മണവാളൻ വസീം & േവ്ലാഗർ ബീപാത്തു സ്പീക്കിങ്...
text_fieldsടൊവിനോയും കല്യാണി പ്രിയദർശനും
തല്ലുമാല എന്നാൽ തല്ലോട് തല്ലാണോ ?
ടൊവിനോ: തല്ലുണ്ട്, പ്രണയമുണ്ട്, കോമഡിയുണ്ട്, പാട്ടുണ്ട്, ഡാൻസുണ്ട്. തീയറ്റിൽ പോയാൽ എൻജോയ് ചെയ്യാവുന്ന എല്ലാ ചേരുവകളുമടങ്ങുന്ന ചിത്രമാണിത്. എന്നാൽ, തല്ലിനെ മഹത്വവൽകരിക്കുന്ന സിനിമയല്ല ഇത്. തല്ല് സൗഹൃദത്തിന്‍റെ തുടക്കവുമാവാമല്ലോ. ഈ ചിത്രത്തിൽ ഒറിജിനലായി തല്ല് കിട്ടിയിട്ടുണ്ട്. 25 ശതമാനമെങ്കിലും ഒറിജിനാലിറ്റിയുണ്ടെങ്കിലേ പ്രേക്ഷകർക്കും അത് ഫീൽ ചെയ്യൂ. ക്ലോസപ്പ് ഷോട്ടിൽ കാമറ വെക്കുമ്പോൾ ഒറിജിനാലിറ്റി ഉണ്ടാകണമെങ്കിൽ അൽപം തല്ല് കൊള്ളേണ്ടി വരും.
േവ്ലാഗർ ബീപാത്തുവും 3.1 മില്യണും
കല്യാണി: ചിത്രത്തിലെ കഥാപാത്രമായ േവ്ലാഗർ ബീപാത്തുവിന് വൺ മില്യൺ ഫോളോവേഴ്സാണ്. എനിക്കാണ് മൂന്ന് മില്യൺ. എന്നാൽ, ജീവിതത്തിൽ ഞാനും പാത്തുവും തമ്മിൽ ഒരു കണക്ഷനുമില്ല. രണ്ടും രണ്ട് കാരക്ടറാണ്. ഇതുവരെ ചെയ്തകഥാപാത്രങ്ങളിൽ ഏറ്റെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രം കൂടിയായിരുന്നു ഇത്. ഇൻസ്റ്റയിൽ ഞാൻ സജീവമാണെങ്കിലും പാത്തുവിന്‍റെ പല േവ്ലാഗിങ് സീനുകളും ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് കാമറയിൽ നോക്കി സെൽഫി മോഡിൽ സംസാരിക്കുന്നത്. പല ടേക്ക് എടുക്കേണ്ടി വന്നു സെൽഫി മോഡിൽ സംസാരിക്കാൻ.
ടൊവിനോയുടെ ഡാൻസ്
ടൊവിനോ: ഇതുവരെ ഇതുപോലൊരു ഡാൻസ് ചെയ്തിട്ടില്ല. ഈ സിനിമക്ക് ആവശ്യമാണെന്ന് തോന്നി, പഠിച്ച് ചെയ്തു. ഞാൻ സ്വഭാവികമായി ഡാൻസ് വരുന്നയാളല്ല. ഒരു താളമെല്ലാം ഉണ്ട് എന്ന് എനിക്കറിയാം. പക്ഷെ, അത് ആരെങ്കിലും കാണാൻ പോകുന്നു എന്ന് പറയുമ്പോൾ ഞാൻ കോൺഷ്യസാവും. ഇത് വലിയൊരു ആനക്കാര്യമൊന്നുമല്ല. സിനിമയിൽ ഇതുവരെ ആവശ്യമായി വന്നില്ല. അതുകൊണ്ട് ചെയ്തില്ല. ഈ സിനിമയുടെ കഥപറച്ചിലിന് ഡാൻസ് ആവശ്യമാണെന്ന് തോന്നിയതുകൊണ്ട് ചെയ്തു. ഈ ചിത്രത്തിൽ ഞാൻ പാടിയ പാട്ട് എല്ലാവരും കേൾക്കട്ടെ. എന്നിട്ട് അഭിപ്രായം പറയാം.
മണവാളൻ വസീമിനെ കണ്ടിട്ടുണ്ടോ
ടൊവിനോ: പലയിടത്തും കണ്ടിട്ടുണ്ട്. ഞാൻ കണ്ട കുറേ വസീമുമാരുടെ സങ്കരയിനമാണ് മണവാളൻ വസീം. ആ ഗ്രൂപ്പിലെ ഏറ്റവും മോശക്കാരനൊന്നുമല്ല. ഇടിക്കാരനൊക്കെയാണ്. പല സമയത്തും സമാധാനം ആഗ്രഹിക്കുന്നയാളാണ്. സാഹചര്യം മൂലം പലതും ചെയ്തുകൂട്ടുന്നയാളാണ്. ഇങ്ങനെയുള്ളവരെ ഞാൻ കണ്ടിട്ടുണ്ട് പലയിടത്തും. ഒറ്റബുദ്ധി എന്നൊക്കെ പറയുന്നത് പോലെ. പുതിയ കാലത്തെ യുവാവ്.
കല്യാണിക്ക് വെല്ലുവിളി
കല്യാണി: ഭാഷയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. മുഹ്സിൻ വളരെയേറെ സഹായിച്ചു. അഛനോട് കഥാപാത്രത്തെ കുറിച്ച് ഡിസ്കസ് ചെയ്തിട്ടില്ല. ഈ ചിത്രത്തിന്‍റെ കഥ പോലും അദ്ദേഹത്തിന് അറിയില്ല. സിനിമ കണ്ട ശേഷം വേണം അദ്ദേഹത്തിന്‍റെ അഭിപ്രായം അറിയാൻ.
മുഹ്സിൻ ചെയ്യേണ്ട സിനിമ
ടൊവിനോ: മുഹ്സിൻ പെരാരിയും ഖാലിദ് റഹ്മാനും അടുത്ത സുഹൃത്തുക്കളാണ്. അഭിപ്രായവ്യതാസങ്ങളുണ്ടായാലും നല്ല റിസൽട്ടായിരിക്കുമുണ്ടാകുക. മുഹ്സിൻ സംവിധാനം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് റഹ്മാൻ ഡയറക്ടറായത്. എന്നാൽ, രണ്ട് പേരും കൂടി ചെയ്യുന്ന രീതിയിലാണിത്. സിനിമയുടെ ഫൈനൽ അപ്ലോഡ് ആവുന്നത് വരെ എഴുത്തുകാരന്‍റെ ജോലി അവസാനിക്കുന്നില്ലെന്നാണ് മുഹ്സിൻ പറയുന്നത്. അതിൽ മാറ്റത്തിരുത്തലുകൾ വന്നുകൊണ്ടേയിരിക്കും. റഹ്മാൻ എത്തിയതോടെ മുഹ്സിന് എഴുത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞു.
റഹ്മാന്‍റെ ഓരോ ചിത്രവും വ്യത്യസ്ത ടോണാണ്. ഈ ചിത്രവും അങ്ങിനെതന്നെയാണ്. ഇതിൽ നേരിട്ട് രാഷ്ട്രീയമൊന്നും പറയുന്നില്ല. എന്നാൽ, സ്വാഭാവികമായ എന്തെങ്കിലും രാഷ്ട്രീയം കടന്നുവന്നേക്കാം. മനപൂർവം അത് ഉൾപെടുത്തിയിട്ടില്ല. ഈ സിനമക്ക് ആവശ്യമില്ലാത്തതൊന്നും ഇതിൽ ഇല്ല.
കല്യാണിയുടെ കോസ്റ്റ്യൂംസ്
കല്യാണി: ചിത്രത്തിന്‍റെ വൈബ് തന്നെ ഈ കോസ്റ്റ്യൂംസാണ്. ബീപാത്തുവിന്‍റെ സ്വഭാവം അവളുടെ വസ്ത്രധാരണത്തിലുണ്ട്. സീരിയസായി എടുക്കാൻ ഒന്നും ഈ ചിത്രത്തിലില്ല. വസ്ത്രധാരണം പോലും അങ്ങിനെയാണ്. കരയാനുള്ള ഒരു സീൻ പോലുമില്ല. രാഷ്ട്രീയം പോലുള്ള ഒന്നും ഈ ചിത്രത്തിലില്ല. തീയറ്ററിൽ പോയി അടിച്ചുപൊളിച്ചിരുന്ന് കണ്ട് വരാൻ കഴിയുന്ന ചിത്രമാണിത്.
സിനിമക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയം
ടൊവിനോ: സിനിമയിൽ രാഷ്ട്രീ്യം പറയണമെന്ന് നിർബന്ധമില്ല. പറയുന്നവരെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്നറിയില്ല. എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് നമുക്കെല്ലാവർക്കുമുണ്ടാവണം. പക്ഷെ, അത് കൈയടി വാങ്ങിക്കാനാവരുത്. ഇവിടെ കൈയടി മാത്രമെ ഉണ്ടാവുന്നുള്ളു, പ്രത്യേകിച്ച് വലിയ മാറ്റങ്ങളുണ്ടാവുന്നില്ല. അതിനാൽ, നമുക്ക് പറയാൻ കഴിയുന്ന സർക്കിളിൽ മാത്രമെ പറയാറുള്ളൂ. ഇന്ന് കുറച്ച് അഭിപ്രായം പറഞ്ഞേക്കാം എന്ന് വിചാരിച്ച് അഭിപ്രായം പറയാറില്ല. സാമൂഹിക മാധ്യമങ്ങളുടെ സ്വഭാവം എന്തെന്നാൽ, ആർക്കും നമ്മുടെ അഭിപ്രായം അറിയണ്ട. നമ്മൾ ഏത് പക്ഷത്താണെന്ന് അറിഞ്ഞാൽ മതി. ഒരു പക്ഷവുമില്ലാതെ നമുക്ക് അഭിപ്രായങ്ങളുണ്ടാവാൻ പാടില്ലേ. നമ്മുടെ ഓരോ സ്റ്റേറ്റ്മെന്‍റും ഇവിടെ വിലയിരുത്തുന്നത് നമ്മൾ ആ പാർട്ടിയുടെ ആളാണ്, ഈ പാർട്ടിയുടെ ആളാണ് എന്ന നിലക്കാണ്. നിക്ഷ്പക്ഷമായി സ്വന്തം ഒപീനിയൻ പറയാൻ കഴിയണം. പറഞ്ഞിട്ട് ഒരുകാര്യവുമില്ലാത്തിടത്ത് അഭിപ്രായം പറയാറില്ല. കാര്യമുള്ളിടത്ത് തീർച്ചയായും എന്‍റെ അഭിപ്രായം പറയും.
ദുബൈ എന്ന ഹബ്
ടൊവിനോ: ദുബൈ കേരളത്തിന്‍റെ ഒരുഭാഗമാണ്. ഈ പ്രൊമോഷനെല്ലാം ദുബൈയിലല്ലേ നടക്കൂ. എറണാകുളത്ത് നടക്കില്ലല്ലോ. അത്രയേറെ സാധ്യതകളുള്ള നഗരമാണിത്. നിർമതാവിനെ സംബന്ധിച്ചിടത്തോളം ദുബൈ വലിയൊരു മാർക്കറ്റാനാണ്. ഇനിയും നിരവധി സിനിമകൾ ദുബൈയുടെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

