ ‘ഫെയർ സ്ക്വയർ’ ഫിഫയുടെ എത്തിക്സ് കമ്മിറ്റിക്ക് ഔപചാരിക പരാതി തന്നെ സമർപ്പിച്ചിരിക്കുകയാണ്. 500 കോടിയിലേറെ വരുന്ന ഫുട്ബാൾ പ്രേമികളുടെ പേരിൽ ട്രംപിനെ പോലുള്ള ഒരാൾക്ക് സമ്മാനം നൽകാൻ ഇൻഫന്റിനോക്ക് എന്തധികാരമെന്ന ചോദ്യമുണ്ട്. ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് മുമ്പേ അഭിപ്രായപ്പെട്ടിരുന്ന ഇൻഫന്റിനോ, ആ സമ്മാനം ട്രംപിനല്ലെന്ന് അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഫിഫയുടെ പേരിൽ മുമ്പില്ലാത്ത ഒരു പുത്തൻ പുരസ്കാരം സ്വയം തീരുമാനിച്ച്, അതിന് അർഹനായി ട്രംപിനെ സ്വയം നിശ്ചയിച്ച്, അത് സ്വയം പ്രഖ്യാപിച്ച്, ഫിഫയുടെ ഔദ്യോഗിക ചടങ്ങിൽ അത് നേരിട്ട് ട്രംപിന് നൽകിയത്. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കുമെന്ന ഫിഫയുടെ നയം ലംഘിക്കപ്പെടുകയാണിവിടെ. വർണ വിവേചനത്തിനും വംശീയതക്കുമെതിരെ സൂചനാ പ്രതിഷേധമോ വാക്കാലുള്ള വിയോജിപ്പോ രേഖപ്പെടുത്തിയതിനുപോലും കളിക്കാർക്ക് പിഴയും സസ്പെൻഷനും ചുമത്തിയിട്ടുള്ള സംഘമാണ് ഫിഫ. അതിന്റെ പ്രസിഡന്റാണ്, പരസ്യമായി വംശീയതയോട് ചേർന്നുനിൽക്കുകയും കുടിയേറ്റ വിരുദ്ധതയുടെ പേരിൽ മനുഷ്യത്വരഹിതമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന, അവിവേകിയായ ഒരു നേതാവിന് അയാൾ അർഹിക്കാത്ത ബഹുമതി നൽകിയത്.
അമേരിക്കയിലെയും കാനഡയിലെയും മെക്സിക്കോയിലെയും സ്ഥലങ്ങളിലായാണ് 2026ലെ ലോകകപ്പ് ഫുട്ബാൾ നടക്കുക. മറ്റ് രണ്ട് രാജ്യങ്ങളുമായും വ്യാപാര, കുടിയേറ്റ പ്രശ്നങ്ങൾ പറഞ്ഞ് കൊമ്പുകോർക്കുന്നയാളാണ് ട്രംപ്. മത്സരങ്ങൾ നടത്താൻ ഫിഫ തെരഞ്ഞെടുത്ത ചില യു.എസ് നഗരങ്ങൾ മാറ്റണമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നമാണ് പറയുന്നതെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലായതുകൊണ്ടാണ് ട്രംപ് മാറ്റമാവശ്യപ്പെടുന്നത് എന്നതത്രേ യാഥാർഥ്യം. ഫുട്ബാൾ മത്സരത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യങ്ങൾ അതുവഴി മറ്റ് രാജ്യങ്ങളിലെ ഫുട്ബാൾ പ്രേമികളെ സ്വാഗതം ചെയ്യുകയാണ് പതിവെങ്കിൽ, ട്രംപിന്റെ അമേരിക്ക കുടിയേറ്റനിയമം വഴിയും മറ്റും ഇഷ്ടമില്ലാത്തവരെ തടയാനാണ് സാധ്യത. ഉയർന്ന ടിക്കറ്റ് നിരക്കും സംപ്രേഷണാവകാശ വിൽപനയും വഴി ഫിഫ ലാഭത്തിൽ കണ്ണ് നടുമ്പോൾ ട്രംപ് തന്റെ പ്രതിച്ഛായ പൊലിപ്പിക്കാനുള്ള അവസരമായിട്ടാണ് ഫുട്ബാൾ മേളയെ കാണുന്നത്. കളി തുടങ്ങും മുമ്പേ കളത്തിന് പുറത്ത് ഫൗൾ തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

